17/04/2023

ധാന്യമണികൾ സൂക്ഷിക്കപ്പെടുന്ന സെല്ലാജുകൾ!

 



ഡ്യൂട്ടിയുടെ ഭാഗമായാണ് ആ പന്ത്രണ്ട് നില ബിൽഡിംഗിലെക്ക് കയറി ചെന്നത്, ബിൽഡിംഗ് ആകെ പെയ്ൻ്റ്‌ പോയി നരച്ചിരിക്കുന്നു, അകാലത്തിൽ ജരാനിര ബാധിച്ച ചെറുപ്പകാരനെ പോലേ ആ കെട്ടിടം തല ഉയർത്തി നിന്നിരുന്നു!

 റിസപ്ഷനിൽ ഇട്ടിരിക്കുന്ന സീറ്റ് കുത്തി' കീറിയിരിക്കുന്നു, തൻ്റെ പൂർവ്വകാല പ്രൗഡി വിളിച്ച് അറിയിക്കുന്ന സോഫകളും സെറ്റികളും! ഈർപ്പം തട്ടി മങ്ങിപ്പോയ റിസപ്ഷനിലെ വില കൂടിയ ഗ്ലാസ്റ്റ് ഫ്രേമുകൾ!


 പൊളിക്കാൻ നമ്പർ ഇട്ട ബിൽഡിംഗ് ആണോ? ഹേയ് അത്ര പഴക്കം ഈ ബിൽഡിംഗിനില്ല!


മൂന്ന് നാല് വർഷം മുമ്പ്  ഒരിക്കൽ ഞാൻ ഇവിടെ വന്നിട്ടില്ലെ? ഞാൻ ഓർമ്മകൾ പെറുക്കിയടക്കി വെക്കാൻ ശ്രമിച്ചു!


ശരിയാണ് ഇത് ആ ഷെ..#@##യുടെ ബിൽഡിംഗ് അല്ലെ, കോടിശ്വരനായ ഇന്ത്യക്കാരൻ! കമ്പനി തകർന്ന് പോയന്നും അയാൾ ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞുവെന്നും  പത്രവാർത്ത കണ്ടിരുന്നു!


വാച്ച്മാൻ്റെ റൂമിൽ  ഏറേനേരം ബെല്ലടിച്ചിട്ടാണ് റൂം തുറന്നത് തന്നെ! അൻപത് അറുപത് വയസായ ഒരു കാർന്നവർ ഡോർ തുറന്നു! ചുവന്ന് കലങ്ങിയ ഉപ്പൻ്റെ പോലേയുള്ള കണ്ണുകൾ!


 മദ്യപിച്ച് ഉറങ്ങി പോയ പോലേയാണ് തോന്നിയത് !ആ സംശയം  എൻ്റെ കണ്ണുകളിലും നിഴലിച്ചിരുന്നു !


എൻ്റെ സംശയം അയാൾക്ക്  മനസിലായന്ന് തോന്നുന്നു!' 


"ഉറക്ക് ഗുളിക കഴിച്ചത് കൊണ്ടാണ് സാറേ, കണ്ണ് ചുവന്നിരിക്കുന്നത്!"


ഉറക്ക ഗുളികയൊ!?

ശരിയായി ഉറങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി!

കമ്പനി പൂട്ടിയിട്ട്! പിന്നീട് ഉറങ്ങിയിട്ടില്ല!


ഉറങ്ങാൻ തുടങ്ങുമ്പോൾ മൂന്ന് നാല് കുട്ടികളും അവരുടെ ഉമ്മയും, വൃദ്ധരായ മാതാപിതാകളും കിനാക്കളിൽ ഇടം പിടിക്കും! പിന്നീട് ഉറങ്ങാൻ കഴിയില്ല!


 തല ഭ്രാന്ത് പിടിച്ച് റൂമിൽ വട്ടം ചുറ്റും ! പിന്നെ ഗുളികയെടുത്ത് ഒന്നിച്ച് തിന്ന് മരിച്ചാലൊ എന്ന് തോന്നും!

അയാൾ ഒറ്റ ശ്വാസത്തിൽ പറഞ് നിർത്തി! 


"ഡോക്ടറുടെ കുറുപിടിയില്ലാതെ ഉറക്ക് മരുന്ന് തന്ന് സഹായിക്കുന്ന ആ മനുഷ്യനെ ഓർമ്മ വരും! ആത്മഹത്യ ചെയ്താൽ ആ സാധൂകൂടി കുടുങ്ങും!"


പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നോ?


എമിറൈറ്റ് ഐ ഡി യും, വിസയും ഇല്ലാത്തവന് എന്ത് കുറുപടി! 


സാറ് ഏത് റൂമിൻ്റെ  കണക്ഷൻ മുറിക്കാൻ ആണ് വന്നത്? ഇനി എൻ്റെ റൂം മാത്രമേ ബാക്കിയുള്ളുവെന്ന് തോന്നുന്നു!

 

പകുതിയോളം റൂമ്മുകൾ കാലിയാണ്!


സഹായിക്കാൻ സഹോദരൻമാരും, ആളുകളും ഉള്ളവർ ഇവിടെ നിന്ന് രക്ഷപെട്ടു!


താങ്കൾക്ക് വേറേ ജോലി നോക്കി കൂടെ?

വിസയുടെ ഫൈൻ തീർക്കാൻ മാത്രം പതിനായിരങ്ങൾ വേണം!

അല്ലങ്കിലും 58 വയസിൽ ആര് ജോലി തരാൻ!

നാട്ടിൽ കയറി പോയാലും പട്ടിണിയിരിക്കുന്ന ആറെണ്ണത്തിൻ്റെ കൂടെ ഒരാൾ കൂടി!


