25/07/2020

സബ്ബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്!


ബാഗേജും ലഗേജ്‌കളും വണ്ടിയില്‍ കയറ്റി കഴിഞ്ഞപ്പോള്‍ അയാള്‍ ഒന്ന് മൂരി നിവര്‍ത്തി.........പകുതി യാത്ര പൂര്‍ത്തിയാകിയപോലെ!

ലഗേജ്‌ പുറത്തേക്കു തള്ളി നില്‍ ക്കുന്നു,ഡിക്കി പകുതി തുറന്നിരിക്കുന്നു,ബെഡ് അംബാസിഡര്‍ കാറിന്‍റെ മുകളില്‍ ഒച്ചിനെ പോലേ അള്ളിപിടിച്ചിരിക്കുന്നു!

വാസ്തവത്തില്‍ ഈ ബെഡ് ആവശ്യമുള്ളതല്ല, സ്പോഞ്ചിൻ്റെ  ബെഡില്‍ കിടന്നാല്‍ തണ്ടല്‍ വേദന ഉറപ്പ്‌ എത്രെ.......! എന്നിട്ടും വാങ്ങി!

ഇത് ഒരു സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണ്,തന്‍റെ സ്വപ്നത്തേക്കാള്‍ ഉപരി ഉപ്പയുടെ സ്വപ്നമായിരുന്നു,മക്കള്‍  ഗള്‍ഫില്‍ പോയി സമ്മാനപൊതികളുമായി ആണ്ട് തോറും തന്നെ കാണാന്‍ വരുന്ന സ്വപ്നം!!!!

" അയൂബ് ദുബായ് പോയി കണ്ടിട്ട്,മരിച്ചാ മതിയായിരുന്നു"

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍റ അയല്‍ വാസികളായി ഗള്‍ഫുകാര്‍ വന്നതായിരിക്കാം ആ മോഹത്തിന്‍റ വിത്ത് പാകിയത്‌!

വാസ്തവത്തില്‍ ഗള്‍ഫ് സാധനങ്ങള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരിനില്ല, പതിനഞ്ചോളം ഗള്‍ഫ്കാരായ അയല്‍വാസികളും ബന്ധുക്കളും !ആണ്ടുതോറും അവര്‍ ഒരോ പൊതി വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു!

അയല്‍പക്ക സ്നേഹതേക്കാള്‍ ഒരു പോലിസ്‌ക്കാരനെ സുഖിപ്പിക്കാനുള്ള ശ്രമം!

പോലിസ്‌ അല്ലെ വല്ലപ്പോഴും ഉപകരിചാലോ?സ്കൂളില്‍ പഠിക്കുബോഴും കൂട്ടുകാര്‍ ചോദിച്ചു?

"ന്‍റ ഉപ്പ ഗള്‍ഫിലാ"

പള പള മിന്നുന്ന ഷര്‍ട്ടും ,പേനയും കട്ടര്‍ മുതലായവ അന്ന് പേര്‍ഷ്യകാരുടെ മക്കള്‍ക്കു മാത്രമേ ഉണ്ടായിരുന്നുളളു!

പൂച്ച കരയുന്നത് പോലെയുള്ള മൊബൈല്‍ ശബ്ദം കേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്,കൂലിയുടെ മൊബൈലിൽ നിന്നാണ്!കൂലി എന്ന സങ്കല്‍പം പോലും മാറിയിരിക്കുന്നു! സാംസങ്ങിൻ്റെ ഏറ്റവും ലൈറ്റസ്റ്റ്  മോഡൽ!

തന്‍റെ അപകര്‍ഷതാബോധമാവാം ,വിലകുറഞ്ഞ മൊബൈല്‍ ഒളിച്ചു വെക്കാന്‍ ശ്രമം നടത്തി,അയാളുടെ സാര്‍ വിളി എന്നെ അലോസരപ്പെടുത്തി.

എത്രയാ കൂലി? കൂലി എന്ന് ചോദിച്ചത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലന്ന് തോന്നി,അയാള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.

ലോഡിംഗ് ചാര്‍ജ്‌ ദുബായ്കാർ ചോദിക്കാറില്ല,ഒരു ആയിരം രൂപയോകെ തരാറാണ്.അയാള്‍ അല്‍പം ഈര്‍ഷ്യതയോടെ പറഞ്ഞു!

എന്‍റ വായ ചെറുതായി പിളര്‍ന്നപോലേ.........

വീണ്ടും ഞാന്‍ ആവര്‍ത്തിച്ച്ത് കൊണ്ടാകാം,അയാള്‍ അടിമുടിയൊന്ന് നോക്കി.എത്ര ഈടാക്കണമെന്നത് ഒരു കൺഫ്യുഷന്‍ പോലെ. അയാള്‍ ഡിക്കിയിലേക്കും എന്‍റ മുഖതേക്കും മാറി മാറി നോക്കി.പിന്നെ ഒറ്റശാസ്വത്തില്‍ പറഞ്ഞു 750 തന്നാല്‍ മതി,കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല.

