16/07/2012

Searchഅത്തറ് പെട്ടിക്കാരനും ആനപടക്കവും.....

പ്രമാണം:Firecracker India.jpg

കടല്‍ കാണാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ തന്നെ റസിയ എതിര്‍ത്തു...."ഇക്കാക്ക് എപ്പോഴും ഈ കടല്‍ മാത്രം ഉള്ളോ?"
"കടലിനെ നിനക്ക് അറിയില്ല റസിയ....
വേണ്ട....വേണ്ട.... പഴംപുരാണം കുറെ കേട്ടതാണ്.....
വാപ്പിച്ചി ഉമ്മിച്ചി പറയുന്നത് കേള്‍ക്കണ്ടട്ടോ!!....നമുക്ക് കടപുറത്ത് പോകാം.....
ഹ...ഹ...ഹ... അവള്‍ എന്‍റെ മോള് തന്നെ.....
ഓ....സമ്മതിച്ചു...!
ഹ...ഹ...ഹ....ഏത് പെണ്ണും അത് സമ്മതിച്ചേ തീരൂ!!
ഉവ്വ...ഉവ്വേ.....അവള്‍ കോക്രികാട്ടി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.....എന്‍റെ മകള്‍ കാര്യമെന്ത്ന്ന് അറിയാതെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി.....പിന്നെ ഇത് തന്‍റെ വിഷയമല്ലന്നമട്ടില്‍ ചായപെന്‍സിലുമായി അകത്തേക്ക് ഓടി.....
ഇക്കാക്കയല്ലാതെ അവള്‍ കേള്‍ക്കെ എന്തങ്കിലും പറയോ? ഇന്ന് തലക്ക് വെളിയുണ്ടാവില്ല......
കാര്യമായി പറഞ്ഞതാണ്....
എങ്കില്‍ നമുക്ക് സ്നേഹതീരത്തേക്ക് പോകാം......
ഇവിടെ നിന്ന് പത്ത്ഇരുപത് കിലോമീറ്റര്‍ വണ്ടി ഓടിക്കെണ്ടേ!!
വണ്ടി ഓടിക്കാത്ത ഒരാള്....... അവിടെ പാര്‍ക്കും....പൂന്തോട്ടവും ഒക്കെയുണ്ട്!
അല്ലങ്കിലും ഇക്കാക്കാനെ പറ്റിചേര്‍ന്ന്പോകുന്നത് ഒരു സുഖമല്ലേ......
വണ്ടി സ്നേഹതീരത്തേക്ക് തിരിക്കുമ്പോള്‍ ഒരു അഡ്ജസ്റ്റ്മെന്‍റ് ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് നയിക്കാന്‍ ആവില്ലയെന്നു ഏതു ഗൃഹനാഥനേ പോലെ ഞാനും തിരിച്ച് അറിഞ്ഞിരിന്നു........
കടപുറം ജനനിബിഡമായിരുന്നു....ഐക്രീമും....കപ്പലണ്ടിയും വില്‍ക്കുന്നവര്‍ ..പട്ടവും......പാവയും വില്‍ക്കുന്നവര്‍ ....പുതിയ മാറ്റങ്ങള്‍ അവര്‍ ആസ്വദിക്കുകയാണ്...വലിയ കാറ്റാടി മരങ്ങള്‍ ചുറ്റും വെച്ച്പിടിപ്പിച്ചിരിക്കുന്നു.....ഇരിക്കാന്‍ കല്‍മതിലുകകളും നടക്കാന്‍ ഇഷ്ട്ടിക പാകിയ പാതകളും......കങ്കാരുവിന്‍റെ രൂപത്തില്‍ മനോഹരമായ കച്ചറ ടബ്ബകള്‍ .....
ഇന്‍റെര്‍ലോക്ക് ഉപയോഗിച്ച് തീരം ഭംഗിയാക്കിയിരിക്കുന്നു......... എന്നിട്ടും ചിലര്‍ ചപ്പ് ചവറുകള്‍ ടബ്ബക്ക് ചുറ്റും നിക്ഷേപിച്ചിരിക്കുന്നു.......
കടലിന്‍റെ സ്വാഭാവികത നശിപ്പിക്കപെട്ടിരിക്കുന്നു!!!
പിന്നെ അരയന്‍മാര്‍ തൂറി നിറയ്ക്കുന്നതും.....തുണിയില്ലാതെ ഓടുന്നത്മല്ലേ സ്വാഭാവികത.....റസിയ എന്നെ വീണ്ടും കളിയാക്കി.......
നോക്കു റസിയ.... കടല്‍ മനുഷ്യരെപോലെയാണ്, അതില്‍ ആളെ പിടിച്ച് തിന്നുന്നതും,സസ്യാഹാരിയും, മാംസാഹാരിയും ചെറുതും വലുതും ജീവിക്കുന്നു.... എന്നിട്ടും അതിന് പൊതുസ്വഭാവമായ ഉപ്പ് രസമാണ് ചെറുത് എപ്പോഴും വലുതിനെ ഭയപെടുന്നു.....ശാന്തമായി ഒഴുകുന്ന കടല്‍ പെട്ടന്ന് ഉഗ്രരൂപിയാകുന്നു.....മനുഷ്യരുടെ സ്വഭാവവും ഇത് തന്നെയല്ലേ.....
"ഇക്കാക്കാടെ സാഹിത്യം ഒന്നും എനിക്ക് തിരിയൂല....."
വാപ്പിച്ചി...ദാ.....ഇപ്പൊ സൂര്യന്‍ കടലില്‍ വീഴും.....ശരിയാണ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അന്നത്തെ കര്‍മ്മം കഴിഞ്ഞ് സൂര്യന്‍ അടുത്ത തീരം തേടിപോവും.....
ഇക്കാക്ക ഇത് കാണുന്നില്ലേ......
മോള് മണ്ണില്‍ കളിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുകയാണ്....മണ്ണുകൊണ്ട് അവള്‍ വീട് ഉണ്ടാക്കുന്നു....പൊളിക്കുന്നു.....വീണ്ടും....ഉണ്ടാക്കുന്നു......പൂഴിമണലില്‍ അവളുടെ കാല്‍ ആണ്ട് പോയിരിക്കുന്നു...വസ്ത്രം മുഴുവന്‍ നനുത്ത മണലില്‍ കുളിചിരിക്കുന്നു......
