16/04/2022

ഒരു ബസ് യാത്രയുടെ അനന്തരാവകാശികൾ!

 


വർഷം തൊണ്ണൂറുകൾ കൃത്യമായി പറഞ്ഞാൽ  32 വർഷം മുമ്പ്  പറവൂർ നിന്ന് ഗുരുവായുർ റോട്ടിൽ ഓടുന്ന ബസിൽ ഓടി കയറി! ഓടി കയറിയതാണോ! ചാടി കയറിയതാണോ എന്ന് പൂർണ്ണമായും ഓർമ്മയില്ല! എന്തായാലും കയറി  എന്നത് മാത്രമാണ് സത്യം! 


കണ്ടക്ടറുടെ ഭാഷയിൽ പന്ത് കളിക്കാൻ സ്ഥലമുള്ള  ഏരിയ! നാട്ടുകാരുടെ ഭാഷയിൽ സൂചി കുത്താൻ ഇടമില്ലാത്ത  സ്ഥലം!

ഇങ്ങനെ സൂചിയും പന്തും മത്സരിക്കുന്ന സ്ഥലത്തേക്കാണ്  കോലുപോലേയുള്ള എൻ്റെ എൻട്രി! 


തോളിൽ തുണി സഞ്ചിയും, ജൂബ്ബയും കണ്ടാൽ അറിയാം അന്നത്തേ വിപ്ലവകാരിയായ കോളേജ് വിദ്യാത്ഥിയാണന്ന്!

ഹീപ്പീസം ഒക്കെ ഫാഷനാണന് കരുതുന്ന കാലം!

ഭാഗ്യം  കയറിയപ്പോൾ തന്നെ  ഇരിക്കാൻ സീറ്റ് കിട്ടി!  അന്ന് പത്ത് പൈസ കാലമാണ്! 


"ഉറുപ്യക്ക് പത്ത് " എന്ന് കണ്ടക്ടറുടെ തിയറി കാലം! 


സീറ്റിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ കണ്ടക്ടർക്ക് കുരു പൊട്ടി! 


കൺസഷൻ ഇല്ലയെന്ന്  കണ്ടക്ടറുടെ മറുപടി! 


" മാണ്ട ഫ്രീ മതിയെന്ന് "ഞാൻ 


ബസ്  പോകില്ലന്ന് കണ്ടക്ടർ ! 


തിരക്കില്ലന്ന് ഞാൻ! 


കണ്ടക്ടറുടെ  നീട്ടി വിസിലഡി! 


ബസ് സ്റ്റോപ്പിൽ നിശ്ചലമായി! 


ഞാൻ സ്റ്റുഡൻസിൻ്റ അവകാശത്തെ കുറിച്ച് നീണ്ട  പ്രസംഗം! 7 മണിവരെ വിദ്യാത്ഥിക്ക് സൗജന്യയാത്രക്ക് അവകാശമുണ്ടന്നും RTO ഇത് കാർഡിൽ  രേഖപ്പെടുതിയിട്ടുണ്ടന്നും ഞാൻ! 


ഏത് കിതാബിൽ രേഖപ്പെടുതിയാലും ഞാൻ തരൂലന്ന് കണ്ടക്ടർ ! 


എനിക്ക് ഫ്രീ പോകുന്നതിൽ  പ്രശ്നമില്ലന്ന് ഞാൻ! 


പോട പട്ടി എന്ന് കണ്ടക്ടർ ! 


നിയും പോട പട്ടി  എന്ന് ഞാൻ! 


തെണ്ടിയെന്ന് കണ്ടക്ടർ ! 


പന്നിയെന്ന് ഞാൻ!..... 


ഇങ്ങനെ പട്ടി തെണ്ടി കളിക്ക് ഇടയിലാണ്  വിദ്യാത്ഥി കണ്ടക്ടർ യുദ്ധ നിയമം തെറ്റിച്ച് കൊണ്ട് ,കണ്ടക്ടർ പുളിച്ച പച്ചതെറി  പറയാൻ തുടങ്ങിയത് ! 


എൻ്റെ ആവനാഴിയിലെ ആയുധം കലാസ്!

കണ്ടക്ടർ  പൂത്തിരി കത്തിച്ച പോലേ പച്ച തെറികളുടെ മാലപടക്കം ! 


എനിക്ക് അറിയുന്ന ഒന്ന് രണ്ട് പച്ച തെറികൾ  

തിരെ നിലവാരം കുറഞത്!


എൻ്റെ തെറിക്കൾ പാട്രിയറ്റ് മിസൈലേറ്റ് തകർന്ന  സ്കഡ് പോലേ ചത്ത്  മലച്ചു! 


ഇപ്പോ പറഞതും ഇനി പറയാൻ പോകുന്നതും നിൻ്റെ

വാപ്പയുടെ പേരിൽ സ്പ്പോൺസർ ചെയ്തിരിക്കുന്നു എന്ന് ഞാൻ! 


കളി കയ്യാം കളിയിലേക്ക്! 


മുഷ്ടി ചുരുട്ടി കണ്ടക്ടർ എൻ്റെ അടുത്തേക്ക്! 


ഞൊളി പോലേയുള്ള കൈ ഞാനും ചുരുട്ടി! 


പെട്ടന്ന് ഒരു യാത്രക്കാരൻ്റെ ഇടപെടൽ! 


" ആ കുഞ്ഞിനെ എന്തങ്കിലും ചെയ്താൽ നിൻ്റെ മയ്യത്ത് എടുക്കും ഞാൻ ,എടുക്കട വണ്ടി!"


എൻ്റെ പിന്നിൽ നേരത്തേ പോകേണ്ട യാത്രക്കാരുടെ  സപ്പോർട്ട് ! 


കണ്ടക്ടർ ഒരു മോങ്ങൽ പോലേ വിസൽ അടിച്ചു! 


ഞാൻ ശ്വാസം എടുത്ത്  ചുറ്റും തിരിഞ് നോക്കി! 


ഓ മൈ ഗോഡ്, എൻ്റെ ബാച്ചിലെ പെൺകുട്ടികൾ ചുറ്റും !

ചിലർ കണ്ണിറുക്കി കാണിക്കുന്നു! 


അതിൽ എന്നെ നൊമ്പരപ്പെടുത്തിയത് ഷാഹിനയുടെ അടക്കിപിടിച്ച ചിരിയാണ്! 


ഒരിക്കൽ ഇഷ്ടമാണന്ന് പറഞതിന്'" പോട പട്ടി "എന്ന് മനോഹരമായി മൊഴിഞ കണ്ടക്ടറുടെ ഫോട്ടോ കോപ്പി! 


എൻ്റെ അഭിമാനം സടകുടഞ് എഴുനേറ്റു!

