08/07/2012

കുലംകുത്തികള്‍ ...........


File:Devils-from-Rila-monastery.jpg

ശേഖരമാമ മരിച്ചു ഒറ്റ ശ്വാസത്തില്‍ പറഞ്ഞ്കൊണ്ട് നാണുവേട്ടന്‍ ഫോണ്‍ വെച്ചു!അടക്കിപിടിച്ച വാര്‍ത്ത കെട്ടഴിച്ച് വിട്ട നെടുവീര്‍പ്പ് ഫോണിലൂടെ വ്യക്തമായികേള്‍ക്കാം.....ഗ്രാമീണന്‍റെ ശുദ്ധതയോ...അറിവില്ലായ്മയോ എന്ത് ആണ് എന്ന് അറിയില്ല.... വെട്ട് ഒന്ന് തുണ്ടം രണ്ട് എന്ന പ്രകൃതകാരനാണ് നാണുവേട്ടന്‍ എന്ന നാണുവാശാന്‍....ചിലപ്പോള്‍ ഒരു പൊട്ടന്നെ പോലെ തോന്നും!!തനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ നാണുവേട്ടനെ അച്ഛന്‍റെ ഒപ്പം കണ്ടിട്ടുണ്ട്....
ശേഖരവര്‍മ്മ എന്ന കേണല്‍ ശേഖരന്‍ മരിച്ചിരിക്കുന്നു!! ശേഖരവര്‍മ്മ മരിക്കുകയോ!!!? എണ്‍പതാം വയസിലും പത്ത്കിലോമീറ്റര്‍ തുടര്‍ച്ചയായി നടക്കുന്ന കേണല്‍ഉറച്ച മാംസപേശികളും,ഉയര്‍ന്ന നാസികയും വെളുത്ത മീശ ചുണ്ടില്‍ ഒട്ടിച്ച് വെച്ചപോലെയിരിക്കും ചുണ്ടില്‍ സദാസമയവും ചുരുട്ട് പുകഞ്ഞ്കൊണ്ടിരിക്കും...

പഴയ രാജവാഴ്ചയുടെ ഓര്‍മ്മയോ,വര്‍മ്മയുടെ ഗാംഭിരമോ....കാണുന്നവര്‍ അറിയാതെ ഏഴുനേറ്റ്പോവും....പലരോടും ഒരു മൂളല്‍മാത്രമായിരിക്കും മറുപടി,ചിരിച്ചു എന്ന് വരുത്തുക മാത്രമായിരിക്കും ചെയ്യുക,അല്ലങ്കിലും അതിനെ ചിരിയെന്നു പറയാന്‍ കഴിയില്ല ചുണ്ടിന്റെ ഞരമ്പുകള്‍ ഉപയോഗിച്ച് ഒരു തരം കോട്ടല്‍ !!!

നാണുവാശാന്‍ ആയിരിക്കും പലതിനും മറുപടിപറയുക,മറുപടി കൂടുകയോ കുറയുകയോ ചെയ്യാന്‍ പാടില്ല,കട്ടികണ്ണടക് ഇടയിലുടെ തുളഞ്ഞുവരുന്ന നോട്ടംകണ്ടാല്‍ നാണുവാശാനു മനസിലാവും എവിടെയോ പിഴച്ചുവെന്ന് !!!

തനിക്ക് പത്ത് വയസ്സ് ഉള്ളപ്പോള്‍ തന്നെ അച്ഛന്‍ വീട്ടില്‍ ഉണ്ട്,ഇരുപത് വര്‍ഷത്തെ സേവനത്തിനു ശേഷം വര്‍മ്മ തിരിച്ച് വന്നിരിക്കുന്നു!! വീടും പട്ടാളബാരക്കും ഒരുപോലെ തന്നെയാണ് അച്ഛന്‍ കരുതിയിരുന്നത്.....