റസിയ അവള്‍ മണ്ണില്‍ കളിക്കട്ടെ..... ചേറും ചെളിയുമായി തൊടിയിലും പറമ്പിലും ഓടിനടന്ന ഒരു കാലം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.....ഇന്ന് അത് അവള്‍ക്ക് നിഷേധിക്കപെട്ടിരിക്കുകയല്ലേ......
ഇത് ഇക്കാക്കാടെ കാലം അല്ല.....അവളേ ചീത്തയാക്കുന്നത് മുഴുവന്‍ ഇക്കാകയാണ്.... റസിയ വീണ്ടും ഗര്‍വിച്ചു......
കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു......പക്ഷികൂട്ടങ്ങള്‍ റ പോലെ വളഞ്ഞ് ലക്ഷ്യസ്ഥാനം നോക്കി പറക്കാന്‍ തുടങ്ങിയിരിക്കുന്നു.....ആളുകളും ചെറിയ കൂട്ടമായി പിരിഞ്ഞ് സ്ഥലം വിടാന്‍ തുടങ്ങിയിരിക്കുന്നു....കപ്പലണ്ടി കച്ചവടക്കാരന്‍ അന്നത്തെ ലാഭം എണ്ണി കണക്കാക്കുന്നു......
ചിലര്‍ മാത്രം കടലിന്‍റെ മുകളില്‍ ചുവപ്പ് രാശി വീഴുന്നതും കാത്ത് നില്‍ക്കുന്നു......
പിരിഞ്ഞ്‌ പോക്കുന്ന ആള്‍ കൂട്ടത്തിന്‍ ഇടയില്‍ നിന്നും.....ഒരു വിളി ഉയര്‍ന്ന് കേട്ടു....
"അത്തറുപെട്ടിക്കാരാ"
ഒരാള്‍ കിതച്ച് കൊണ്ട് തീരത്ത്കൂടി തന്‍റെ നേരെ ഓടിവരുന്നു........അത്തറുപെട്ടിക്കാര അയാള്‍ വിളി ആവര്‍ത്തിച്ചു......
ഹൃദയ സ്പന്ദനങ്ങളുടെ ആവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ആ ശബ്ദം സ്മൃതിപതത്തിലേക്ക് ആഴ്ന്ന് ഇറങ്ങി.....
കൊമ്പന്‍ മീശക്കാരുനും കുട്ടികളുടെ പേടിസ്വപ്നമായ സദുമാസ്റ്റര്‍ നല്‍കിയ പേര്!!!.....അത്തറുപെട്ടിക്കാരന്‍....
സദുമാസ്റ്റര്‍ അങ്ങനെയാണ് ഓരോ കുട്ടിക്കും ഓരോ പേര് ഉണ്ടാകും...വേളൂരി,നത്തോലി, മണങ്ങ്..... ആ പേരുകള്‍ നീണ്ട താണ്.... വാപ്പിച്ച് വാങ്ങി തന്ന ചുവന്ന പ്ലാസ്റ്റിക് പെട്ടിയാണ് അത്തറുപെട്ടിക്കാരന്‍ എന്ന പേര് തനിക്ക് സമ്മാനിച്ചത്......
മീശ വഞ്ചിപോലെ മേല്‍പോട്ട് പിരിച്ച് വെച്ചിരിക്കുന്നു,കതര്‍ ഷര്‍ട്ടും മുണ്ടും ആണ് വേഷം കഞ്ഞിപശയില്‍ മുക്കിയത്കൊണ്ടാകാം വടിപോലെ അവ നില്‍ക്കുന്നത്,മുണ്ടിന്‍റെ തല എപ്പോഴും കൈല്‍ ഉണ്ടാവും!! ഇന്നത്തെ പോലെയല്ല മാഷോളം വലിപ്പമുള്ള കുട്ടികള്‍ ക്ലാസില്‍ ഉണ്ട് തോറ്റു തുന്നംപാടിയവര്‍,മീശവന്നവര്‍....താടി മുളച്ചവര്‍ ... ...
മുണ്ട് മടക്കികുത്തിയവരെ കണ്ടാല്‍ ഒരു അലര്‍ച്ചയാണ്!!" ഇവിടെ വെള്ളപൊക്കം ഉണ്ടോട" ഒപ്പം ചൂരല്‍ ആഞ്ഞ് വീശും!!
ഉച്ചക്ക് ഗോതമ്പ്ഉപ്പ്മാവ് വാങ്ങാന്‍ വരുന്നവര്‍ ആണ് മുതിര്‍ന്നവരില്‍ അധികവും....പലരും അത്താഴപട്ടിണിക്കാര്‍ ... ...കപ്പലണ്ടി പിണ്ണാക്ക് മുഖ്യആഹാരത്തില്‍ ഉള്‍പെടുത്തിയവര്‍ !!!
ചോറ് കൊണ്ട് വരുന്നവരില്‍ അധികവും നായര്‍‍ നമ്പൂതിരി പിള്ളേര്‍ ആയിരിക്കും,ബാക്കി വരുന്ന ചോറ് അവര്‍ ആര്‍ക്കും കൊടിക്കില്ല!!!! പാത്രം അശുദ്ധമാവുമെത്രേ!!!
മാപിപ്ല പിള്ളേര്‍ ആണ് ബാക്കി കൊടുക്കുക.....അധ്വാനം ഇല്ലാതെ പാത്രം മോറികിട്ടും മാത്രമല്ല പെരുമയും!! ചോറ് കൊണ്ട് വരുന്നത് നിസാര കാര്യമാണോ?? ബാര്‍ട്ടര്‍ സിസ്റ്റം നടപ്പാക്കുന്നവരും ഉണ്ട്!! ചോറിന് ഇരട്ടി ഉപ്പ്മാവ്‌ എന്നതാണ് കണക്ക്!
അപ്പുവും വാസുവും ജമാലും മുരളിയും ഒരേ പ്രായക്കാരാണ്,പഠിക്കാത്തവര്‍ക്കുള്ള ബാക്ക് ബെഞ്ചു തന്നെയാണ് അവരുടെ സ്ഥാനവും വാസുവിനു പൊക്കം കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ ബെഞ്ചു ലഭിച്ചത്!!