ലോഡ്‌ചെയ്യാന്‍ വന്നപ്പോഴുള്ള സ്നേഹം ഇപ്പോള്‍ ഇല്ല ,ആ സ്വരം കൂടുതല്‍ പരുക്കനാക്കപെട്ടിരിക്കുന്നു.500 രൂപ കൊടുത്ത് ഇടപാട്‌ അവസാനിപ്പിക്കുബോള്‍,പകുതി തമാശയും പകുതി കാര്യവുമായിയി പറഞ്ഞു.!

"പത്ത്
മിനിറ്റിനു  ഇത്രയും ദുബായില്‍ ഇല്ല ചങ്ങാതി,തന്‍റെ കൂട്ടത്തില്‍ എന്നെയും ചെര്‍കുമോ?"

"ഹ....ഹ...ഹ.. .ഈ പണി ചെയ്യാന്‍ എളുപ്പമാണ്.കിട്ടാന്‍ പാടാ സാറെ,ഇതൊകെ രാഷ്ട്രീയക്കാരന്‍റ സ്വന്താ......അവരൊക്കെ ഇഷ്ട്ടമുള്ളിടതോളം കഞ്ഞി കുടിച്ചു പോകാം.മാത്രമല്ല ലെവി എന്നപേരില്‍ ഒരു സംഖ്യ 'യും അവര്‍ പിടിച്ച് പറിക്കും.ഞാനും ഡിഗ്രി കഴിഞ്ഞവനാ സര്‍......"

'ജോലിക്ക് വേണ്ടി ഒരുപാട് അലഞ്ഞു.ജനിച്ച സ്ഥലത് കൂടി വിമാനതാവളം വരണമെന്ന് ഉടയതമ്പുരാന്‍ തീരുമാനിച്ചത് കൊണ്ട് കഴിഞ്ഞു പോകുന്നു.....ഇവിടെയും റെക്കമെന്‍റ് ഇല്ലാത്തത് കൊണ്ട് ഡിഗ്രിക്കാരനായ ഞാന്‍ പോര്‍ട്ടറായി.കോടതിയും....പത്രവുമൊക്കെ ഉള്ളത്കൊണ്ട് ഇത് തന്നെ ഒത്തത്.......ഇത് കൂടി ഇല്ലങ്കില്‍ ഈ നാടിന്‍റെ ഗതി ഈശ്വരാ.......!!!!!!'

കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ ചുറ്റും തിരിഞ്ഞു നോക്കി .റോഡുകള്‍ ചെറുതായത് പോലേ....ആവശ്യമായ വീതിയില്ല എന്ന തോന്നല്‍ ,ഓട്ടോറിക്ഷകളും കാറുകളും ബൈക്ക്കളും അട്ടിയിട്ട പോലേ സഞ്ചരിക്കുന്നു......കൊള്ളിമീന്‍ പോലേ കടന്നുപോകുന്ന" ചെത്ത്" പിളേളർ അസഹ്യമായി ഹോണ്‍ അടിക്കുന്ന ഡ്രൈവര്‍മാര്‍,ചിലര്‍ മൂകബധിരന്മാര്‍ക്ക് ന്യൂസ്‌ വായിക്കുന്ന പോലേ ആംഖ്യ ഭാഷ കാണിക്കുന്നു.

എട്ടു വര്‍ഷത്തെ ദുബായ് ജീവിതം തന്നെ മാറ്റി മറിച്ചതാവാം.....അല്ല....മാറ്റി മറിചിരിക്കുന്നു.തന്‍റെ ചിന്തകള്‍,മൂല്യങ്ങള്‍, ജീവിതം എല്ലാം അത് കടപുഴകിയെടുത്തിരിക്കുന്നു....

ശരീരതിന്‍റ നിറവും മേദസും വര്‍ദ്ധിപ്പിച്ചു കൊണ്ട്, തന്‍റ കാപട്യത്തെ അത് മറച്ച് വെച്ചിരിക്കുന്നു,കൂട്ടിനു വിലപിടിച്ച പെര്‍ഫ്യൂമുകളും ഡ്രസ്സ്‌കളും!

ഇതിലും തിരക്ക്കുറഞ്ഞ റോഡുകളിലുടെ ഉപ്പയുടെ കൈപിടിച്ച് സ്കൂളില്‍ പോയിരുന്ന കാലം.ഇത്രയും വാഹനങ്ങള്‍ അന്നില്ല എന്നിട്ടും ഉപ്പ ഇതിലും ജാഗ്രതയായി കൈകളില്‍ മുറുക്കി പിടിച്ചു!

