22/02/2020

കില്ലർ ഓഫർ......


നഗരം വെള്ളിയാഴ്ച്ചയുടെ  ആലസ്യം വിട്ടൊഴിഞ്ഞിരിക്കുന്നു.......
വെയിൽ ആറി തുടങ്ങിയതോടെ നഗരം മെല്ലെ തിരക്കായി തുടങ്ങി..... അവരിൽ ഇന്ത്യക്കാരനുണ്ട്, പാക്കിസ്ഥാനിയുണ്ട്, ബംഗാളിയുണ്ട്, നേപ്പാളിയുണ്ട്.... യൂറോപ്പിനുണ്ട് പേരും നാടും അറിയാത്തവർ ഉണ്ട് പലരും പാർക്കിൽ അടിഞ് കൂടിയിരിക്കുന്നു.... ചിലർ ചീട്ട് കളിയുടെ ലഹരിയിലാണ്......

ചിലർ പാർക്കിൽ കസർത്ത് കളിക്കുന്നു....... തടി കുറക്കാനുള്ള പെടാപാടുകൾ.....
ചിലവയറൻമാർ  തങ്ങളുടെ വലിയ വയറും തൂക്കി പാർക്കിലൂടെ ഓടുന്നു...... കങ്കാരുവിൻ്റെ സഞ്ചി പോലേ അത് ചാടി കിടക്കുന്നു....

സമദ്ൻ്റെ കമൻ്റെ' ഉടൻ വന്നു

ചിലർ വയർ കുറക്കാൻ ഓടുന്നു...... മറ്റ് ചിലർ വയറിനു വേണ്ടിയും......

ശരിയാണ് പാർക്കിൽ ഐസ് ക്രിം, കപ്പലണ്ടിയും വിൽക്കുന്നവരുടെ ഒളിഞ് നോട്ട കച്ചവടം..... ലേബർ ഒരു പ്രശ്നമാണ് കണ്ടാൽ അപ്പോൾ പൊക്കും.... എന്നിട്ടും ചിലർ റിസ്ക്ക് എടുക്കുന്നു...... ഇലക്ട്രോണിക്ക് ഐറ്റം വിൽക്കുന്നവർ മുതൽ തുണി കച്ചവടം വരെ തെരുവിൽ നടക്കുന്നു ...... സിംഹത്തേയും ,പുലിയേയും പേടിച്ച് ഇര തേടുന്ന മാനുകളെ പോലേ ചില മനുഷ്യ ജീവിതങ്ങൾ....

ചുവന്നു തുടുത്ത ഒരു റഷ്യക്കാരി പെണ്ണ് പെട്ടന്നു അടുത്തുവന്നു......തിളങ്ങുന്നതാണങ്കിലും വിളർച്ച  ബാധിച്ച കണ്ണുകൾ.... കൊഴുപ്പ് അടിഞ് ശരീരം ചീർത്തിരിക്കുന്നു...... ശ്രദ്ധിച്ച് നോക്കി ത്വക്ക് ചുളിഞത് അറിയാതിരിക്കാൻ പുട്ടി ഇട്ടിരിക്കുന്നു........ എൻജോയ് സർ  100 ദിർഹം കുറഞ്ഞ വാക്കുകൾ കൊണ്ട് ഡീൽ നടത്താൻ ഒരു പാഴ്ശ്രമം..... 50 ആയാലും മതി സൂപ്പർ ഓഫർ......
അറിയാതെ ചിരിച്ച് പോയി ഇതിനൊക്കെ ഇപ്പോൾ ഓഫർ ഉണ്ടോ?

തൊട്ടടുത്ത് നിന്നു ഒരു ബംഗാളി നാടകുത്തുകാരൻ ഇടക്ക് ഈ റഷ്യക്കാരിയേ നോക്കി വെറുതേ നാട കുത്തിയിറക്കി കൊണ്ടിരിക്കുന്നു......നാടകുത്ത് ഇപ്പോൾ ആളുകൾക്ക് തിരിഞ്ഞിരികുന്നു പഴയ കസ്റ്റമർ ഇപ്പോൾ ഇല്ല......

പെട്ടന്നു ഒരു വാൻ വന്നു നിന്നു, കാലുകൾ ശോഷിച്ചു  വിരലുകൾ ചലനശേഷി നഷ്ടപ്പെട്ട ഒരാൾ വണ്ടിയിൽ നിന്നു ഇഴഞ്ഞ് വന്നു പാർക്കിലേ ഒരു മരച്ചുവട്ടിൽ ഇരുപ്പ് ഉറപ്പിച്ചു എവിടെയോ നിന്നു വന്ന ഒരു ദൈന ഭാവം അയാളുടെ മുഖം  കടം കൊണ്ടു...... വണ്ടിയിലുള്ള മറ്റ് വികലാംഗരെ നോക്കി  അയാൾ കൈ ഉയർത്തി.....

സമദ് തന്നെയാണ്  അതിനും ഉത്തരം തന്നത്......
 പുതിയ ഭീക്ഷാടന മാഫിയയാണ്..... മൂന്നുമാസത്തിനും, രണ്ടു മാസത്തിനും വികലാംഗർക്ക് വിസിറ്റിംഗ് വിസ എടുത്ത് കൊടുക്കും...... ഇപ്പോൾ ഇത്തരം മാഫിയകൾ സൂപ്പർ ഓഫറുകൾ ആണ് എത്രേ ,തെണ്ടാനുള്ള സ്ഥലവും, താമസവും വരെ ഏർപാട് ആക്കി കൊടുക്കും...... ഓഫറുകൾ തന്നെ ഓഫറുകൾ......

 നഗരം എല്ലാം അറിഞിട്ടും കണ്ണ് ചിമ്മുന്നു....... മാനവികത തുളുമ്പുന്ന സംസ്കാരം നിലനിൽക്കുന്ന നാട്ടിൽ വയറിനു വേണ്ടി ഓടുന്നവനെയും ചേർത്ത് പിടിക്കുന്നു......
പാവപെട്ടവനെയും പണക്കാരനേയും ഒരേ പോലേ ചേർത്ത് പിടിക്കുന്ന  നഗരം....

ആ വലിയ  കൂറ്റൻ മാളിലേക്ക് കയറുമ്പോൾ...... സമദ്  ഇഷ്ടകേട്  പ്രകടിപ്പിച്ചു.....

'കത്തിവിലയാണ്'

സാരമില്ലടോ..... ഒന്നില്ലങ്കിലും മലയാളി മാളല്ലെ......

മലയാളി കൊലയാളി സമദ് പിറുപിറുത്തു......

മംഗലാപുരത്ത്ക്കാരനായ സമദിൻ്റെ മലയാളി വിരോദം അറിയാതെ പുറത്ത് ചാടി....

താൻ വായിച്ചില്ലേ നാട്ടിൽ ദുരന്തം ഉണ്ടാകുമ്പോൾ ഇത്തരം മുതലാളിമാരുടെ പാഞ്ഞ് അടക്കുന്ന സഹായ ഹസ്തങ്ങൾ......
ഒരു  ഉറുപിക അവർ കൂടുതൽ എടുക്കട്ടെ......

സമദ് ഒരു ആക്കിയ ചിരി ചിരിച്ചു......

ചെമീൻ ഇട്ട് വാളയെ എങ്ങനെ പിടിക്കാമെന്നു തനിക്ക് അറിയുമോ......

മാളിൽ വലിയ തിരക്കാണ്, ട്രോളി ഉന്തി നടന്നു പോകുന്ന സ്ത്രീകൾ, കാണുന്നത് ഒക്കെ അവർ റാക്കിൽ നിന്നും ട്രോളിയിലേക്ക് വാരിയിടുന്നു...... പേഴ്സ് മുറുക്കി പിടിച്ച് ഭർത്താക്കൻമാർ അവരെ ഫോളോ ചെയ്യുന്നു.....