അച്ഛന്‍ തന്നെ സ്നേഹിക്കുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ല!! ആറുമണിക്ക് വീട്ടില്‍ ഹാജരാകണം, പത്ത്മണിക്ക് ഉറങ്ങണം,വെളുപിനു ഉണരണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിചാല്‍ അതികഠിനമായ ശിക്ഷ!!
സൈനിക സ്കൂളില്‍ ചേരണം എന്നത് അച്ഛന്‍റെ നിര്‍ബ്ബന്ധമായിരുന്നു... ഏതൊരു പൌരനും
ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പട്ടാളത്തില്‍ സേവനം അനുഷ്ട്ടിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു....
സന്തോഷങ്ങളും സങ്കടങ്ങളും അമ്മയോട് ആണ് പറഞ്ഞിരുന്നത്,അച്ഛനില്‍ നിന്ന് എന്തങ്കിലും കാര്യം നടക്കണമെങ്കില്‍ അമ്മ വഴിയെ നടക്കു...
"അമ്മയെങ്ങനെ ഈ പട്ടാളക്കാരനെ സഹിക്കുന്നു?"

കൊട്ടകൈലിനുള്ള അടിയായിരുന്നു മറുപടി!!!
"കേണല്‍ ശേഖരനേ നിങ്ങള്‍ക്ക് അറിയൂ....ശേഖരേട്ടന്നെ അറിയില്ല...."അമ്മയുടെ എപ്പോഴും ഉള്ള പല്ലവി ആ കണ്ണുകള്‍ നിര്‍ജലങ്ങളായിരിക്കുന്നു.....
അച്ഛനുമായി എന്നാണ് ഏറ്റുമുട്ടലിന്‍റെ പാത സ്വീകരിച്ച് തുടങ്ങിയത്‌?....ഗള്‍ഫില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ ആണ് ആദ്യവെടിപൊട്ടിയത്...
" ഈ രാജ്യത്തിന്‍റെ തണലില്‍ വളരുകയും,ഈ മണ്ണില്‍ നിന്ന് വളവും വെള്ളവും വലിച്ച് എടുത്തിട്ട് കായ്ഫലം പുറത്തേക്കോ?"

സംസാരം കാട്കയറിയത് എപ്പോള്‍ ആണ് എന്ന് ഓര്‍മ്മയില്ല....
"ഓസിന് സേവിക്കാന്‍ അല്ല നാട്ടില്‍ പോകുന്നത്!! ഇവിടെ കിട്ടുന്നതിന്‍റെ അഞ്ചും ആറും ഇരട്ടി അവര്‍ നല്‍കുന്നില്ലേ....ഡോളര്‍ ആയും ദിര്‍ഹമായുമല്ലേ അവ ഇന്ത്യന്‍ ബാങ്കില്‍ കുമിഞ്ഞ് കൂടുന്നത്?
അമ്മ ഇടയ്ക്കു കയറിയത് പെട്ടന്നാണ്!
"അച്ഛനോട് ധിക്കാരം പറയാന്‍ മാത്രം നീ വളര്‍ന്നോ?
ഇവിടെ നിന്ന് ആരും എങ്ങോട്ടും പോണില്യ!!
രാത്രിയുടെ ഏതോയാമത്തില്‍ അമ്മതന്നെയാണ് അതും അറിയിച്ചത്!!

അച്ഛന്‍ സമ്മതിച്ച്രിക്കുന്നു..... അവന്‍ പറയുന്നതിലും കാര്യം ഉണ്ടന്ന്‌ അച്ഛന്‍ അമ്മയോട് പറഞ്ഞുവെത്രെ......
അമ്മ തന്‍റെ മുടിക്കിടയിലുടെ കൈവിരലുകള്‍ മെല്ലെ ഇറക്കികൊണ്ടിരുന്നു.....എന്നാണ് എന്‍റെ കുട്ടി ഈ അച്ഛനെയൊന്നു തിരിച്ച് അറിയുക?
"മാധവി എപ്പോഴും കേണല്‍ ശേഖരന്‍റെ വാല് തന്നെ"
ഗുരുത്വദോഷം പറഞ്ഞാല്‍ ഉണ്ടല്ലോ....

