13/10/2023

ഹിറ്റ്ലർ ഹാജി.....

 ഹിറ്റ്ലർ ഹാജി!

ഹാജി വരാം എന്ന് ഏറ്റിരിക്കുന്നു! നിരവധിയാളുകളുടെ പരിശ്രമഫലം!
ആർകും പെട്ടന്ന് കീഴടങ്ങുന്നതല്ല ഹാജിയുടെ സ്വഭാവം! വെട്ട് ഒന്ന്, മുറി രണ്ട് എന്നതാണ് ഹാജിയുടെ സ്വഭാവം! പുതിയ ഖത്തീബ് മിടുക്കനാണ് ഹിറ്റ്ലർ ഇബ്രാഹിം എന്ന ഹിറ്റ്ലർ ഹാജിയെ വരച്ച വരയിൽ നിർത്തിയിരിക്കുന്നു!
കല്യാണ പന്തൽ ഹാജിയുടെ വരവിനായി കാത്തിരുന്നു!

ഹാജിയുടെ സ്വഭാവം വളരെ വിചിത്രമാണ്! അത് കൊണ്ട് തന്നെ ഹാജിക്ക് ഒരു പേരും വീണിരികുന്നു! ഹിറ്റ്ലർ ഹാജി!
ആർക്കും  പണം കടം കൊടുക്കും ,സഹായിക്കും!
ഒരേ ഒരു നിബന്ധന പാലിക്കണം ,വാങ്ങുമ്പോൾ തന്നെ  തിരിച്ച് തരുന്ന ഡേറ്റ്  പറയണം! പറയുന്ന സമയം ദിനവും അണു ഇട മാറാൻ പാടില്ല!  മാറിയാൽ അയാൾക്ക് പിന്നെ ജീവിതത്തിൽ ഹാജിയുടെ കൈയിൽ നിന്ന് പണം കിട്ടില്ലന്ന് മാത്രമല്ല തെറിയുടെ പുരവും ആയിരിക്കും!

ഹാജിയുടെ പറമ്പ് പണിക്ക് സെലക്റ്റീവ് ആയ ചില പണിക്കാർ ഉണ്ട്, അവരല്ലാതെ ആര് ചെയ്താലും ഹാജിക്ക് തൃപ്തിയാവില്ല! തെങ്ങ് കയറ്റം എന്നത്  ഹാജിയുടെ വേറേ ഒരു ലെവൽ ആണ്,  പണി കഴിഞ് ഇറങ്ങുമ്പോൾ, കോഞ്ഞാട്ടയും, കൊതുമ്പും പറിച്ച് മുണ്ഡനം കഴിഞ തല പോലേയിരിക്കണം! തെങ്ങിൻ്റെ കുരക്ക്! കൂലി ഹാജി പറഞത് കൊടുക്കും..... 1

പറമ്പിൽ നിറയെ പുല്ലാണ്, ആളേ നിർത്തി  പുല്ല് പറിച്ച് തെങ്ങിനിടുകയല്ലാതെ വേറേയൊരാളുടെ പശുവിനെ പറമ്പിൽ കയറ്റില്ല!
ഇത്തരം കാരണങ്ങൾ കൊണ്ട് നാട്ടുകാർ ഹാജിക്ക് സംഭവാന നൽകിയ പേരാണ് ഹിറ്റ്ലർ ! പക്ഷേ  അത് നേരേ നിന്ന് ഹാജിയെ വിളിക്കാൻ നെഞ്ചൂക്ക് ഉള്ള ഒരാളും നാട്ടിൽ ഇല്ല!

ഹാജി എപ്പോഴും തോറ്റിട്ടുള്ളത് മകൾ നസീമയുടെ മുൻപിൽ മാത്രമാണ്! ഹാജിയുടെ ഒരേയൊരു മകൾ ആണ് !
ഹാജിയുടെ സ്വഭാവമായ് ഒത്ത് പോകാൻ അദ്ദേഹത്തിൻ്റെ ഭാര്യ ആമിന കുട്ടിക്ക് ആയില്ല! അവർ പടിയിറങ്ങുമ്പോൾ ഹാജി തിരിച്ച് വിളിക്കുമെന്ന്  ഒരു പ്രതീക്ഷയുണ്ടായിരുന്നു! പുകഞ കൊള്ളി പുറത്ത് എന്നതായിരുന്നു ഹാജിയുടെ നിലപാട്! മാത്രമല്ല കേസ് പറഞ് ഹാജി മകളെ പിടിച്ച് എടുക്കുകയും ചെയ്തു!