വിശാലമായി ചിരിക്കുന്ന സൈൽസ് ഗേളുകളും ,പുരുഷൻമാരും..... സർ ,സർ പലരും അവരെ ശ്രദ്ധ ആഘർഷിക്കാൻ ശ്രമിക്കുന്നു......

കില്ലർ ഓഫർ......

സർ ഇത് ഒരു ഓഫർ ആണ്, 1800 ദിർഹം വിലയുള്ള ഹോം തിയ്യറ്റർ വാങ്ങുമ്പോൾ 200 ദിർഹത്തിൻ്റെ കൂപ്പൺ ഫ്രി......

 കില്ലർ ഓഫർ  എന്താണ് അത് ..... കൊല്ലാനും ഓഫർ ഉണ്ടോ സമദേ ?എൻ്റെ ചോദ്യം പാതി തമാശയായിരുന്നു ..... സെയിൽസ് മാനു പക്ഷേ ആ തമാശ മതിയായിരുന്നു  എന്നിലേക്ക് പടർന്നു കയറാൻ..... അയാൾ വാചാലനായി പുതിയ പ്രൊഡക്കറ്റ് ആണ് ,ബ്രാൻ്റഡ് ആണ് ഇപ്പോൾ വെറും 1800 ദിർഹമാണ് മുടക്കുമ്പോൾ 200 ദിർഹം ഗിഫ്റ്റ് വൗവ്ച്ചർ ഫ്രീയാണ്.....

ഫ്രീ എന്നത്  എന്നെ പെട്ടന്നു ഉടക്കി വലിച്ചന്നു ആ സെയിൽസ്മാൻ തിരിച്ച് അറിഞന്നു തോന്നുന്നു..... ദിർഹം പെട്ടന്നു രൂപയിലേക്കു ചാടി മറിഞ്ഞു  പത്ത് നാലായിരം രൂപ ലാഭം ഒരു ചെറിയ കാര്യമാണോ? 

ഞാൻ പേർസ് തുറന്നു കാർഡ് എടുത്തപ്പോഴേക്കും  അയാൾ മറ്റൊരു കില്ലർ ഓഫർ ഇട്ടു  കാർഡ് ആണങ്കിൽ  12 ഇൻസ്റ്റാൾ മെൻ്റ് ആയി അടച്ചാൽ മതി.....

അഞ്ച്  ആറ്  ബോക്സുകൾ ഉള്ള മ്യൂസിക്ക് സിസ്റ്റവും ആയി  ട്ടാക്സിയിൽ കയറുമ്പോൾ  ആ സെയിൽസ്മാൻ്റ ശബ്ദം ആ മാൾ മുഴുവൻ പ്രതിധ്വനിച്ചിരുന്നു......

കില്ലർ ഓഫർ...... കില്ലർ ഓഫർ......

ഇന്നു മറ്റൊരു വെള്ളിയാഴ്ച്ച പതിവിൽ നിന്നു വിപരീതമായി സൂക്കിലേക്കാണ് നടന്നത്.......
സന്തത സഹചാരിയായ സമദും ഒന്നിച്ചാണ് യാത്ര...... സൂക്ക്  ജനനിബിഡമായിരിക്കുന്നു..... നാട്ടിലേ പോലേ ആളേ വിളിച്ച് കയറ്റുന്ന കച്ചവടക്കാർ..... പട്ടാണികൾ ആയ അമ്മാലികൾ ലോഡുമായി തലങ്ങും  വിലങ്ങും പാഞ് നടക്കുന്നു, , നിസ് വാറും, വിയർപ്പും ചേർന്ന പട്ടാണിയുടെ ഉളുമ്പ് മണം മാർക്കറ്റ് മുഴുവൻ വ്യാപിച്ചിരിക്കുന്നു.........

സമദ് ആണ് അത് കാണിച്ച് തന്നത്, കഴിഞ ആഴ്ച്ച കണ്ട  ഭിക്ഷക്കാരൻ...... അരിക്കിൽ ഒരു ബോർഡും, ഡോക്ടറുടെ കുറിപടിയും വെച്ചിരിക്കുന്നു..... വൃക്ക രോഗിയാണന്നു അതിൽ അവകാശ പെട്ടിരുന്നു,.....

കില്ലർ ഓഫർ  ആണ്.... നോക്കേണ്ട..... സമദിൻ്റെ പരിഹാസം...... അയാൾക്ക് അത് ഇഷ്ടപെട്ടില്ലന്നു തോന്നി..... അയാൾ സമദിനെ തുറിച്ച് നോക്കി പേടിപ്പിച്ചു.......
പോലിസിനെ വിളിക്കണോ? സമദിൻ്റെ കില്ലർ ഓഫർ.....

അയാൾ രണ്ട് കൈയും കൂപ്പി..... ആ ഭിക്ഷക്കാരൻ്റെ പഴയ ദൈന്യഭാവം പെട്ടന്നു  ഓടിയെത്തി......

വിടടെ.... ഞാൻ സമദിനെയും വലിച്ച് ഷോപ്പിൽ കയറിയപ്പോൾ അവൻ തന്നെയാണ് അത് കാണിച്ച്‌ തന്നത്.....

താൻ കഴിഞ്ഞ ആഴ്ച വാങ്ങിയ അതേ മ്യൂസിക്ക് സിസ്റ്റം...... വില 1500 ദിർഹം  ആണന്നു വിശ്വസിക്കാനാകാതെ ഞാൻ ആവർത്തിച്ച് ചോദിച്ചു...... 1500 ദിർഹമോ.....
1400 നു തരാം സർ  സാറിനു ആയത് കൊണ്ടുള്ള കില്ലർ ഓഫർ ആണ്.......

സമദിൻ്റെ പൊട്ടിച്ചിരി ഉച്ചത്തിലായി.....
തൻ്റെ നാനുറ് ദിർഹം പോയത്  അവനു തമാശയായിട്ടാണ്  തോന്നിയത്.......

കില്ലർ ഓഫർ..... കില്ലർ ഓഫർ...... സമദ് വീണ്ടും ആവർത്തിച്ച് ചിരിക്കുമ്പോൾ മൊബൈലിൽ മെസേജിൻ്റെ ബീപ് ശബ്ദം ...... കില്ലർ ഓഫറിൻ്റെ ആദ്യ ഇൻസ്റ്റാൾമെൻ്റ് പലിശ സഹിതം കാണിച്ചിരിക്കുന്നു.....

ക്രമേണ ആ ബീപ് ശബ്ദം നഗരം മുഴുവൻ വ്യാപിച്ചു....., അത് ഒരു മ്യുസിക്കായി നഗരം മുഴുവൻ  പരക്കാൻ  തുടങ്ങി...... സമദ്മാരുടെ പൊട്ടിച്ചിരി അതിനിടയിൽ മുങ്ങി പോയി......


15/02/2020

ഒരു വ്യാജ രേഖ നിർമ്മാണത്തിൻ്റെ കഥ'..'..

ഒരു വ്യാജരേഖ നിർമാണവും , ചൈനീസ് വിദ്യാഭ്യാസവും........

ഞങ്ങൾ ഒരു ചർച്ചയിൽ ആണ് വിഷയം ഭൂഗോളത്തിൻ്റെ സ്പന്ദനമായ കണക്കും ഇംഗ്ലീഷും തന്നെ.....
ചർച്ച ചെയ്യുന്നവർ വിദ്യാഭ്യാസ വീക്ഷണരരും, പണ്ടിത കേസരികളും ആണന്നു കരുതിയാൽ നിങ്ങൾക്ക് തെറ്റി......

നാലാം ക്ലാസിലേ സമത്, അഞ്ചാം ക്ലാസിലേ നസീർ ,ആറാം ക്ലാസ്സിലേ ബഷീർ, സലാം വിനീതനായ ഞാൻ.......