അമ്മ വെറുതെ ചൂടാവുന്നത് നോക്കി കിടന്നു....
അമ്മയുടെ ദേഷ്യത്തിനും എന്ത് വാത്സല്യമാണ്

യാത്രഒരുക്കങ്ങള്‍ക്ക് ഓടിനടക്കുന്ന അച്ഛനെ അത്ഭുതതോടെയാണ് നോക്കിയത്!! ഈ അച്ഛന് എന്ത് പറ്റി? ഹിറ്റ്ലര്‍ എന്ന് ഓമനപേരുള്ള അച്ഛന്‍റെ ഉള്ളിലേക്ക് സവധാനം ഇറങ്ങി ചെല്ലുകയായിരുന്നു.....രണ്ടായിരം ഉറുപിക കൈല്‍ വെച്ച് തരുമ്പോള്‍ അച്ഛന്‍ പറഞ്ഞു....വഴിചിലവിന് ഇരിക്കട്ടെ.... ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ?....ഹേയ് എനിക്ക് അങ്ങന്നെ തോന്നിയത് ആയിരിക്കാം.... കേണല്‍ വര്‍മ്മ ഒരിക്കലും കരയില്ല.....

സീതയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുപ്പോള്‍ ആണ്, അടുത്ത കലാപകൊടി അച്ഛന്‍ ഉയര്‍ത്തിയത്!
വിവാഹം കുട്ടികളിയല്ല!!അഞ്ചുപെണ്‍മക്കള്‍ ഉള്ള വീട്ടിലേ മൂത്തകുട്ടിയെ വേളികഴികുക എന്ന്പറഞ്ഞാല്‍ കുരിശ് സ്വയം വരിക്കുന്നതിനു തുല്യമാണ്!!!

തന്‍റെ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ കേണല്‍ പതറുന്നത് പലപോഴും കണ്ടു.... കേണലിന്‍റെ പരാജയം താന്‍ ആസ്വദിക്കുകയായിരുന്നില്ലേ?കുട്ടികാലത്തേ നിയന്ത്രണങ്ങള്‍ക്ക് മധുരമായ പ്രതികാരം....ആവൊ ആര്‍ക്ക് അറിയാം
ഒരിക്കല്‍ ലീവിന്‌ വന്നിരിക്കുമ്പോള്‍ ഇടിവെട്ട്പോലെയായിരുന്നു ആ ചോദ്യം....

നിനക്ക് ഫാമിലി സറ്റാററസ് ഇല്ലേ?

ഉവ്വ്....

എന്നിട്ട് എന്ത്കൊണ്ട് സീതയെയും കുട്ടികളെയും കൊണ്ട്പോകുന്നില്ല....
അമ്മയുടെ.... അടുത്ത്..... ആരും ഇല്ല......

ആണ്ടില്‍വന്ന് ഇണചേര്‍ന്ന്പോവാന്‍ ഇവിടെ ആരും ഗിന്നി പന്നികളെ വളര്‍ത്തുന്നില്ല.....സീതയും കുട്ടികളും മനുഷ്യജന്മമാണ്!!!

അമ്മയുടെ വാതരോഗം.......

അത് സാരമില്ല അവര്‍ക്ക് ഞാന്‍ ഉണ്ട്....ഈ പ്രപഞ്ചത്തിലുള്ള സകലചരാചരങ്ങളും വിധിക്ക് അനുസരിച്ചാണ് ചലിക്കുന്നത്....... മകന്‍ എന്നത് ഒരു നിമിത്തം മാത്രമാണ്!!!

അച്ഛന്‍റെ ചിതക്ക് തീകൊളുതുമ്പോഴും ഒരു പുതിയ ചിന്തയുടെ തീനാമ്പ് മുളപൊട്ടിയിരുന്നു....
അമ്മയെ ഇനി എന്ത് ചെയ്യും....
ഇത്രയും നാള്‍ അച്ഛന്‍ ഒരു ആല്‍മരം പോലെ നിന്നിരുന്നു....ഇനി എന്ത്... സീത തീര്‍ത്തു പറഞ്ഞു അമ്മയെ ഗള്‍ഫിലേക്ക് കൊണ്ട്വരാന്‍ കഴിയില്ല,അവള്‍ പ്രശ്നങ്ങളുടെ വിഴുപ്പ് ഭാണ്ഡം കെട്ടുഅഴിച്ച് വിട്ടു....