നാളെ  ക്ലാസ്സിൽ  പാട്ടാവുമെന്ന് ഉറപ്പാണ്! 


ഇതിനൊക്കെ പൊലീസിലുള്ള വാപ്പയെ   ഉപയോഗിച്ചില്ലങ്കിൽ പിന്നെയെന്ത് പോലീസ് കാരൻ്റെ മകൻ! 


വാപ്പയോട് പറഞപ്പോൾ കണ്ടക്ടറുടെ  ജോലി പ്രയാസത്തേ കുറിച്ചും, വെളുപ്പിന് നാല് മണിക്ക് ജോലിക്ക് കയറുന്ന  അയാളുടെ സമ്മർദ്ദത്തേ കുറിച്ചും എനിക്ക് ഒരു കോച്ചിംഗ് ക്ലാസ്സ്!

കൂട്ടത്തിൽ അവനെ കണ്ടാൽ ഞാൻ ചോദിക്കാം എന്ന ഒരു ഒഴുക്കൻ മറുപടിയും! 


എൻ്റെ കിളി വീണ്ടും പോയി! അടക്കി ചിരിക്കുന്ന ഷാഹിന ! എൻ്റെ മുമ്പിൽ  നൃത്തം വെക്കുന്നതായി തോന്നി! 


" എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലുമുണ്ടടാ  പിടി" എന്ന ഡയലോഗ് പെട്ടന്നാണ് ഓർമ്മ വന്നത്! 


ഞാൻ മാമയുടെ അടുത്തേക്ക് പോയി! പുള്ളിയും പോലീസിൽ തന്നെ! 


എൻ്റെ സങ്കട കഥ മാമ  കേട്ടു ! 


വെള്ള കടലാസിൽ ഒരു പെറ്റീഷൻ എഴുതി തന്നു! നാളേ വലപാട് സർക്കിൾ ഓഫിസിൽ കൊടുക്കാൻ പറഞു! 


പിറ്റേ ദിവസം  ബസ് സർക്കിൾ ഇൻസ്പെകടറുടെ പിടിയിൽ! 


ഫസ്റ്റ് എയ്ഡ്  ബോക്സ് ചോദിച്ച  സിഐ മുമ്പാകെ കണ്ടക്ടർ സ്പാനറും സ്കൂട്ടർ ഡ്രൈവറുമായി ശ്രീനിവാസനെ പോലേ  ഇളിച്ച് നിന്നു!

ഓവർ ലോഡ്, യൂണിഫോം ഇല്ല തുടങ്ങിയ കുറ്റങ്ങൾ വേറേ! മൊത്തം 3000 അടച്ചാൽ മലപ്പുറം ക്കാരൻ്റെ ശൈലിയിൽ പറഞ്ഞാൽ കൈചലാവാം! 


അടുത്ത ദിവസം സർക്കിൾ ഓഫിസിൽ ഞാനും കണ്ടക്ടറും ഹാജരായി!! 


എൻ്റെ കൈൽ  കാർഡ് ഉണ്ടായിരിന്നില്ലന്ന് കണ്ടക്ടർ ! 


ID കാർഡ് ഇല്ലാതെ പ്രാക്ക്റ്റിക്ക് ക്ലാസ്സിൽ കയറാൻ കഴിയില്ലന്ന് ഞാൻ! 


എന്നെ ജാക്കി ലിവർ കൊണ്ട് തല്ലാൻ വന്നു എന്ന ഒരു കഥ ഇതിനിടയിൽ കൈൽ നിന്ന് ഇട്ടു! 


എന്നെ എന്താണ് പറഞതെന്ന്  സി ഐ !

ക,  പു....സ...തുടങ്ങിയ പദങ്ങൾ അതിൽ ഉണ്ടായിരുന്നുവെന്നും സാറിനോട് പറയാൻ കഴിയില്ലന്നും ഞാൻ! 


പിന്നീട് ഞാൻ കണ്ടത് സി ഐ ഇദ്ദേഹത്തേ  "മോന്നേ " എന്ന് ചേർത്ത് വിളിക്കുന്നതാണ്!

വിട്ടത് പൂരിപ്പിക്കാനുള്ള അവകാശം വായനക്കാർക്ക് നൽകുന്നു! 


" അയാളെ ഈ റൂട്ടിൽ വേണ്ടന്നും, ഓണറേ വിളിച്ച്  നാളെ സി ഐ മുമ്പാകെ ഹാജരാവാനും! പറഞ് സി ഐ  കണ്ടക്ടറെ പറഞ് വിട്ടു! 


" ഞാൻ അഭിമാനത്തോടെ പോലീസ് സ്റ്റേഷനിൽ നിന്ന്  ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങി!

ഈ സീൻ കാണാൻ ഷാഹിന ഉണ്ടായിരുന്നങ്കിൽ! 


ബസ് സ്റ്റോപ്പിൽ അതാ കണ്ടക്ടർ ! എൻ്റെ ധൈര്യം പമ്പ കടന്നു! തല്ല് ഉറപ്പായും ഞാൻ പ്രതീക്ഷിച്ചു! എൻ്റെ കാലുകൾ വിറക്കാൻ തുടങ്ങി! അത്രയും അയാൾ പോലീസ് സ്റ്റേഷനിൽ അനുഭവിച്ചു! 


അയാൾ പോയിട്ട് പോകാം! 


രണ്ട് ബസ് പോയിട്ടും അയാൾ പോകുന്നില്ല! 


ദൈവമേ ഇയാൾ എന്നെ കൊല്ലുമോ? 


പെട്ടന്ന് വന്ന ബസിൽ ഞാൻ ചാടി കയറി! 


പക്ഷേ അതിലും വേഗത്തിൽ പരിചയസമ്പനനായ അയാൾ വണ്ടിയിൽ ചാടി കയറി! 


എൻ്റെ സീറ്റിൽ തന്നെ അയാളും വന്നിരുന്നു! ഞാൻ അയാളെ  തിരിഞ് നോക്കാതെ സൈഡിലേക്ക് എന്തും സംഭവിക്കാം  എന്ന മട്ടിൽ ചേർന്നിരുന്നു! എൻ്റെ ഹൃദയതാളം മെല്ലെ  പുറത്തേക്ക് കേട്ടു തുടങ്ങി! 


കണ്ടക്ടർ ട്ടിക്കറ്റ് മായി വന്നത് അപ്പോൾ ആണ് ! 

" ഇക്കയുടെ കാശ് എന്ന് പറഞ് അയാൾ എൻ്റെ  ടിക്കറ്റിൻ്റെ പണം കൊടുത്തു! 


എൻ്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി!


