08/02/2020

ഒരു നെയ്യ് മോഷണത്തിന്റെ കഥ......

കീറി തുന്നികെട്ടിയ  ഷർട്ടും ട്രൗസറും  ഇട്ട് സ്കൂളിൽ വരുന്ന  കുട്ടികളെ കണ്ട സ്കൂൾ ജീവിതം നിങ്ങളുടെ ഓർമമകളിൽ  ഇപ്പോഴും നില നിൽക്കുന്നുണ്ടോ? ഉണ്ടങ്കിൽ  അത്തരം കാലത്ത് നടന്ന കഥയാണ് ഇത്......
പലരുടെയും ട്രൗസർ അലക്കി നരച്ച് പഞ്ഞി പോലേയായിരിക്കുന്നു, ചിലത് കീറിയിരിക്കുന്നു, മറ്റ് ചിലത് സ്റ്റിച്ച് ഇട്ടത് പോലേ തുന്നി കെട്ടി വെച്ചിരിക്കുന്നു..... ചിലരുടെ ട്രൗസർ ഇളകി നിലത്ത് വീഴുമെന്ന സ്ഥിതിയിലാണ് ,ബട്ടൺ പൊട്ടി പോയത് കൊണ്ട് ചിലർ ട്രൗസർ താങ്ങി പിടിച്ചാണ് നടക്കുന്നത്....... ബട്ടൺ പൊട്ടാത്ത ചിലരും  ട്രൗസർ താങ്ങി പിടിച്ച്  നടപ്പുണ്ട്...... ട്രൗസർ ലൂസായത് കൊണ്ടല്ല വയർ ലൂസായത് കൊണ്ടാണ് അവർ ട്രൗസർ താങ്ങി പിടിച്ചിരിക്കുന്നത്, പട്ടിണിക്കാരന്റെ വയർ ലൂസ് ആവുന്നത്  ആഗോള പ്രതിഭാസമാണന്നു പറഞ് തൽക്കാലം ഇവിടെ നിന്നു തടി തപ്പാം.......

ഇവിടെയും ഞങ്ങളിൽ ചിലർ പ്രമാണിമാർ ആണ്..... ചെറിയ കാര്യത്തിനല്ല  ഞങ്ങൾ പ്രമാണിമാർ ആയത്.......

ഉച്ചക്ക് സ്കൂളിൽ ചോറ് കൊണ്ട് വരുന്നത് കൊണ്ടാണ് പ്രമാണിമാർ ആയത്...... മാത്രമല്ല ഈ ചിലർ അധ്യാപകരുടെ ബന്ധുകളും ,മക്കളുമാണ്..... ഭക്ഷണം കഴിക്കുന്നത് ആകട്ടെ അദ്ധ്യാപകരുടെ കൂടെയിരുന്നും......

ഞാൻ ഒരു പടി കൂടി കടന്നു ..... കുടെയുള്ളവരെ പേടിപ്പിക്കാറുമുണ്ട്..... എന്റെ വാപ്പ പോലീസാണ്.... ഈ പോലീസ് പ്രൊട്ടക്ഷനും അദ്ധ്യാപക ബന്ധവും പിച്ച് ,നുള്ള് മാന്തൽ തുടങ്ങിയ തീവ്രവാദ ആക്രമണങ്ങളിൽ നിന്നു പരിരക്ഷയും നൽകുന്നു.....

പത്ത് അമ്പത്തഞ്ച് ചോറ്റ് പാത്രങ്ങൾ ക്ലാസ്സിൽ ഉണ്ടങ്കിലും അഞ്ചാറണ്ണത്തിൽ മാത്രമേ ചോറ് ഉണ്ടാകു..... ബാക്കിയൊക്കെ കാലി പാത്രങ്ങൾ ആണ്, നിലത്ത് വീണ് ചുക്കി ചുളിഞ അലുമിനിയം പാത്രങ്ങൾ ,ചിലത് വരയും കുറിയും വീണ് പോറിയിരികും അതിലൊക്കെ ചേറും പിടിച്ച് കട്ടിയായിട്ടുണ്ടാകും..... മറ്റ് ചില പാത്രങ്ങൾ ആകട്ടെ നൂറ് കഴിഞ  മുത്തശ്ശിമാരേ പോലേ ചുളുങ്ങി കോടിയിരിക്കും.......

എന്തിനാണ്  കാലി പാത്രങ്ങൾ  ? സ്കുളിൽ നിന്നു ഉച്ചക്ക് ഉപ്പ് മാവ് കിട്ടും, ഉപ്പ് മാവ് എന്നു പറഞ്ഞാൽ ,കോതമ്പ് നൂറുക്ക് ഓയിലിൽ വേവിച്ച് മുളക് ഇട്ട് തരുന്ന  ഒരു വിഭവം........ ഇപ്പോഴും  ഓർക്കുന്നു ലോകത്തിലേ ഏറ്റവും രുചിയുള്ള ഉപ്പ് മാവ് അന്നു കഴിച്ച ഉപ്പ് മാവ് ആണ്....... ചോറ് കൊണ്ടുവരുന്നവർക്ക് സ്കൂളിൽ നിന്നു ഉപ്പ് മാവ് കിട്ടില്ല....... ചോറ് കൊണ്ടുവരുന്നവർ സമ്പന്നർ ആണത്രെ.....