അവളുടെ ജോലി.....രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം.... രണ്ട് മുറികള്‍ മാത്രമുള്ളഫ്ലാറ്റ്‌.....അമ്മക്ക് ആണങ്കില്‍ കുഴമ്പും കഷായവും......ഗള്‍ഫില്‍ ഇത് പ്രായോഗികമല്ല പ്രായോഗികമായ ഒരു മാര്‍ഗം അവള്‍ തന്നെയാണ് പറഞ്ഞത്!!
വൃദ്ധസദനം!!!!

അപ്പുവും മീനുവും അമ്മുമ്മയുടെ കൂടെ കൂടിയിരിക്കുകയാണ്,അവര്‍ അച്ചന്‍ന്‍റെ വേര്‍പാട് മറന്നുപോയിരിക്കുന്നു
....ഇടക്ക്എന്തോപറഞ്ഞ് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു...

കഥ തന്നെയാണ് അപ്പുവിനും മീനുവിനും ഇഷ്ട്ടം... ശ്രീരാമന്‍റേയും സീതയുടെയും കഥ അമ്മ തന്മയതോടെ പറഞ്ഞ്കൊടുക്കുന്നത് കേട്ടു കിടന്നു അമ്മ എത്രയോ പ്രാവശ്യം തനിക്ക് ആ കഥ പറഞ്ഞ് തന്നിരിക്കുന്നു....ഉപേക്ഷിക്കപെടുന്നവരുടെ കഥ പറയാന്‍ ഈ അമ്മക്ക് എന്താ ഇത്ര നിര്‍ബ്ബന്ധം!!! ഞാന്‍ അസ്വസ്ഥനായി....

എന്തിനാണ് അമ്മുമ്മേ ഭൂമി പിളര്‍ന്ന് മാറിയത്?
അപ്പുവിന് അത് ഇപ്പൊ മനസിലാവില്ല!!.....

ചില തീരുമാനങ്ങള്‍ ശരിയായിരിക്കാം എന്ന തോന്നല്‍ നമുക്ക് ഉണ്ടാവാം..... എന്നാല്‍ അത്തരം തീരുമാനങ്ങള്‍ ഭൂമിമാതാവിന്‍റെ മാറ്പോലും പിളര്‍ത്തും എന്ന് അറിയുക....
വൃദ്ധസദനം എന്നത് ഒരു മരവിപ്പോടെയാണ് അമ്മ കേട്ടത്....രക്തം വാര്‍ന്ന്പോയപോലെ ആ മുഖം വിളറിയിരുന്നു.....
"അച്ഛന്‍റെ ...അസ്ഥിതറയില്‍..... ആര്..... വിളക്ക് കൊളുത്തും?"
അത് ആരെങ്കിലും കൊളുത്തിയാല്‍ പോരെ!! സീതയുടെ അക്ഷമത അറിയാതെ പുറത്ത് ചാടി....
അമ്മയുടെ ദൃഷ്ടി അസ്ത്രം പായുന്നപോലെ സീതയുടെ നേരെ പായുന്നത് ഞാന്‍ കണ്ടു....
അമ്മേ അവള്‍ ഉദ്ദേശിച്ചത് നാണുവേട്ടന്‍ അത്ചെയ്യും എന്നാണ്.....ഞാന്‍ ഇടക്ക് കയറി....

ഉം....
വീട് പൂട്ടുമ്പോള്‍ അച്ഛന്‍റെ കുഴിമാടത്തിലേക്ക് അമ്മ കാതരയായി നോക്കുന്നത് കണ്ടില്ലന്ന് നടിച്ചു......