മകൾ ജീവിതത്തിൽ വന്നതോട് കൂടി ഹാജിയുടെ തോൽവികൾ വർദ്ധിക്കുകയായിരുന്നു! അവളുടെ കുഞ്ഞു കുഞ്ഞു വാശികൾ ഹാജിക്ക് അംഗീകരിച്ച് കൊടുക്കേണ്ടി വന്നു! ഹാജി രണ്ടാമത് കല്യാണം ഒന്നും കഴിച്ചില്ല! നസീമാനെ രണ്ടാനുമ്മ ഉപദ്രവിക്കും എന്നതായിരുന്നു ഹാജി കാരണം പറഞ്ഞത്! ഹാജിയുടെ ദൃഷ്ടിയിൽ രണ്ടാനുമ്മ ഇബിലീസിൻ്റെ പ്രതിനിധിയാണ് ! ഹാജി സ്കൂളിൽ തോൽക്കാൻ കാരണം രണ്ടാന്നുമ്മയെത്രെ!
ഹാജിക്ക് ഇല്ലാതെയായ കോളേജ് വിദ്യാഭസം എന്തായാലും മകൾക്ക് വേണമെന്ന് ഹാജി ഉറപ്പിച്ചു!

നസീമ കോളേജിൽ പോയി തുടങ്ങിയതോട് കൂടിയാണ് ഹാജി ശരിക്കും തോറ്റത് ! ഒന്നാമത്തേ പ്രശനം നസീമാക്ക് ഹാജിനെ പേടിയില്ല! ഭൂമി മലയാളത്തിലെ എല്ലാവർക്കും ഹാജി വലിയ ഗൗരകാരനാണ്! എന്നാൽ നസീമയുടെ മുൻപിൽ ഹാജി ഒരു എലിയാണ്! ഹാജിയുടെ നരച്ച താടിയിൽ പിടിച്ച് വലിക്കുക, ചെവിയിലേ രോമം പൊട്ടിക്കുക! ഇതൊക്കെയാണ് മൂപ്പരുടെ ഹോബികൾ !
വാസ്തവത്തിൽ ഹാജി ഈ കുസൃതി ആസ്വദിക്കുന്നുണ്ട്ന്ന് വേണം കരുതാൻ! രോമം പൊട്ടുന്ന  വേദനയിലും ഹാജിയുടെ മുഖത്ത് ഒരു ചിരി കാണാം!

അവളുടെ ഉമ്മിച്ചിയുടെ വീട്ടിൽ പോകുന്ന അന്നാണ് ഹാജി ഏറേ അസ്വസ്ഥനാകുന്നത്!
ഒരിക്കൽ സസീമ ഹാജിയോട് ചോദിച്ചു!

" ഉമ്മിച്ചിയെ നമുക്ക് കൂട്ടികൊണ്ട് വന്നു കൂടെ "

ഹാജി ഗദ്ഗതത്തോടെ പറഞ്ഞു!

"ഓളേ മൂന്ന് മൊഴിയും ചൊല്ലിയതാണ്!"

മൂന്ന് മൊഴി  ഒറ്റയടിക്ക് ചൊല്ലിയാൽ നിയമ സാധുതയില്ല!

നസീമ ഒരു തട വെച്ചു!

ഇജ്ജ് കിത്താബ് ഓതിയിട്ട് ഉണ്ട!

ഇല്ല! ഞാൻ വായിച്ചിട്ടുണ്ട്!

പുസ്തകങ്ങളിൽ പലതും പറയും !

ഇനി അവളെ കെട്ടണമെങ്കിൽ വേറേ ഒരാൾ കെട്ടണം,, മൊഴി ചൊല്ലണം......ക്ഷിപ്ര കോപികൾക്ക് പടച്ചവൻ കൊടുത്ത പണി !
ഹാജി നെടുവീർപ്പ് ഇട്ടു!........

നിക്കാഹ് സീരിയൽ പോലേ ഉമ്മച്ചിയെ ഒരു താൽകാലിക നിക്കാഹ് കഴിപ്പിച്ച് മൊഴിചൊല്ലിയാൽ! സസീമ വീണ്ടും സൊലൂഷൻ ഹാജിയുടെ മുൻപിൽ വെച്ചു!

സീരിയൽ അല്ല ജീവിതം! പടച്ചവനെ മക്കാർ ആകാൻ കഴിയില്ല!

ഹാജിയുടെ ഇമാൻ എന്നത് സത്യസന്ധമാണ്!
ഇനി ഈ വിഷയം വേണ്ട !ഹാജി കോലു മുറിച്ചു!

മതമൗലിക വാദിയ ഉപ്പയെ മകൾ തുറിച്ച് നോക്കി!

ഈ  ഉപ്പയോട് എങ്ങനെയാണ് തൻ്റെ  പ്രണയ വിഷയം  പറയുക!

ഉപ്പയുടെ കാര്യസ്ഥനായിരുന്ന  ചേക്കുട്ടി കാക്കയുടെ മകൻ ! നസീർക്ക! ആൾ എഞ്ചിനിയർ ബിരുദധാരിയാണ്! തന്നോടപ്പം വളരുകയും തന്നോടപ്പം പഠിക്കുകയും ചെയ്ത നസീർക്ക!