ജമാലും വാസുവും മുരളിയും ചോറ് കൊണ്ട് വരാറില്ല ഉപ്പ് മാവ് തന്നെയാണ് ശരണം.....
"ഞമ്മള് ഒരു കൂട്ടരാണ്.... ബാക്കി ചോറ് എനിക്ക് തരണേ...." ജമാല്‍ ഒരു നമ്പര്‍ ഇറക്കി നോക്കുകയാണ്..... പക്ഷേ അതിലും വലിയ ആപ്പ് വാസു ഇറക്കിയിട്ടുണ്ടാവും!!!
മലയാളം മുഴുവന്‍ ഞാന്‍ പകര്‍ത്തി എഴുതി തരാം, വീട്ട് കണക്കും ഇംഗ്ലീഷൂം പറഞ്ഞു തരാം.... അതിലും വലിയ വാഗ്ദാനം ജമാലിന് നല്‍കാനാവില്ല....ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് ബേപൂര്‍ സുല്‍ത്താന്‍ പ്രയോഗം ജമാലിന് നല്ലോണം ചേരും.....
ജമാല്‍ പിറുപിറുക്കും" ഹലാക്കിന്‍റെ ഒരു" ഇന്ഗ്രീസ്‌", ആ നായിന്‍റെ മക്കള്‍ ഇന്ത്യന്ന് പോയിട്ടും ഇന്ഗ്രീസ്‌ ഞമ്മളെ മക്കാര്‍ ആക്കുകയാണല്ലോ"
വാളംപുളി നെല്ലിക്ക,റൂബിക്ക മുതലായവ പ്രതിഫലമായി കൊടുത്താല്‍ ഏത് കണക്കും വാസു പറഞ്ഞ് കൊടുക്കും,എന്‍റെ കൈല്‍ നിന്ന് വാസു ഒന്നും വാങ്ങാറില്ല... വാസുവോളം എത്തുകയില്ലങ്കില്‍ലും കുറേശ്ശെ എനിക്കും അറിയാം..... എന്നാലും വാസുനോക്കി ഉറപ്പ് പറഞ്ഞാലേ സദുമാഷ്‌ വരുമ്പോള്‍ മുട്ട് ഇടിക്കാതിരിക്കു.......
ഒരിക്കല്‍ വാസു പറഞ്ഞു.... ഞാന്‍ പഠിപ്പ് നിര്‍ത്തുകയാണ്.... പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ വരില്ല....
എന്തേ......? എല്ലാവരും ഒരിമിച്ചു ആണ് ചോദിച്ചത്..... അച്ഛന് സുഖം ഇല്ല.... ഒരു ബോട്ട്ക്കാരന്‍റെ സഹായിയായിട്ട് പോണം.... അഞ്ചു ഉറുപിക ശമ്പളം കിട്ടും....
ബദീരീങ്ങള്‍ കാത്തു.....സദുമാഷുടെ തല്ല്കൊണ്ടാലും വേണ്ടില്ല... ബാക്കി ചോറ് കിട്ടുമല്ലോ....ജമാല്‍ പിറുപിറുത്തു.....വാസുവിന്‍റെ അച്ഛന്‍റെ അസുഖം കൂടാന്‍ പള്ളിപാട്ടയിലേക്ക് മൂന്ന് അണ നേരുകയും ചെയ്തു.....
അന്ന് പുതിയ വാര്‍ത്ത ക്ലാസില്‍ പരന്നു..... ഹക്കുവിന്‍റെ ചോറില്‍ പശുവിന്‍ നെയ്യ് ഉണ്ട്!!! ക്ലാസില്‍ ഇരിക്കുമ്പോള്‍ പാത്രത്തിന്‍റെ മൂടി ചെറുതായി തുറന്ന് നോക്കും!!! കുത്തരിയുടെയും നെയിന്‍റെയും സമിശ്ര മണം പുറത്തേക്കു ഒഴുകി.....
ജമാല്‍ ആദ്യമേ പറഞ്ഞു വെച്ചു..മുയ്മനും വാസൂന് കൊടുക്കരുത്....കുറച്ച് ഞമ്മക്കും തരണം....
വാസു പഴയ നമ്പര്‍ പുറത്ത് എടുത്തു.... ഹോം വര്‍ക്ക്.....ഇംഗ്ലീഷ്.......
തല്ല് കൊണ്ട് മയ്യത്ത് ആയാലും വേണ്ടില്ല....നെയിട്ട ചോറ് ഞമ്മക്ക് തന്നില്ലങ്കില്‍ വാസുവാണ് മുയ്മനും കണക്ക് ചെയ്യുന്നത് എന്ന് ഞമ്മ മാഷോട് പറയും......
അത്ഭുതം ഉച്ചക്കാണ് സംഭവിച്ചത്!!..... ചോറ്റ്പാത്രം തുറന്നപ്പോള്‍ നെയ്യ് കാണാനില്ല......
ഞാന്‍ ജമാലിനെയും, മുരളിയേയും വാസുവിനെയും തുറിച്ച്‌ നോക്കി!!! കളിക്കാന്‍ വിട്ടപ്പോള്‍ വാസു മാത്രമ്മേ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ!!
" അത് ഓന്‍ അമക്കി"!! ജമാല്‍ വാസുവിനു നേരേ വിരല്‍ ചൂണ്ടി.....
അന്ന് വരെ ഉണ്ടായിരുന്ന സൌഹൃദം മുറിഞ്ഞു..... ആരോപണങ്ങള്‍ ...അട്ടഹാസങ്ങള്‍ ...പോര്‍വിളികള്‍....പോരാട്ടങ്ങള്‍ ...
പ്രശ്നം സദുമാഷിന്‍റെ മുമ്പിലും എത്തി......കപട മീശ ചുരിട്ടി മാഷ്‌ ചോദിച്ചു വാസു എടുക്കുന്നത് ആരങ്കിലും കണ്ടോ??
ജമാല്‍ കണ്ടിട്ടുണ്ട്......
നീ കണ്ടോ?..... ഉപ്പന്‍റെ പോലെയുള്ള കണ്ണുകള്‍ ജമാലിന്‍റെ നേരേ തിരിഞ്ഞു......