ഞങ്ങൾ കൂട്ടുകാർ തമ്മിൽ ഒരു രഹസ്യ  ഉടമ്പടി ഉണ്ടായിരുന്നു........ ചോറിൽ നിന്നു ബാക്കി കൊടു ത്താൽ അവർ പാത്രം കഴികി തരും...... വിരുദ്ധൻമാർ ആയ ചിലർ ആകട്ടെ മറ്റൊരു ഓഫർ വെച്ചു....... അവർക്ക് കിട്ടുന്ന ഉപ്പുമാവിൽ നിന്നും ചോറ് തരുന്നവർക്ക്  കുറച്ച് ഉപ്പ് മാവ് കൊടുക്കും........ ചിലർ ആകട്ടെ ,മൈൽ പീലി, പെൻസിൽ കഷ്ണം, ഇരുമ്പാൻ പുളി വേന്നൽ പച്ച എന്നിവ കൈ കൂലി കൊടുക്കാനും തയ്യാർ.......

ഞാനാണങ്കിൽ പതിനൊന്നു മണിയുടെ ഇന്റെർവെൽ സമയത്ത്  പാത്രം തുറന്നു ,മറ്റ് ളളവരെ കൊതിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു...... മുട്ട പൊരിച്ചത് ഉണ്ടങ്കിൽ അപ്പൊ തന്നെ അകത്താകും..... കുടെയിരുന്നു കഴിക്കുന്നവർക്ക് ഷെയർ ചെയ്യാതിരിക്കാനാണ് ഈ സൂത്ര വിദ്യ..... മാത്രമല്ല കുന്നിക്കുരു, വേന്ന പച്ച തുടങ്ങിയ കൈകൂലി വസ്തുകളുടെ എണ്ണം കൂട്ടാൻ ഇത് സഹായിക്കും'.......

അന്നു സ്കൂളിലേക്ക് ചോറ് വെക്കുമ്പോൾ വെല്ലുമ്മയാണ് ആ സത്യം പറഞ്ഞത് ..... നിന്റെ ചോറ്റ് പാത്രത്തിൽ നെയ്യ് വെച്ചിട്ടുണ്ട്..... പറയുക മാത്രമല്ല വെല്ലുമ്മ ഭരണിയിൽ നിന്നു സ്പുണിൽ കോരി എന്റെ പാത്രത്തിൽ മഞ്ഞ നിറത്തിൽ ഓയൽമെന്റ് രൂപത്തിൽ ഇരിക്കുന്ന സാധനം കാണിച്ച് തരികയും ചെയ്തു.......

നെയ്യ് ഇട്ട ചോറ്  തീന്നാൽ മീശ പെട്ടന്നു വരുമെത്രെ ,മാത്രമല്ല പെട്ടന്നു വലുതാകുകയും, കൈകൾക്ക് വലിയ ശക്തിയും ഉണ്ടാവുമെത്രെ.........

സ്കൂളിൽ ചെന്നപ്പോൾ തന്നെ എന്റെ നെയ്യ് വാർത്ത റിലീസ് ചെയ്തു....... ശക്തിവെക്കുന്നതിന്റെയും, മീശ മുളക്കുന്നതിന്റെയും നെയ്യ് കഥ പൊടിപ്പും തൊങ്ങലും വെച്ച്  വിവരിച്ചു.......

ഇത് പതിവായി കഴിച്ചാൽ മാഷിന്റെ തല്ലിന്റെ വേദന അറിയില്ല എന്ന എന്റെ വക വിജ്ഞാനവും  വിളമ്പി.......

പലരും പലതരം ഓഫറുകൾ വെക്കാൻ തുടങ്ങി..... ചിലർ മുഴുവൻ ഉപ്പുമാവും തരാം എന്നു പറഞ്ഞു..... ചിലർ കുന്നിക്കുരു, ചോക്ക് തുടങ്ങിയവും ഓഫർ ചെയ്തു......

ഞാൻ പാത്രത്തിന്റെ മൂടി ചെറുതായി പൊക്കി കുത്തരിയും, നെയ്യും ചേർന്ന ചുടു ചോറിന്റെ മണം കാറ്റിൽ  മെല്ലെ പരക്കാൻ തുടങ്ങി......

ജമാൽ  ആണ് കൂടുതൽ ഓഫർ തന്നത്...... അവൻ   നാരങ്ങയല്ലിയും ,ഉറുമ്പാൻ പുളിയും കൂടി വാഗ്ദാനം ചെയ്തു.......

നോക്കിയെഴുതാൻ  കാണിച്ച് തരാത്ത ജമാലിന്റെ സ്വഭാവത്തിനു പകരം വീട്ടാൻ ഞാനും തീരുമാനിച്ചു........ ആർക്ക് കൊടുത്താലും ജമാലിനു കൊടുക്കില്ല....... ഇത് കട്ടായം.......

നെയ്യ് ഇട്ട ചോറ് വേറേ ആർക്കും കൊടുക്കാൻ പാടില്ലന്നു നായര് ചെക്കൻ സന്തോഷും..... അവൻ ആർക്കും അല്ലങ്കിലും പണ്ടേ കൊടുക്കാറില്ല....... അശുദ്ദമാവുന്ന പണിക്ക്  അവൻ  പണ്ടേ എതിരാണ്.......