ചങ്ങല പോലേ അനുഭവപ്പെട്ടങ്കിലും അതില്‍ ഒരു സുഖമുണ്ടായിരുന്നു,ലോകാവസാനം വരെ ആ കൈകള്‍ കൂട്ടിനുണ്ടാകും എന്ന ഒരു ധാരണ അന്ന് ഉണ്ടായിരുന്നു.ഉപ്പയുടെ ആദ്യമകനായത് കൊണ്ടാകാം,ഞാന്‍ കൂടുതല്‍ വാല്‍സല്യം അനുഭവിച്ചിരുന്നു.പത്ത്പതിനഞ്ചു വയസ്സ് വരെ ഉപ്പയോടപ്പം ഉറക്കവും നടത്തവും.

"ഓന്‍ ഉപ്പാട വാലാണ്"'

എന്ന് ഉമ്മ അഭിമാനതോടെ പറയുമായിരുന്നു.വെളുപ്പിന് അഞ്ച് മണിക്ക് ഉമ്മയുടെ ചീത്തകേട്ടാണ് ബെഡില്‍ നിന്നും ഉണരുക !

."ഓന്‍ ഇന്നും പാത്തിയിരിക്കുന്നു.ഇങ്ങക്ക് പറഞ്ഞാ മനസിലാവൂല"

കുറ്റപെടുതലുകള്‍ ഉപ്പക്കാണ്.ഉപ്പയാണ് എന്നെ ബെഡില്‍ എടുത്ത് കിടത്തിയത്‌.

"അവന്‍ കുഞ്ഞ്‌ അല്ലെ സൈനു"
ഉപ്പയുടെ ക്ഷമപാണം

"ആറു ഏഴ് വയസായ ചെക്കനാണോ കുഞ്ഞ്?"

ഉമ്മ വീണ്ടും ആക്രോശിക്കുന്നു"

"ഉറക്കത്തില്‍ വിളിക്കുമ്പോഴും തടസം,അപ്പോഴും ഓന്‍ കുഞ്ഞു തന്നെ "

"ബെഡ് പൊക്കി വലികാനുള്ള പാട് ഇങ്ങക്ക് അറിയൂല,അല്ലങ്കിലേ തണ്ടലും നടൂം നീരിണില്ല "

ഉമ്മയുടെ വാക്കുകളില്‍ സങ്കടം.ഉപ്പ നിശബ്ദത പാലിക്കും എല്ലാ കുറ്റങ്ങളും താന്‍ ഏറ്റ്ടുക്കുന്നത് പോലേ.......

എന്നും ഉപ്പ അങ്ങനെയാണ്,ഒരു നിശബ്ദത അത് തന്നെയെല്ലേ ഉപ്പയുടെ ആയുധം എന്ന് തോന്നിയിട്ടുണ്ട്!

വെളുപ്പിന് അഞ്ച് മണിക്ക് ഉപ്പയോടപ്പം ജംഗഷനിലെ ചായ കടയിലേക്ക് ഒരു യാത്ര.ചായകടയില്‍ നിന്നും ചായ കുടിച്ചാലേ ദിവസത്തിന് ഒരു മൂഡ്‌ വരൂമെന്ന ഉപ്പയുടെ ഒരു തിയറി ഉണ്ട്.വെളുപ്പിന് ചായ കുടിക്കുന്ന ആ ശീലം ഞാന്‍ ഇന്നും തുടരുന്നു!

പെട്ടെന്ന് കാര്‍ ബ്രേക്ക്‌ ഇട്ടു, പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ,മുഖം സീറ്റില്‍ അടിച്ചു. പേഴ്സും കടലാസ്‌ തുണ്ടുകളും പുറത്ത്‌ ചാടി.ഒരു തെരുവ് പട്ടി കുറുകെ ചാടിയതാണ്!

ഡ്രൈവര്‍ മേനക ഗാന്ധിയെ തെറിവിളിച്ചു. മേനക ഗാന്ധിയുടെ അമ്മക്ക് പറഞ്ഞപ്പോള്‍,ഡ്രൈവര്‍ക്ക്‌ കെട്ടിനിന്ന മൂത്രം ഒഴിഞ്ഞ്പോയ സുഖം.......

പുറത്ത്‌ ചാടിയ കടലാസ്‌ തുണ്ടുകളുടെയും നോട്ടുകളുടെയും കൂട്ടത്തില്‍ ആ നൂറ് രൂപയും ഉണ്ടായിരുന്നു.എട്ടു വര്‍ഷം മുന്‍പ്‌ വാപ്പ എയര്‍പോര്‍ട്ടില്‍ വെച്ച് തന്ന പണം!