ഞാന്‍......ഞാന്‍......ക....ണ്ടു....ക..ണ്ടു......
മാഷിന്‍റെ ചൂരല്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി......
അള്ളോ.....ജമാല്‍ കാറി കരഞ്ഞു......
അത്തറു പെട്ടിക്കാര!!!!!
സദുമാഷ്‌ പൊട്ടിച്ചിരിച്ചു......
ചൂടുള്ള ചോറില്‍ നെയ്യ് ഇട്ടാല്‍ അത് അവിടെ കാണുമോ....പൊട്ടാ.....ഉപ്പയുടെ പോലീസ് ബുദ്ധിയൊന്നും ഇല്ലന്ന് തോന്നുന്നു..... നിന്നേ അത്തറുവില്‍ക്കാനെ കൊള്ളൂ.....
പഴയകാല സ്മരണയില്‍ ഊളയിട്ടത് കൊണ്ടാകാം വന്ന ആള്‍ തന്‍റെ മുമ്പില്‍ പകച്ച് നില്‍ക്കുന്നതും..തുറിച്ച് നോക്കുന്നതും കാണാതെ പോയതും.....ശരീരത്തില്‍ കടല്‍ വെള്ളത്തിന്‍റെ തരിപ്പ് ആഴ്ന്നു ഇറങ്ങിയപ്പോള്‍ ആണ് അയാളുടെ കരവലയത്തിനുള്ളിലാണ് എന്ന ബോധമുണ്ടായത്......
നിന്‍റെ കവച്ച് ഉള്ള നടപ്പ്‌ ഇപ്പോഴും കളഞ്ഞിലല്ലേ!!! ഹ...ഹ...ഹ... ഇനി ഒരിക്കലും കാണില്ലന്നു കരുതിയതാണ്.....കടലമ്മ കാത്തു.....വെളുത്ത് തുടുത്ത് രാജകുമാരനെ പോലെയിരിക്കുന്നു...... നീ പേര്‍ഷ്യയില്‍ ആണോ......എനിക്ക് അവസരം ഒന്നും തരാതെ ചോദ്യവും ഉത്തരവും അയാള്‍ തന്നെ പറഞ്ഞ് തുടങ്ങി......
പെങ്ങളെ ഇത് എന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരനാ.......ഒന്നാം ക്ലാസ്‌ മുതല്‍ ഒന്നിച്ചു പഠിച്ചതാ.....ഈ ശരീരം മുഴുവന്‍ ഇവന്‍റെ ചോറാ..... അയാള്‍ വിതുമ്പാന്‍ തുടങ്ങി.......
പെട്ടന്ന് അയാള്‍ വെട്ടിതിരിഞ്ഞു!!അടുത്ത് കണ്ട ചായകടയിലേക്ക് ഓടി കയറി!!!!
ആരാ ഇക്കാക്ക അത്?
എനിക്ക് അറിയില്ല റസിയ.....
ഇത്രയും അടുപ്പം കാണിക്കുന്ന ആളെ അറിയില്ലന്നോ!!
സത്യം റസിയ എനിക്ക് തിരിഞ്ഞിട്ടില്ല......
വല്ല ഭ്രാന്തനുമായിരിക്കും വാപ്പിച്ചി!!!
അങ്ങനെ പറയല്ലേ മോളേ.....
അയാള്‍ക്ക്‌ ഒരു മാനേഴ്സ് ഇല്ല വാപ്പിച്ചി....കെട്ടിപിടിച്ച് അപ്പിടി അഴുക്ക് ആക്കിയിരിക്കുന്നു.....
ശ്ശ്...ശ്ശ്.....അയാള്‍ കേള്‍ക്കും....
ചേറിലും,ചെളിയിലും ഓടികളിച്ചു ആര്‍ത്തി ഇരമ്പി നടന്ന ഒരു ബാല്യകാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്.....ഈ യുഗത്തിന്‍റെ സന്തതിയായ നിനക്ക്‌ അത് മനസിലാവില്ല മോളേ......കളങ്കമില്ലാത്ത ആ കാലത്തിന്‍റെ മുദ്രയാണ് ഇത്!!
വാപ്പിച്ചിക്ക്.....വട്ടായി എന്ന് തോനുന്നു ഉമ്മിച്ചി!!!
ആ കൊച്ചിനോട് ഇനി വല്ലതും പറഞ്ഞ്കൊടുക്ക്‌!!! അല്ലങ്കില്‍ തന്നെ അവള്‍ പറമ്പില്‍ നിന്ന് കയറുന്നില്ല!!
വലിയ പാത്രത്തില്‍ പഴംപൊരിയും സവാളവടയും ആയി അയാള്‍ അപ്പോഴേക്കും എത്തിയിരുന്നു.....ചൂടുള്ള പലഹാരം വാഴയിലയില്‍ പൊതിഞ്ഞത് കൊണ്ടാക്കാം മൊരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കയറി!!!ആര്‍ത്തിയോടെ അത് തിന്നുമ്പോള്‍ റസിയ രൂക്ഷമായി നോക്കുന്നത് കണ്ടില്ലന്നു നടിച്ചു....
തിന്ന് പെങ്ങളെ..... കഴിക്കു മോളേ.....
അങ്കിളിന്‍റെ പേര് എന്താ?
വാപ്പിചിയോട് ആന പടക്കത്തിന്‍റെ കഥ പറയാന്‍ പറഞ്ഞാല്‍ മതി!! അപ്പൊ അറിയാം...
എനിക്ക് പോകാറായി വേലിയേറ്റത്തിന് മുമ്പ്‌ ഉരു കടലില്‍ ഇറക്കണം.......
അയാള്‍ കൈപടം കണ്ണിന് മുകളില്‍ വെച്ച്‌ അസ്തമയ സൂര്യനെ നോക്കി....
എങ്ങിനെ ഞങ്ങളുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി......
കടലിന്‍റെ മക്കള്‍ക്ക്‌ എല്ലാ തീരവും ഒരു പോലെ.....കുറെ വസിച്ച് കഴിയുമ്പോള്‍ കടലമ്മ
ഞങ്ങളെ അടര്‍ത്തി മാറ്റും വീണ്ടും അടുത്ത തീരം തേടി പോവും.....ഇവിടെ നിന്ന് എന്നാണ് എന്ന് അറിയില്ല.....അമ്മയുടെ മാറ് വിശാലമല്ലേ...നീണ്ട് പരന്നു കിടക്കുകയല്ലേ കാണാമറയത്തോളം അയാള്‍ നെടുവീര്‍പ്പ് ഇട്ടു.......