കണ്ടക്ടർ കഴുത്തിന് പിടിച്ച് ഞെക്കിയത് കൊണ്ടല്ല ! പതിനേഴ് വയസുള്ള എന്നെ 45കാരനായ കണ്ടക്ടർ ഇക്കയെന്ന് സംബോധന ചെയ്തത് കൊണ്ടാണ്! 


വണ്ടി എൻ്റെ ട്രാക്കിലാണന്ന് തിരിച്ച് അറിഞ്ഞു!

നഷ്ടപെട്ട എയർ തിരിച്ച് പിടിച്ച്  മുത്തി തവള മസില് പിടിച്ച പോലേ സീറ്റിൽ ഞാൻ നിവർന്നിരുന്നു! 


അയാൾ തൻ്റെ കഥ പറയാൻ തുടങ്ങി! 


"ഇക്കയെ ഞാൻ ലിവർ കൊണ്ട് അടിക്കാൾ വന്നോ " 


എൻ്റെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു! 


എൻ്റെ കൈൽ കാർഡ് ഉണ്ടായിരുന്നില്ലെ! 


" ഉവ്വ് " 


"ഒരു നുണ നിങ്ങൾ പറഞ്ഞു,, രണ്ട് നുണ ഞാനും ഇപ്പോ നമ്മൾ സുല്ല് ആയി " 


എന്നാലും നമ്മൾ ഒരു സമുദായമല്ലെ? 


അയാൾ സെൻ്റി ഇറക്കാൻ നോക്കുകയാണ്! 


" എന്നെ വാപ്പാക്ക് വിളിച്ചത് സമുദായം ചോദിച്ച്ട്ടാണോ " 


അയാൾ നിശബ്ദനായി ഇരുന്നു! 


മതം വർക്ക് അവിട്ട് ആവില്ലന്ന്  അയാളുടെ തിരിച്ച് അറിവ് ആവാം! അയാളുടെ ദാര്യദ്രത്തിൻ്റെ കഥ പറഞ്ഞു! മൂന്ന് നാല് മക്കൾ, ഭാര്യ ഉമ്മ ,രോഗിയായ മാതാവ്!..... 


ഞാൻ കേസ് പിൻവലിക്കണം അതാണ് അയാളുടെ ആവശ്യം!

നാൽപത്തി അഞ്ച് മിനിറ്റ് യാത്ര കിടയിൽ അയാളുടെ ദാര്യദ്ര്യം എന്നെ കീഴടക്കി! 


ഞാൻ കേസ് പിൻവലിക്കാം എന്ന് സമ്മതിച്ചു!

ഒരു ഡിമാൻ്റ് അയാളുടെ മുമ്പിൽ വെച്ച് !

നാളേ ബസിൽ വരുമ്പോൾ ഷാഹിനയുടെ മുമ്പിൽ വെച്ച് കൂട്ടുകാരനായി അഭിനയിക്കണം!

അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ എൻ്റെ വീരകഥ  അവതരിപ്പിച്ചു! 


കണ്ടക്ടർ ആകട്ടെ   എൻ്റെ നല്ല സുഹൃത്തായി മാറി! ബസിൽ വെച്ച്  അയാൾ എന്നെ ചായകുടിക്കാൻ  വിളിക്കും! ഇടക്ക് കപ്പലണ്ടിയോ മിട്ടായായോ വാങ്ങി തരും! 


ഒരു അപ്പുകുട്ടൻ സ്റൈൽ  ആക്ക്റ്റിംഗ് 


ഞാൻ അഭിമാനത്തോടെ  എതിർ സീറ്റിൽ ഇരിക്കുന്ന ഷാഹിനയേ നോക്കും! 


ഷാഹിനയുടെ  ചുണ്ട് കളിൽ നിന്ന് പരിഹാസം പോയിരിക്കുന്നു! കണ്ണുകളിൽ മൈലാഞ്ചി രാവ്! 


അവൾ എനിക്ക് ഒരു പേരിട്ടു " ഇഛാപ്പി" 


പിന്നീട് ഷാഹിനയുടെ 'മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ വീമ്പിളക്കും! 


" എന്നെ എതിർത്തവരെയൊക്കെ  ഞാൻ സ്വന്തമാക്കിയിട്ടുണ്ട്! നിന്നെയും!" 


കാലങ്ങൾ കഴിഞ് പോയി ! പ്രവാസ ജീവിതത്തിന് ഇടക്ക്  കണ്ടക്ടറെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല

ഹെഡ് ഓഫിസിൽ നിന്ന് വന്ന മെയിലിൽ അന്ന് രണ്ട് കത്തുകൾ എനിക്ക് ഉണ്ടായിരുന്നു! മൂന്ന് നാല് മാസം പഴക്കമുള്ളവ! സെക്ഷൻ്റ പേരില്ലാത്തത് കൊണ്ട് !  ആറേഴ് സൈറ്റ് കയറി ഇറങ്ങിയാണ് വരവ് 


"  ഇച്ചാപ്പി വേഗം വരണം, എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നു" 


അടുത്ത' കത്തിൽ  ഒരു വെഡിഗ് ലെറ്റർ  ആയിരുന്നു!  ഷാഹിന വെഡ്സ്  ഫൈസൽ!

ഒപ്പം ഒരു കുറിപ്പും  ഇച്ചാപ്പിയുടെ മറുപടിയൊന്നും കണ്ടില്ല! എനിക്ക് അധികം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല!

പ്രാത്ഥിക്കണം! 


മരുഭൂമിയിൽ നിന്ന്  ചൂട് കാറ്റ് മെല്ലെ  അടിച്ച് തുടങ്ങി!' പിന്നെയത് തണുക്കാനും! വീണ്ടും ചൂട് പിടിക്കാനും തുടങ്ങി...... മാറ്റമില്ലാത്ത ചൂടും തണുപ്പും! 


ഞാൻ  മെല്ലെ പിറുപിറുത്തു! 


ചേർത്ത് നിർത്തിയവരെ കൂടെ നിർത്താൻ  മരുഭൂമി എല്ലായ്പ്പോഴും  സമ്മതിക്കണമെന്നില്ല! 


കത്ത് ഞാൻ പിച്ചി കീറി തുണ്ട് തുണ്ടായി കീറി മരുഭൂമിയിലേക്ക് പറത്തി വിട്ടു ! ആ തുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു! മരുഭൂമിയുടെ ചൂട് ഏറ്റ് അവ പറന്ന് കളിച്ചു! ചിലപ്പോഴെക്കെ ആ തുണ്ടുകൾ  ചേർന്ന് നിൽക്കാൻ  ശ്രമിക്കുന്നത് പോലേ തോന്നി...'... അസാധ്യമാണന്ന് അറിഞ്ഞിട്ടും!

14/04/2022

ദീനിയായ ചെരുപ്പ് കുത്തി




കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അയാളെ ഞാൻ അവിടെ കണ്ട് മുട്ടിയത്!