ഉപ്പ അങ്ങനെയാണ് എന്തിനും ഒരു ഉറപ്പ് വരുത്തല്‍.ചിലവഴിക്കാന്‍ അവശ്യമായ പണം ഉണ്ടായിട്ടും,പുതിയതായി ഒരു നൂറ് രൂപ കൂടി.......നൂറു രൂപ ദുബായില്‍ ഒന്നിനും തികയില്ലയെന്ന് ഉപ്പാക്ക് അറിയില്ലലോ......

നൂറു രൂപ നോട്ടിലെ ഗാന്ധി ചിരിച്ചു.. പത്ത്   ഇരട്ടി മൂല്യമുള്ള അന്‍പതു ദിര്‍ഹതെ അത് മറച്ച് പിടിച്ചിരിക്കുന്നു.അല്ലങ്കിലും വാപ്പയും അങ്ങനെയായിരുന്നല്ലോ....തന്‍റെ എല്ലാ കുറ്റങ്ങളും കുറവുകളും മറച്ച് പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു........

വാപ്പയുടെ തല്ല് ഒരിക്കലെ വാങ്ങിയിട്ടുള്ളു !

തല്ല് ഒരു ശിലമാക്കിയ ഉസ്താദ്നെ ചീത്ത വിളിച്ചതിന്!

പതിവ്‌പോലേ ഉമ്മ പൊടിപ്പും തൊങ്ങലും വെച്ച് പുന്നാര മകന്‍റ കുരുത്തകേടു അവതരിപ്പിച്ചു.ഉപ്പയുടെ പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ടപോലേ വടി ഒടിയുന്നത് വരെ തല്ലി.....

ഉസ്താദിനെ വീട്ടില്‍ ചെന്നു കണ്ട് മാപ്പ് പറഞ്ഞു കൂട്ടി വന്നാലേ വീട്ടില്‍ കയറ്റുവെന്ന് ഉപ്പയുടെ ഉഗ്ര ശാസനം!

 ഒരു വിഷമത്തോടെ ഉസ്താദിന്‍റ വീട്ടില്‍ എത്തുമ്പോള്‍,അവിടെ നിന്നും ഇറങ്ങി വരുന്ന ഉസ്താദും ഉപ്പയും.....

ഒന്നാം ക്ലാസില്‍ ചേര്‍ന്ന അന്ന്,നോട്ട്ബുക്കും ഇന്‍സ്ട്രുമെന്‍റ് ബോക്സും പേനയും പെന്‍സിലും കൊണ്ട് വന്ന ഉപ്പയെ നോക്കി,ഒന്നാം ക്ലാസില്‍ പടിക്കുന്ന കൊച്ചിനാണോ ഇതെല്ലാമെന്ന് കൌതകതോടെ ചോദിച്ച ഉമ്മയോട്‌ ഉപ്പ പൊട്ടനെ പോലേ ചിരിച്ചു.....

വാപ്പ എന്നും അങ്ങനെയാണ്,ഇറച്ചിയും മീനും ഒരേ സമയത്ത് വാങ്ങും,കൈല്‍ കാശ് ഉണ്ടങ്കില്‍ അത് തീരുന്നത് വരെ ചിലപ്പോള്‍ കടം വാങ്ങിയും.....!

ഉപ്പാക്ക് അതിനും ന്യായം ഉണ്ടായിരുന്നു!

"എന്‍റ ചെറുപ്പകാലത്ത്‌ ആരും വാങ്ങി തരാന്‍ ഉണ്ടായിരുനില്ല, അവര്‍ക്ക് ഞാന്‍ ഉണ്ട്"

ഡിഗ്രി അപേക്ഷയോടപ്പം പാസ്പോര്‍ട്ടിന്‍റയും ഫോം ഉണ്ടായിരുന്നു.....ഒപ്പം ഒരു ആത്മഗതവും!

മുപ്പത്‌കൊല്ലമായി ഈ ഭാരവണ്ടി വലിക്കുന്നു .....ഒന്നും നേടിയിട്ടില്ല കുറെ കടങ്ങള്‍ അല്ലാതെ.....അയൂബിന് ആ ഗതി വരാതിരിക്കട്ടെ....."

ഗള്‍ഫില്‍ എത്തിയ കഠിനാദ്ധ്വാനത്തിന്‍റ നാളുകള്‍.....തന്‍റെ പ്രായാസങ്ങള്‍ എഴുതുബോള്‍,പോലീസ് ട്രെയിനിംഗ് കാലത്ത്‌ ഉപ്പ അനുഭവിച്ച പ്രായാസങ്ങളുടെ കഥ പറഞ്ഞ് ആശ്വസിപ്പിച്ചു....

കാലങ്ങള്‍ പിന്നെയും ഒഴുകി ഒരേ ഡ്രാഫ്റ്റിനും കൃത്യമായി വരവ് ചിലവുകള്‍.......അനിയന്‍ എന്‍ജിനിയറായകഥ!  ഉമ്മയുടെ അസുഖത്തിന്‍റ വിവരങ്ങള്‍...പെങ്ങളുടെ കല്ല്യാണ ആലോചനയെ കുറിച്ച്......