ചാഞ്ചാടുന്ന വള്ളത്തില്‍ ഇരുന്ന് അയാള്‍ യാത്രമൊഴി നല്‍കി......
അതാണ്‌ എന്‍റെ വീട്..... അടുത്ത തവണ വരുമ്പോള്‍ നമ്മുക്ക് അവിടെ പോണം.....അമ്മുകുട്ടിയാണ് ഹക്കൂ എന്‍റെ അരയത്തി......
ഇപ്പൊ ഇക്കാക്ക് മനസിലായോ?
ഓര്‍മ്മയുടെ മേല്‍ മാറാല വീണുരിക്കുന്നു റസിയ.....ഒന്ന്എനിക്ക് അറിയാം എന്‍റെ മസ്തിഷ്ക്കകോശത്തില്‍ എവിടെയോ അയാള്‍ അള്ളിപിടിച്ചിരിക്കുന്നു......
എന്ത്കൊണ്ട് ഇക്കാക്ക അയാളോട് അന്വേഷിച്ചില്ല.....
അയാളുടെ കണ്ണുകളിലേക്ക് നോക്കിയോ റസിയ??
സ്നേഹത്തിന്‍റെ തിളക്കം ,പ്രതീക്ഷയുടെ പുലരി....
നിഷ്കളങ്കതയുടെ പ്രാകാശം ഒക്കെ കണ്ണുകളില്‍ ഉണ്ട് റസിയ....
ഞാന്‍ എങ്ങാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അയാള്‍ തകര്‍ന്ന് പോകും.....
ഭഗവാന്‍ കൃഷ്ണനെ കാണാന്‍ അവിലുമായി പോയ ഭക്ത കുചേലന്‍റെ കഥ നീ കേട്ടിട്ട് ഇല്ലേ റസിയ.....
അത്തരം ഒരു അവസ്ഥയില്‍ ആണ് അയാള്‍ ......
ഭാരതം കണ്ട ഒരു പക്ഷെ ലോകം തന്നെ കണ്ട ഏറ്റവും ഉദാത്തമായ സൌഹൃദത്തിന്‍റെ കഥ കൂടിയാണ് അത്.........
എന്താണ് വാപ്പിച്ചി കൃഷ്ണഭഗവാന്‍റെയും കുചേലന്‍റെയും കഥ?
വാപ്പിച്ചി രാത്രി പറഞ്ഞ് തരാം....
ഹിന്ദു ധര്‍മ്മത്തിന്റെ കഥ പറഞ്ഞ് കൊച്ചിനെ ചീത്തയാകണ്ട.....ഇക്കാകയുടെ കിറുക്ക് തുടര്‍ന്നോളൂ!!!
ഒരു ധര്‍മ്മത്തിന്‍റെയും കഥ ചീത്തയല്ല റസിയ......അത് ഭാഗം വെച്ച് എടുത്തവരിലാണ് ചീത്തയുള്ളത്.....അത് ഈ യുഗത്തിന്റെ സുകൃത ക്ഷയം കൂടിയാണ്.....
അങ്കിളിനെ ആനപടക്കം വിളിക്കുന്നത്‌ എന്ത്കൊണ്ടാണ്......
സ്മൃതിമരണങ്ങളെ തള്ളിമാറ്റി ആ ആനപടക്കം പൊട്ടിച്ചിതറി......ഓര്‍മ്മയുടെ മേല്‍വീണ മാറാപുകള്‍ ചിതറി തെറിച്ച് പോയി ഒരു സങ്കടതോടെ നോക്കുമ്പോഴേക്കും ആയാളുടെ വള്ളം നേര്‍രേഖയായി കഴിഞ്ഞിരുന്നു അസ്തമയ ചുവപ്പ് ഒരു നിരാളിയേ പോലെ അയാളെ വിഴുങ്ങിയിരുന്നു........
സദുമാസ്റ്റര്‍ ക്ലാസ്സില്‍ ഞാലിപടക്കത്തിന് തീകൊടുത്തപോലെ നില്‍ക്കുകയാണ് എല്ലാ കണ്ണുകളും മാഷിന്‍റെ മുഖത്താണ് മിഴി ഒന്ന് ചലിച്ചാല്‍ ചൂരല്‍ പാഞ്ഞ് വരും..ചിലപ്പോള്‍ ചോക്ക് കഷ്ണം മിസൈല്‍ പോലെ തലയിലേക്ക് പതിക്കും!!!
ജമാല്‍ ആണ് ആദ്യം അത് കണ്ടത്,അവന്‍ അത് മുരളിക്ക് മെല്ലേ കാട്ടികൊടുത്തു.....കഞ്ഞിപശമുക്കി വടിപോലെ നില്‍ക്കുന്ന മാഷുടെ കോളറില്‍ ചുവന്ന കണ്ണും മഞ്ഞ നിറവുമുള്ള ചൊറിയം പുഴു! അത് പഞ്ഞികെട്ട് പോലെ കഴുത്ത് ലക്ഷ്യമാക്കി ചലിക്കുന്നു......
മുരളിപെട്ടന്ന് എഴുനേറ്റു!! മാഷ്‌ന്‍റെ സിമ്പതി പിടിച്ച് പറ്റാന്‍ ഇതിലും നല്ല അവസരം ഇല്ല!!!
മാഷിന്‍റെ പുറത്ത് ഒരു ചൊറിയം "പുഷു"
സദുമാഷിന്‍റെ ചൂരല്‍ ഒരു മൂളിച്ചയോടെ അന്തരീക്ഷത്തിലുടെ പാഞ്ഞു പുഴുവിനെ പോലെ മുരളിയും വേദനകൊണ്ട് കിടന്ന് പുളഞ്ഞു!!
അസത്ത് നാവ് വടിക്കില്ല....നേരേചോവ്വേ പറയടാ.....
പുഷു...പുസു.. എന്നിങ്ങനെ മുരളി മാറിമാറി വിലപിച്ച്കൊണ്ടിരുന്നു.....
