താലപൊലിയും വിമാനയാത്രയും
ഓർമ്മവെച്ച നാൾ മുതൽ കൊടുങ്ങല്ലുർ താലപൊലിക്ക് പോകുന്നത് ഒരു ശീലമാണ് ,വാപ്പയുടെ കൈപിടിച്ചാണ് താലപൊലി കാവിലെ നടത്തം ! ആറടിയിൽ അധികം ഉയരുമുള്ള വാപ്പയുടെ കഴുത്തിൽ ഇരുന്നാണ് ആനചന്തവും കുടമാറ്റവും കാണുക! ആനയും ,അമ്പാരിയും, ചെണ്ടമേളവും, കരിമ്പും, പൊരിയും, ഉഴുന്ന് വടയും, മധുരസേവയും....etc ആ ഉൽസവത്തിന് അന്ന് കിട്ടുന്ന വൈബ് ഒന്നും ഇന്ന് ഒരു ആഘോഷത്തിനും കിട്ടില്ല!
കാലം മെല്ലെ സഞ്ചരിച്ച് തുടങ്ങി! എട്ടാം തരത്തിൽ ആയപ്പോൾ ഒറ്റക്ക് ഒക്കെ പോയി തുടങ്ങി, വാപ്പ തന്ന 20 രൂപയും പിടിച്ചാണ് യാത്ര! അന്ന് അത് ഒരു വലിയ സംഖ്യയാണ്! മരണകിണർ, മൃഗശാല, സർക്കസ്., ഊഞ്ഞാൽ etc ഇതിന് ഒക്കെ കൂടി 20 രുപ മതിയാകും......
പെട്ടന്ന് എൻ്റെ ശ്രദ്ധയിൽ ഉത്സവപറമ്പിൽ ഒച്ചയുണ്ടാക്കുന്ന ആളുടെ അടുത്ത് എത്തി
"ജയൻ്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാം! നസീറിൻ്റെ ഒപ്പം ഫോട്ടോ എടുക്കാം......" അയാൾ വിളിച്ച് കൂവി, 10 രുപ കൊടുത്ത് അയാൾ താൽക്കാലികമായി തുണികൊണ്ട് മറച്ച് ഉണ്ടാക്കിയ സ്റ്റുഡിയോയിൽ കയറി! അവിടെ നസീർ മുതൽ അമിതാ ബച്ചൻ വരെയുള്ളവരുടെയും, ആന മുതൽ മുതലവരെയുള്ള ഫോട്ടോകൾ കർട്ടനിൽ വരച്ചിട്ടിരിക്കുന്നു!
ഞാൻ ഹെലികോപ്പ്ടറിൻ്റെ വിൻ്റൊ ഭാഗം കട്ട് ചെയ്ത് നീക്കിയ ഭാഗത്ത് തല വെച്ച് ഒരു ഫോട്ടോ എടുത്തു!
ഫോട്ടോ കണ്ട് ഞെട്ടി!
അത് വരെ എയർപോർട്ട് വരെ കാണാത്ത ഞാൻ ഹെലികോപ്ടറിൽ തലയും പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുന്നു!'
ആദ്യം തന്നെ വാപ്പച്ചിയെ തന്നെ പറ്റിക്കാം എന്ന് കരുതി ഉൽസവപറമ്പിൽ ഡ്യുട്ടിയിലുള്ള
വാപ്പയുടെ അടുത്ത് എത്തി!
വളരെ ഗൗരവത്തിൽ ഡ്യൂട്ടി നിർവഹിക്കുന്ന വാപ്പയോട് പറഞ്ഞു!
" ഞാൻ വിമാനത്തിൽ കയറി "
പോലീസ്കാർ തെളിവ് എപ്പോഴും ആദ്യം അന്വേഷിക്കുന്നത് കൊണ്ടാകാം ,ഞാൻ ഫോട്ടോ നീട്ടി പിടിച്ചിരുന്നു!
ഗൗരവം ഒക്കെ പോയി അണപല്ല് കാട്ടി വാപ്പ യൊരു ചിരി !
കുടെയുള്ള പോലീസ്ക്കാരോട് പറഞ്ഞു!
ശരിയാണ് എൻ്റെ മകൻ ഹെലികോപ്പ്റ്ററിൽ കയറിയിട്ടുണ്ട് "
അവരും അതാ ചിരിക്കുന്നു!
ഞാൻ വാപ്പയേയും ഒരു കൂട്ടം പോലീസ്ക്കാരെയും പറ്റിച്ച സന്തോഷത്തിൽ ഉള്ള നെഞ്ച് "ശക്തിയായിവിരിച്ച് "തിരിച്ച് നടക്കുമ്പോൾ വാപ്പിച്ചി10 രൂപകൂടി തന്നു!
ഒരു ഉപദേശവും പൈസ വെറുതെ കളയരുത്!
എൻ്റെ പറ്റിക്കൽ ഏറ്റില്ലെ!
ഞാൻ സംശയത്തോടെ തിരിഞ് നോക്കി!
വാപ്പിച്ചി അണ പല്ല് കാട്ടി വിശാലമായിചിരിച്ച് നിൽക്കുന്നു!
ഹൃദയത്തിൽ നിന്നുള്ള ചിരി!
വാൽസല്യത്തിൻ്റെ ചിരി !
പ്രതിക്ഷയുടെ ചിരി !
മൂന്ന്നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ദീർ ഘമായ വിമാനയാത്രയുടെ ഏകാന്തയിൽ താലപൊലി കാവിലെ ആദ്യവിമാനയാത്രയും ആ ചിരിയും ഒരു ഇളം കാറ്റ് പോലേ കടന്ന് വരും !
അറിയാതെ മനസ് മന്ത്രിക്കും.......
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
(റബ്ബിർഹംഹുമാ കമാ റബ്ബയാനീ സ്വഗീറാ.)
("എന്റെ രക്ഷിതാവേ, ബാല്യകാലത്ത് അവർ എന്നെ പോറ്റിവളർത്തിയത് പോലെ നീ അവരോട് കരുണ കാണിക്കേണമേ.")
No comments:
Post a Comment