തൻ്റെ മൾട്ടി ഫ്ലോർ അക്കമഡേഷൻ്റെ താഴെ ഒരു കറുത്ത ഷീറ്റ് വിരിച്ച് ഇരിക്കുന്നു! ചെരുപ്പ് തുന്നാൻ ആവശ്യമായ ചണനൂൽ, മുറുക്കുന്നതിന് ആവശ്യമായ  സ്ക്രൂ, കവണ ,പശ യൊക്കെ ഒരു സൈഡിൽ വ്യത്തിയായി അടക്കി വെച്ചിരിക്കുന്നു! 


ഒറ്റനോട്ടത്തിൽ അറിയാം പട്ടാൺ ആണന്ന്, മുഷിഞ് പാലപ്പം പോലേതോന്നിക്കുന്ന തൊപ്പി തലയിൽ വെച്ചിരിക്കുന്നു! മുഷിഞ ബ്രൗൺ നിറത്തിലുള്ള പൈജാമയും കന്തൂറയും ! നിസ് വാർ ചവച്ച് പല്ലും  വായും ചെമ്പിൻ്റെ കളർ ആയിരിക്കുന്നു! 


ഞാൻ കാണുമ്പോൾ ഒക്കെ അയാൾ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നതാണ് കണ്ടിട്ടുള്ളത് ! വിദൂരതയിൽ എവിടെയൊ ഉള്ള കസ്റ്റമറെ അയാൾ തേടി കൊണ്ടിരുന്നു! ആർ അയാളുടെ നേരേ നടന്ന് വന്നാലും അയാളുടെ കണ്ണുകൾ തിളങ്ങിയിരുന്നു! അയാൾ പ്രതീക്ഷയോടെ അവരുടെ കാലുകളിലേക്കും മുഖത്തേക്കും മാറി മാറി നോക്കും! 


അന്ന് ഞങ്ങളുടെ ചർച്ച വിഷയം ആ ചെരുപ്പ് കുത്തിയായിരുന്നു!

.

ദുബായിലൊക്കെ ചെരുപ്പ്  തുന്നികെട്ടി ഉപയോഗിക്കുന്നവർ  ഉണ്ടാവുമോ?


ഞാൻ സംശയം പ്രകടപ്പിച്ചു!


മോഡൽ മാറിയാൽ മൊബൈൽ കളയുന്നവർ!, വണ്ടി മാറുന്നവർ, പുത്തൻ ഷർട്ടുകളും പാൻ്റുകളും  ചാരിറ്റി  ബോക്സിൽ നിക്ഷേപിക്കുന്നവർ...... പകുതി തിന്ന, പിസയും ,ബർഗറും  ചാർ കോൾ ചിക്കനും അനാഥ പ്രേതം പോലേ ട്ടേബിളിൽ ഉപേക്ഷിച്ച് പോകുന്നവർ....... 


എൻ്റെ ചോദ്യത്തിന് ഉത്തരമായി സുഹൃത്ത് 


എതിർദിശയിലേക്ക് കൈ ചൂണ്ടി! വേയ്സ്റ്റ് ബിന്നിൽ നിന്ന് കോല് ഉപയോഗിച്ച് നല്ല ഡ്രെസ്സും, മറ്റും കുത്തിയെടുക്കുന്ന ബംഗാളി! 


മനഷ്യരുടെ  അവസ്ഥയുടെയോ, നേർകാഴ്ച്ചയുടെയോ പരിചേതമാണ്  ദുബായ്!


അവനും, ഞാനും ചെരുപ്പ് കുത്തിയും ദുബായിക്കാരനാണ് നാട്ടിൽ! 


അയാളെ സഹായിക്കണം എൻ്റെ മനസ് പറഞ്ഞു!' 


"ദീനിയായ ചെരുപ്പ് കുത്തി" 


ഹ... ഹ. ... സുഹൃത്ത്    ചിരി തുടങ്ങി! 


സ്വർഗത്തിലേക്ക് ഫ്രീ  പാസ് കൊടുക്കുമോ? 


സുഹൃത്തിൻ്റെ പരിഹാസം കേട്ടില്ലന്ന് നടിച്ചു! 


"നിഷേധി" 


ഞാൻ പിറുപിറുത്തു! 


വേഷങ്ങൾ നമ്മളിൽ ഉണ്ടാകുന്ന ഇംപാക്കറ്റിനെ ഒറ്റ കമൻ്റ് കൊണ്ട്  സുഹൃത്ത് പൊളിച്ച് എഴുതി! 


ഒരിക്കൽ എൻ്റെ ചെരിപ്പ് പൊട്ടി! അത്ര കാര്യമൊന്നുമില്ല! രണ്ട് രൂപയുടെ സൂപ്പർ ഗ്ലൂ ഒട്ടിച്ചാൽ തീരുന്ന പ്രശ്നം! 


എനിക്ക് വലിയ സന്തോഷം തോന്നി! 


ചെരുപ്പ് കുത്തിയെ സഹായിക്കാൻ അവസരം കിട്ടിയതിൽ വലിയ സന്തോഷം തോന്നി! 


ഞാൻ  ചെരുപ്പ്മായി  ചെരുപ്പ് കുത്തിയുടെ അടുത്ത് എത്തി! 


അയാൾ ഒരു മിസിരിയുമായി ശൺ0 കൂടുകയായിരുന്നു അപ്പോൾ! 


കോട്ടും ,ട്ടൈ ഉം ധരിച്ച  മിസിരി! 


അയാളോട് എനിക്ക് വലിയ പുഛം തോന്നി!

ചെരുപ്പ് കുത്തിയുമായി തർക്കിക്കുന്ന ചെറ്റ! 


കോട്ടിനും ട്ടൈകുള്ളിലും അർകീസോ? 


എൻ്റെ രണ്ട് ചെരുപ്പ് അയാൾ  അഴിച്ച് വാങ്ങി പരിശോദിച്ചു!  


ഒരു മണികൂർ കഴിഞ് വരാൻ പറഞു! അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു ! 


ഒരു ചെരുപ്പ് ഒട്ടിക്കുന്നതിനു എന്തിനാണ് രണ്ട് ചെരിപ്പ് എനിക്ക് ഒരു പിടിയും കിട്ടിയില്ല! 


റൂമിൽ ചെന്നപ്പോൾ സുഹൃത്തിൻ്റെ പരിഹാസം വീണ്ടും! 


"ദീനിയായ ചെരുപ്പ് കുത്തി എന്ത് പറഞ്ഞു " 


ഞാൻ സങ്കടത്തോടെ എൻ്റെ

ചെരുപ്പ് ഉയർത്തി  കാട്ടി! 