പതിനൊന്നു മണിക്ക് പാത്രം ഞാൻ പതിവ് പോലേ തുറന്നു നോക്കി........
ഞെട്ടി പോയി......
എന്റെ നെയ്യ് ചോറിൽ കാണാനില്ല!
നെയ്യ് ആരോ മോഷ്ഠിച്ചിരിക്കുന്നു.......

ജമാൽ കട്ടിട്ടുണ്ടാവുമെന്നു  സലാം ആണ് പറഞത്...... അവൻ പാത്രത്തിലേക്ക് അരികിലേക്ക് പോകുന്നത് സലാം കണ്ടത്രെ......

നെയ്യ് കള്ളൻ.... ഞാൻ ജമാലിനു പേരിട്ടു......
പൂച്ച ജമാൽ എന്നു സന്തോഷ് ......

ജമാൽ പടച്ചവനെ പിടിച്ച് സത്യം ചെയ്തു..... കൂടുതൽ ബലം നൽകാൻ  വാപ്പയും.... പള്ളിയും കിതാബും വഴി വഴിയായി വന്നു.....

കള്ളം സത്യം ചെയ്യല്ലെ ഹിമാറെ .... ഞാൻ ആക്രോശിച്ചു...... പള്ളക്ക് ഇട്ട് ജമാലിനു ഒരു കുത്തും കൊടുത്തു :....

ജമാലിന്റെ ആത്മാഭിമാനം സടകുടഞ് എഴുന്നേറ്റു...... അവൻ എന്റെ പള്ളക്കും, നാഭിക്കും പൊതൊ...പൊതൊ എന്നു പറഞ് രണ്ട്  വീക്ക് തന്നു...... ഞങ്ങൾ കെട്ടിമറിഞ്ഞു വീണു........

ഇതോട്കൂടി ഒരു കാര്യം ഉറപ്പായി ജമാൽ നെയ്യ് മോഷ്ടിച്ചിരിക്കുന്നു...... അത് കൊണ്ടാണ്  ഞാൻ ഇടിയിൽ തോറ്റതും കെട്ടിമറിഞ് വീണതും...... വെല്ലുമ്മ പറഞത് ശരി തന്നെ...

എന്റെ പോലിസ് ശക്തിയും, അധ്യാപക ബന്ധവും തകർത്ത് എറിയാൻ ധൈര്യം നൽകിയതും പശുവിൻ നെയ്യ് തന്നെ.......

യുദ്ധകാഹളം മുഴങ്ങി...... ജമാൽ  രുദ്രഭാവത്തിൽ തന്നെ..... സന്തോഷ്  അധ്യാപക റൂമിലേക്ക് ഓടി..... മാഷിന്റെ കുട്ടിയേ ജമാൽ അടിക്കുന്നു.....

അബ്ദുള്ള മാഷിന്റെ നേതൃത്വത്തിൽ വിചാരണ നടന്നു.....
ജമാൽ നെയ്യ് കട്ടു....... ഞാൻ ആരോപിച്ചു......
സലാം സാക്ഷി......
ജമാലിന്റെ ശക്തി പ്രകടനം കണ്ടത് കൊണ്ടാകാം സലാം കൂറ് മാറി.......
അബ്ദുള്ള മാഷ് തൊണ്ടി മുതലായ ചോറ് പരിശോദിച്ചു..... അബ്ദുള്ള മാഷ് തന്റെ വെളുത്ത സുന്ദരമായപല്ല്  കാട്ടി പൊട്ടി ചിരിച്ചു.......

ക്ലാസ്സിൽ അടിയുണ്ടാക്കിയതിനു ജമാലിനു ചൂരലിനു അടി കിട്ടി...... ദൃസാക്ഷികൾ മുഴുവൻ മാഷിന്റെ കുട്ടിയേ അടിച്ചത് മാത്രമേ കണ്ടള്ളു..... ഞാൻ തല്ലിയതും കുത്തിയതും ആരും കണ്ടില്ല....... ചോറ് ഞാൻ നാളേയും കൊണ്ടും വരും എന്നു അവർക്ക് അറിയാം......

അന്ന്  അദ്ധ്യാപക റൂമിൽ ഇരുന്നു ചോറ് കഴിക്കുമ്പോൾ അബ്ദുള്ള മാഷ് ആ തമാശ വീണ്ടും പൊട്ടിച്ചു....... ചൂടുള്ള ചോറിൽ നെയ്യ് വീണാൽ നെയ്യ്   ഉരുകി പോകുമെന്ന ആഗോള ഭീകര  സത്യം അബ്ദുള്ള മാഷ് സരസമായി അവതരിപ്പിച്ചു.......

ആ ചിരി ലഹളയിൽ ചമ്മിയിരിക്കുന്ന എന്നെ നോക്കി അബ്ദുള്ള മാഷ് പറഞ്ഞു....

പേടിക്കേണ്ട നീ വലിയ ക്ലാസ്സിൽ എത്തി കെമിസ്ട്രിയൊക്കെ പഠിക്കുമ്പോൾ ആ രഹസ്യം ഒക്കെ മനസിലാവും......

ഇന്നാണങ്കിൽ നാലാം ക്ലാസ്സിൽ കെമിസ്ട്രി വേണമെന്നു ഫേസ് ബുക്കിൽ പോസ്റ്റ് ഇടാമായിരുന്നു......