ജമാല്‍ ദിവ്യജ്ഞാനം കിട്ടിയപോലെ പെട്ടന്ന്‌ പറഞ്ഞു......
പുസുവും....പുഷുവും ഒന്നുമല്ലട പൊട്ടാ....പുയു ആണട ചൊറിയം പുയു!!!
ചൂരല്‍ മിന്നല്‍ പിണര്‍പോലെ ജമ്മലിന്റെ നേരെ തിരിഞ്ഞു!!!!
മുരളി ആശ്വാസത്തോടെ ജമാലിനെ നോക്കി.........അവന്‍ വിതച്ച വിപത്ത് അവന്‍ തന്നെ തിരിച്ച്‌ എടുത്തല്ലോ.....
അയാളെ ചൊറിയം പുഴു കയറി പണ്ടാരടങ്ങിയാല്‍ മതിയായിരുന്നു......എന്‍റെ മുറുമുറുപ്പ് ഞാന്‍ പോലും അറിയാതെയാണ് ഉച്ചത്തില്‍ ആയി പോയത്.....
സദുമാഷ്‌ എന്‍റെ നേരേ പാഞ്ഞ് അടുത്തു......അപ്രത്യക്ഷമായി ഞാന്‍ മാഷിന്‍റെ ചൂരലില്‍ കയറി പിടിച്ചു....വേദന സഹിക്കാതെ ചെയ്തു പോയത്.....ഫലം ബെഞ്ചില്‍ കയറി നില്‍ക്കാനുള്ള ശിക്ഷ വിധിക്കപെട്ടു!!! ചുവന്ന പെട്ടി ഞാന്‍ തലയില്‍ ചുമക്കണം......അത്തര്‍ ....അത്തര്‍ എന്ന് ഞാന്‍ വിളിച്ച് പറയണം.....
എന്‍റെ തൊലി ഉലിക്കപെട്ടു എനിക്ക് ചുറ്റും ക്ലാസ്‌ വട്ടം കറങ്ങുന്നതായി തോന്നി.... കുട്ടികള്‍ ചിരിക്കുന്നു.... പ്രതേകിച്ചു തുടുത്തകൈയും കൈനിറയെ രോമരാജിയുമുള്ള .....എണ്ണ കറുപ്പുള്ള അമ്മുകുട്ടി.....
പോലീസ്ക്കാരെന്‍റെ മകന്‍ എന്ന പദവി നഷ്ട്ടപെട്ടിരിക്കുന്നു!!
ക്ലാസ്സില്‍ ചോറ് കൊണ്ടുവരുന്നവന്‍ എന്ന സ്ഥാനം കൊഴിഞ്ഞിരിക്കുന്നു.
ചുവന്ന് മനോഹരമായ പെട്ടിയുള്ളത് ഇന്ന് അപമാനിക്കപെടാന്‍ ഇടയാക്കിയിരിക്കുന്നു!!!!
സദുമാഷ്‌ പിന്നേയും പൊട്ടിച്ചിരിക്കുന്നു!!!!" നെയ്യ് തിന്ന് മേദസ് വര്‍ദ്ധിച്ചു കൊഴുത്ത് ഇരിക്കുന്നു കഴുത!!!
പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ തന്നെ വാസുപറഞ്ഞു....വേണ്ടട്ടോ കുഴപ്പം ആവും.....രണ്ട്മാസം കഴിഞ്ഞാല്‍ പഠിപ്പ് മതിയാക്കി ഞാന്‍ പോകും...... നിന്‍റെ കാര്യം അതല്ല.....പേര്‍ഷ്യയില്‍ പോയി വലിയ ആള്‍ ആവേണ്ടതാണ്!!!!
തുലയട്ടെ.....എല്ലാം തുലയട്ടെ.....
ഉച്ച കഴിഞ്ഞ് ആദ്യക്ലാസില്‍ സദുമാഷ്‌ ആണ് വരിക.... കച്ചറ ടബ്ബയില്‍ ആനപടക്കവും അയിനിതിരിയും ചേര്‍ത്ത് വെച്ച് കാത്തിരുന്നു....അയിനിതിരി എരിഞ്ഞു എരിഞ്ഞേ കത്തു.....മൂന്ന് ആനപടക്കം ചേര്‍ത്താണ് വെച്ചിരിക്കുന്നത്....
എന്നാല്‍ അന്ന് വന്നത് സീത ടീച്ചര്‍ ആണ്.....സദുമാഷിന് പകരം വന്നതാണ്......
പണ്ടാരം ഇനി മാറ്റാനും കഴിയില്ലല്ലോ ഞാന്‍ പിറുപിറുത്തു........
ഉഗ്രസ്ഫോടനത്തോടെ പടക്കം പൊട്ടിചിതറി.....പടക്കത്തിന് സമീപം നിന്ന ടീച്ചര്‍ പെട്ടന്ന്ഉള്ള ആഘാതത്തില്‍ സാരിയില്‍ ചവിട്ടിവീണു.....കുട്ടികള്‍ ചിതറി ഓടി തട്ടും മുട്ടും സര്‍വത്ര ബഹളം.....ടീച്ചറുടെ എല്ല് വീഴ്ചയില്‍ പൊട്ടിയിരിക്കുന്നുവെത്രേ.....
സദുമാസ്റെര്‍ ഉഗ്ര രൂപിയായി!!! ആരാണ് ഇത് ചെയ്തത്!!! ആരായാലും അവന്‍ ഈ സ്കൂളില്‍ പഠിക്കില്ല.....കണക്ക് കൂട്ടിയത്തിലും ഭീകരത സൃഷ്ട്ടിചിരിക്കുന്നു......
മാഷിന്‍റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു പുരികം വളഞ്ഞ് തെറിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറച്ച് കൂട്ടിമുട്ടുന്നു....വെത്തില മുറുക്കിയ ചുണ്ടും നാക്കും സ്വത്വത്തേ പോലെ തിളങ്ങി!!!
ഓരോരുത്തരുടെയും അടുത്ത് വന്ന് മാഷ്‌ തുറിച്ച് നോക്കി.....പലരും മുഖം നേരിടാന്‍ ആവാതെ മുഖം താഴ്ത്തി....