"ഞാന്‍ പോണു ശേഖരേട്ട.....അല്ലങ്കിലും ശേഖരേട്ടന്‍ ഇല്ലാത്തിടത്ത് എനിക്ക് എന്ത് കാര്യം....
അസ്ഥിതറയില്‍ വിളക്ക്കൊളുത്താന്‍ നാണുവിനെ ഏല്‍പ്പിച്ചിട്ടുണ്ട്.....നാണു അത് ചെയ്തില്ലങ്കിലും അങ്ങയുടെ വെളിച്ചം ഈ നെഞ്ചിന്‍ കൂടിനുള്ളില്‍ ഉണ്ടാവും....."

അങ്ങ് പറയാറില്ലേ വാസുവിനേ വേദനിപ്പിക്കരുതന്നു.....ഞാന്‍ ഇവിടെ താമസിക്കണം എന്ന് വാശിപിടിച്ചാല്‍ വാസുനു അത് വലിയ വിഷമം ആവും....അവന്‍റെ ലീവിന് ഞാന്‍ വരാം....എന്‍റെ വാസുനേ ശപികരുതേ....ശേഷക്രിയ ചെയ്യാന്‍ അവന്‍ എത്തിയല്ലോ അത് തന്നെ വലിയ കാര്യം അല്ലേ.......