കറണ്ട് കട്ട് ചെയ്ത റൂമിലും ചില മനുഷ്യർ താമസിക്കുന്നുണ്ട്! എന്നെ പോലേ എങ്ങും പോവാൻ ഇടമില്ലാത്തവർ !


ഭക്ഷണം ഒക്കെ!


പുറത്ത് ഒരു ബിരിയാണി  ചെമ്പ് കണ്ടോ?

റമദാൻ  കാലം ആയത്കൊണ്ട്  ഏതോ മനുഷ്യ സ്നേഹി  വൈകുന്നേരം വെച്ച് പോകുന്നതാണ്!


അത് കഴിഞാൽ!


ഒരു നിമിഷം അയാൾ ശൂന്യതയിലേക്ക് നോക്കി........

പിന്നെ മെല്ലെ പിറുപിറുത്തു!

വഴികളിൽ  ചില സെല്ലാജുകൾ കണ്ടിട്ടില്ലെ......

മനുഷ്യസ്നേഹികളുടെ ഹൃദയങ്ങളാണത്!


എൻ്റെ കണ്ണുകൾ അറിയാതെ നിറയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടന്ന് തോന്നുന്നു!


സാറ് കേട്ടിട്ടില്ലെ!?


 " നീ കഴിക്കുന്ന ഒരോ ധാന്യമണിയിലും നിൻ്റെ നാമം കുറിക്കപ്പെട്ടിരിക്കുന്നുവെന്ന് "


ഞങ്ങളുടെ ധാന്യമണികൾ ഇത്തരം സെല്ലാജുകളിൽ  ആയിരിക്കാം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്!


പെട്ടന്ന് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു!

എൻ്റെ ഉദ്ദേശം മനസിലായിട്ടാണന്ന് തോന്നുന്നു! അയാൾ എൻ്റെ കൈൽ കയറി പിടിച്ചു!

വേണ്ട സാറെ! ഞാൻ പറഞ കഥ ,പൈസ കിട്ടാൻ വേണ്ടിയാണന്ന് സാറ് തെറ്റ് ധരിക്കും!


എൻ്റെ സങ്കടങ്ങൾ പറയാൻ സാറ് പത്ത് മിനിറ്റ് തന്നല്ലൊ? ഒരു ഉറക്ക ഗുളിക ഇന്ന് എനിക്ക് ലാഭിക്കാം!


അല്ല സാറേ ഏത് റൂം ആണ് ഇന്ന് കണക്ഷൻ കട്ട് ചെയ്യാനുള്ളത് !


അയാളുടെ മുഖത്ത് ഭീതിയുടെ ചാഞ്ചലാട്ടം ഞാൻ കണ്ടു!  തിളച്ച വെള്ളത്തിൻ്റെ പകുതിയളവിൽ ചൂടുള്ള നാട്ടിൽ വൈദ്യുതിയില്ലാതെ താമസിക്കുന്നത് നരകജീവിതമാണന്ന്  അയാളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു!


വല്ല പെട്ടിയും, ബാഗും എടുത്ത് കൊടുക്കുമ്പോൾ കിട്ടുന്ന പത്തും അൻപതും ഞാൻ അടക്കുമായിരുന്നു.....

ഈ മാസം ഒന്നിനും തികഞില്ല!

ചൂടും വിശപ്പും ഒന്നിച്ച് താങ്ങാനാവില്ല സാറേ!


ഞാൻ എൻ്റെ കൈൽ ഇരിക്കുന്ന ലീസ്റ്റിലേക്കും അക്കൗണ്ട് സ്റ്റിക്കറിലേക്കും ഒത്തുനോക്കി! ഒരു മിന്നൽ പിണർ..... എന്നിലൂടെയും കടന്ന് പോയി!.......


താങ്കളുടെ പേര് ഈ ലീസ്റ്റിൽ ഇല്ല!

ഹാവു അയാൾ നെടുവീർപ്പിട്ടു !


പുതിയ കമ്പനി ഏറ്റ് എടുക്കുന്നുവെന്ന് കേട്ടു !

ചിലപ്പോൾ  അവരെങ്ങാനും അടച്ചിട്ടുണ്ടാവുമോ?


" ആരോ പണം അടച്ചിരിക്കുന്നു എനിക്ക് അറിയില്ല"


അൽഹംദുലില്ലാഹ്!


അയാൾ ആകാശത്തേക്ക് കയ്യ് ഉയർത്തി!


മൊബൈലിൽ നിന്ന് വന്ന മെസേജ് അയാൾ കാണാതിരിക്കാൻ മറച്ച് പിടിച്ചു!


അയാളോട് യാത്രപറഞ്  വണ്ടിയിൽ കയറുമ്പോൾ, സ്പീക്കറിൽനിന്ന് ഖുർആൻ രണ്ടാം അദ്ധ്യായമായ അൽ ബഖറയിലെ  സുക്തങ്ങൾ ആന്തോളനം സൃഷ്ടിച്ച് കൊണ്ട് വണ്ടി മുഴുവൻ ഒഴുകി കൊണ്ടിരുന്നു........


ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺛُﻢَّ ﻻَ ﻳُﺘْﺒِﻌُﻮﻥَ ﻣَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣَﻨًّﺎ ﻭَﻻَٓ ﺃَﺫًﻯ ۙ ﻟَّﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ


(അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും അതിനെ തുടർന്ന് തുടർന്ന്  ചെലവ് ചെയ്തത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ആരോ അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ പ്രതിഫലമുണ്ടായിരിക്കും അവർ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആൻ:2/262)