എന്‍റെ സകല ധൈര്യവും ചോര്‍ന്ന് പോയി......മാഷ് എന്‍റെ അടുത്ത് വന്നപ്പോള്‍ കൈയും കാലും തളര്‍ന്നുഅത് എന്‍റെ പെട്ടിയില്‍ ഇരുന്ന് പട പട എന്ന് അടിക്കാന്‍ തുടങ്ങി.....
പെട്ടി തുറക്കട അത് ഒരു അലര്‍ച്ചയായിരുന്നു!!!!അയ്നി തിരിയും തീപ്പട്ടിയും തൊണ്ടിയായി കണ്ട് എടുത്തിരിക്കുന്നു!!!
മാഷ്‌ ചൂരല്കൊണ്ടാണോ കൈകൊണ്ട് ആണോ എന്ന് തിരിച്ച് അറിയാന്‍ കഴിയുന്നില്ല....അത്ര രൂക്ഷമായിരുന്നു മര്‍ദ്ദനം!!!
എന്‍റെ അലര്‍ച്ച മിനിട്ടുകള്‍ക്ക് അകം രോദനമായി മാറി.....
സര്‍ പെട്ടന്ന്‌ എല്ലാവരുടെയും ശ്രദ്ധ വാസുവിലേക്ക് തിരിഞ്ഞു!!!!വാസു എഴുനേറ്റ് നില്‍ക്കുന്നു......
ഹകീം അല്ല പടകം വെച്ചത്.....ഞാന്‍ ആണ് സര്‍!!
!
ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി അങ്ങനെ ചെയ്യുകയോ.....
.
വാസുവിന് കാരണം ഉണ്ടായിരുന്നു......എന്നെ നെയ്യ് മോഷ്ട്ടാവ് ആക്കിയതിന് ഞാന്‍ പകരം വീട്ടി.....
തല്ലി തളര്‍ന്നത് കൊണ്ടാവാം വാസുവിന് തല്ല് ഒന്നും കിട്ടിയില്ല പക്ഷെ ഒന്ന് കിട്ടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ്!!!
യാത്രപറയുമ്പോള്‍ വാസു പറഞ്ഞു....
കരയണ്ടട്ടോ....എനിക്ക് അല്ലങ്കിലും രണ്ട് മാസം ഉള്ളൂ....അത് കഴിഞ്ഞാല്‍ ബോട്ടില്‍ പണിക്ക് പോണം അത് രണ്ട് മാസം നേരത്തെയായാല്‍ പത്ത് രൂപ അധികം കിട്ടും....കാസരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അപ്പന് അത് ആശ്വാസമായിരിക്കും....
അല്ലങ്കിലും കടലില്‍ പോവാന്‍ സര്‍ട്ടിഫിക്കറ്റ് എന്തിന്!!!! നീ സ്കൂള്‍ കഴിഞ്ഞാല്‍ പേര്‍ഷ്യയില്‍ പോണം കാസരോഗത്തിനു നല്ലമരുന്ന് ഉണ്ടത്രേ!!! അത് എന്‍റെ അപ്പന് കൊണ്ട് തരണം.....
ചാറ്റല്‍ മഴയത് വാസു ഇറങ്ങി നടന്നു....മഴ നനയാതിരിക്കാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാസു മറയായി പിടിച്ചിരിക്കുന്നു.....
" വാസു സര്‍ട്ടിഫിക്കറ്റ്"
ഇങ്ങോട്ട് വന്നേട....ദ നോക്കി സര്‍ട്ടിഫിക്കറ്റ് കുതിര്‍ന്നിരിക്കുന്നു..... സ്വഭാവത്തിന്‍റെ സ്ഥാനത്ത് സദുമാസ്റ്റര്‍ പച്ചമഷിയില്‍ ബാഡ് എന്ന് എഴുതിയത് അലിഞ്ഞ് പോയിരിക്കുന്നു!!!
സര്‍ട്ടിഫിക്കറ്റ് നാശമായല്ലോ പടച്ചവനെ......
എന്‍റെ മോശസ്വഭാവം അലിയിച്ച് കളഞ്ഞ മഴയല്ലേ..... അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു.... ബാക്കികൂടി കൊളളട്ടെ!!!!
അയാള്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങിനടന്നു......
ഇന്ന് ജൂണ്‍ മാസം...... കഴിഞ്ഞകൊല്ലം ഇതേ മാസമാണ് അവനെ കണ്ടത്....ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കാലവര്‍ഷം മൂലം തകര്‍ന്ന് പോയ സ്നേഹ തീരം കാണാന്‍ അല്ല.......ഏഴാം ക്ലാസില്‍ വാസു കണ്ട പേര്‍ഷ്യയില്‍ പോണം എന്ന സ്വപ്പ്നം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നോ എന്ന് അറിയാനാണ്.......ഉണ്ടങ്കില്‍ .....
വാസു ചൂണ്ടികാണിച്ച സ്ഥലത്ത് ഒരു വീടുപോലും ഇല്ല!!!കടല്‍ സംഹാരതാണ്ഡവമാടിയിരിക്കുന്നു!!! തെങ്ങുകള്‍ ശക്തമായ കട ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് കാണിച്ച് കൊണ്ട് കടലിലേക്ക്‌ തല തല്ലിയിരിക്കുന്നു!!!സ്നേഹതീരത്ത് പാകിയ മനോഹരമായ ഇന്റെര്‍ലോക്ക് ഇഷ്ട്ടികള്‍ തീരത്ത് പുതഞ്ഞ് പോയിരിക്കുന്നു.....പാര്‍ക്കില്ലേ ചെടികളും ടബ്ബകളും കടലില്‍ ഒഴുകി നടക്കുന്നു!!!!
"എന്താ മാഷേ കടലമ്മയുടെ കോപവും അരയന്മാരുടെ ദുരന്തവും കണ്ണിനും ക്യാമറക്കും നല്ല വിനോദം ആണ് അല്ലേ"
ഒരു വൃദ്ധന്‍ തന്‍റെ പുറകില്‍ .....കാലത്തിന്‍റെ വരകളും ചുളിവുകളും അയാളുടെ ശരീരത്തില്‍ രേഖപെടുത്തിയിരിക്കുന്നു......