എന്താ അമ്മുമ്മേ പിറുപിറുക്കുന്നത്?
ഒന്നുമില്ല എന്‍റെ അപ്പുവേ... അപ്പു വലുതാവുമ്പോള്‍ ഡോക്ടറും എന്‍ജിനീയറുംമൊന്നുമാവേണ്ട കെട്ടോ....കൃഷിക്കാരന്‍ ആയാല്‍ മതി....അങ്ങനെ മണ്ണിന്‍റെ മണമുള്ള മനുഷ്യന്‍ ആവാം....അച്ഛനെയും അമ്മയെയും പാതിവഴിയില്‍ ഉപേക്ഷികേണ്ടിവരില്ല....
പുഞ്ചിരി എന്ന വൃദ്ധസദനത്തിലേക്ക് കയറുമ്പോള്‍ ഒരു മദ്ധ്യവയ്സ്ക്ക്ന്‍ ഓടി വന്നു.... ഞാന്‍ പുഞ്ചിരി പുരുഷോത്തമന്‍പിള്ള..... പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ അയാള്‍ വിശാലമായി ചിരിചു  ....
പുഞ്ചിരി എന്ന പേര് നന്നായിരിക്കുന്നു!!!വൃദ്ധ ജനങ്ങളുടെ പുഞ്ചിരി.... ഒരു ഔപചാരികതക്ക് വേണ്ടി ഞാന്‍ തുടക്കമിട്ടു.....
ഹ്ഹ്ഹ് വാസ്തവത്തില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് വൃദ്ധജനങ്ങളുടെ പുഞ്ചിരിയല്ല സര്‍,ഡോക്ടറും എന്ജിനിയറും ഐ ട്ടി പ്രൊഫഷണലുകളുമായ അവരുടെ മക്കളുടെ പുഞ്ചിരിയാണ്...
.തിരക്ക് ഏറിയ ജീവിതത്തില്‍ വൃദ്ധജനങ്ങള്‍ ഒരു ബാധ്യതയാണ്!!!തൂറിക്കണം...മുള്ളിക്കണം....ഉറക്കണം ഊട്ടണം....എന്തൊക്കെ പൊല്ലാപ്പുകള്‍ ഇനൊക്കെ കുറഞ്ഞ ചിലവില്‍ ഒരു പരിഹാരം..അതേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ!!!
ഇന്ന് സാറ് വന്നത് നന്നായി,ഞങ്ങളുടെ സേവനങ്ങള്‍ നേരിട്ട് കാണുന്നതിന് അവസരമുണ്ട്,ഒരു അമേരിക്കന്‍ മലയാളിയുടെ അമ്മ മരിച്ചിട്ടുണ്ട്! വരൂ അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഏര്‍പെടുത്തിയ സൌകര്യങ്ങള്‍ കാണു....
നോക്കു....ചടങ്ങുകള്‍ ഞങ്ങള്‍ ലൈവ് ആയി കാണിക്കുകയാണ്,പിക്ക്‌ച്ചറിന്റെ ക്ലാരിറ്റിക്ക് വേണ്ടി ഏറ്റവും ആധുനിക ക്യാമറകളും മ്യുസിക്ക് സിസ്റ്റവും ആണ് ഉപയോഗിക്കുന്നത്,കര്‍മ്മങ്ങള്‍ ചെയ്യുന്നത് ടെലിവിഷന്‍ താരമായ ജ്യോതിഷിയാണ്,മന്ത്രങ്ങള്‍ അവര്‍ക്ക് അമേരിക്കയില്‍ ഇരുന്ന് ഉരുവിടാം.....
ഇതിന്‍റെ വീഡിയോയും ചിതാഭസ്‌മവും കൊറിയര്‍ വഴി അയച്ച് കൊടുക്കും....
ആ കരയുന്നത് ആരാണ്?
ഒരു കരച്ചില്‍ ഇല്ലങ്കില്‍ മരണ വീഡിയോ ഒരു ഭംഗിയുണ്ടാവില്ല! മാത്രമല്ല ഒരു ഹോം ഫീലിങ്ങും ഉണ്ടാവില്ല!!
ഇവര്‍ഒക്കെ സിനിമയില്‍ അഭിനയിക്കുന്നവരാ!! സാറ് കണ്ടിട്ടില്ലേ നായികയുടെ കൂടെ ആടുകയും പാടുകയും ചെയ്യുന്നവര്‍ ..കാശ് ഇത്തിരികൂടിയാലും ഭംഗിയായി അവര്‍ കരയും....പണ്ടും കീഴ്ജാതിക്കാര്‍ കരയുന്ന ആചാരം നാട്ടില്‍ ഉണ്ടായിരുന്നു....അപരിഷ്കൃതം എന്ന് പറഞ്ഞ് നാം ഉപേക്ഷിച്ചതാണ് വാസ്തവത്തില്‍ ഇപ്പോള്‍ ആണ് അത് ആവശ്യമായിരിക്കുന്നത് വിലകൂടിയ ഡ്രെസ്സും മേക്കപ്പും ഇട്ട് നടക്കുന്ന മക്കള്‍ക്കും മരുമക്കള്‍ക്കും,കരയല്‍ ഒരു പൊല്ലാപ്പ്‌ തന്നെ!! ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന് കേട്ടിട്ടില്ലേ സര്‍!! പുരുഷോത്തമന്‍പിള്ള വീണ്ടും ചിരിച്ചു....
