25/07/2012

ബഫൂണുകളുടെ പ്രവാസം.....

പ്രമാണം:Babur.jpg 
ബെഡ്‌റൂം ലാമ്പ്‌ന്‍റ അരണ്ട വെളിച്ചത്തില്‍ അയാള്‍ അവളെ സാകൂതം നോക്കി....അന്ന്‍ ധരിച്ച ഉടയാടകള്‍ പോലും മാറിയിട്ടില്ല! യാത്ര കഴിഞ്ഞ ഉടനെ കട്ടിലില്‍ വന്ന് വീഴുകയായിരുന്നു.....പള പള മിന്നുന്ന സാരിയും ബ്ലൌസും സ്ഥാനം മാറികിടക്കുന്നു, ആവശ്യത്തില്‍ കൂടുതല്‍ മാംസളത ഉള്ളത് കൊണ്ടാകാം ബ്ലൌസ് ഇലാസ്റ്റിക് പോലെ വലിഞ്ഞു നില്‍ക്കുന്നു,ചെറിയ വിടവ്കളിലൂടെ മാറും മുലയും തള്ളി തുറിച്ച് നില്‍ക്കുന്നു!!

പൌരപ്രമുഖനും വ്യവസായിയുമായ കാദര്‍ ഹാജിയുടെ മകള്‍ ഒസ്സാന്‍ കോയയുടെ മരുമകള്‍ ആയിരിക്കുന്നു, അതായത് ഈ അയ്യൂബിന്‍റ ഭാര്യയായിരിക്കുന്നു......

ഇത് ഒരു വിജയം ആണ്,തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മേലുള്ള വിജയം!!ഒസ്സാന്‍ അയൂബിനും ആളാവാന്‍ കഴിയുമെന്ന്‍ കാലം തെളിയിചിരിക്കുന്നു...അല്ല താന്‍ മാലോകരെ അറിയിച്ചിരിക്കുന്നു!!

1001 കാറുകളുടെ അകമ്പടി,ശിങ്കാര മേളം,അറബനമുട്ട്,ഗാനമേള,ഒപ്പന....നാട് മുഴുവന്‍ ക്ഷണം....ഇന്ന് വരെ ഗ്രാമം കാണാത്ത ഭക്ഷണ രീതികള്‍......

അയ്മുട്ടിഹാജിയുടെ വീടിന് മുമ്പിലൂടെ വാഹന വ്യുഹം കടന്ന് പോകുമ്പോള്‍, താന്‍ തല ഉയര്‍ത്തിപിടിച്ച്  കല്ല്യാണപെണ്ണിനെ ഒന്ന് കൂടി നോക്കി,ഒരു മൊബൈല്‍ ജ്വല്ലറിപോലേയാണ് അവളും.....ആളുകള്‍ ആഭരണങ്ങള്‍ ആണോ വധുവിനെയാണോ നോക്കുന്നത് എന്ന് സംശയിച്ചു!!!   

എങ്കിലും അയ്മുട്ടി ഹാജിയുടെ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ ഉള്ള്ഒന്ന്പിടഞ്ഞു..അവിടെ തന്‍റെ നൂര്‍ജു നില്‍പ്പ് ഉണ്ടോ.... തന്‍റെ മാത്രം സ്വന്തമായിരുന്ന നൂര്‍ജു....ഇക്കയില്ലങ്കില്‍ ഞാന്‍ ഉണ്ടാവില്ല എന്ന് ആണയിട്ട നൂര്‍ജു......

രണ്ട് ആളുകള്‍ മാത്രം മഹല്ലില്‍ നിന്നും വന്നില്ല,ഒന്ന് നൂര്‍ജുവിന്‍റ വാപ്പിച്ചി അയമുട്ടി ഹാജിയും,മറ്റത് തന്‍റെ കൂടപിറപ്പ് പോലേ കരുതിയിരുന്ന മമ്മുവും...അയമുട്ടി ഹാജി വരാത്തത് മനസ്സില്‍ ആക്കാം.....എന്നാല്‍ മമ്മു......