എന്നാണ് വാപ്പയുമായി വഴിപിരിഞതന്ന് കൃത്യമായി ഓര്‍മ്മയില്ല....

തനിക്ക് പുതിയകൂട്ട്കിട്ടിയപ്പോഴോ ....?

ഒരിക്കല്‍ വാപ്പയുടെ എഴുത്ത് വന്നു,PSCയില്‍ നിന്നും തനിക്ക് ജയില്‍ വാര്‍ഡനായി മെമ്മോ വന്നിരിക്കുന്നു!

 ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു' ഞാന്‍ അത് കീറി കളഞ്ഞു!!!!!

ഒരു പ്രതിക്ക്എട്ടോ പത്തോ വര്‍ഷം ജീവപര്യന്തം ഉള്ളു എന്നാല്‍ ഒരു വാര്‍ഡന് ആയുസ്സ് കാലംമുഴുവനും ജീവപര്യന്ത്യമെത്രെ...!!!

അപിപ്രായവിത്യാസങ്ങളുടെ തുടക്കം അന്ന് മുതലാണ്‌.....പിന്നീട് എല്ലാ അവശ്യങ്ങളും ഞാന്‍ ചോദ്യം ചെയ്തു.....ദിര്‍ഹതിന്‍റ മൂല്യങ്ങളെ കുറിച്ച്  താന്‍ ഓര്‍മ്മ പെടുത്തി...വാപ്പയുടെ ധാരാളിത്തതെ കുറ്റപെടുത്തി!

കൂട്ടുകാര്‍ തിരിച്ച് അറിവിനെ പ്രോത്സാഹിപ്പിച്ചു ക്രമേണ ബാറുകളിലും ഡാന്‍സ്‌ ക്ലബിലും അഭയം തേടി.......

പുതിയ സുന്ദരികള്‍....മധുര ചഷ്ക്ക്ങ്ങള്‍....ഇരുണ്ട വെളിച്ചമെത്ര സുന്ദരം....ഇരുട്ടല്ലോ സുഖപ്രതം!

വാപ്പയുമായി ബന്ധം വിട്ടു...എഴുത്തുകള്‍ നിലച്ചു റാക്കുകളില്‍ കത്തുക്കള്‍ കൂമ്പാരം ആയി....ചില കത്തുക്കള്‍ ഗര്‍ഭിണിയെപോലേ തടിച്ച് വീര്‍ത്തിരുന്നു!

ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടി......അലര്‍ച്ചകളും മോങ്ങലുകളും ഒരു സൈക്കിള്‍ യാത്രകാരന്‍ രക്തത്തില്‍ കുളിച്ചു കിടകുന്നു.ആളുകള്‍ ഓടികൂടി,ചിലര്‍ ഡ്രൈവര്‍ക്ക് നേരെ ഓടിയടുത്തു.മറ്റൊരു വണ്ടി മാറി യാത്ര തുടരുമ്പോഴെക്കും സമയം പിന്നെയും വൈകി!

ഇത്തരം ഒരു അപകടമാണ് തനിക്ക് വഴിത്തിരിവ് ആയത്......മരണത്തോട്‌ മല്ലിട്ട നാളുകള്‍!

രക്ഷയില്ലയെന്ന് പലരും വിധിയെഴുതി!,കൂട്ടുകാര്‍ വെറും ആള്‍കൂട്ടം മാത്രമാണന്ന് തിരിച്ച് അറിഞ്ഞു,ചിലര്‍ ഒന്ന് രണ്ട് വട്ടം അന്വേഷിച്ചു പോയി,കൂടുതല്‍ ലാഭം നോക്കിയവര്‍ നേരത്തെ സ്ഥലം കാലിയാകി.....

വര്‍ഷങ്ങള്‍ക്കു ശേഷം ഉപ്പ ആദ്യമായി മനസ്സില്‍ എത്തി,പോളിയോ വന്ന കാലത്ത്‌ പതിനാല്‌വയസുകാരെനെയും തോളില്‍ ഏറ്റി ആശുപത്രിയില്‍ നിന്നും ആശ്പത്രിയിലേക്കുള്ള യാത്ര......ബീഡി പുകച്ച് നേരം വെളുപ്പിച്ച ഉപ്പ....കണ്ണിരുമായി ഉമ്മ......എന്‍റ മരവിച്ച കാലുകളില്‍ അവരുടെ കണ്ണ്നീര്‍ ഉണങ്ങി പിടിച്ച നാളുകള്‍.....