അപ്പൊഴും ഒരു ചിന്ത എന്നെ  പിന്തുടർന്നിരുന്നു.....

എന്ത് കൊണ്ടാണ് പട്ടിണിക്കാരനായ  ജമാലിനു ഇത്ര ശക്തി കിട്ടിയത്....... നെയ്യും.... മുട്ടയും തിന്നുന്ന എന്നെ  എന്ത് കൊണ്ടാണ് തോൽപ്പിച്ച് കളഞത്........

ഉത്തരം വെല്ലുമ്മ തന്നെയാണ് പറഞ്ഞ് തന്നത്......

അത് അണ്ഡകടാഹത്തിന്റെ ഉടമസ്ഥനായ സർവ്വലോക രക്ഷിതാവിന്റെ ഖുദ്റത്താണ്....

ഖുദ്റത്തെന്നു പറഞ്ഞാൽ അബ്ദുള്ള മാഷ് പറഞ കെമിസ്ട്രി.....

12/05/2017

റിസര്‍വ് ഗുണ്ടകള്‍.....



കടനല്‍ കൂട് ഇളകിയിരിക്കുന്നു  കല്ലും കട്ടയും ആയി അവര്‍ ആഞ്ഞ് അടിക്കുന്നു, കൊടുംകാറ്റ്പോലെ അവരുടെ മുരള്‍ച്ച......ഭൂമിയെ തച്ചുടുക്കാനുള്ള  ഊര്‍ജ്ജം ഓരോ യുവാവിലും ഉണ്ട് എല്ലാം പതിനാറിനും ഇരുപതിനും ഇടക്കുള്ള യുവ രക്തങ്ങള്‍....പുതിയ ലോകത്തെയും  ക്രമത്തെയും സ്വപ്നം കാണ്നുന്നവര്‍..... ഈ മലവെള്ളപാച്ചില്‍ തടുക്കാന്‍  മുളവടികൊണ്ട് ഉണ്ടാക്കിയ ലാത്തിക്ക് ആവുമോ.... ആവണം ആയെ തീരു.......  ആന കുതിച്ചു വന്നാലും ഒരു പോലീസ്ക്കാരനും  തളരില്ല...... പരേട് ഗ്രൗണ്ടില്‍ ഓടി തളര്‍ന്നു ഇരിക്കുമ്പോള്‍ ട്രൈനറുടെ മുത്തു മൊഴികള്‍....... തല ചൊറിലേക്ക് ഇടിച്ച് കയറി.....

"ഉണക്ക ചപ്പാത്തിയും പരിപ്പും ആനയെ തടയാനുള്ള  അമൃത് അല്ലെ......"

  ഗ്രൗണ്ടില്‍  കൂട്ടച്ചിരി മുഴങ്ങി..... ആരാട അത് കമാണ്ടാരുടെ കണ്ണുകള്‍ തീ ഗോളംപോലെ തിളങ്ങി..... ക്കൂട്ടച്ചരി സഡന്‍ ബ്രേക്ക് ഇട്ടപോലെ നിന്നു......  മോയ്ദീന്‍.....എല്ലാവരും ഒരു ആരവം പോലെമൊഴിഞ്ഞു.....

" മോയ്ദീന്‍ നൂറ് റൌണ്ട് ഓടട്ടെ.......".

 " ഇയാള്‍ എന്താ മനുഷ്യന്‍ അല്ലെ....."

.മുരളിയുടെ മുരളല്‍......

എന്താ മുരളി നിനക്ക് ഓടണന്ന്ണ്ടോ.....

ഹ് ....ഹ് കാറ്റ് അഴിച്ചുവിട്ട ബലൂണ്‍ പോലെ  മുരളിയുടെ പ്രധിഷേധം അവസാനിച്ചു.....പിന്നെ ഉള്ളിലേക്ക് ശ്വാസം എടുത്ത്  നെഞ്ച് വിരിച്ചു  കമാന്‍ഡറെ തുറിച്ചു നോക്കി അറ്റന്‍ഷന്‍ ആയി നിന്നു..... ആ നൂറ് റൌണ്ട് ഓട്ടം  പോലീസില്‍ നിന്നു തന്നെയുള്ള ഓട്ടമായി മാറി....

"ഇതിലും ഭേതം കൂലി പണിയാണടാ....... റിസര്‍വ് പോലീസ് എന്നത് ഒരു  ഗവണ്മെന്‍റ് ഗുണ്ടാപണിയാണടാ.....കൈയും കാലും കെട്ടിയ ഗുണ്ടയുടെ പണി...."

 പിന്നീട് ഒരിക്കല്‍ റോഡില്‍ വാഹന പരിശോദനക്ക് ഇടക്ക് ആണ് പള പള മിന്നുന്ന ഷര്‍ട്ടും കൂളിഗ് ഗ്ലാസും വെച്ച ഒരാള്‍  കുടവയറുമായി ഇറങ്ങി വന്നത്....
"നിനക്ക് എന്നെ മനസിലായോ ഹരി...."

 നീ എന്ന ആ പ്രയോഗം തന്നിക്ക് രസിച്ചില്ലങ്കിലും.....പണക്കാരെ പിണകേണ്ട എന്ന പുതിയപാഠം പോലീസില്‍ നിന്ന് പഠിച്ചത്കൊണ്ട് ചുണ്ടില്‍ ഒരു ചിരി വരുത്തി....