ഇത് കല്ല്യാണമല്ല, ആയിരക്കണക്കിന് പാവപെട്ട പെണ്‍കുട്ടികളുടെ നെഞ്ചിനുള്ളിലുടെയുള്ള തേരോട്ടം ആണ്, ഐശ്വര്യത്തിന്‍റെ മാലാഖമാര്‍ ഇറങ്ങാത്ത ഈ സദസില്‍ മമ്മുവിനെ പ്രതീക്ഷിക്കരുത്.....അവന്‍ നയം വ്യക്തമാക്കി...

ഇന്നലെ അവന്‍റെ ലേഖനപരമ്പരയും തുടങ്ങിയിരിക്കുന്നു,ബഫൂണുകളുടെ പ്രവാസം എന്നാണ് പേര് എങ്കിലും,തന്നെ ഫോക്കസ് ചെയ്യുന്നു എന്ന് ഏതു ഗ്രാമവാസിക്കും തോന്നാം...ഇനിയും രണ്ട് ഭാഗങ്ങള്‍ കൂടിയുണ്ട്,അവന്‍ തന്‍റെ പേര് പരാമര്‍ശിക്കുമോ എന്തോ?? അവന്‍റ സ്വഭാവം അതാണ്‌,ആരെയും കൂസാത്ത പ്രകൃതം,കാര്യങ്ങള്‍ തുറന്ന് അടിച്ച് പറയുകയും,എഴുതുകയും ചെയ്യുന്ന, മാധ്യമ ലോകത്ത്‌ നിരവധി ശത്രുകളെ അവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു....ഈ ലേഖനം കഴിയുമ്പോള്‍ എന്‍റെ മമ്മുവും എനിക്ക് ശത്രുവായി തീരുമോ......

മമ്മുവിനു എഴുത്ത് എഴുതാന്‍ ഇരുന്നപ്പോള്‍.ഒരു ആമുഖത്തിന് വേണ്ടി അയാള്‍ തപ്പി തടഞ്ഞു......

പ്രിയ മമ്മു.....

നിന്‍റെ ലേഖനം ഞാന്‍ വായിച്ചു. ബഫൂണുകളുടെ പ്രാവസം എന്നിടത്ത് അയൂബിന്‍റ പ്രവാസം എന്ന് എഴുതിയാലും ഞാന്‍ പിണങ്ങില്ല....ഇത് എന്‍റെ വിജയം ആണ്... ഞാന്‍ ഈ വിജയത്തിന്‍റെ ലഹരിയിലും....എന്നെപോലേയുള്ളവരെ ബഫൂണുകള്‍ ആക്കിയതിന് നിയടക്കമുള്ള സമൂഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.... അത് തുടന്ന്ള്ള ഭാഗങ്ങളില്‍ വിട്ട്പോകാതിരിക്കാന്‍ ആണ് ഈ ഓര്‍മ്മപെടുത്തല്‍...

എന്ത് തെറ്റ് ആണ് ആയൂബ് നിങ്ങളോട് ഞാന്‍ ചെയ്തത്,ചെറിയ ക്ലാസ്‌ മുതല്‍ ഒന്നാം റാങ്ക്‌ വാങ്ങി ബിരുദാനന്തര ബിരുദം നേടിയതോ? ജോലിക്ക് വേണ്ടി കയറി ഇറങ്ങാത്ത വാതിലുകളില്‍ ഇല്ല, സമുദായപ്രമാണിമാരില്ല,..... എല്ലാവര്‍ക്കും വേണ്ടത് പണമായിരുന്നു.....അന്നത്തെ അന്നത്തിന് വേണ്ടി ആരാന്‍റ മുഖം ചുരണ്ടുന്ന കോയ ഒസ്സാന്‍റ   മകന് ലക്ഷങ്ങളുടെ കണക്ക് മനസിലാവില്ലായിരുന്നു.....സമുദായത്തിന്‍റെ ചിലവില്‍ നില്‍ക്കുന്നു എന്ന് പറയുന്ന മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റികള്‍, മണിഎക്സ്ചേഞ്ച് സൊസൈറ്റികള്‍ ആണ് എന്ന് തിരിച്ച് അറിഞ്ഞ കാലം.....