റൂമില്‍ ഇരിക്കുന്ന സമയത്ത് ഒരേ എഴുത്തും ലൈബ്രറിയില്‍ നിന്നും ബുക്ക്‌ എടുക്കുന്നത് പോലേ എടുത്തു വായിച്ചു......പൊട്ടിക്കാത്ത പത്തോളം എഴുത്തുകള്‍ എല്ലാം വീട്ടില്‍ നിന്നുള്ളത്. ആദ്യം ശ്രദ്ധയില്‍ പ്പെട്ടത് വിവാഹ കത്താണ്!
മാമയുടെ മകള്‍ ജാസ്മിന്‍ വിവാഹിതനാകുന്നു!

അയൂബിന്‍റ പെണ്ണ്‍ എന്ന് എല്ലാവരും ഒരിക്കല്‍ പറഞ്ഞിരുന്നത്,സ്ഥലത്തെ ഒരു തറവാട്ടുക്കാരന്‍ ആലോചനയുമായിവന്നിരികുന്നുവെന്നും മാമാക്കും അമ്മായിക്കും ഒരു ചാഞ്ചാട്ടം ഉണ്ടന്ന് ജാസ്മി എഴുതിയത് ഓര്‍ത്തു......

തന്‍റെ പുതിയ ഫ്രണ്ട് എത്യയോപ്പിയകാരിയുമായി എഴുത്ത് വായിച്ച് പറഞ്ഞുകൊടുകുമ്പോള്‍ അവള്‍ ചോദിച്ചു?

ആര്‍ യു ഫ്രാഡ്?
ഹ....ഹ...ഹ ഒരു ചിരി മാത്രമായിരുന്നു ഉത്തരം....ആയിരം ഫ്രോടുകളെ കണ്ട അവള്‍ക്ക് നിസംഗത.....

അടുത്ത എഴുത്ത് വാപ്പയുടെ തായിരുന്നു.അതില്‍ വാപ്പയുടെ കഠിനാദ്ധ്വാനത്തിന്‍റ കഥകളായിരുന്നു.ഒരു മകനെഎഞ്ചിനിയറും മറ്റൊരാളെ വക്കീലുമാകിയ കഥ .മുപ്പത്തിമൂന്നു സെന്‍റ് പുരയിടവും ഒരു ഏക്രാ പാടവുവുമായി,ഒരു കൂട്ട് കുടുംബത്തെ തന്നില്‍ ഏല്‍പ്പിച്ചു പോയ വിധിയുടെ കഥ......

വീട് ഉണ്ടാകിയതും പെങ്ങളെ കേട്ടിച്ചതും തന്നെ ഗള്‍ഫില്‍ അയച്ചതും സവിസ്തരം എഴുതിയിരിക്കുന്നു.

മക്കളുടെ വളര്‍ച്ച മാത്രമേ സമ്പാദ്യമുള്ളുവെന്നും. തന്നോട് പരിഭവവമില്ലയെന്നും എഴുതിയിരിക്കുന്നു.

ഒരു തടിച്ച കവര്‍ പെട്ടനാണ് ശ്രദ്ധയില്‍പ്പെട്ടു....ഫ്രം അഡ്രസില്‍ അത്യാഗ്രഹിയെന്ന്മാത്രം എഴുതിയിരികുന്നു,ആരുടെയോ കൈല്‍ കൊടുത്ത് വിട്ടതാണ്!

വായിച്ചപ്പോള്‍ വലിയ തളര്‍ച്ച അനുഭവപ്പെട്ടു..... അന്തരീക്ഷത്തില്‍ നിന്നും വീണപോലേ......

മൂന്ന് ലക്ഷം രൂപയുടെ തന്‍റെ പേരിലുള്ള ഫിക്സ്ഡ് ഡിപ്പോസിറ്റ് അയാളെ തുറിച്ചു നോക്കി.....

ലക്ഷകണകിന് മുള്ളുകള്‍ ആയി അയാളുടെ മനസ്സില്‍ അത് പാഞ്കയറി.....ഒരാവര്‍ത്തികൂടി അയാള്‍ വായിച്ചു!

പ്രിയ മകനെ
നീ എന്നെ വെറുക്കാന്‍ കാരണം വ്യക്തമായി എനിക്ക്
അറിയില്ല. ഒരു മകന്‍ എഞ്ചിനിയറും മറ്റൊരാള്‍ വക്കീലുമായിരികുബോള്‍,എന്‍റ ഏറ്റവും പ്രിയപ്പെട്ടവനായ നീ ഒരു ജയില്‍ വാര്‍ഡനായി കാണാന്‍ എനിക്കായില്ല.....അതില്‍ എനിക്ക് ഇന്നും കുറ്റബോധമില്ല,ഞാന്‍ ചെയ്തത് ശരിയാണന്ന് തന്നെ കരുതുന്നു!എന്നാല്‍ ഒരു ഗള്‍ഫുക്കാരന്‍ ആക്കണമെന്നത് എന്‍റ അത്യാഗ്രഹമായി പോയെന്ന് തോന്നുന്നു..!!