ഞാന്‍ മൊയ്തീന്‍ ആണടാ.....

 പെട്ടന്ന് എന്നെ അവന്‍ കെട്ടിപിച്ചു...."

ഈ ഗുണ്ടാപണിയായിട്ടു നീ ഇപ്പോഴും ഉണ്ടോ..... ഞാന്‍ ദുബായില്‍ ആണ് രണ്ട് സൂപ്പര്‍ മാര്‍ക്കെറ്റ് ഉണ്ട്...."
. ഗുണ്ടാപണിയെന്ന പ്രയോഗം കൂടെയുള്ള ഓഫിസര്‍ക്ക് പിടിച്ചില്ലന്നത് പെട്ടന്ന് തന്നെ മനസിലായി....

"യൂണിഫോമിലുള്ള  പോലീസ്ക്കാരനെ കെട്ടിപിടിക്കാന്‍ ഇത് സൌദിഅറേബ്യ അല്ല....."

" സര്‍ ഇദ്ദേഹം എന്‍റെ കൂട്ട്ക്കാരന്‍ ആണ്...."

"അത് മനസിലായി.....അത്കൊണ്ടാണ് പെറ്റിയടിക്കാതെ വിടുന്നത്....."

.മൊയ്തീന്‍ പെട്ടന്നാണ് മാറിയത്.... രണ്ടായിരത്തിന്‍റെ രണ്ട്നോട്ടുകള്‍  ഓഫിസറുടെ പോക്കറ്റില്‍ തള്ളികയറ്റിയത്.....

 "പെറ്റിയടിച്ചോ.... ബാക്കി  വരുന്നത് നിന്‍റെ അച്ചിക്കും കൊണ്ട്കൊടുക്ക്‌......"

പെട്ടന്ന് എ ആര്‍ ക്യാമ്പിലെ കമാണ്ടര്‍റുടെ പുറത്തുകയറി ഇടിക്കുന്നമൊയ്തീന്‍ എന്‍റെ ഉള്ളിലേക്ക് ഇരച്ചു കയറി........

 ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ തന്നെ കാത്ത് ഒരു വാണിംഗ് മെമ്മോയുണ്ടായിരുന്നു.....  മൊയ്തീനോടുള്ള വിരോദം ഓഫിസര്‍ തന്നിലൂടെ തീര്‍ത്തിരിക്കുന്നു.... ഒപ്പം ഒരു  ശുപാര്‍ശയും....ഒരു മാസം  വീണ്ടും ക്യാമ്പില്‍ ട്രെയിനിംഗ്..... ഒരു തരം ഡിപ്രമോഷന്‍........


 സമരം   മൂര്‍ചിച്ചിരിക്കുന്നു ഏതുനിമിഷവും എന്തും സംഭവിക്കാം.....എന്ത് പ്രകോപനം ഉണ്ടായാലും അടിക്കരുതുന്നു പോലീസ്നു നിര്‍ദേശം കിട്ടിയിരിക്കുന്നു....അത്കൊണ്ട് തന്നെ  ഡി ജി പ്പി സ്ഥലത്ത്  ക്യാമ്പ് ചെയ്തിരിക്കുന്നു....വിദ്യര്‍ത്ഥികളെ തല്ലുന്നത് ഗവര്‍മെന്റ് നയമല്ലന്നു   ഡി ജി പി അപ്പോള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു..... അപ്പോള്‍ പോലീസ്ക്കാരന്‍ റോട്ടില്‍ കിടന്ന് ചാവനുള്ളതാണോ എന്ന് ചോദിക്കണമെന്ന്  ഉണ്ടായിരുന്നു.......മൊയ്തീന്‍റ പരേഡ് ഗ്രൗണ്ടില്‍ കിടന്നുള്ള ഓട്ടം പെട്ടന്ന് തീകട്ടി വന്നു....

ഖദര്‍ധാരികളിലേക്ക് മെല്ലെ ശ്രദ്ധ തിരിഞ്ഞു........ അവര്‍ക്ക് ആഹ്വാനം ചെയ്‌താല്‍ മാത്രം മതിയല്ലോ,,,,
.അശോകന്‍ അല്ലെ അത് തന്നോടപ്പം എട്ടാം ക്ലാസ് വരെ പഠിച്ചവന്‍....എന്നും പിന്‍ബഞ്ചില്‍ആയിരുന്നു സ്ഥാനം.....പിന്നിട് അശോകന്‍ സഖാവ് അശോകന്‍ ആയി.... എം എല്‍..ഏ യായി പാര്‍ടിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതരത്തില്‍ വളര്‍ന്നു.....ടീച്ചര്‍ അശോകനോട് എപ്പോഴും പറയുമായിരുന്നു.... നീ....ഹരിയെ കണ്ടുപഠിക്കു.....


കൂടെയുള്ള പോലീസ്ക്കാരന്‍ പെട്ടന്ന്  ഓര്‍മ്മപെടുത്തി....ഹെല്‍മെറ്റും ലാത്തിയും റെഡിയാക്കി വച്ചോളൂ അശോകന്‍ സാറിന്‍റ കൈലാണ് മൈക്ക് അയാളുടെ വാക്കുകളുടെ തീവ്രത തടയാന്‍ ഒരു ഐ പി. എസ് ക്കാരനും കഴിയില്ല......