.അദ്ധ്വാനിക്കുന്നവന്‍റ കൈ കണ്ട് പ്രവാചകന്‍ മുത്തിയത്, മുസ്ലിയാര്‍ക്ക് പാതിരാപ്രസംഗത്തിന് വാചകമടിക്കാനുള്ള കസര്‍ത്ത് മാത്രമായിരുന്നു എന്ന് ബോധ്യമായ കാലം....

ജാതിയില്ല എന്ന് വീമ്പിളക്കുന്ന സമുദായ നേത്രത്വം ഒസ്സാന്നു നേരേ നെറ്റി ചുളിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞത് നൂര്‍ജഹാനുമായുള്ള ഇഷ്ടപെടലോട് കൂടിയാണ്......ആ ഒരേ ഒരു തെറ്റ് ആണ് ഈ സാമുദായതോട് ഞാന്‍ ചെയ്തത്,അത് ഒരു തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല....
മമ്മുവിന്‍റെ അമ്മായിയുടെ മകള്‍ എന്ന നിലയില്‍ ആണ് നൂര്‍ജഹാനെ ആദ്യമായി പരിചയപെടുന്നത്,അതിലുപരി കവിതയും കഥയും എഴുതുകയും ഇഷ്ട്ടപെടുകയും ചെയ്യുന്ന കുട്ടിയോടുള്ള ഇഷ്ട്ടം,അല്ലാതെ ഒരു ഇംഗ്ലീഷ് അധ്യാപകന് ബികോം കാരിയോടു പ്രതേകിച്ചു അടുപ്പം തോന്നേണ്ട കാര്യം ഇല്ലല്ലോ.....
ജീവിക്കാനുള്ള തത്രപാടില്‍ പാരലല്‍ കോളേജ് അധ്യാപകാനായി ചേരുമ്പോള്‍,സമ്പനന്നും
രണ്ട് സ്കൂള്കളുടെ മാനേജേരും,മഹല്ല് പ്രസിഡണ്ടും,കരപ്രമാണിയുമായ അയമുട്ടി ഹാജിയുടെ മകളെ അടിച്ച് എടുകണം എന്ന വ്യാമോഹം കിനാവില്‍ പോലും ഉണ്ടായിരുന്നില്ല.....എന്നിട്ടും അങ്ങനെ ഒരു വാര്‍ത്തപരന്നു!!!!
"ഒസ്സാന്‍ ലക്ച്ചര്‍ പണിപറ്റിച്ചടാ...."
തന്നേ ഒന്നാം ക്ലാസ്സ് മുതല്‍ പീഡിപ്പിക്കുന്ന പദം ഒസ്സാന്‍.... അന്നും മമ്മു എന്‍റെ രക്ഷക്ക് എത്തി,നഖവും മുടിയും നീക്കുന്നത് പുണ്യപ്രവര്‍ത്തിയാണ് എന്നവന്‍ ഓര്‍മ്മിപ്പിച്ചു...
ഈ മുടി വെള്ളത്തില്‍ ഇട്ട് തീര്‍ഥജലമായി ഉപയോഗിക്കുന്നവന്‍ ആണ് അയൂബിനെ കളിയാക്കുന്നത് എന്നവന്‍ പരിഹസിച്ചു!!!!
വിവരം അറിഞ്ഞ അയമുട്ടി ഹാജി കോപംകൊണ്ട് വിറച്ചു.....ഒസ്സാന്‍ കോയയുടെ മകന്‍ പണിക്കവീട്ടില്‍ അയമ്മുട്ടിഹാജിയുടെ മകളേ പ്രേമിക്കുന്നുവോ?? പട്ടിക്ക് കൊടുത്താലും ഒസ്സാന്‍ അയൂബിനുകൊടുക്കില്ല.......പട്ടിയേക്കാള്‍ നികൃഷ്ടനാണോ ഒസ്സാന്‍......
ആത്മഹത്യചെയ്യുക ഒളിചോടുക എന്നീ രണ്ട്മാര്‍ഗങ്ങളെ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ...
അവസാനം ഒളിച്ചോടാന്‍ തീരുമാനിച്ചതും ആണ്,അവസാനനിമിഷത്തില്‍ നൂര്‍ജുവിനു ബോധോദയം......ഉപ്പ വിഷമിക്കും,ഒളിച്ചോടല്‍ ദൈവീക മാര്‍ഗം അല്ല......
ജീവിതം നടുകടലില്‍ ആയന്ന തോന്നല്‍...... ദിശ അറിയാത്ത നിമിഷങ്ങള്‍,വരാന്തയിലൂടെ നടക്കുമ്പോള്‍ അടക്കിപിടിച്ച ചിരികള്‍.....കാക്കയും,പൂച്ചയും,മാക്രിയും ക്ലാസ്‌ റൂമിന്‍റെ പുറകില്‍ നിന്നും ചിലച്ചു...
കോളേജ്‌ ഭിത്തികള്‍ കരിക്കട്ടകള്‍ കൊണ്ടുള്ള പുതിയ കാര്‍ടൂണൂകളെകൊണ്ട് നിറഞ്ഞു.......