ഞങ്ങളിൽ ചിലർ എസ് എൻ കെ യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സ് മുതൽ പഠനം തുടങ്ങിയവർ ആണ് .... ഇവിടെത്തേ അക്കാലത്തേ അദ്ധ്യാപകർ| ഗജപോക്കിരികൾ എന്നു ഞങ്ങൾ വിളിക്കുന്ന സദു മാഷ്, ദാമോദരൻ മാഷ് ,ചാത്തുണി മാഷ് മുതലായവരാണ്........
കൊമ്പൻ മീശയും ഖദർ ഷർട്ട് മിട്ട സദുമാഷ് മിൽട്ടറി സ്കൂളിലിലേ അദ്ധ്യാപകൻ്റെ  റോളിലാണ്...... സദുമാഷിൻ്റെ ചൂരലിൻ്റെ രുചിയറിയാത്തവർ ഞങ്ങളുടെ ക്ലാസ്സിൽ പഠിപ്പിസ്റ്റ് സഗീർ മാത്രമാണ്......

ഇംഗ്ലീഷ് അക്ഷരമാലയിലേ കൂട്ടക്ഷരങ്ങൾ ആണ് ഇംഗ്ലീഷ്  ഭാഷയയുടെ സ്പന്ദനം എന്നു വിശ്വസിച്ച് രുന്ന പഴയകാല അധ്യാപകനായ സദു മാഷ്  ആ ലിപിയിൽ തന്നെയാണ് എഴുതിയിരുന്നതും പഠിപ്പിച്ചിരുന്നതും..... ഒരു ചിത്രകാരനു പോലും പ്രയാസം ഉണ്ടാകുന്ന ലിപി  ഒഴുക്കോടെ ബോർഡിൽ എഴുതി വെക്കും.......
ഈ അക്ഷരമാലയാണ് ഞങ്ങളുടെ പ്രശ്നവും എഫ് നു കെട്ടില്ല , പി ക്ക് വാലില്ല എന്നൊക്കെ പറഞ് എല്ലാദിവസവും ഞങ്ങൾ അടി വാങ്ങി കൊണ്ടിരുന്നു....

ഈ  അടിയിൽ നിന്നു രക്ഷ നേടാനാണ് ഞങ്ങളുടെ മീറ്റിംഗ്, രണ്ട് ട്രൗസർ ഇടുക, മുണ്ടു ഉടുക്കുക എന്ന പല നിർദ്ദേശങ്ങളും പൊന്തിവന്നു...... രണ്ട് ട്രൗസർ ഇടലും, മുണ്ട് എടുക്കലും കൈയോടെ പാളിപോയി ,മാഷ് അടി ചന്തിയിൽ നിന്നു മാറ്റി  തുടയിലേക്ക് മാറ്റി എന്നതാണ് ഫലം..... മുണ്ട് എടുത്ത് വന്ന എനിക്ക് ആകട്ടെ ബോണസ് ആയും അടി കിട്ടി....... അണ്ടർവെയർ മുണ്ട്  ഉടുക്കുമ്പോൾ നിർബന്ധമത്രെ..... കലികാലം.......

ഞങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലമായി വെള്ളിയാഴ്ച്ചയാണ് അടി കൂടുതൽ കിട്ടുന്ന ദിവസം  എന്നു തിരിച്ച് അറിഞു...... അന്നേ ദിവസം മാഷ് വരാതിരിക്കാനും, മാഷിനു പനിവരാനും  പള്ളിയിലേക്കും, അമ്പലത്തിലേക്കും പത്ത് പൈസ അഞ്ച് പൈസ  നേർച്ച നേർന്നു....... പിന്നെയാണ് അറിഞത് അഞ്ച് പൈസ പത്ത് പൈസ തുടങ്ങിയ ചീളു നേർച്ചകൾ ഈ കാര്യത്തിൽ സ്വീകരിക്കില്ലത്രെ സദുമാഷിനു  പനി പോയിട്ട് തുമ്മൽ പോലും വന്നില്ല...... ഐസ് വാങ്ങാൻ വെച്ച പത്ത് പൈസ നഷ്ടം......

പെട്ടന്നാണ്  ബൾബ് മിന്നിയത്ത് വെള്ളിയാഴ്ച്ച പള്ളിയിൽ പോകാൻ അനുവാദം കിട്ടിയാൽ പതിനൊന്നുമണിക്ക് ക്ലാസ്സിൽ നിന്നു മുങ്ങാം......ഇംഗ്ലിഷ് നോട് സലാം......

പരിപാടി അവതരിപ്പിച്ചപ്പോൾ തന്നെ  ഉസ്താദ്  ഇടം കോലിട്ടു....... പത്ത് വയസിനു മേലേയുള്ള കുട്ടികൾക്കേ നിസ്ക്കാരം നിർബന്ധമുള്ളു.......

അടുത്ത ദിവസം മാഷിനു മുമ്പിൽ ഉസ്താദിൻ്റെ ലെറ്റർ ഹാജരാക്കപ്പെട്ടു, തൻ്റെ അഞ്ച് കുട്ടികളെ പതിനൊന്നു മണിക്ക് വെള്ളിയാഴ്ച്ച ജുമഅ നമസ്കാരത്തിനു വിടണം..... അഞ്ച് കുട്ടികളിൽ പഠിപ്പിസ്റ്റ് സഗീറിൻ്റെ പേര് ഉണ്ടായിരുന്നില്ല....... എല്ലാ വിഷയത്തിലും നൂറിൽ നൂറ് മാർക്ക് വാങ്ങുന്നത് കൊണ്ട് അവനെ ഞങ്ങൾ വർഗശത്രുവായി പ്രഖ്യാപിച്ചിരുന്നു.......

അടുത്ത ആഴ്ച്ച മുതൽ ഞങ്ങൾ പതിനൊന്നു മണിയാവുമ്പോൾ എഴുനേറ്റ് നിൽക്കാൻ തുടങ്ങി..... പള്ളിയിൽ പോണം...... ചിത്രം കളർ ആകുന്നതിനു വേണ്ടി ഒരു തൊപ്പി കൂടി പിടിപ്പിച്ചു ഞാൻ.........

മുരളി മുസ്ലിം ആകാത്തതിൽ ദുഖിച്ചു...... ,കൃസ്ത്യാനികൾ ആയ കുട്ടികൾ ഞായ്റാഴ്ച്ച ഖുർബാന വെള്ളിയാഴ്ച്ച ആകാത്തത് അന്യായം എന്നു കരുതി...... അജയൻ വെള്ളിയാഴ്ച്ച മാത്രം മുസ്ലിം ആകാൻ ചാൻസ് ഉണ്ടോ എന്നു അന്വേഷിച്ചു...... അതിനു നിൻ്റെ  കിടുക്കാ മണിയിൽ ഒരു പണിയുണ്ടന്നു ബഷീർ അറിയിച്ചപ്പോൾ..... സദു മാഷുടെ തല്ല് മതിയെന്നു  അജയൻ........

മാവിൻ ചുവട്ടിലും, പാടത്തും ഞങ്ങളുടെ ജുമഅ ആഘോഷം അടിപൊളിയായി നടന്നു..... നേർച്ചയേ തള്ളി  പറയരുതന്നും, ആ നേർച്ചയാണ് ഈ ബുദ്ധി  തോന്നിച്ചത് എന്നും ബഷീർ....... നേർച്ച ഇടുന്ന പണം തനിക്ക് തന്നാൽ മതി എന്നു ഇനിയും ഇത്തരം എഴുത്തുകൾ എഴുതിതരാം എന്നും ഞങ്ങളുടെ മുതിർന്ന കൂട്ടുകാരനും ഞാൻ മാമയെന്നു വിളിക്കുന്ന പത്താം ക്ലാസ് കാരനായ ഷാജി മാമ.........

അന്നു ഒരു വെള്ളിയാഴ്ച്ചയായിരുന്നു, പതിവ് പോലേ പതിനൊന്നു മണിക്ക്  ഞങ്ങൾ എഴുനേറ്റ് നിന്നു..... സദു മാഷ് പതിവില്ലാത്ത ഒരു ചോദ്യം ചോദിച്ചു......

ചൈനയിൽ പോയങ്കിലും അറിവ് നേടണം എന്നു പറഞത് ആര്?