ഒരു പാളതൊപ്പി അയാള്‍ ധരിച്ച് ഇരിക്കുന്നു തോര്‍ത്ത്‌ പോലത്തെ ഒരു മുണ്ട് അയാള്‍ ബലമായി അരയില്‍ ചേര്‍ത്ത് കെട്ടിയിരിക്കുന്നു!!!കടലിനോട് പോരാടാന്‍ ഇനിയും യവ്വനം ബാക്കി എന്ന മട്ടില്‍ പങ്കായം അയാള്‍ തോളില്‍ വെച്ചിരിക്കുന്നു!!!
" നിങ്ങള്‍ എന്‍റെ വാസുവിനെ അറിയോ"
ഏത്‌ വാസു?
എന്നോടപ്പം ഒന്നാം ക്ലാസ്‌മുതല്‍ പടിച്ചിരുന്നതാണ്....അത്രെയെ എനിക്ക് അറിയൂ.....
ഹ...ഹ...ഹ...അയാള്‍ ചിരിച്ചു ശാന്തമായ ഒരു പരിഹാസം അയാളുടെ മുഖത്ത്.....
ഇവിടെ ഒരു പാട് വാസുമാരും കുമാരന്‍മാരും ഉണ്ട്...... മണല്‍ തരികളോളം വരും അവ ര്‍ !!
"ആ കാണുന്ന സ്ഥലത്താണ് വാസു താമസിച്ചിരുന്നത്"
അയാള്‍ വീണ്ടും ചിരിച്ചു!!!
കാല്സ്രായി ഇട്ടത്‌കൊണ്ട് കാര്യങ്ങള്‍ അറിയണം എന്നില്ല....മാഷേ
ഈ ആണ്ടില്‍ മാത്രം മൂന്നാമ്മത്തെ ക്ഷോഭം ആണ് ഇത്!!!
ഇവിടെയുള്ള കുടിലും ജീവജാലങ്ങളും പറിച്ച് ഏറിയപ്പെട്ടിരിക്കുന്നു!!!
മാഷിന് അറിയോ.....കടലമാകളും കടല്‍കാക്കളും മുട്ടയിടുകയും ഇണ ചേരുകയും ചെയതിരുന്ന മണല്‍ തീരമാണ് ഇത് പാല്‍നിലാവ് അവര്‍ക്ക് വെളിച്ചം പകര്‍ന്നു പാതിരാ സംഗീതം അവക്ക് അകമ്പടി സേവിച്ചു....അവ കൊക്കുരുമിയും കളകളആരവം പൊഴിച്ചും ഈ തീരം സമ്പല്‍സമൃദ്ധമാക്കിയിരുന്നു......അവിടെയാണ് ചാന്തും സിമന്റും ഇഷ്ട്ടികയും ഇട്ട് ഉറപ്പിച്ചത്.....പാര്‍ക്ക്‌ എത്രെ.....പാര്‍ക്ക്‌... പ്ലാസ്ടിക് മാല്യനങ്ങളും.....കാതടപ്പിക്കുന്ന ശബ്ദംകൊണ്ടും ഇവിടെ മലിനമാകുകയായിരുന്നു......
കടലും കായലും കാടും ഒക്കെയാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ മലിനമാക്കപെടുന്നത്....ഈ മനുഷ്യര്‍ക്കു എന്ത് പറ്റി
കലികാലഭൈഭവം തൂത്താല്‍ പോവില്ലല്ലോ.......
കടലാമയും കടല്‍കാക്കയും ഞങ്ങള്‍ ഒക്കെ കടല്ലമ്മയുടെ മക്കളല്ലേ....മക്കളുടെ വേദന അമ്മക്ക് സഹിക്കുമോ....അമ്മ വിശാലമായ കൈയും നീട്ടി തീരത്തേക്ക് വരുന്നു.....ചിലര്‍ ഒക്കെ ഒലിച്ചു പോവുന്നു......നിങ്ങളുടെ വാസുവും അങ്ങന്നെ.....
വാസുമരിച്ചോ?
സാധ്യതയില്ല കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി കടല്‍ക്ഷോഭത്തില്‍ ആരും മരിച്ചിട്ടില്ല!!!!
പിന്നെ വാസു എവിടെ???
കടലമ്മയുടെ മാറ് അതിവിശാലമാണ് അതിന്‍റെ മക്കളെ അത് ഊട്ടുകയും ഉറക്കുകയും ചെയ്യുന്നു....ഒരിടത്ത് അല്ലങ്കില്‍ വേറിരടത്ത്......
ഞാന്‍ കടലിലേക്ക്‌ നോക്കി......പായചുരുള്‍ പോലെ കടല്‍ ഇരമ്പി വരുന്നു.....ഒന്നിന് പുറകെ ഒന്ന് ഒന്നായ തിരകള്‍ ‍.......
ചിലത്‌ തീരത്ത് അടിച്ച് ചിതറി പോവുന്നു.....ആകാശം അമ്മയെ തൊട്ട് ഉരുമി നിക്കുന്നു.....സൂര്യപ്രഭ അമ്മയുടെ മുഖത് അടിച്ച് സ്ഫടികം പോലെ ചിതറി പോകുന്നു.......
അമ്മേ.....അമ്മേ ഞാന്‍ ഉറക്കെ വിളിച്ചു പിന്നെ കൈകൂപ്പി.....എന്‍റെ വാസുവിനെ കാക്കണേ......
എന്‍റെ ശബ്ദ തരംഗങ്ങള്‍ .......അമ്മയുടെ വലിയ ശബ്ദത്തില്‍ തട്ടി ചിതറിപോവുന്നത് ഞാന്‍ അറിഞ്ഞു.....എന്നിട്ടും ഞാന്‍ ആവര്‍ത്തിച്ചു......എന്‍റെ....വാസു...എന്‍റെ....വാസു.....
ചില ബന്ധങ്ങള്‍ മണല്‍ തരിപോലെയാ.....മാഷേ ചേര്‍ത്ത് പിടിക്കാന്‍ ശ്രമ്മിക്കും തോറും ചോര്‍ന്ന് കൊണ്ടേയിരിക്കും.....
ആ വൃദ്ധന്‍ അപ്പോഴും അങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു......

No comments:

Post a Comment