ഒടിവില്‍  ആ വാര്‍ത്തയും എത്തി.......നൂര്‍ജു ഇസ്മായില്‍ സേട്ടിന്‍റ  ബീവി ആകുന്നു........

മദ്യലഹരിയിലേക്ക് കൂപ്പ്കുത്തുകയായിരുന്നു.......ലഹരിയുടെ മയക്കത്തിലും നൂര്‍ജുവിന്‍റെ കളിചിരികള്‍ നിറഞ്ഞ് നിന്നു......ചിലപ്പോള്‍ അത് പല്ല് ഇളിച്ചു കാട്ടി.....മറ്റ് ചിലപ്പോള്‍ ഉറഞ്ഞ് തുള്ളി.....കോളേജില്‍ നിന്ന് പിരിച്ച്‌ വിടുമ്പോള്‍ 'കോഴി ഒസ്സാന്‍" എന്ന പുതിയ പേര്കൂടി കിട്ടി....

മുഹമ്മദ് കുട്ടി എന്ന മമ്മുവിനെ,എന്‍റെ പ്രിയ സ്നേഹിതനെ അന്നാണ് ഞാന്‍ തിരിച്ച് അറിഞ്ഞത്....
ഒരു വിസയും ,വിസക്ക് വേണ്ട ഒരു ലക്ഷവും കടമായി തരികയും ചെയ്തപ്പോള്‍,ഉമ്മയുടെ വയറ്റില്‍ പിറന്നില്ലങ്കിലും സഹോദരന്‍ ആവാം എന്ന് നീ  കാട്ടികൊടുത്തു.....

മൂന്ന് മാസത്തിന് ശേഷം ഞാന്‍ അറിഞ്ഞു നൂര്‍ജഹാന്‍റ വിവാഹ ജീവിതം തകര്‍ന്നു എന്ന്!!!!!!!! അന്ന്ആണ് ഉള്ള് തുറന്ന് പൊട്ടിചിരിച്ചത്.....അന്ന്‍മുതല്‍ ജീവിതത്തോട് എനിക്ക് വാശിയായി....നഷ്ട്ടപെടുത്തിയവരെ കൂടുതല്‍ ശിക്ഷിക്കണം എന്ന വാശി.....ഞാന്‍ വെട്ടിപിടിക്കുകയായിരുന്നു.....പൈതൃകമായി കിട്ടിയ  മുടിമുറിക്കല്‍ ഞാന്‍ വിപുലപെടുത്തി....
ബാര്‍ബര്‍ ഷോപ്പ്, ബ്യുട്ടി ക്ലീനിക്കിലേക്കും,പിന്നീട് അത് ഹെയര്‍ ഫിക്സിംഗ് സെലൂണിലോട്ടും മാറി........