മൂന്ന് ലക്ഷം രൂപയുടെ FD യുണ്ട്.പിരിഞ്ഞപ്പോള്‍ കിട്ടിയതാണ്,നിന്‍റ ഒരു പാട് പണം ഞാന്‍ ചില വഴിച്ചിട്ടുണ്ട്.ഒന്നും എനിക്ക് വേണ്ടിയായിരുനില്ല.കുടുംബത്തിനു വേണ്ടി ചിലവഴിച്ചതിന് കണക്ക് വെക്കാത്തത് കൊണ്ട് എത്ര സംഖൃ എടുത്തുവെന്നും അറിയില്ല.എന്‍റ കാര്യം പ്രശ്നമല്ല ഉമ്മയെ വേദനപ്പിക്കരുത്
സ്വന്തം
ഉപ്പ

ഉമ്മയുടെഎഴുത്ത് പൊട്ടികുമ്പോള്‍ കൈകള്‍ വിറച്ചിരുന്നു.നെഞ്ചിടിപ്പ്‌ പുറത്തേക്കു കേള്‍ക്കാം.....

പ്രിയ മകനെ
നിന്‍റ ഉമ്മയായതിന്‍റ പേരില്‍ ഞാന്‍ ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല !

ഉപ്പ ഒരു ആല്‍മരം പോലേ നിലനിന്നിരുന്നത് കൊണ്ട് അതിന്‍റെ ആവശ്യം ഉണ്ടായിരുനില്ല !

ഇന്ന് ആ അല്‍മരം കടപുഴകിയിരികുന്നു.ഒരു വശം തളര്‍ന്ന ഉപ്പ ചികിത്സയിലാണ്.നിന്‍റ ഫോട്ടോയില്‍ നോക്കി ഉപ്പ എപ്പോഴും കരയുന്നു.കഴിയുമെങ്കില്‍ ഉപ്പാനേ കാണുക.നിന്‍റ സഹോദരന്‍മാരുടെ അനുവാദം ഇല്ലാതെയാണ് ഇത് എഴുതുന്നത്.ഒരു ദുഷ്പേര്കൂടി നിന്‍റ തലയില്‍ ഇല്ലാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു
എന്ന്
ഉമ്മ

നാട്ടിലേക്കു പുറപെടാനുള്ള ഏര്‍പ്പാട്‌ പെട്ടന്ന് പൂര്‍ത്തിയാകി

ഉമ്മയെ വിളിച്ച് ഞാന്‍ വരുന്നുവെന്ന് അറിയിച്ചു.എന്നോട് പോറുക്കണമെന്ന് പറഞ്ഞു!

വാപ്പയുടെ കൈല്‍ കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ്,ഒരു വശതോടപ്പം അദേഹത്തിന്‍റ നാക്കും കുഴഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞത്. എന്നിട്ടും ഉമ്മ റിസീവര്‍ വാപ്പയുടെ ചെവിയില്‍ വെച്ചു...... ഞാന്‍ കരഞ്ഞു.....പൊറുക്കണം എന്ന് പറഞ്ഞു.......അദ്ദേഹതിന്‍റ ഇടര്‍ച്ച ഞാന്‍ അറിഞ്ഞു......ലോകത്ത്‌ ഇത്‌വരെ ഇല്ലാത്ത ഭാഷയില്‍ ഉപ്പ എന്നോട് സംസാരിച്ചു......ഗ്വാ.....ഗ്വാ... എന്ന ശബ്ദതോടെ അത് പുറത്ത്‌ വന്നു. ആ മനസിന്‍റ തിരതല്ലല്‍ ആ വികൃത ശബ്ദത്തില്‍ ഉണ്ടായിരുന്നു!
.
"സാറ് പറഞ്ഞ ജങ്ക്ഷന്‍ എത്തി,ഇനി എങ്ങോട്ടാ"ഡ്രൈവറുടെ ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌.വീട്എത്താറായിരിക്കുന്നു,

ജംഗ്ഷന്‍ ആകെ മാറിയിരിക്കുന്നു.പഴയ കടകളുടെ സ്ഥാനത്ത്‌ ഷട്ടറിട്ട പുതിയ കടകള്‍,തോരണങ്ങള്‍ക്കു പകരം ഫ്ലക്സ്‌ ബോര്‍ഡ്‌കള്‍ സ്ഥാനം പിടിച്ചിക്കുന്നു,പാന്‍റും ചുരിദാറും ധരിച്ച ആളുകള്‍ ,പഴയ മുഖം അപ്പാടെ മാറിയിരിക്കുന്നു!!