പോലീസ് ലാത്തി വീശി കൊണ്ടിരുന്നു....  കരിവണ്ടിന്‍റെ മൂളല്‍പോലെ ലാത്തിവീശുന്ന ശബ്ധം  വായുവില്‍ തത്തി കളിച്ചു.....ഉരുളന്‍ കല്ലുകള്‍ കല്ലു മഴപോലെ പോലീസ് കാരുടെ പരിചയിലും ഹെല്‍മറ്റിലും വന്ന് അടിച്ചു പോയികൊണ്ടിരുന്നു......പോലീസ്  ടിയര്‍ ഗ്യാസ് പൊട്ടിച്ചിരിക്കുന്നു....നീറുന്ന പുക സമരകാരുടെ കണ്ണുകളില്‍ പാമ്പിനേ പോലെ നുഴഞ്ഞു കയറികൊണ്ടിരുന്നു.....കല്ലേറിനു തീവ്രതകുറഞ്ഞിരിക്കുന്നു.....പെട്ടന്ന് അയാളുടെ കണ്ണ് നീറാന്‍ തുടങ്ങി.....കാറ്റ് ചതിചിരിക്കുന്നു  ടിയര്‍ ഗ്യാസ് എതിര്‍ദിശയിലേക്കു പാറാന്‍ തുടങ്ങിയിരിക്കുന്നു......

അയാള്‍ ഇരുട്ടില്‍ പെട്ടവന്നെപോലെ നിന്നു തിരിയാന്‍ തുടങ്ങി, കണ്ണില്‍ നിന്നു കണ്ണുനീര്‍ ലാവപോലെ കുതിച്ചു ഒഴുകി അതിലെ തിയ്യും പുകയും അയാളുടെ മുഖത്തും ശരീരത്തും   വ്യാപിച്ചുതുടങ്ങി.....ഇത്തിരി ആശ്വാസത്തിനു വേണ്ടി അയാള്‍ ഹെല്‍മറ്റ് പറിച്ചുടുത്തു....

 കവിളില്‍ കുടംകൊണ്ട് അടിച്ചത്പോലെ ഒരു കല്ല്‌ അയാളുടെ ചെവികല്ല് തുളച്ചു കടന്നുപോയി.....ഭൂമി അയാള്‍ക്ക്‌ ചിറ്റും കറങ്ങാന്‍ തുടങ്ങി..... ആ തളര്‍ച്ചയിലും  അയാള്‍ കണ്ടു ....വേട്ടമൃഗത്തെ എറിഞ്ഞു വീഴ്തിയ ലാഖവത്തോടെ  ചിരിച്ചു നില്‍ക്കുന്ന അടുത്ത യുഗത്തിലെ  മിനി അശോകനെ..... പെട്ടന്ന് അയാള്‍ മൊയ്തീന്‍ ആയി മാറി....ഒരു വ്യാക്രത്തെ പോലെ ചാടി വീണു.....സമരസഖാവ് സിംഹത്തിന്‍റെ കൈല്‍പെട്ട മാന്‍പേടയെ പോലെ അയാളുടെ കൈല്‍ ഇരുന്നു ഞെരിഞ്ഞു.....

 പെട്ടന്ന് അയാള്‍ തിരിച്ചു അറിഞ്ഞു ഒരു കാക്കിധാരി തന്‍റെ കോളറില്‍ പിടിച്ച്രിക്കുന്നു....അയാളുടെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം  റോക്ക്റ്റ് പോലെ തന്‍റെ നേരെ തുറിച്ചു നില്‍ക്കുന്നു.....  ചാനല്‍ ക്യാമറകള്‍ തന്നെയും ഡി ജി.പിയെയും ഫോകസ് ചെയ്തിരിക്കുന്നു....ക്യാമറകണ്ടതിനാല്‍ ആകാം ഡി ജി.പിക്ക് ആവേശം കൂടിയിരിക്കുന്നു.....അയാളുടെ ശബ്ധം ഉയര്‍ന്നു..... നിന്നെ ആരാടാ പോലീസ് ആക്കിയത്..... ഞാന്‍ പറഞ്ഞാല്‍ കേട്ട്കൂടെ നിനക്ക്.... അയാളുടെ നേം പ്ലേറ്റ്  കൊള്ളി പറിക്കുന്നത്‌ പോലെ പറിച്ചു എടുത്തു......... ഒരു തെരുവ് ഗുണ്ടയെപോലെ അയാള്‍ പോലീസ്ക്കാരുടെ കൈല്‍ ഞാണ്ട് കിടന്നു