നീ എഴുതിയില്ലേ പ്രവാസികള്‍ ബഫൂണ്‍ ആണ് എന്ന്,  കഷണ്ടിയാണ് ലോകത്തിലേ ഏറ്റവും വലിയ വൈരൂപ്യം എന്ന് വിശ്വസിക്കുന്ന ഒരു സംഘം ബഫൂണുകള്‍ ഇവിടെയുണ്ട്, അവരെ ഞാന്‍ ഉപയോഗപെടുത്തി....ബോംബയിലും ഡല്‍ഹിയിലും മുന്നൂറിനും  ഇരുന്നൂറിനും കിട്ടുന്ന കൃത്രിമ മുടികള്‍.....കനേഡിയന്‍ ടെക്നോളജി,അമ്മേരിക്കന്‍ ടെക്നോളജി എന്ന് പേരൊക്കെയിട്ട് പതിനായിരവും, ഇരുപതിനായിരവും രൂപ വിലയിട്ട് വിറ്റു!!!!!

നീ എഴുതിയില്ലേ പ്രാവസികളെ കുറിച്ച് സുഗന്ധം പൊഴിക്കുന്ന ജീവികള്‍ എന്ന്..... ഇത്തിരി ക്രൂരമായിപോയില്ലേ ഇത്.....നിനക്ക് അറിയുമോ നാല്‍പതും  അതിന്മുകളിലും ഡിഗ്രി ചൂടില്‍ പണിയെടുക്കുന്ന, അതായത് തിളച്ചവെള്ളത്തിന്‍റെ പകുതിയോളം വരുന്ന ചൂടില്‍  ഒലിക്കുന്നവിയര്‍പ്പ് നാറ്റം മറക്കുന്നതിനു വേണ്ടിയാണ് ആദ്യം   പൂശുന്നത്.....പിന്നീട്  ശീലമാകുകയാണ് ചെയ്യുന്നത്.....മുപ്പത് വര്‍ഷം പ്രവാസ ജീവിതം നയിക്കുന്ന ഒരാള്‍ മുപ്പത് മാസത്തില്‍ താഴെയായിരിക്കും ഇണയുമായി കഴിയുക, ലോകത്തില്‍ ഏതങ്കിലും ജീവിയുണ്ടാകുമോ ജീവിതത്തില്‍ നിസാര കാലയളവ് ഇണയുമായി  കഴിയുന്നത്........  തീര്‍ച്ചയായും ഞങ്ങള്‍ ബഫൂണുകള്‍ തന്നെ...... ഇത്തരം പോരായ്മകള്‍ മറച്ച് പിടിക്കുന്നതിനാണ് ഇത്തിരിയുള്ള ഒഴിവ് കാലം ഒത്തിരി ദൂരമുള്ള ഊട്ടിയിലേക്കും കൊഡൈകനാലിലേക്കും മാറ്റിവെക്കുന്നത്..........

കോയകുട്ടി ഒസ്സാനില്‍ നിന്നും,കോയകുട്ടി സാഹിബിലെക്കുള്ള മാറ്റം പെട്ടന്ന് ആയിരുന്നു,എന്‍റെ ഉപ്പ പളപള മിന്നുന്ന   വേഷത്തോട് പൊരുത്തപെടാതെ വലിയവരുടെ സദസില്‍ ഇരുന്ന് സംഭ്രമിക്കുന്നത് ഞാന്‍ കണ്ടു....അക്ഷര ജ്ഞാനമില്ലാത്ത ഉപ്പയുടെ ആഭിജാത്യം പോലും അന്തസ് ഇല്ലാത്ത ഇവര്‍ക്ക് ഇല്ലല്ലോ....എന്ന് ഞാന്‍ തിരിച്ച് അറിഞ്ഞു!!!!

ഖാലിദ്‌ സേട്ടിന്‍റ മകള്‍ രഹനാ ബീഗത്തിന്‍റ ആലോചന ഇങ്ങോട്ട് വന്നതാണ്,എങ്ങന്നെ കൂട്ടിയാലും അയമുട്ടിഹാജിയേകാള്‍ ഒരു പണിതൂക്കം മുന്നില്‍......