വിട്ടിലോട്ട് തിരിയുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ ടര്‍പ്പായും കസേരയും ആയി വരുന്നു,എന്തങ്കിലും ഫംഗ്ഷന്‍ ആയിരിക്കും,ഗ്ലാസ്സ് താഴ്ത്തി വഴിയില്‍ കണ്ട ഒരാളോട് കാര്യം തിരക്കി....

".എന്താ ഇവിടെ....? ആ വീട്ടില്‍ ഒരാള്‍ മരിച്ചു......ഹാര്!!!? എനിക്ക് അറിയില്ല ഞാന്‍ പുതിയ ആള്‍ ആണ്,താടിയുള്ള ഒരാളാണ്

എന്തായാലും ഉപ്പയല്ല.....പോലീസില്‍ ഉണ്ടായിരുന്ന ഉപ്പാക്ക് താടി ഇല്ല.....പിന്നെ ആര്?

വണ്ടി ഒരു അപ്പുപന്‍ താടിപോലേ വീട്ടില്‍ നിന്നു, സ്റ്റീല്‍ ഇട്ട കാലുമായി ഒരു കൊടുങ്കാറ്റ്പോലേ വിട്ടിലോട്ട് കയറി.......

പലരുടെയും മുഖത്ത് അപരിചിതത്വം.....ആര് എന്ന മട്ടില്‍ തുറിച്ചു നോക്കി.....ചിലര്‍ മനസ്സില്‍ കുശു കുശുത്തു...... ഏതോ ഒരു നനുത്ത കൈ തലയോടിയപോലേ.......ഉമ്മ.....കാലം എത്ര ചുക്കിച്ചുളിക്കിയാലും മനസ്സില്‍ പതിഞ്ഞ ചുളിയാത്ത ഉമ്മയുടെ മുഖം.....

"ഒടുവില്‍ നീ....... എത്തി  അല്ലേ.......യോഗുല്ല.......റബ്ബ്ന്‍റ വിധി ഇല്ലങ്കി......എന്താ ചെയ്യുക...?!!!"

ആ കണ്ണുകളില്‍ നിന്നും സുനാമി പോലേ കണ്ണ് നീര്‍ ഒഴുകി......

നീ വരുന്നു എന്ന് അറിഞ്ഞു വലിയ ആഹ്ലാദത്തില്‍ ആയിരുന്നു.......ഒരാഴ്ചയായി പ്രാഞ്ചി....പ്രാഞ്ചി....നടക്കുമായിരുന്നു...കുറേശ്ശെ സംസാരിക്കുകയും ചെയ്തു......മുഴുവന്‍ നിന്നേ കുറിച്ച് ആയിരുന്നു...നീ കൊണ്ടുവരുന്ന അത്തറുകളെ കുറിച്ച്.....ഡ്രസ്സ്‌നെ കുറിച്ച്.......സമ്മാനങ്ങളെകുറിച്ച്.....നിന്‍റ സ്നേഹത്തെ കുറിച്ച്.......അങ്ങനെ.....ഒത്തിരി...ഒത്തിരി....

പക്ഷെ....ഇന്നലെ ആ മിടിപ്പ്‌ നിന്നു......നിന്നെ ഒരുപാട് വിളിച്ചു.......

സ്വിച്ച് ഒഫായിരുനു......കബര്‍അടക്കാന്‍ ഇപ്പോഴേ എടുത്തിട്ടുഉള്ളു......പെട്ടന്ന് ചെന്നാല്‍ ആ മുഖമെങ്കിലും കാണാം......"

ആരോ ഒരാള്‍ പള്ളിയിലേക്ക് ഫോണ്‍ ചെയ്യുന്നത് കണ്ടു.....പിന്നെ നിരാശയോടെ പിറുപിറുത്തു........
റേഞ്ച് ഇല്ല.......എന്‍റ ദൈന്യത കണ്ടിട്ട് ആവാം അയാള്‍ പറഞ്ഞു,
" നിസ്കരിക്കാന്‍ സ്വിച്ച് ഓഫ്‌ ചെയ്തതാവാം.....വേഗം വിട്ടോളൂ"

ആ ഫോണെടുത്ത് ഖബര്‍സ്ഥാനില്ലേക്ക് വലിഞ്ഞു നടകുമ്പോഴും അയാള്‍ തുടരെ തുടരെ ഫോണ്‍ ചെയ്തിരുന്നു,അപ്പോഴക്കെ ഫോണ്‍ ഇങ്ങനെ ചിലച്ചു കൊണ്ടിരുന്നു!

"സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്ത് ആണ്.......!!!

 സമ്മാനപൊതിയുമായി വന്ന അയാളുടെ വാഹനം ചത്ത് മലച്ച ഒരു തവളയെ പോലേ അപ്പോഴും  ആ വീട്ട് മുറ്റത്ത്‌ കിടന്നിരുന്നു..........................

No comments:

Post a Comment