ചാക്കിൽ പൊതിഞ  പാർസൽപോലേ  ചണ നൂല് കൊണ്ട്  തലങ്ങും വിലങ്ങും തുന്നി കൂട്ടി എൻ്റെ രണ്ട് ചെരുപ്പും  നശിപ്പിച്ചിരിക്കുന്നു! 


45 ദിർഹം വിലയുള്ള ചെരുപ്പ് തുന്നിയതിന് 

മുപ്പത് ദിർഹം  തുന്നൽ കൂലി! 


അടിപൊളി! സുഹൃത്തിൻ്റെ ചിരി ഉച്ചത്തിലായി!


ഒരിക്കൽ  സൂക്കിലൂടെ നടക്കുമ്പോൾ!

ഹരേ ബായ് എന്ന് വിളി കേട്ട്! ഞാൻ തിരിഞ് നോക്കി! 


ഒരു ലെതർ ഷോപ്പിനു മുമ്പിൽ അയാൾ!

അതേ തൊപ്പി അതേ കന്തുറ! 


മെരെ ഷോപ്പ് ഭായ് ! 


ഈവീനിംഗ് ട്ടൈം ആപ്ക്ക ബിൽഡിംഗ് ക്ക സാമ്നെ...... അയാൾ അപൂർണവിരാമമിട്ടു ! 


ലെതർ ബാഗും, ചെരിപ്പും മറ്റ് പ്ലാസ്റ്റിക്ക് ഐറ്റം  അടിക്ക വെച്ച സാമാന്യം വെലിപ്പമുള്ള കട! അയാളും രണ്ടിലധികം പണിക്കാരും! 


ഞാനും ചുറ്റും പരിഭ്രാന്തിയോട് നോക്കി! 


എന്താണ് വട്ടം തിരിയുന്നത് സുഹൃത്തിൻ്റെ ചോദ്യം വീണ്ടും! 


അന്ന് കച്ചറയിൽ നിന്ന് സാധനം പറക്കുന്ന ബംഗാളിയുടെ ഹൈപ്പർ മാർക്കറ്റ് ഇവിടെയെങ്ങാനും ഉണ്ടോ എന്ന് ' നോക്കുകയാണ്!

ഹ..... ഹ..... ഹ........ 


ദുബായ്  ആണ്  നാട് പ്രവാസിയാണ് താരം! 


ഒരു ആങ്കർ ഏതൊ കടയുടെ പരസ്യത്തിനു വേണ്ടി അപ്പോൾ തകർത്ത് അഭിനയിക്കുന്നത് കണ്ടു! 


ഞാനും മെല്ലെ  പിറുപിറുത്തു.,,,,,,, 


ദുബായിയാണ് നാട്  പ്രവാസിയാണ് താരം....



.

06/04/2022

ഒരു അര നോമ്പിൻ്റെ കഥ !



  


എൻ്റെ സമ്പത്ത് മുഴുവൻ തരാം,, എൻ്റെ യവ്വനവും, എൻ്റെ വാർദ്ധ്യക്കവും തരാം!

എനിക്ക് എൻ്റെ ബാല്യം തിരിച്ച് തരുമോ? എന്ന ഒരു കവി വിലാപമുണ്ട്! അത്തരം ഒരു ബാല്യകാല  റമളാൻ ഓർമ്മകളിലേക്കാണ് ഈ കുറിപ്പ്! 


എൻ്റെ കൂട്ടികാലത്ത് ഞാൻ എൻ്റെ വെല്യമ്മയുടെ ഒപ്പമായിരുന്നു!, (ഉമ്മയുടെ ' ഉമ്മ)അവിടെ നിന്നാണ് ഞാൻ സ്കൂളിൽ പോകുന്നത്! മാമ അന്ന് പോലീസ് ട്രെയിനിംഗിൻ്റെ ഭാഗമായി തിരുവനന്തപുരത്താണ്! 


ഞാൻ വെല്ലുമ്മാക്ക് കൂട്ട് കിടക്കാനും സഹായിക്കാനും വന്നതാണങ്കിലും, വെല്ല്യമ്മാക്ക് ഒരു പണിയാണ് ഞാൻ ഉണ്ടാക്കി വെച്ചത് ! 


ഞാൻ സ്കൂൾ വിട്ടാൽ പറമ്പിലും, അയൽകാരുടെ വീട്ടിലും പാടത്തുമൊകെ ഓടി നടക്കും! എന്നെ ഇടക്ക് ഇടക്ക് അന്വേഷിച്ച് നടക്കലാണ് വെല്ലുമ്മയുടെ പ്രധാന പണി! 


വെല്ലുമ്മ നല്ല പലഹാരമൊക്കെയുണ്ടാക്കി! കൂത്തി കയറ്റി തീറ്റിക്കും! വെല്ലുമ്മയുടെ ചിരട്ട പുട്ടും, വൃത്താകൃതിയിൽ ഉള്ള പിഞാണവും!

ഉണ്ട്!, അത് നിറയെ കഴിക്കണം എന്നാണ് വെല്യമ്മയുടെ പ്രമാണം! വൈകീട്ട് സ്കൂൾ വിട്ട് വരുമ്പോൾ ആ പിഞ്ഞാണത്തിൽ തന്നെ പൂരപൊടിയും നിറച്ച് വെച്ചിട്ടുണ്ടാവും ചായയിൽ പുരപൊടി കലർത്തി കഴിക്കലിൻ്റെ രുചി ഇന്നും വായിലുണ്ട്! 


ഇതിന് പുറമേ പറമ്പിൽ അണ്ണാനും കാക്കയും കൊത്തി ' ഇടുന്ന വകശുവണ്ടി ഒരു മൺ ചട്ടിയിൽ ഇട്ട് വറുത്ത് കശുവണ്ടി പരിപ്പും എടുത്ത്  തിന്നാൻ തരും! 


"വെല്ലുമ്മ വിരുന്ന് പോകുന്നിടത്ത് എസ്കോർട്ട് പോകുന്ന പണിയും ഉണ്ട്! 


"വെല്ലുമ്മയുടെ തോയമ്മക്കാരൻ" എന്ന് വാപ്പ കളിയാക്കി വിളിക്കുമായിരുന്നു! 


ഇങ്ങനെ  മൃഷ്‌ടാന ഭോജനം ചെയ്ത് നടക്കുന്ന കാലത്താണ്  റമളാൻ വരുന്നത്!

എനിക്ക് നോമ്പ് ഇല്ലാത്തത് കൊണ്ട് എൻ്റെ  നോമ്പ് തുറ നാല് മണിക്ക് തുടങ്ങിയിട്ടുണ്ടാവും! 


ഇതിനിടയിൽ ആണ് വെല്ലുമ്മ " കടംബോട്ട്" പോകുന്ന കാര്യം പറഞ്ഞത്! കടം ബോട്ട് എന്നത് വെല്ല്യമ്മയുടെ ആങ്ങളമാരുടെ വീട് ആണ് ! 