ഞങ്ങൾ ഞെട്ടി ! സദു മാഷ് സാമുഹ്യ പാഠവും എടുത്ത് തുടങ്ങിയോ? ഇനി അതിൻ്റെ തല്ലും......
അപ്പുറത്തേ ക്ലാസ്സിൽ നിന്നും ദാമോദരൻ മാഷും, ചാത്തുണി മാഷും ഉണ്ട്, തൊട്ടപുറത്തേ ക്ലാസ്സിൽ നിന്നു ടീച്ചർമാരും കുട്ടികളും എത്തിനോക്കുന്നു......

ബഷീർ സിലബസിൽ ഇല്ലാത്ത ചോദ്യമെന്നു ക്രമ പ്രശ്നം ഉന്നയിച്ചു........ അതിനു അവനു അപ്പൊ തന്നെ കിട്ടി തല്ല്......

ഞാൻ ,ഇ എം സ് ,  ഇ ക്കെ നായനാർ തുടങ്ങിയ  എനിക്ക് അറിയുന്ന കമ്മ്യുണിസ്റ്റ്  നേതാകളുടെ പേര് പറഞ്ഞും..... ചുരലിൻ്റ് മൂളൽ എൻ്റെ പുറത്ത് കൂടി കടന്നു പോയി........

ദാമോദരൻ മാഷുടെ കൈൽ കുട്ടി നസീർക്ക തൂങ്ങികിടക്കുന്നു......

അപകടം ഞാൻ മണത്ത് അറിഞു......

പഠിപ്പിസ്റ്റ് സഗീർ  പണി തന്നു ...... ഞങ്ങളുടെ വ്യാജ രേഖ ഉസ്താദിനു ചോർത്തി കൊടുത്തു...... ഉസ്താദ് നാല് പേജ് ഉള്ള കത്ത് സഗീർ വശം തന്നെ  മാഷിൻ്റെ കൈൽ എത്തിച്ചു......
പ്രബന്ധ മത്സരത്തിനു ക്ഷണിച്ചത് പോലേയുള്ള  ഉമർ ഉസ്താദിൻ്റെ എഴുത്തിലുള്ള  പ്രസ്ഥാവനയാണ് ,സദു മാഷിൻ്റെ  ചോദ്യമായി മുന്നിൽ വന്നത്.......

വ്യാജരേഖ നിർമാണ കേസിലേ ഒന്നാം പ്രതിയായ ഞാൻ  ..... തല്ല് കൊണ്ട് തല പുകഞ് നിൽക്കുമ്പോൾ  ഉസ്ദാതിൻ്റെ  എഴുത്തിലേ അറബി വായിക്കുക എന്ന ആജ്ഞവന്നു.......

ഞാൻ തപ്പി തടഞ് വായിച്ച് തുടങ്ങി.......

ഇക്ക് റഅ ബിസ്മി റബ്ബിക്ക അല്ലദീ  ഹലഖ്.......

അർത്ഥം......?

അറിയല്ല ഉസ്ദാത് അത് പഠിപ്പിച്ചിട്ടില്ല!

അതിനും കിട്ടി എനിക്ക് തല്ല്.......

ഉസ്ദാദ് എഴുതിയ മലയാളം മാഷ് വായിച്ചു.....

വായിക്കുക.... സൃഷ്ടിച്ച നിൻ്റെ നാഥൻ്റെ നാമത്തിൽ.......
വായിക്കുക നിൻ്റെ നാഥൻ അത്യുദാരനാണ്....
പേനകൊണ്ട് പഠിപ്പിച്ചവൻ.....
മനുഷ്യനെ അവൻ  അറിയാത്തത്  അവൻ പഠിപ്പിച്ചു.....

സംശയമില്ല..... മനുഷ്യൻ അതിക്രമിയായിരിക്കുന്നു........

അവസാനവരി ഒന്നുകൂടി വായിക്കാൻ മാഷ് ആജ്ഞപിച്ചു.......

ഞാൻ ഖണ്ഡമിടറി മെല്ലെ വായിച്ചു.......

സംശയമില്ല മനുഷ്യൻ അതിക്രമിയായിരിക്കുന്നു........

08/02/2020

വാസ്ഗോഡിഗാമയും മമ്മുട്ടി മാഷും.......

ഈ കഥയും കുറച്ച് പഴക്കമുള്ളതാണ് ..... പനങ്ങാട് ഹൈസ്കൂളിൽ പഠിക്കുന്ന കാലം ..... ഒരു പുതുവർഷം ആയിരിക്കുകയാണ് ഞങ്ങൾ എല്ലാവരും ഒൻപതാം  ക്ലാസ്സിലേക്ക് ജയിച്ചിരിക്കുന്നു...... എല്ലാവരും ജയത്തിന്റെ ലഹരിയിലും, പലർകും പുതിയ ഉടുപ്പും ബാഗും കുടയും ,പുസ്തകവും ഉണ്ട്.... വാസു, സദാനന്ദൻ, സത്യൻ സുരേഷ് ബാബു തുടങ്ങിയ  ബാക്ക് ബെഞ്ച് ' ടീം വന്നപാടെ സ്ഥലം പിടിച്ച് ടുത്ത്  ആസ്ഥാന പദവി ഉറപ്പിച്ചു......

അന്നേരമാണ് വാസു ആ ന്യൂസ്മായി എത്തിയത് ... സോഷ്യൽ സയൻസ് എടുകുന്നത് മമ്മുട്ടി മാഷാണ്...... ആഹ്ളാദവും ആരവവും ഒരു നിമിഷം നിലച്ചു.......

ഞങ്ങൾ ഒക്കെ പനങ്ങാട് ഹൈസ്കളിൽ വന്നു ചേർന്നതാണങ്കിൽ വാസു ആ സ്കൂളിൽ ചെറിയ ക്ലാസ് മുതൽ പഠിക്കുന്നതാണ് മാത്രമല്ല  രണ്ട് മൂന്നു വർഷം തോറ്റ പാരമ്പര്യം ഉണ്ട്.....
വാസു മമ്മുട്ടി മാഷിന്റെ വീരകഥകൾ വർണ്ണിക്കാൻ തുടങ്ങി....... വാസുവിന്റെ പൊടിപ്പും തൊങ്ങലും ചേർത്ത കഥക്ക്  പാകപ്പെട്ടതായിരുന്നു മമ്മുട്ടി മാഷിന്റെ രൂപം......
തുഞ്ചൻ വള്ളം  ചരിച്ച്ട്ട പോലേ വിശാലമായ മീശ, അത് അങ്ങോട്ടും ഇങ്ങോട്ടും തെറിച്ച് നിൽക്കുന്നു, ഇടക്ക് ഇടക്ക്  മീശ തടവി നേരേ നിർത്തുന്നതും കാണാം..... കണ്ണുകളിൽ ഒരു തീക്ഷണ ഭാവം ....കൈൽ സദാ സമയവും ഒരു ചൂരൽ..... വരാന്തയിലൂടെ മുണ്ടിന്റെ ഒരു വശം ഉയർത്തിപിടിച്ച് നടന്നു വരുന്നത് കണ്ടാൽ ഒരു ഗജവീരന്റെ തലയെടുപ്പ് ഉണ്ട്...... ആ വരവ് കണ്ടാൽ തന്നെ ഏത് കല പില ശബ്ദം കൂട്ടുന്ന ക്ലാസ്സും  നിശബ്ദമാവും.......

വാസു കഥ തുടർന്നു....... മമ്മുട്ടി മാഷ് കണ്ണ് കുത്തിപൊട്ടിക്കാൻ പോയ കഥ...... ബെഞ്ചിൽ കയറ്റി നിർത്തിയ കഥ, ചൂരൽ ഒടിയുന്നവരെ തല്ലിയ കഥകൾ....... പലർക്കും  പഠനം നിർത്തിയാൽ പോയാൽ മതിയെന്നായി, ചിലർ മമ്മുട്ടി മാഷ് മാറി വേറേ മാഷ് വരാൻ  നേർച്ച നേർന്നു.........