മന്ത്രിയും എം എല്‍ യും ഒക്കെ വന്നിട്ട് ഉണ്ടല്ലോ,രാഷ്ട്രിയ പാരമ്പര്യം ഉള്ള കുടുംബം ആയിരിക്കും അല്ലേ?
ഹ്ഹ്ഹ് സാറിനോട് ഉള്ളത് പറയാലോ, വീട്ട്ക്കാര്‍ക്ക് മന്ത്രിയും എം എല്‍ യും വേണം എന്ന് വലിയ നിര്‍ബന്ധം..... സ്ഥിരം മന്ത്രിക്ക് വലിയ തിരക്ക്, അല്ലാത്തവരെ പെട്ടന്ന് എങ്ങന്നെ ഒപ്പിക്കാന്‍!!! പിന്നെ ഒരു അഡ്ജസ്റ്റ്മെന്‍റെ് ആണ് റ്റിവിയില്‍ ആന്‍റെണിയെയും അച്ചുതാനന്ദന്നേയും അവതരിപ്പിക്കുന്നവരെ കണ്ടിട്ടില്ലേ അവരാ അത്, ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ സാറേ കാന്നുന്നവരെ ആസാക്കാന്‍ ഇതൊക്കെ മതി അല്ലങ്കിലും മരണ വീഡിയോ ആരാ അടിമുതല്‍ മുടിവരെ കാണുന്നത് ഹ്ഹ്ഹ് പുരുഷോത്തമന്‍പിള്ള പിന്നെയും ചിരിച്ചു......
പുഞ്ചിരിയില്‍ നിന്ന് മടങ്ങുമ്പോള്‍ അയാളുടെ പുഞ്ചിരി നഷ്ട്ടപെട്ടിരുന്നു....എക്സികുട്ടിവ്‌ സൗകര്യം ആണ് അമ്മക്ക് ഏര്‍പ്പെടുത്തിയത് എന്നിട്ടും.....എന്തേ ഇങ്ങനെ..... സീതപോലും വിങ്ങിപൊട്ടിയിരിക്കുന്നു......അപ്പുവും അമ്മുവും ഒന്നും മിണ്ടുന്നില്ല ,ഒരു പറിച്ചുനടലിന്‍റെ തീവ്രത അവരുടെ മുഖത്ത് എഴുതി വെച്ചിരിക്കുന്നു......ആകാശം മേഘാവൃതമായിരിക്കുന്നു....ശക്തമായ മഴ തുടങ്ങിയിരിക്കുന്നു ഗ്ലാസില്‍ വീഴുന്ന വെള്ളം വൈപ്പെര്‍ മെല്ലേ തുടച്ച് മാറ്റികൊണ്ടിരുന്നു.....എന്നിട്ടും ദൂരകാഴ്ച കിട്ടുന്നില്ല ശക്തമായ മായ മഴക്കാറ് ഇരുട്ട് സൃഷ്ട്ടിച്ചിരിക്കുന്നു..ഒരു പക്ഷേ അമ്മ പോയ ഇരുട്ട് ആയിരിക്കാം തനിക്ക് ചുറ്റും......
ആരാണ് തന്‍റെ തലയോടുന്നത്‌......അമ്മയാണോ...? തലമുടികള്‍ക്ക് ഇടയിലുടെ കൈവിരല്‍ കൊര്‍ന്നു ഇറങ്ങുന്നു.....എന്തൊരു സുഖമുള്ള അനുഭവം.....അമ്മ എങ്ങനെ വണ്ടിയില്‍ കയറി പറ്റി....അമ്മയെ പുഞ്ചിരിയില്‍ ആക്കിയാതാണല്ലോ.....അയാളുടെ ചിന്തകള്‍ക്ക് ചൂട്പിടിക്കുന്നത്‌ അയാള്‍ പോലും അറിഞ്ഞില്ല......അമ്മയല്ലല്ലോ അച്ഛന്‍ ആണ് അത്....അച്ഛന്‍ വല്ലാതെ ക്രുദ്ധനായിരിക്കുന്നു....."മകന്‍ എന്നത് ഒരു നിമിത്തം മാത്രമാണ്,അവനില്‍ മാത്രം പ്രതീക്ഷിക്കുന്നവന്‍ വിഡ്ഢികള്‍ ആവും അല്ലേ വാസു....
അയാളുടെ ശരീരം വിറയല്‍ ബാധിച്ചു.....തനിക്ക് ചുറ്റും ഉള്ളവര്‍ തന്നെ എന്തിനാണ് തുറിച്ച്‌ നോക്കുന്നത്!!!അമ്മയെ പെരുവഴിയില്‍ ഉപേക്ഷിച്ചത്കൊണ്ടല്ലേ അവര്‍ തുറിച്ച്‌ നോക്കുന്നത്!!!
ഞാന്‍.....കേവലം നിമിത്തം മാത്രമാണോ....അല്ല.....അല്ല.....അയാള്‍ പിറുപിറുത്തു.... അയാള്‍ അപ്പുവിനെയും അമ്മുവിനെയും നോക്കി....
അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു......