വെല്ലുമ്മയാണങ്കിൽ രാജകിയ പ്രൗഡിയിലാണ്! മൂന്ന് ബലവാൻമാരായ ആങ്ങളമാരുടെ ഏക പെങ്ങൾ!  മൂന്ന് കുടുംബങ്ങൾ വിശാലമായ ഒരു പറമ്പിലാണ് താമസം!  നോമ്പുതുറയൊക്കെ ഒരു മിനി കല്യാണമാണ്! 


സാധാരണ ഗതിയിൽ കടംബോട്ട് പോകുന്നത്  എനിക്ക് വലിയ ഇഷ്ടമാണ്!

സിനിമക്ക് പോകാനും, നാടകം കാണനും, നീന്താനും ,കളിക്കാനും.....etc കടമ്പോടിനെക്കാൾ നല്ല സ്ഥലമില്ല!

എന്നാൽ നോമ്പ്കാലത്ത് ഈ സൗകര്യങ്ങൾ ഒന്നും  കടംബോട്ട്  ലഭിക്കില്ല! കുട്ടികൾ ഒക്കെ നോമ്പ് പിടിച്ച് വലിയ പത്രാസിൽ നടക്കുന്നവർ! 


അത്കൊണ്ട് ഞാൻ നേരേ വീട്ടിലേക്ക് വണ്ടി വിട്ടു !

ഞാൻ ചെല്ലുമ്പോൾ വാപ്പ ജോലിക്ക് പോകാൻ നിൽക്കുകയാണ്! 


ഇതിനിടയിൽ  ആണ് ആ വാർത്ത ഞാൻ അറിഞത് അനിയന് നോമ്പ് ഉണ്ട്!

അനിയൻ അന്ന്  കുടുബത്തിൽ ബുദ്ധിമാനും മിടുക്കനും എന്ന് അറിയപെടുന്ന കക്ഷിയാണ്! മാത്രമല്ല പഠിപ്പിസ്റ്റും ! 


പിന്നെ ഞാൻ ഒന്നും ആലോചില്ല! ഞാൻ എട്ടുകാലി മമ്മൂഞ്ഞിനെ പോലേ തല ഉയർത്തി, നെഞ്ച് വിരിച്ച് പ്രഖ്യാപിച്ചു! 


"ഞമ്മക്ക് മുണ്ട് നോമ്പ്, ഇമിണി വല്യനോമ്പ് " 


വാർത്ത പെട്ടന്ന് കളർ ആയി! 


വാപ്പ ഇവൻ പറയുന്നത് കളവാണോ എന്ന മട്ടിൽ എന്നെ ഒന്ന് തുറിച്ച് നോക്കി! 


ഞാൻ വജ്രായുധം പുറത്ത് എടുത്തു! 


" അള്ളാണെ എനിക്ക് നോമ്പ് ആണ് " 


"അൽഹംദുലില്ലാഹ്" ഉമ്മ ആകാശത്തേക്ക് മുഖമുയർത്തി ! 


വാപ്പ തലയിൽ വാൽസല്യത്തോടെ  തടവി! 


മുത്തുമ്മാക്കും സ്നേഹം! ഇത്താക്കും സ്നേഹം ,വീട്ടിലുള്ള   സഹായി രാജുവിനും അതിലെറേ സ്നേഹം! 


എല്ലാവരും തിന്നാവു ആയ എൻ്റെ ധീരത വാഴ്ത്തി! ഏഴ് വയസ്കാരൻ ചില്ലറകാരനല്ല ! 


പപ്പുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ യൂസഫ് ധീരനാണന്ന് പറയുന്ന ഭൂമി മലയാളത്തിലെ ആദ്യത്തേ സംഭവം! 


ഏതാണ്ട് പതിനൊന്ന് മണിവരെ ഞാൻ പിടിച്ചു നിന്നു ! ഞാൻ നോക്കുമ്പോൾ അനിയൻ പയർ മണിപോലേ പാഞ് നടക്കുന്നു! 


ഇതിനിടയിൽ അടുക്കളയിൽ നിന്ന് മോഷണം നടത്താനുള്ള ശ്രമം വിജയിച്ചില്ല! 


അന്ന്  പള്ളിയിലേക്ക് നോമ്പ് തുറക്കാൻ വിഭവങ്ങൾ കൊണ്ട് പോകേണ്ട ദിവസമാണ്!

ഉമ്മ രാവിലെ മുതൽ അടുകളയിൽ ഹാജർ!

രാജുവാകട്ടെ എൻ്റെ പുറകേ എപ്പോഴും ഉണ്ട്!

ആ കള്ള സൂറ് കാരണം വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ല! 


ഏതാണ്ട് ഒരു മണിയായപ്പോൾ ഞാൻ തിരിച്ച് വെല്യമ്മയുടെ അടുത്ത് പോകണം എന്ന് വാശി പിടിച്ചു! 


വീട്ടിൽ നോമ്പ് തുറന്ന് പോയാൽ മതിയെന്ന് ഉമ്മ! 


വെല്യമ്മയുടെ അടുത്ത് നിന്നെ നോമ്പുതുറക്കു എന്ന് ഞാൻ! 


മകൻ കൈൽ നിന്ന് പോയോ എന്ന ഭാവത്തിൽ ഉമ്മ ഒരു ഡയലോഗ് !


"വെറുതെയല്ല  വെല്യമ്മയുടെ തോയമ്മ ക്കാരൻ എന്ന് വാപ്പ വിളിക്കുന്നത് " 


മുന്ന് നാല് കിലോമീറ്റർ നടന്ന് അവശനായി ഞാൻ രണ്ട് മണിയോട് കൂടി കടംബോട്ട് എത്തി! 


നോമ്പ് ഇല്ലാത്തവർക്ക് ഫുഡ് ഇല്ല എന്ന ഒരു ത്രസിപ്പിക്കുന്ന കഥ ഉമ്മയുടെ പേരിൽ അവതരിപ്പിച്ചു! 


വെല്യമ്മ നോമ്പാണന്ന് മറന്ന് എന്ന് തോന്നുന്നു! ഉമ്മാനെ വഴക്ക് പറഞ് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് കൊണ്ടിരുന്നു! 


അതീവ ക്രുരയായ ഒരു മാതാവ് ഒരു നിമിഷം അവിടെ നിർമ്മിക്കപ്പെട്ടു! 


അന്ന് ഫോൺ ഒന്നും ഇല്ലാത്തത് കൊണ്ട് എൻ്റെ കളവ് താൽകാലികമായി വിജയിച്ചു! 