ആ സമയത്താണ് എട്ടുകാലി മമ്മൂഞിനേ പോലേ നെഞ്ച് നിവർത്തി ശ്വാസം പിടിച്ച് ഞാൻ പ്രഖ്യാപിച്ചത്......
മമ്മുട്ടി മാഷേ എനിക്ക് പേടിയില്ല......

എന്ത് നിനക്ക് പേടിയില്ലന്നോ...... തന്റെ റാഗിംഗ് കഥ ചീറ്റിപോയോ എന്നു വാസുവിനു   സംശയം.....
ഇവൻ പേടിച്ച് ട്രൗസറിൽ  മുള്ളും..... എന്നായി സദാനന്ദൻ.......

ഞാൻ ഒരിക്കൽ കൂടി ശ്വാസം ഉള്ളിലോട്ട് എടുത്തു നെഞ്ച് വിരിച്ച് പ്രഖ്യാപിച്ചു......

മമ്മുട്ടി മാഷ് എന്റെ   മൂത്തപ്പയാണ് മാത്രമല്ല എന്റെ അയൽവാസിയുമാണ്........  അടുപ്പകൂടുതൽ കാരണം വാപ്പ വിളിക്കുന്നത് പോലേ മമ്മൂട്ടിക്ക എന്നു തന്നെയാണ് ഞാനും വിളിക്കുന്നത്....

വാസു ഞെട്ടി, സദാനന്ദൻ ഞെട്ടി, സുരേഷ് ബാബു ഞെട്ടി പപ്പുവിന്റെ ഭാഷയിൽ പറഞ്ഞാൽ മലയാള കരയിലേ എല്ലാവരും ഞെട്ടി'....

മമ്മുട്ടി മാഷിന്റെ ബന്ധുവായതിൽ ഞാൻ അഭിമാനം കൊണ്ടു നെഞ്ച് വിരിച്ച് നിന്നു.....
നേരത്തേ ഞങ്ങളുടെ  മുഖത്ത് കണ്ട പേടി വാസുവിന്റെ മുഖത്ത്......
നീ ഈ പറഞത് ഒന്നും മാഷോട് പറയരുത്...... വാസുവിന്റെ ദയനീയ അഭ്യാത്ഥന.......

പറയാതിരിക്കാൻ വാസുവിന്റെ സവാള വടയുടെ ഓഫർ ഇതിനു പുറമേ ഹോം വർക്ക് മുഴുവൻ വാസു എഴുതി തരും......

മമ്മുട്ടി മാഷുടെ  ക്ലാസ്സ് തുടങ്ങി...... സൂചി വീണാൽ  അറിയുന്ന നിശബ്ദത ,മമ്മുട്ടി മാഷ് ക്ലാസ് എടുക്കുകയാണ്....... ചരിത്ര ക്ലാസ്സ് ചരിത്രം നിർമ്മിക്കുന്നത് പോലത്തേ പ്രതീതി ,വാസ് ഗോഡി ഗാമയുടെ ആഗമനവും, ബ്രിട്ടീഷ് കാരുടെ പടയോട്ടവും  ഒരു സിനിമ പോലേ ക്ലാസ്സിൽ പരക്കാൻ തുടങ്ങി........ വാസു എന്നെ ഇടക്ക് നോക്കാൻ തുടങ്ങി...... അവനു പുതിയ പേടി തുടങ്ങിയിരിക്കുന്നു ..... അവന്റെ ഇല്ലാ കഥകൾ ഞാൻ മാഷിന്റെ അടുത്ത് പറയുന്ന പേടി.....

എന്റെ സ്വാദീനം എനിക്ക് ഒന്നു അറിയീക്കണം എന്നു തോന്നി..... ഇതൊക്കെ എന്ത്  എന്ന മട്ടിൽ ഞാൻ പേനയെടുത്ത് വാസുവിനേ ഒന്നു കുത്തി...... ഓർക്കാപ്പുറത്ത് ആയത് കൊണ്ട്  വാസു ഒരു ചാട്ടം ചാടി......
സ്റ്റാന്റ് അപ്പ് മമ്മുട്ടി മാഷ് എന്റെയും, വാസുവിന്റെ യും നേരേ കൈ ചൂണ്ടി.......

ഞാൻ കുത്തിയത് വാസുവിനു പറയാൻ കഴിയുന്നില്ല..... പറഞ്ഞാൽ വാസു പറഞത് മാഷ് അറിയും എന്ന പേടി വാസുവിനേ കീഴടക്കിയിരുന്നു........

വാസ്ഗോഡിഗാമ കോഴിക്കോട് കപ്പലിറങ്ങിയ കൊല്ലം?

ഞാൻ തപ്പി തടഞ്ഞു...... വാസു 1947 എന്നു പറഞ്ഞു.......
 എന്താ നിന്റെ പേര്?

ഞാൻ ഞെട്ടി ......

ദിവസവും കാണുന്ന, എന്റെ പറമ്പിലൂടെ മിക്ക ദിവസവും തന്റെ കൃഷിയിടത്തിലേക്ക് നടന്നു പോകുന്ന , കാണുമ്പോൾ ഒക്കെ ക്ഷേമം അന്വേഷിക്കുന്ന മമ്മുട്ടിക്കാക്ക് തന്നെ അറിയില്ലന്നോ...........
ഉടൻ അടുത്ത ചോദ്യം വന്നു........
എവിടെയാണ് നിന്റെ വീട്?

ആരുടെ മകൻ?

മമ്മുട്ടിക്ക........ ഞാൻ അറിയാതേ വിളിച്ചു പോയി.......

ഉത്തരവും ഉടൻ വന്നു നോ മമ്മുട്ടി മാഷ്.......

ഞാൻ വാസുവിനേ നോക്കി .....വാസു ഊറി ചിരിക്കുന്നു....... എന്റെ മാനം കപ്പൽ കയറിയത് ഞാൻ അറിഞ്ഞു........

ഇവൻ ഭയങ്കര പുളുവാണട..... മുത്താപ്പയാണന്നു തള്ളി നമ്മളെ പറ്റിച്ചതാണട....... വാസുവിന്റെ പതിഞ ശബ്ദം....... എട്ടുകാലി  മമ്മുഞ്ഞിനെ  ഇവനെ കണ്ടിട്ട് എഴുതിയതാണന്നു സദാനന്ദൻ......

അഞ്ഞൂറ് പ്രാവശ്യം  വാസ്ഗോഡിഗാമ വന്ന കൊല്ലം എഴുതാൻ ഇമ്പോസിഷൻ തന്നു മമ്മുട്ടി മാഷ് നടന്നു നീങ്ങി.......

വാസു സവാള വടയുടെ ഓഫർ പിൻവലിച്ചു......

അന്നു വൈകീട്ടും  ഞാൻ എന്റെ  വീടിനു അരികിലൂടെ പാടത്തേക്ക് പോകുന്ന മമ്മുട്ടി മാഷേ കണ്ടു........
സ്നേഹത്തോടെ എന്റെ തലയിൽ തടവി സുഖമാണോ എന്നു അന്വേഷിച്ചു.......

ഞാൻ മാടമ്പിളിയിലേ മാനസിക രോഗി ആര് എന്ന നിലപാടിലായി?

ജീവിതത്തിലേ മഹത്തായ ഒരു പാഠം  ആ അദ്ധ്യാപകൻ എന്നെ അറിയാതേ പഠിപ്പിക്കുകയായിരുന്നു...... ഏതൊരു അധ്യാപകനിക്കും  തന്റെ കുട്ടികൾ ഒരു പോലേയാണ്....... സ്വജന പക്ഷപാതം  അരുത്......

വാൽ കഷ്ണം
ഇപ്പോൾ ഏത് ഉറക്കത്തിൽ ചോദിച്ചാലും വാസ്ഗോഡിഗാമ 1498 ൽ കോഴിക്കോട് കാപ്പാട് ആണ് കപ്പൽ ഇറങ്ങിയതെന്നു പറയാൻ കഴിയും......... വാസു 200 എണ്ണം മാത്രമേ എഴുതിതന്നൊള്ളുവെങ്കിലും.......