ഹാജി പൊട്ടി തെറിച്ചു ! സാധ്യമല്ല! തൻ്റെ കൊക്കിൽ ജീവിതം ഉള്ളിടതോളം നടക്കില്ല ഹാജി പ്രഖ്യാപിച്ചു!

ഹാജിയെ ഒരിക്കലെങ്കിലും തോറ്റ് കാണണം എന്നത് ആമിന കുട്ടിയുടെ ആഗ്രഹമായിരുന്നു...... ദുർവാശിയുടെ പേരിൽ തന്നെ ഉപേക്ഷിച്ച ഹാജി!
പണത്തിൻ്റെ ഹുങ്കിൽ  മകളെ തന്നിൽ നിന്ന് തട്ടിപ്പറിച്ച  ദുഷ്ടൻ...'...'

നിക്കാഹ് കഴിച്ച് കൊടുക്കുക  എന്നത് വലിയ  കടമ്പ കീറാമുട്ടിയായി.........

വാപ്പ ജീവിച്ചിരിക്കലെ സമ്മതമില്ലാതെ ഇസ്ലാമിൽ നിക്കാഹ് നടക്കില്ല!

ഹാജിയുടെ ചോറ് കുറെ തിന്നതാണ്! ഹാജി സമ്മതിച്ചാൽ  എനിക്ക് സമ്മതം അയമുട്ടി നിലപാട് വ്യക്തമാക്കി!

ചർച്ചകൾ, വാദങ്ങൾ വാദ പ്രതിവാദങ്ങൾ!
ഹാജി അണുഇട മാറ്റമില്ല!

ഹലാല്ലാത്ത വിവാഹത്തിന് വരനും താൽപര്യമില്ല.........

നസീമ ഉമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി! അവൾ ഹാജിയെ വെറുത്തു.......
ഹോബിയസ് കോർപ്പസ് ഹർജി, എന്നെ ആരും തടവിൽ വെച്ചിട്ടില്ല എന്ന മൊഴിയോടെ അസാധുവായി...
നസീമയെ പൂർണ്ണമായും തിരിച്ച് പിടിച്ചതിൽ ആമിന സന്തോഷിച്ചു! ജീവിതത്തിൽ ഹാജി ഒരിക്കലെങ്കിലും തോറ്റിരിക്കുന്നു!

18 വയസ് എന്നത്  ഒരു വൻമതിൽ ആണന്ന് ഹാജി തിരിച്ച് അറിഞ്ഞു! ഹാജി കൂടുതലായി ക്ഷീണിച്ചു ! 55 വയസ് കാരൻ ഹാജി തൊണ്ണൂറ് കാരനെ പോലേ മുരടിച്ചു! ഓജസ് പോയി! ആരോഗ്യം പോയി!

പുതിയതായി ചാർജ് എടുത്ത മുസ്ലിയാർ  ഹാജിയെ കാണാർ വന്നു!
കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന മുസ്ലിയാർ!

"അന്ത്യനാളിൽ മകളോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ എന്ത് പറയും ഹാജിക്ക?"

"എൻ്റെ വാശി ജയിച്ചു എന്നു പറയുമോ?"

"കാര്യസ്ഥൻ്റ മകനായത് കൊണ്ട് കെട്ടിച്ച് കൊടുക്കില്ലന്ന് പറയുമോ?"

മനുഷ്യർ എല്ലാവരും തുല്യരാണന്ന് പഠിപ്പിച്ച
വിശ്വാസ സംഹിത വെച്ച് എങ്ങനെ പിടിച്ച് നിൽക്കും? ഹാജിയാരെ?

ഹാജിയാർ മുസ്ലിയാരെ ചോദ്യങ്ങളിൽ നിന്ന് തടയാൻ ശ്രമിച്ചങ്കിലും അദ്ദേഹത്തിൻ്റെ തീക്ഷണമായ കണ്ണുകൾ ഹാജിയാരെ നിഷ്ക്രിയനാക്കി........

മുസ്ലിലിയാരുടെ വാക്കുകൾ ഹാജിയുടെ ചുറ്റും ഇടിവെട്ടും പോലേ മുഴങ്ങി........

അവർ എങ്ങാനും ഹലാല്ലാത്ത വിവാഹം കഴിച്ചാൽ....... അതിൻ്റെ പേരിൽ അവൾ നരകത്തിലേക്ക് വലിച്ച് എറിയപ്പെട്ടാൽ?
ഹാജി തളർന്നിരുന്നു! വിശ്വാസവും വാശിയും നേർരേഖയിൽ ഹാജി പിടിവള്ളിക്ക് വേണ്ടി ചുറ്റും നോക്കി..........