ഉച്ചവരെ വിശന്ന വയറിലേക്ക് ജീരകഞിയും, തരികഞ്ഞിയും, പയർപായസവും തട്ടിവിടുന്ന സമയത്താണ് പുറത്ത് ഒരു ഒട്ടോറിക്ഷ ശബ്ദം! 


ഞാൻ കുടിച്ച ജീരക കഞ്ഞിയും, തരി കഞ്ഞിയും ആവിയായി പോകുന്ന രംഗമാണ് ഞാൻ കണ്ടത്! 


വാപ്പ ഒട്ടോറിക്ഷയിൽ ഇറച്ചി പൊതിയും കുറെ സാധനങ്ങളുമായി ഇറങ്ങുന്നു! 


തൻ്റെ ഏഴുവയസുകാരനായ മകൻ ആദ്യമായി നോമ്പ് പിടിച്ചത്  ആഘോഷിച്ചതാണ് വാപ്പിച്ചി!

.

ഇറച്ചിയും, പലഹാരങ്ങളുമായി  വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ സ്ഥലം വിട്ടത് അറിഞ്ഞത്!  പുളളികാരൻ എന്നെ വിട്ടതിന് ഉമ്മയെ വഴക്ക് പറഞ് അതേ ഓട്ടോയിൽ വെല്യമ്മയുടെ വീട്ടിലേക്ക്! അവിടെയും ഇല്ലന്ന് അറിഞ് കടമ്പോട്ടേക്ക്!


പൊട്ടി ചിരിയുടെ മാലപടക്കത്തിന് ഇടക്ക് ഒരു നനഞ പടക്കം പോലേ ഞാൻ നിന്നു! 


ഒരു പ്രതിരോദം നിലയിൽ പൊൻകുരിശ് തോമയെ പോലേ ഞാൻ നെഞ്ച് വിരിച്ച് നിന്നു!

എന്നിട്ട് പ്രഖ്യാപിച്ചു! 


"എനിക്ക് അര നോമ്പ് ഉണ്ടായിരുന്നു!' അത് ഞാൻ ഇപ്പോ വിട്ടു!" 


വീണ്ടും പൊട്ടിചിരിയുടെ മാലപടക്കത്തിന് തീ കൊടുത്തു! 


വിരുന്നുകാരും വീട്ടുകാരും വാപ്പിച്ചിയും ഒക്കെ ആർത്ത് ചിരിക്കുന്നു! 


ഞാൻ  ശ്രീനിവാസൻ ഡയലോഗിൻ്റെ കൂടെയായിരുന്നു! 


പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല! 


"അരനോമ്പ് അത്ര ചെറിയ നോമ്പല്ല!"


02/04/2022

ഒരു അറബിയുടെ റമദാൻ ശിക്ഷ

 



ഏകദേശം ഇരുപത് ഇരുപത്തി അഞ്ച് വർഷം മുമ്പാണ് ഒരു റമദാൻ കാലം 45 മുതൽ 50 ഡിഗ്രിവരെ  കടുത്ത ചൂട് ഉണ്ട്! ഒമാനിലെ സോഹാർ ഏന്ന സ്ഥമാണന്നാണ് ഓർമ്മ!  


ഒരു സ്കൂൾ സൈറ്റാണ് നോമ്പുകാരും അല്ലാത്തവരും ഉണ്ട്! അത്രയും ചൂടിൽ പ്രതേകിച്ച് കൺസ്ട്രക്ഷൻ' കമ്പിനിയിൽ പണിയെടുക്കുയും, അവിടെ നോമ്പ് പിടിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല ! എന്നാൽ ഭക്തരായ  പല ആളുകളും ആ കഠിനമായ ചൂടിലും നോമ്പ് പിടിച്ച് കൂളായി ജോലി ചെയ്യുന്നുണ്ട്! അവർ ഈ ചൂട്  അറിഞ്ഞില്ല എന്ന മട്ടാണ്! 


നോമ്പില്ലാത്ത പലരും  ഒളിപ്പിച്ച് വെച്ച വെള്ളം രഹസ്യമായി കുടിക്കുന്നുണ്ട്! വേറെ ഒന്നു കൊണ്ടുമല്ല ഈ ഒളിപ്പിക്കൽ നോമ്പ്കാരനോടുള്ള  ഒരു ആദരവാണ്! മുസ്ലിം അല്ലാത്ത ഒരാൾ ആണങ്കിൽ അയാൾക്ക് കുറച്ച് കൂടി  ബഹുമാനം കൂടും! മാത്രമല്ല  പെരുമഴകാലത്തിൽ സലീം കുമാർ പറയുന്ന ഡയലോഗ് അവിടെ കറങ്ങി നടക്കുന്നുണ്ട്! 


" സൗദിയാണ് സ്ഥലം, ശരീയത്ത് ആണ്  നിയമം പടച്ചോനേ കാത്തോളണെ! " 


നോമ്പ് പിടിച്ച് നട്ടുഉച്ചക്ക് ഓടി നടന്ന് പണിയെടുക്കുന്ന 58കാരനായ അബ്ദു കുഞ്ഞിക്കയോട്  ജോർജേട്ടൻ്റെ സംശയം! 


"നിങ്ങൾക്ക്  ഈ ചൂടിൽ നോമ്പ് എങ്ങനെ സാധിക്കുന്നു ഇക്ക? 


അബ്ദു കുഞ്ഞിക്ക കണ്ണ് ഇറുക്കി ചിരിക്കും! 


എന്നിട്ട് ആരോട്ന്നില്ലാതെ പറയും ! 


"ഒരു ചാൺ അകലത്തിൽ   സുര്യന് താഴെ വിചാരണ കാത്തു നിൽക്കുന്ന സമയത്ത് 'ഇതൊക്കെ എന്ത് ചൂട്!" 


ജോർജേട്ടൻ ഒരു സിഗരറ്റ്  എടുത്ത് ഒരു പുകയെടുത്തു! 


സൂക്ഷിക്കണെ പഹയ പോലിസ്  എങ്ങാൻ കണ്ടാൽ! അബ്ദു കുഞ്ഞിക്ക  മുന്നറിപ്പ് സൈറൻ മുഴക്കി! 


"  ഈ പട്ടികാട്ടിൽ  ഏത് പോലീസ് വരാൻ "

ജോർജേട്ടൻ എക്സ്ട്രാ ആത്മവിശ്വാസത്തിൽ! 


അബ്ദു കുഞ്ഞിക്കയുടെ നാക്ക് കരിംനാക്ക് ആണന്ന് തോന്നുന്നു ! സ്കൂളിൻ്റെ മുദീറായ അറബി എവിടെ നിന്നോ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു! 