ഒരു കാക്ക പുരാണം കൂടി......

ഏകദേശം 45 വർഷം മുമ്പ് ഉള്ള കഥയാണ്, കാക്കക്ക് ഈ ആഴ്ച്ച നല്ല മാർക്കറ്റ് ആയത് കൊണ്ട് ഈ ആഴ്ച്ചത്തേ കഥ കാക്കക്ക് തന്നെ ഡെടിക്കേറ്റ് ചെയ്യാം എന്നു കരുതി......

ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലം, അന്നു സ്കൂളിൽ പോകുന്നതും വരുന്നതും ഒരു സംഭവമാണ്, തൊടിയിലുടെയും പാടത്ത് കൂടെയും ചിറയിലൂടെയും ഒക്കെ ബാഗും തൂക്കി പിടിച്ച് ഒരു ഓട്ടമാണ്...... ഇങ്ങനെ ഓട്ടത്തിന്റെ ഇടയിൽ കശുവണ്ടി ,പുന്ന കുരു, അടക്ക തുടങ്ങിയ നാണ്യവിളകൾ നമ്മുടെ കാക്കയും, വാവൽ  സൂഹൃത്തുകൾ  ചേർന്നു വഴിയിൽ നിക്ഷേപിച്ചിട്ടുണ്ടാവും.... അതൊക്കെ പെറുക്കി ,താമര  പറിച്ച്, മാവിനു കല്ല് എറിഞാണ് വീട്ടിലേക്ക് ഉള്ള സഞ്ചാരം.......

ഞങ്ങളുടെ യാത്ര നായകൻ ജേഷ്ഠ സഹോദരനായ നസീർക്കയാണ്, പുള്ളിയെ കുറിച്ച് ഒരു വിശദീകരണമില്ലാതെ ഈ കഥ മുന്നോട്ട് പോകില്ല..... പുള്ളി ഞങ്ങളുടെ ഹീറോ ആണ് ,വെറുതേ ഹീറോ ആയതല്ല...... വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥലത്തേ പ്രധാന  ദിവ്യന്റെ പട്ടികയിൽ വരും.......
വായിലുടെ പുകയെടുത്ത് മൂക്കിലൂടെ വിടാൻ അറിയാം, ശരീരത്തിൽ ടെസ്റ്റർ വെച്ച് കത്തിക്കാൻ അറിയാം, ചരട് വലിച്ച് ലൈറ്റ് കത്തികുന്ന വിദ്യയുണ്ട്.... വാഴപിണ്ടിയും കൊളവാഴയും ഉപയോഗിച്ച് പെരുന്തോടിനു കുറുകേ ചങ്ങാടം ഉണ്ടാക്കിയിട്ടുണ്ട്..... അന്നത്തേ   നാണ്യ വ്യവസ്ഥ  അനുസരിച്ച്   ഈ കാര്യത്തിനു അഞ്ച് പൈസ ,പത്ത് പൈസയൊക്കെ ഈ അഭ്യാസത്തിന്നു ഇദ്ദേഹം ഇടാക്കുകയും ചെയ്യും.......... എന്നാൽ വായിലൂടെ ' പുക എടുത്ത്  മുക്കിലൂടെ പുകയെടുത്ത സംഭവം ഞങ്ങൾ വൈറലാക്കിയത്കൊണ്ട് ... ..അടി പേടിച്ച് പിൽകാലത്ത് എന്ത് അഭ്യാസം കാണിക്കുമ്പോഴും  വീട്ടിൽ പറയില്ല എന്നു  കാണികളെ കൊണ്ട് സത്യം ചെയ്യിച്ചട്ടെ അടുത്ത അഭ്യാസം കാണിക്കു.......

ഈ നസീർക്കയും ഞാനും കൂടിയാണ് പാടവരമ്പിലൂടെ സ്കൂൾ വിട്ട് വരുന്നത്, അന്നു എന്റെ കൈൽ   കമ്പിയും പ്ലാസ്റ്റിക്ക് വള്ളിയും ചേർത്ത് ഉണ്ടാക്കുന്ന ബാസ്ക്കറ്റിൽ ആണ് പുസ്തകം  കൊണ്ട് വന്നിരുന്നത്........

തൊട്ടടുത്ത ഒരു തെങ്ങിൻ ചുവട്ടിൽ ഒരു കിളിയേ ഇട്ട് കാക്കകൾ കൊത്തുന്നു...... ഞങ്ങളെ കണ്ടതും കാക്കകൾ  പറന്നു അകന്നു....... നസീർക്ക  കിളിയേ സൂക്ഷിച്ച് നോക്കി എന്നിട്ട് പറഞ്ഞു.......

എടാ ഇത് കുയിൽ ആണ്,  കാക്ക അടിച്ച് പുറത്താക്കിയതാണ്...... ദുഷ്ടൻമാരായ കാക്കൾ........ ഒരു കൂട് ഉണ്ടായിരുന്നങ്കിൽ നമുക്ക് എതിനെ എടുക്കാമായിരുന്നു........

കേട്ടപാതി കേൾക്കാത്ത പാതി എന്റെ ബുദ്ധി പ്രവർത്തിച്ചു, ചോറ്റ് പാത്രവും  പുസ്തകത്തേയും ബാസ്ക്കറ്റിൽ നിന്നു  പുറത്താക്കി കിളിയേ ഞാൻ ബാസ്ക്കറ്റിൽ നിക്ഷേപിച്ചു.......

കുയിലേനേ കിട്ടിയ സന്തോഷത്തിൽ  ഞങ്ങൾ നടക്കാൻ തുടങ്ങിയ ഉടനെയാണ് അത് സംഭവിച്ചത് കാക്കകൾ കൂട്ടമായി ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി..... സ്ലേറ്റ്കൊണ്ടും, ബുക്ക് കൊണ്ടുള്ള 9 വയസ്ക്കാരന്റെ യും ഏഴ് വയസ്ക്കാരന്റെയും  പ്രതിരോദം വില പോയില്ല  കാക്കൾ തലങ്ങും വിലങ്ങും ആക്രമിച്ചു...... രക്ഷയില്ലാതെ ഞങ്ങൾ പാടവരമ്പത്ത്  കൂടി ഓടാൻ തുടങ്ങി........ ഓട്ടത്തിലും കാക്കകൾ ഞങ്ങളെ പിന്തുടർന്നു...... കൂട്ടത്തിൽ തടിയനായ എനിക്കാണ് മാന്ത് കൂടുതൽ കിട്ടിയത്....... നസീർക്ക ഓട്ടത്തിൽ കാക്കയെ തോൽപ്പിച്ചു കളഞ്ഞു.......

ഓടുന്നതിനു ഇടയിൽ നസീർക്ക വിളിച്ച് പറഞ്ഞു........' ആ പണ്ടാരത്തിനെ എടുത്ത് വലിച്ച് എറിയടാ അത് കുയിൽ അല്ല  കാക്കയാട  കാക്ക........

ഒരു നെയ്യ് മോഷണത്തിന്റെ കഥ......