വീടിനോട് ചേർന്നുള്ള പള്ളി സ്ഥലത്താണ് പന്തൽ ഇട്ടിരിക്കുന്നത്! അത്രയും വിശാലമായ പന്തൽ ഇടാൻ അവിടെയെ സ്ഥലമുള്ളു ! ഒപ്പന്നയുണ്ട് ,ഗാനമേളയുണ്ട് നാട്ടുകാരെ മുഴുവൻ ക്ഷണിച്ചിട്ടുണ്ട്! ഹാജി യാരെ ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽപ്പിക്കാൻ കഴിഞിരിക്കുന്നു! ആ  വാശിയുണ്ടായിരുന്നു. കല്യാണ പന്തലിലെ ഒരുക്കങ്ങൾക്ക് !

അടുക്കളയിൽ ചമ്രം പടിഞ് ഇരുന്ന് മൂക്കളയൊലിച്ച് ചോറ് തിന്നുന്ന നരുന്ത് ചെക്കനെ ആമിന ഓർത്തിടുത്തു! അവനെയിനി മരുമകൻ ആയി കാണണം....... "ഈ പെണ്ണ് "....... അവൾ ആരോട്ന്നില്ലാതെ പിറുപിറുത്തു......

സമയം പന്ത്രണ്ട്  മണിയായിരിക്കുന്നു! പന്തൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു! ആഹാരം വിളമ്പുന്നവർ, ഒരുക്കുന്നവർ ആകെ ജഗപൊക !

നിക്കാഹിന് നിശ്ചയിച്ച സമയം കഴിഞ് അര മണിക്കൂർ കഴിഞിരിക്കുന്നു ഹാജി ഇത് വരെ എത്തിയിട്ടില്ല! ഹാജി ചതിക്കുമോ? വിവാഹം അലങ്കോലമാകുമോ? ബദൽ മാർഗത്തേക്കുറിച്ച് ചിലരെങ്കിലും ചർച്ച തുടങ്ങി!

ഹാജി ചതിക്കില്ല , ഹിറ്റ്ലർ എന്ന് വിളിപ്പേര് ഉണ്ടങ്കിലും വാക്ക് പറഞ്ഞാൽ വാക്ക് ആണ് !
ഹാജിയെ അറിയുന്നവർ ഉറപ്പ് പറഞ്ഞു....... മുസ്ലിയാർ വീണ്ടും  clock ലേക്ക് നോക്കി നെടുവീർപ്പിട്ടു !

പള്ളി പറമ്പിൽ വലിയ തിരക്ക് ആയിരിക്കുന്നു! ഒരാൾക്ക് മാത്രം നടക്കാനുള്ള ചെറിയ വഴികൾ......തിക്ക് തിരക്കും മൂലം  കൈ വഴികൾ നിറഞ് ഒഴുകി..... ഖബറിൽ ചവിട്ടരുത് ചിലർ  ഓർമ്മിപ്പിച്ചു....... പിടി മണ്ണ് ഇട്ടവർ തിരിച്ച് നടക്കണം ചിലർ ഒച്ച വെച്ചു!

എന്തായിരുന്നു കാരണം!?
ഒന്നുമുണ്ടായിരുന്നില്ല! മകളുടെ നിക്കാഹിന് ഒരിങ്ങി ഇറങ്ങിയതാണ്........ കുഴഞ് വീണു........ ആശ്പത്രിയിൽ എത്തിയപ്പോഴേക്കും..........

" മകളുടെ നിക്കാഹിൽ പങ്ക് എടുക്കൽ ഒരു യോഗമാണേ? അതിന് ഒരു ഭാഗ്യം കൂടി വേണം"

"ഹിറ്റ്ലർ ആണ് എത്രെ ഹിറ്റ്ലർ....... എന്ത് നേടി " 
മുറുമുറുപ്പുകൾ, കുറ്റപ്പെടുത്തുലുകൾ
ഖബർസ്ഥാനിൽ പോലും അവസാനിക്കാത്ത വിമർശനങ്ങൾ.........

ഇതിനിടയിൽ ആരോ' വിളിച്ച് പറയുന്നുണ്ടായിരുന്നു! ആരും പോകരുത് കല്യാണ പന്തലിൽ വരണം........ അമിനത്താടെ ബിരിയാണി വെയ്സ്റ്റ് ആകരുത്......,.,

ആളുകൾ  ഉറുമ്പുകളെ പോലേ വരിവരിയായി ഖബർസ്ഥാനിൽ നിന്ന്  കല്ല്യാണ പന്തലിലേക്ക് ഒഴുകി  ചിലർ അവിടെ നിന്ന് ഖബർ സ്ഥാനിലേക്കും...... അവസാനിക്കാത്ത ഒഴുക്കുകൾ അറ്റമില്ലാത്ത വരികൾ..........


No comments:

Post a Comment