കുതിരാനിൽ നിൽക്കുന്ന ജോർജേട്ടൻ്റെ കൈകളിൽ ഇരുന്ന് സിഗരറ്റ് വിറക്കാൻ തുടങ്ങി!  അറബി  പുറക് വശത്ത് കൂടി വന്നത് ആരും കണ്ടില്ല എന്നതാണ് വാസ്തവം !

അറബിയുടെ മുഖം ദേഷ്യം കൊണ്ട് വിവർണ്ണമായി! 


" നിന്നെ ഞാൻ ശുർത്തയിൽ ഏൽപ്പിക്കുമെന്ന് അറബി! ഭക്ഷണം കഴിക്കുകയാണങ്കിൽ  പരാതിപ്പെടുകയില്ലന്നും പുകവലി അത്യാവിശ്യമുള്ള ഒന്നല്ലന്നും നീ റമളാനെ അവഹേളിക്കുകയാണന്നും അറബി പറഞ്ഞു!

ജോർജേട്ടൻ  അറബാബ്..... അറബാബ് എന്ന് പറഞ് തപ്പി തടഞു! 


മുറി  അറബി അറിയുന്ന അബ്ദുകുഞ്ഞിക്ക പെട്ടന്ന് ഇടപെട്ടു! കൺസ്ട്രക്ഷൻ കമ്പനിയിലെ   ജോലിയുടെ കാഠ്യന്യവും, ശമ്പള കുറവും ജോലിയുടെ വിഷമവും അബ്ദു കുഞ്ഞിക്ക തപ്പി തടഞ്ഞ് വിവരിച്ചു! ഈ തവണ  മാപ്പക്കണം ഇനി വലിക്കില്ലന്ന്  ഉറപ്പ് കൊടുത്തു! 


ജോർജേട്ടൻ വയറിലും, തൊണ്ടയിൽ തട്ടി ബസിൽ വയറിൽ അടിച്ച് യാചിക്കുന്നത് പോലേ  വിശക്കുന്നു എന്ന് ദയനീയമായി ആംഗ്യഭാഷയിൽ  കാണിക്കുന്നുണ്ടായിരുന്നു! 


ജോർജേട്ടൻ്റെ ഗോഷ്ഠിയാവുമെന്ന് തോന്നുന്നു അറബി മെല്ലെ  തണുത്ത പോലേ തോന്നി...... 


പെട്ടന്നാണ്  അറബിയുടെ ചോദ്യം 


" ഇൻന്ത മുസ്ലിം ? 


അന മുസ്ലിം ! ജോർജ് ....... 


അറബിയോട് ഉത്തരം പറയാനാകതെ അബ്ദു കുഞ്ഞിക്ക പിന്നെയും തപ്പിതടഞ്ഞു.......... 


സൗഉം  ഫി? 


അന ഫി സൗഉം...... ജോർജ് ......അബ്ദു കുഞ്ഞിക്കാക്ക് പിന്നെയും ഉത്തരം മുട്ടി! 


അന മാലും...... അറബി പിറുപിറുത്തു 


ആർകൊക്കെ നോമ്പ് ഉണ്ടന്നായി അറബി എല്ലാവരും പെട്ടന്ന് നോമ്പ്കാരനായി മാറി!

രവിയേട്ടനും വിളിച്ച് പറയുന്നത് കേട്ടു ! 


"അന ഫി സൗഉം!" 


ജോർജേട്ടൻ മാത്രം കുറ്റവാളിയെ പോലേ നിശബ്ദനായി തല കുനിച്ച് നിന്നു! 


തൂക്കുമരത്തിനു മുമ്പിൽ ഹാജരാക്കിയ പ്രതിയെ പോലേ! 


അഞ്ച് മിനിറ്റ്  മുമ്പ് രണ്ട് ലിറ്റർ വെള്ളം കുടിച്ച റഷീദ് ഉമിനീർ  നോമ്പുകാരനെ പോലേ തുപ്പി തെറുപ്പിച്ചു! 


അറബി അവിടെ നിന്ന് മെല്ലെ നടന്ന് നീങ്ങി! 


കാറ്റും കോളും ഒഴിഞ പ്രതീതി ! ജോർജേട്ടൻ്റെയും, അബ്ദു കുഞ്ഞിക്കയുടെയും മുഖത്ത് മനസമാധാനം! 


തൻ്റെ വിശപ്പ്  ആവിയായി പോയന്ന് റഷീദ് ! 


ഞാൻ അൽപ്പം മുമ്പാണ് വെള്ളം കുടിച്ചതെന്നും അറബിയെ പറ്റിച്ചന്നും മൊയ്തു ! 


സമാധാനം ഒരു പതിനഞ്ച് മിനിറ്റേ നീണ്ട് നിന്നുള്ളു ! 


അറബിയുടെ വണ്ടി വീണ്ടും വന്നു! 


പോലീസ്മായി വരുന്നതെന്ന് മൊയ്തു ! 


അത് പോലീസ് വണ്ടിയല്ലന്ന്  റഷീദ് ! 


അപ്പോൾ അത്  സി ഐ ഡി ആയിരിക്കുമെന്ന്  മൊയ്തു ! 


" ശരീയത്ത് ആണ് നിയമം, സൗദിയാണ് നാട് " എന്ന അശരീരി വീണ്ടും മുഴങ്ങാൻ തുടങ്ങി! 


അറബി ഒരു ചെറിയപാർസലുമായി വണ്ടിയിൽ നിന്ന് ഇറങ്ങി!'

ജോർജിന് കൊടുത്തു! 


എന്നിട്ട് ഒരു ഉപദേശവും! 


രഹസ്യമായി കഴിക്കണം, നിൻ്റെ ചുട്ട് വട്ടത്തിലുള്ളവർ നോമ്പ് കാരാണ് ! 


എല്ലാവരുടെയും മുഖത്ത് നിരാശ, നഷ്ടപെട്ട വിശപ്പ് വീണ്ടും വന്നിരിക്കുന്നു! 


ഇതിനിടയിൽ   രവിയേട്ടൻ പരാതിയുമായി അബ്ദു കുഞ്ഞിക്കയുടെ അടുത്ത് എത്തി! 


അന ഫി സൗഉം  എന്ന് പറഞ്ഞാൽ നോമ്പ് ഇല്ലന്നല്ലെ? അറബിക്ക് ശരിക്ക്  അറബി അറിയില്ലന്ന് തോന്നുന്നു! 


അബ്ദു കുഞ്ഞിക്ക പൊട്ടി ചിരിച്ചു ! 


മട്ടൻ ചാപ്പ്സിൻ്റെയും പെറൊട്ടയുടെ മണം അപ്പോൾ   റൂമിൽ പരന്ന് തുടങ്ങിയിരുന്നു ഒപ്പം മൊയ്തുവിൻ്റെയും റഷീദിൻ്റെയും "കുടൽ കരിഞ "മണവും...... :