കീറി തുന്നികെട്ടിയ  ഷർട്ടും ട്രൗസറും  ഇട്ട് സ്കൂളിൽ വരുന്ന  കുട്ടികളെ കണ്ട സ്കൂൾ ജീവിതം നിങ്ങളുടെ ഓർമമകളിൽ  ഇപ്പോഴും നില നിൽക്കുന്നുണ്ടോ? ഉണ്ടങ്കിൽ  അത്തരം കാലത്ത് നടന്ന കഥയാണ് ഇത്......
പലരുടെയും ട്രൗസർ അലക്കി നരച്ച് പഞ്ഞി പോലേയായിരിക്കുന്നു, ചിലത് കീറിയിരിക്കുന്നു, മറ്റ് ചിലത് സ്റ്റിച്ച് ഇട്ടത് പോലേ തുന്നി കെട്ടി വെച്ചിരിക്കുന്നു..... ചിലരുടെ ട്രൗസർ ഇളകി നിലത്ത് വീഴുമെന്ന സ്ഥിതിയിലാണ് ,ബട്ടൺ പൊട്ടി പോയത് കൊണ്ട് ചിലർ ട്രൗസർ താങ്ങി പിടിച്ചാണ് നടക്കുന്നത്....... ബട്ടൺ പൊട്ടാത്ത ചിലരും  ട്രൗസർ താങ്ങി പിടിച്ച്  നടപ്പുണ്ട്...... ട്രൗസർ ലൂസായത് കൊണ്ടല്ല വയർ ലൂസായത് കൊണ്ടാണ് അവർ ട്രൗസർ താങ്ങി പിടിച്ചിരിക്കുന്നത്, പട്ടിണിക്കാരന്റെ വയർ ലൂസ് ആവുന്നത്  ആഗോള പ്രതിഭാസമാണന്നു പറഞ് തൽക്കാലം ഇവിടെ നിന്നു തടി തപ്പാം.......

ഇവിടെയും ഞങ്ങളിൽ ചിലർ പ്രമാണിമാർ ആണ്..... ചെറിയ കാര്യത്തിനല്ല  ഞങ്ങൾ പ്രമാണിമാർ ആയത്.......

ഉച്ചക്ക് സ്കൂളിൽ ചോറ് കൊണ്ട് വരുന്നത് കൊണ്ടാണ് പ്രമാണിമാർ ആയത്...... മാത്രമല്ല ഈ ചിലർ അധ്യാപകരുടെ ബന്ധുകളും ,മക്കളുമാണ്..... ഭക്ഷണം കഴിക്കുന്നത് ആകട്ടെ അദ്ധ്യാപകരുടെ കൂടെയിരുന്നും......

ഞാൻ ഒരു പടി കൂടി കടന്നു ..... കുടെയുള്ളവരെ പേടിപ്പിക്കാറുമുണ്ട്..... എന്റെ വാപ്പ പോലീസാണ്.... ഈ പോലീസ് പ്രൊട്ടക്ഷനും അദ്ധ്യാപക ബന്ധവും പിച്ച് ,നുള്ള് മാന്തൽ തുടങ്ങിയ തീവ്രവാദ ആക്രമണങ്ങളിൽ നിന്നു പരിരക്ഷയും നൽകുന്നു.....

പത്ത് അമ്പത്തഞ്ച് ചോറ്റ് പാത്രങ്ങൾ ക്ലാസ്സിൽ ഉണ്ടങ്കിലും അഞ്ചാറണ്ണത്തിൽ മാത്രമേ ചോറ് ഉണ്ടാകു..... ബാക്കിയൊക്കെ കാലി പാത്രങ്ങൾ ആണ്, നിലത്ത് വീണ് ചുക്കി ചുളിഞ അലുമിനിയം പാത്രങ്ങൾ ,ചിലത് വരയും കുറിയും വീണ് പോറിയിരികും അതിലൊക്കെ ചേറും പിടിച്ച് കട്ടിയായിട്ടുണ്ടാകും..... മറ്റ് ചില പാത്രങ്ങൾ ആകട്ടെ നൂറ് കഴിഞ  മുത്തശ്ശിമാരേ പോലേ ചുളുങ്ങി കോടിയിരിക്കും.......

എന്തിനാണ്  കാലി പാത്രങ്ങൾ  ? സ്കുളിൽ നിന്നു ഉച്ചക്ക് ഉപ്പ് മാവ് കിട്ടും, ഉപ്പ് മാവ് എന്നു പറഞ്ഞാൽ ,കോതമ്പ് നൂറുക്ക് ഓയിലിൽ വേവിച്ച് മുളക് ഇട്ട് തരുന്ന  ഒരു വിഭവം........ ഇപ്പോഴും  ഓർക്കുന്നു ലോകത്തിലേ ഏറ്റവും രുചിയുള്ള ഉപ്പ് മാവ് അന്നു കഴിച്ച ഉപ്പ് മാവ് ആണ്....... ചോറ് കൊണ്ടുവരുന്നവർക്ക് സ്കൂളിൽ നിന്നു ഉപ്പ് മാവ് കിട്ടില്ല....... ചോറ് കൊണ്ടുവരുന്നവർ സമ്പന്നർ ആണത്രെ.....

ഞങ്ങൾ കൂട്ടുകാർ തമ്മിൽ ഒരു രഹസ്യ  ഉടമ്പടി ഉണ്ടായിരുന്നു........ ചോറിൽ നിന്നു ബാക്കി കൊടു ത്താൽ അവർ പാത്രം കഴികി തരും...... വിരുദ്ധൻമാർ ആയ ചിലർ ആകട്ടെ മറ്റൊരു ഓഫർ വെച്ചു....... അവർക്ക് കിട്ടുന്ന ഉപ്പുമാവിൽ നിന്നും ചോറ് തരുന്നവർക്ക്  കുറച്ച് ഉപ്പ് മാവ് കൊടുക്കും........ ചിലർ ആകട്ടെ ,മൈൽ പീലി, പെൻസിൽ കഷ്ണം, ഇരുമ്പാൻ പുളി വേന്നൽ പച്ച എന്നിവ കൈ കൂലി കൊടുക്കാനും തയ്യാർ.......

ഞാനാണങ്കിൽ പതിനൊന്നു മണിയുടെ ഇന്റെർവെൽ സമയത്ത്  പാത്രം തുറന്നു ,മറ്റ് ളളവരെ കൊതിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു...... മുട്ട പൊരിച്ചത് ഉണ്ടങ്കിൽ അപ്പൊ തന്നെ അകത്താകും..... കുടെയിരുന്നു കഴിക്കുന്നവർക്ക് ഷെയർ ചെയ്യാതിരിക്കാനാണ് ഈ സൂത്ര വിദ്യ..... മാത്രമല്ല കുന്നിക്കുരു, വേന്ന പച്ച തുടങ്ങിയ കൈകൂലി വസ്തുകളുടെ എണ്ണം കൂട്ടാൻ ഇത് സഹായിക്കും'.......

അന്നു സ്കൂളിലേക്ക് ചോറ് വെക്കുമ്പോൾ വെല്ലുമ്മയാണ് ആ സത്യം പറഞ്ഞത് ..... നിന്റെ ചോറ്റ് പാത്രത്തിൽ നെയ്യ് വെച്ചിട്ടുണ്ട്..... പറയുക മാത്രമല്ല വെല്ലുമ്മ ഭരണിയിൽ നിന്നു സ്പുണിൽ കോരി എന്റെ പാത്രത്തിൽ മഞ്ഞ നിറത്തിൽ ഓയൽമെന്റ് രൂപത്തിൽ ഇരിക്കുന്ന സാധനം കാണിച്ച് തരികയും ചെയ്തു.......

നെയ്യ് ഇട്ട ചോറ്  തീന്നാൽ മീശ പെട്ടന്നു വരുമെത്രെ ,മാത്രമല്ല പെട്ടന്നു വലുതാകുകയും, കൈകൾക്ക് വലിയ ശക്തിയും ഉണ്ടാവുമെത്രെ.........

സ്കൂളിൽ ചെന്നപ്പോൾ തന്നെ എന്റെ നെയ്യ് വാർത്ത റിലീസ് ചെയ്തു....... ശക്തിവെക്കുന്നതിന്റെയും, മീശ മുളക്കുന്നതിന്റെയും നെയ്യ് കഥ പൊടിപ്പും തൊങ്ങലും വെച്ച്  വിവരിച്ചു.......

ഇത് പതിവായി കഴിച്ചാൽ മാഷിന്റെ തല്ലിന്റെ വേദന അറിയില്ല എന്ന എന്റെ വക വിജ്ഞാനവും  വിളമ്പി.......