ഡാഡിക്കും മമ്മിക്കും വയസായാല്‍ ഞങ്ങള്‍ ഇവടെയാണ്
കളയേണ്ടത് അല്ലേ ഡാഡി!!!
ആ സംശയത്തിന് അകമ്പടിയെന്നോണം ശക്തമായ ഇടിവെട്ടി...കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അയാള്‍ക്ക്‌ ചുറ്റും പറന്നു ഒരു വിറയലോടെ അയാള്‍ അപ്പുവിനെയും അമ്മുവിനെയും നോക്കി.....ഹോ.....അപ്പുവിന് രണ്ട് കൊമ്പ് മുളച്ചിരിക്കുന്നു.....ചുവന്ന നാവ് പുറത്തേക്കു ഞാണ്കിടക്കുന്നു രക്തം ആ നാവില്‍ നിന്ന് ഇറ്റ് വീഴുന്നു.....നീണ്ട നഖങ്ങള്‍ നീട്ടുകയും ചുരുക്കുകയും ചെയ്യുന്നു സീതയെയും തന്നേയുംമല്ലേ അവര്‍ നോട്ടമിടുന്നത്!!!!
പെട്ടന്ന് ഒരു മിന്നല്‍ അയാളുടെ തലചോറിലൂടെ കടന്ന് പോയി,കണ്ണഞ്ചിപ്പിക്കുന്ന അതിന്‍റെ പ്രകാശത്തില്‍ അയാള്‍ അത് കണ്ടു കേണല്‍ വര്‍മ്മ കാറിന് മുമ്പില്‍ തടസമായി കൈല്‍ റിവാള്‍വറുമായി നില്‍ക്കുന്നു!!!!
"ഹ്ഹ്ഹ്.....ഏതൊരു മകനും നിമിത്തം ആണ് എന്ന് ഞാന്‍ പറഞ്ഞത് അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ആണ്,അവരെ ഉപേക്ഷിക്കുന്ന കാര്യത്തില്‍ അല്ല!! നിന്നെ ഞാന്‍ വിടില്ല നീ ക്രൂരനായ മകന്‍ ആണ്,നിന്‍റെ മുമ്പില്‍ ഓരോ പ്രാവശ്യവും ഞാന്‍ തോല്‍ക്കുകയായിരുന്നു....ഇനി അത് ഉണ്ടാവില്ല....." കേണല്‍ വര്‍മ്മ റിവാള്‍വര്‍ ചൂണ്ടി....
അയാളുടെ കാര്‍ ബ്രേക്കില്‍ അമര്‍ന്നു പിന്നെയത് വെട്ടി തിരിഞ്ഞു.....ഹ്ഹ്ഹ്ഹ് എങ്ങോട്ട് തിരിഞ്ഞാലും നിനക്ക് രക്ഷപെടാനാവില്ല വാസു.... ഞാന്‍ നിന്‍റെ മനസാക്ഷിയാണ്.....വര്‍മ്മ പിന്നേയും ചിരിക്കുന്നു........
ഇല്ല ഞാന്‍ ഈ നുറ്റാണ്ടിന്റെ പുത്രനാണ് കാര്യങ്ങള്‍ പ്രാക്റ്റിക്കലായി വിലയിരുത്തുകയും നടപാക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് നിങ്ങളെ ഞാന്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും അയാള്‍ കോപംകൊണ്ടു അലറിവിളിച്ചു പിന്നെ വര്‍മ്മയെ ലക്ഷ്യമാക്കി കാര്‍ പായിച്ചു........
അടുത്ത ദിവസം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു,കേണല്‍ വര്‍മ്മയുടെ മകനും കുടുംബവും കാറപകടത്തില്‍ കൊല്ലപ്പെട്ടു....മനോവിഭ്രാന്തി മൂലം കൊക്കയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പ്രത്യേകം എഴുതിയിരുന്നു...
കടമ നിറവേറ്റിയ മകന്‍ എന്ന പേരില്‍ വാസുദേവ വര്‍മ്മയെകുറിച്ചും ഒരു വാര്‍ത്തയുണ്ടായിരുന്നു....അതില്‍ അമ്മയെ സംരക്ഷിക്കുന്നതിന് വേണ്ടി പുഞ്ചിരിയില്‍ ഏല്‍പ്പിച്ച കഥ പൊടിപ്പുംതൊങ്ങലും വെച്ച് എഴുതിയിരുന്നു.....
വാര്‍ത്ത വായിച്ചു പുരുഷോത്തമന്‍ പിള്ള പുഞ്ചിരിച്ചു പിന്നെയത് ഒരു പൊട്ടിച്ചിരിയായി മാറി.......



...

No comments:

Post a Comment