സംസ്ഥാനം കണ്ട ഒരു വലിയ സമ്മേളനം നടക്കുകയാണ്, പ്രവാസി വ്യെവസായി മൊയ്തീന്‍ സാഹിബു ഏര്‍പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡാണ്....സമൂഹത്തില്‍ മാതൃകയാക്കുന്ന  ഏതു പ്രവര്‍ത്തികണ്ടാലും അഞ്ചുലക്ഷം ഉറപ്പു.....ആളുകള്‍ പബ്ളിസിറ്റി സ്ടണ്ട് എന്ന് പറഞ്ഞു തള്ളാറാണ് പതിവ് എങ്കിലും തനിക്കു ശരിയന്നു തോനുന്ന നടപടികള്‍ക്ക് അയാള്‍ കൊടുത്തിരിക്കും.....ഒരു പഴയ പോലീസ്ക്കരന്റെ  ഉടായിപ്പ് എന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുന്നത് അയാള്‍ അത്ര കാര്യമാക്കാറില്ല, ഈ തവണ അത് ഒരു പോലീസ്ക്കാരനാണ് മന്ത്രി അശോകനാണ്  പരിപാടി  ഉല്‍ഘാടനം ചെയ്യുന്നത് ......പോലീസ് ജനങ്ങളുടെ സംരക്ഷകര്‍ ആകേണ്ടതിനെ കുറിച്ച്  അയാള്‍ ഘോരഘോരം പ്രസംഗിച്ചു, പോലീസ് ക്കാരനില്‍ നിന്ന് സമര സഖാവിനെ രക്ഷിക്കാന്‍ പോലീസ് മേധാവി എടുത്ത റിസ്ക്ക് അയാള്‍ എന്ത്കൊണ്ടോ രണ്ടോ മൂന്നോവട്ടം ആവര്‍ത്തിച്ചു.....

ചുറ്റ്മുള്ള പോലീസ്ക്കാര്‍ ഒരു വലിയ തമാശകേട്ടപോലെ കുലുങ്ങി ചിരിച്ചു.....പോലീസില്‍ ഇത്തരം തമാശകള്‍ പതിവാണ്..  ഹരി പൊട്ടനെപോലെ ചുറ്റും നോക്കി......കല്ലേറ് കൊണ്ട് ചെവികല്ല് തകര്‍ന്ന ഹരിക്ക് ഇനി മെഡിക്കല്‍ ഫിറ്റ്നസ് കൂടി കഴിയണം പോലീസില്‍  പണി ഉറപ്പ് ആകാന്‍ എന്നത് വായനക്കാരനെ  അറിയിച്ചില്ല എന്നതില്‍ ഞാന്‍ ഖേദിക്കുന്നു........

05/02/2016

ചെന്നായിക്കളും കടവാവലുകളും...............



 ഒരു കഥയുണ്ട്, കാട്ടില്‍ എപ്പോഴും മൃഗങ്ങളും. പക്ഷികളും തമ്മില്‍ വഴക്ക് കൂടും, മൃഗങ്ങള്‍ പറയും ഞങ്ങള്‍ ആണ് ഏറ്റവും മികച്ചവര്‍. ഞങ്ങള്‍ വലിയ കായിക ശക്തിയുള്ളവരാണ്, കാട്ടിലെ ഭൂരിപക്ഷം  ആണ്..... മൃഗനേതാവായ സിംഹമാണ് കാട്ടിലെ രാജാവ്......എല്ലാ  നഷ്ട്ടപരിഹാരങ്ങളും ഞങ്ങള്‍ക്ക് ആണ് ആദ്യം കിട്ടേണ്ടത്......

പക്ഷികള്‍ ആകട്ടെ മറ്റൊരു ആവകാശവാദമാണ് ഉന്നയിച്ചത്, ഭൂരിപക്ഷത്തില്‍ ഞങ്ങളും കുറവല്ല. പ്രാണി മുതല്‍ ഗരുഡന്‍ വരെ ങ്ങങ്ങളുടെ ഇടയില്‍ നിന്നാണ്.....പറകുക എന്നത് ഒരു ചെറിയ കഴിവല്ല.....കാട്ടില്‍ പരാഗണവും വിത്ത്‌ ഒക്കെ ഉണ്ടാവുന്നത് ഞങ്ങള്‍ മൂലമാണ്.......

 സിംഹരാജന്‍ പ്രതിസന്ധിയില്‍ ആയി ആരെയും പിണക്കാന്‍ പറ്റില്ല.....അധികാരം വേണമെങ്കില്‍ രണ്ട്കൂട്ടരും വേണം.... മൃഗങ്ങള്‍ വലിയ ഒച്ചയുണ്ടാക്കുന്ന കൂട്ടത്തില്‍ ആണ്.....അവര്‍ അതും ഇതും വിളിച്ചു പറഞ്ഞു..... തന്‍റെ ഇമേജു തകര്‍ക്കും......അതുകൊണ്ട് ആനുകൂല്യം കൊടുക്കുമ്പോള്‍ രണ്ട് വട്ടം  ആലോചിച്ചു വേണം........
വവ്വാല്‍ അവസരത്തിനു ഒത്ത്ഉയര്‍ന്നു.......അത് പക്ഷികളുടെ അടുത്ത് പറന്നു എത്തി......   നോക്കു ഞാനും പക്ഷി മതത്തില്‍ പെട്ടവനാണ്, ഞാന്‍ പറക്കുന്നു. പരാഗണം നടത്തുന്നു......അതുകൊണ്ട് നമുക്ക് ഉത്സവം വേണം, മേളം വേണ്ണം കാടിന്‍റെ സമാധാനപരമായ നില നില്‍പിന് അത് ആവശ്യമാണ്.......
  വവ്വാല്‍ മൃഗങ്ങളുടെ ഇടയിലും പറന്നു എത്തി, അത് പറഞ്ഞു ഞാന്‍ മൃഗവംശത്തില്‍ പെട്ടവനാണ്. ഞാന്‍ മൃഗങ്ങളെപോലെ പ്രസവിക്കുന്നവലാണ്.......കുഞ്ഞുങ്ങള്‍ക്ക്‌ മുലകൊടുക്കുന്നു, രാത്രി ഇരപിടിക്കുന്നു.....കാടിന്‍റെ നിലനില്‍പ്പിനു ഉത്സവം വേണം മേളം വേണം.....
 കാട്ടില്‍ എന്നും ഉത്സവം.....മേളങ്ങള്‍ മൃഗങ്ങളും പക്ഷികളും മേള തിരക്കില്‍.......തല്ലുപിടിക്കാന്‍ അവയ്ക്ക് നേരമില്ല.....
 സിംഹരാജന്‍ ടെന്‍ഷന്‍ മാറിയ  സന്തോഷത്തില്‍.......
ചെന്നായ്ക്കള്‍ അപകടം തിരിച്ച് അറിഞ്ഞു......അവര്‍ വവ്വാലിനെ തല്ലി കൊന്നു..........
 കാട് കൂടുതല്‍ കലുഷിതമായി........