പലരും പലതരം ഓഫറുകൾ വെക്കാൻ തുടങ്ങി..... ചിലർ മുഴുവൻ ഉപ്പുമാവും തരാം എന്നു പറഞ്ഞു..... ചിലർ കുന്നിക്കുരു, ചോക്ക് തുടങ്ങിയവും ഓഫർ ചെയ്തു......

ഞാൻ പാത്രത്തിന്റെ മൂടി ചെറുതായി പൊക്കി കുത്തരിയും, നെയ്യും ചേർന്ന ചുടു ചോറിന്റെ മണം കാറ്റിൽ  മെല്ലെ പരക്കാൻ തുടങ്ങി......

ജമാൽ  ആണ് കൂടുതൽ ഓഫർ തന്നത്...... അവൻ   നാരങ്ങയല്ലിയും ,ഉറുമ്പാൻ പുളിയും കൂടി വാഗ്ദാനം ചെയ്തു.......

നോക്കിയെഴുതാൻ  കാണിച്ച് തരാത്ത ജമാലിന്റെ സ്വഭാവത്തിനു പകരം വീട്ടാൻ ഞാനും തീരുമാനിച്ചു........ ആർക്ക് കൊടുത്താലും ജമാലിനു കൊടുക്കില്ല....... ഇത് കട്ടായം.......

നെയ്യ് ഇട്ട ചോറ് വേറേ ആർക്കും കൊടുക്കാൻ പാടില്ലന്നു നായര് ചെക്കൻ സന്തോഷും..... അവൻ ആർക്കും അല്ലങ്കിലും പണ്ടേ കൊടുക്കാറില്ല....... അശുദ്ദമാവുന്ന പണിക്ക്  അവൻ  പണ്ടേ എതിരാണ്.......

പതിനൊന്നു മണിക്ക് പാത്രം ഞാൻ പതിവ് പോലേ തുറന്നു നോക്കി........
ഞെട്ടി പോയി......
എന്റെ നെയ്യ് ചോറിൽ കാണാനില്ല!
നെയ്യ് ആരോ മോഷ്ഠിച്ചിരിക്കുന്നു.......

ജമാൽ കട്ടിട്ടുണ്ടാവുമെന്നു  സലാം ആണ് പറഞത്...... അവൻ പാത്രത്തിലേക്ക് അരികിലേക്ക് പോകുന്നത് സലാം കണ്ടത്രെ......

നെയ്യ് കള്ളൻ.... ഞാൻ ജമാലിനു പേരിട്ടു......
പൂച്ച ജമാൽ എന്നു സന്തോഷ് ......

ജമാൽ പടച്ചവനെ പിടിച്ച് സത്യം ചെയ്തു..... കൂടുതൽ ബലം നൽകാൻ  വാപ്പയും.... പള്ളിയും കിതാബും വഴി വഴിയായി വന്നു.....

കള്ളം സത്യം ചെയ്യല്ലെ ഹിമാറെ .... ഞാൻ ആക്രോശിച്ചു...... പള്ളക്ക് ഇട്ട് ജമാലിനു ഒരു കുത്തും കൊടുത്തു :....

ജമാലിന്റെ ആത്മാഭിമാനം സടകുടഞ് എഴുന്നേറ്റു...... അവൻ എന്റെ പള്ളക്കും, നാഭിക്കും പൊതൊ...പൊതൊ എന്നു പറഞ് രണ്ട്  വീക്ക് തന്നു...... ഞങ്ങൾ കെട്ടിമറിഞ്ഞു വീണു........

ഇതോട്കൂടി ഒരു കാര്യം ഉറപ്പായി ജമാൽ നെയ്യ് മോഷ്ടിച്ചിരിക്കുന്നു...... അത് കൊണ്ടാണ്  ഞാൻ ഇടിയിൽ തോറ്റതും കെട്ടിമറിഞ് വീണതും...... വെല്ലുമ്മ പറഞത് ശരി തന്നെ...

എന്റെ പോലിസ് ശക്തിയും, അധ്യാപക ബന്ധവും തകർത്ത് എറിയാൻ ധൈര്യം നൽകിയതും പശുവിൻ നെയ്യ് തന്നെ.......

യുദ്ധകാഹളം മുഴങ്ങി...... ജമാൽ  രുദ്രഭാവത്തിൽ തന്നെ..... സന്തോഷ്  അധ്യാപക റൂമിലേക്ക് ഓടി..... മാഷിന്റെ കുട്ടിയേ ജമാൽ അടിക്കുന്നു.....

അബ്ദുള്ള മാഷിന്റെ നേതൃത്വത്തിൽ വിചാരണ നടന്നു.....
ജമാൽ നെയ്യ് കട്ടു....... ഞാൻ ആരോപിച്ചു......
സലാം സാക്ഷി......
ജമാലിന്റെ ശക്തി പ്രകടനം കണ്ടത് കൊണ്ടാകാം സലാം കൂറ് മാറി.......
അബ്ദുള്ള മാഷ് തൊണ്ടി മുതലായ ചോറ് പരിശോദിച്ചു..... അബ്ദുള്ള മാഷ് തന്റെ വെളുത്ത സുന്ദരമായപല്ല്  കാട്ടി പൊട്ടി ചിരിച്ചു.......

ക്ലാസ്സിൽ അടിയുണ്ടാക്കിയതിനു ജമാലിനു ചൂരലിനു അടി കിട്ടി...... ദൃസാക്ഷികൾ മുഴുവൻ മാഷിന്റെ കുട്ടിയേ അടിച്ചത് മാത്രമേ കണ്ടള്ളു..... ഞാൻ തല്ലിയതും കുത്തിയതും ആരും കണ്ടില്ല....... ചോറ് ഞാൻ നാളേയും കൊണ്ടും വരും എന്നു അവർക്ക് അറിയാം......

അന്ന്  അദ്ധ്യാപക റൂമിൽ ഇരുന്നു ചോറ് കഴിക്കുമ്പോൾ അബ്ദുള്ള മാഷ് ആ തമാശ വീണ്ടും പൊട്ടിച്ചു....... ചൂടുള്ള ചോറിൽ നെയ്യ് വീണാൽ നെയ്യ്   ഉരുകി പോകുമെന്ന ആഗോള ഭീകര  സത്യം അബ്ദുള്ള മാഷ് സരസമായി അവതരിപ്പിച്ചു.......

ആ ചിരി ലഹളയിൽ ചമ്മിയിരിക്കുന്ന എന്നെ നോക്കി അബ്ദുള്ള മാഷ് പറഞ്ഞു....

പേടിക്കേണ്ട നീ വലിയ ക്ലാസ്സിൽ എത്തി കെമിസ്ട്രിയൊക്കെ പഠിക്കുമ്പോൾ ആ രഹസ്യം ഒക്കെ മനസിലാവും......

ഇന്നാണങ്കിൽ നാലാം ക്ലാസ്സിൽ കെമിസ്ട്രി വേണമെന്നു ഫേസ് ബുക്കിൽ പോസ്റ്റ് ഇടാമായിരുന്നു......

അപ്പൊഴും ഒരു ചിന്ത എന്നെ  പിന്തുടർന്നിരുന്നു.....

എന്ത് കൊണ്ടാണ് പട്ടിണിക്കാരനായ  ജമാലിനു ഇത്ര ശക്തി കിട്ടിയത്....... നെയ്യും.... മുട്ടയും തിന്നുന്ന എന്നെ  എന്ത് കൊണ്ടാണ് തോൽപ്പിച്ച് കളഞത്........

ഉത്തരം വെല്ലുമ്മ തന്നെയാണ് പറഞ്ഞ് തന്നത്......

അത് അണ്ഡകടാഹത്തിന്റെ ഉടമസ്ഥനായ സർവ്വലോക രക്ഷിതാവിന്റെ ഖുദ്റത്താണ്....

ഖുദ്റത്തെന്നു പറഞ്ഞാൽ അബ്ദുള്ള മാഷ് പറഞ കെമിസ്ട്രി.....