പക്ഷികളും മൃഗങ്ങളും ഒത്തുകൂടി......അവര്‍ പറഞ്ഞു....വവ്വാലിന്‍റെ കുടുംബത്തിന് സിംഹരാജന്‍ നഷ്ട്ടപാരിഹാരം കൊടുക്കണം.......
  ചെന്നായ്ക്കള്‍ വീണ്ടും ഒത്തു ചേര്‍ന്നു അവര്‍ പകുതി മൃഗങ്ങളും പകുതി പക്ഷികളും ചേര്‍ന്ന ഒരു വിചിത്ര രൂപമായിരുന്നു......  അവര്‍ പക്ഷി മതത്തില്‍ പെട്ടവരെ കണ്ടു......എന്നിട്ട് പറഞ്ഞു വവ്വാല്‍ ഒരു പക്ഷിയായിരുന്നില്ല......അവന്‍ നിങ്ങളുടെ മതത്തില്‍ നിന്നും വഴിപിഴച്ചവനാണ്......അവന്‍ മൃഗങ്ങളെ പോലെ പ്രസവിക്കുന്നു. പാലൂട്ടുന്നു, രാത്രിയില്‍ ഇരപിടിക്കുന്നു.....അവരുടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്ക് എടുക്കുന്നു......അവന്‍ പിഴച്ചവന്‍ തന്നെ......
 പക്ഷികളുടെ ശബ്ദം പെട്ടന്ന് കുറഞ്ഞു വന്നു......ശരിയല്ലേ അവര്‍ പറഞ്ഞത്.... അവരില്‍ ചിലര്‍ പെട്ടന്ന് ആ വിചിത്രജീവികള്‍ ആയി മാറി.....

 അവര്‍ മൃഗമതത്തില്‍ പെട്ടവരെ കണ്ടു....... നോക്കു വവ്വാല്‍ ഒരിക്കലും ഒരു മൃഗമായിരുന്നില്ല...... അവന്‍ പക്ഷികളുടെ വേഷം ധരിക്കുന്നു, അവരുടെ ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്ക് എടുക്കുന്നു...... അവന്‍ ഒരു ലവ്ജിഹാദിയാണ്............. “നയവഞ്ചകന്‍” മൃഗങ്ങള്‍ പിറുപിറുത്തു.....
 മൃഗങ്ങളില്‍ പെട്ടവരില്‍ ചിലരും പെട്ടന്ന് തന്നെ  പക്ഷികളുടെയും മ മൃഗളുടെയും ഉടലുള്ളവര്‍ ആയി....അവരുടെ നാക്കുകളും പല്ലുകകളും പുറത്തേക്ക് തള്ളി വന്നിരുന്നു.....ഉപ്പനെ പോലെ ചുവന്ന കണ്ണുള്ള അവരുടെ കടവായില്‍ നിന്നും കൊതിവെള്ളം ഇറ്റ് വീഴാന്‍ തുടങ്ങി....... അവരുടെ കലപിലയില്‍ കാട് മുങ്ങിപോയി.......

പാവം വവ്വാലുകള്‍ മാത്രം ഒറ്റക്ക് നിന്ന് നേര്‍ത്തതോതില്‍ ശബ്ദം ഉണ്ടാക്കി തുടങ്ങി...... തങ്ങള്‍ പക്ഷികളും മൃഗങ്ങളും അല്ലന്ന് അവ തിരിച്ച് അറിഞ്ഞു......എന്നിട്ടും അവ ശബ്ദമുണ്ടാകികൊണ്ടിരുന്നു........എന്നാല്‍ ആ വിചിത്ര ജീവികളുടെ ശബ്ദകോലാഹലത്തില്‍.....സിംഹരാജന് വവ്വാലുകളുടെ ശബ്ദം കേള്‍ക്കാനായില്ല.......അല്ലങ്കില്‍ കേട്ടില്ലന്നു നടിച്ചു.......കാരണം കാട്ടിലും ജനാധ്യപത്യം ഉടന്‍ വരുമത്രേ............
സമര്‍പ്പണം............
ചെന്നായ്ക്കള്‍ തല്ലികൊന്ന  ഷബീറിന്‍റെ ഓര്‍മകള്‍ക്ക്