ആ മധുരപ്രതികാരത്തില്‍ മതിമറന്ന് ഇരിക്കുമ്പോള്‍ ആണ്,നൂര്‍ജഹാനേ കെട്ടികൂടെ എന്ന ഓഫറുമായി നീ വരുന്നത്!!!!

മൊഴിചൊല്ലപെട്ട പെണ്ണിനേ എന്‍റെ തലയില്‍കെട്ടിവെക്കാന്‍ നോക്കുകയാണോയെന്നു ചോദിച്ചത് നേരാണ്.....ഒരിക്കല്‍ എന്നേ തള്ളിപറഞ്ഞവള്‍.....ഇക്കയില്ലങ്കില്‍ മരിച്ചുകളയും എന്ന് മൊഴിഞ്ഞവള്‍...... ജീവിതം തകര്‍ന്നപ്പോള്‍ എന്നേ തേടി ദൂതനെ അയച്ചിരിക്കുന്നു.....ഫൂ.....അയമുട്ടി ഹാജിക്ക് ഇപ്പോള്‍ അന്തസ് എങ്ങന്നെ വന്നു?.....രോമം വടിച്ചും വെട്ടിയും തന്നെയാണ് ഈ കാശ് ഉണ്ടാക്കിയത് എന്ന് വിളിച്ച് കൂവിയതും ശരിയാണ്.....നിനക്ക് കെട്ടി അമ്മായിയുടെ മോളെ സഹായിച്ച്കൂടെ എന്നും ഞാന്‍ ചോദിച്ച്പോയി......മമ്മു.....

നിന്‍റെ സ്നേഹത്തെ....സൌഹൃദതെ.....കടപാടിനെ......എല്ലാം ഞാന്‍ തിരസ്ക്കരിച്ചു.....ഞാന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനാണ്.....നിന്നെ എനിക്ക് തള്ളി പറയേണ്ടിവന്നു....നീ ഇറങ്ങിപോകുമ്പോള്‍ എന്നേ തിരിഞ്ഞ് നോക്കിയത് ഒരു മുറിവായി എന്‍റെ മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു......നീ ക്ഷമിച്ചു എന്ന് അറിഞ്ഞാല്‍,നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കോമാളിക്ക് ഒരു ഇറ്റ് ആശ്വാസം കിട്ടിയേക്കാം.......
സസ്നേഹം
അയൂബ്

പ്രിയ അയൂബ്
വായനക്കാരില്‍ നിന്ന് വരുന്ന പ്രതികരണത്തിന്,വ്യക്തിപരമായിമറുപടി എഴുതുന്ന പാത ഞങ്ങള്‍ പിന്തുടരാറില്ല,ഈ എഴുത്ത്എന്‍റെ സ്വകാര്യതയിലേക്ക്  കടന്ന് കയറുന്നതിനാലാണ് ഈ മറുപടി....

ഞാന്‍ ചില കാര്യങ്ങള്‍ നിന്നില്‍നിന്നും മറച്ചുവെച്ചിരുന്നു.....അന്ന് അത് അന്നത്തെ ശരികള്‍ ആയിരുന്നു.....ഇന്ന് ഒരു പക്ഷേ വിയോജിപ്പ് ഉണ്ടാകാം.....

നിനക്ക് മുമ്പേ നൂര്‍ജുവിനെ സ്വപ്നം കണ്ടവനാണ് ഞാന്‍.....പക്ഷേ എനിക്ക് മുമ്പേ നീ അവളുടെ കല്‍ബില്‍ ചേക്ക്ഏറിയെന്നു അറിഞ്ഞപ്പോള്‍....ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു........

ഒരു യാഥാസ്തിക കുടുംബത്തില്‍ ജനിക്കുകയും,മതപരമായ അടക്കും ചിട്ടയോടും കൂടി ജീവിക്കുന്ന പെണ്‍കുട്ടി തിടുക്കത്തില്‍ ഇറങ്ങിവരും എന്ന് പ്രതീക്ഷിചിടതാണ് നിന്‍റെ പരാജയം തുടങ്ങിയത്......
അവള്‍ അപ്പോഴും നിനക്ക് വേണ്ടി പോരാടുകയായിരുന്നു!!! സ്നേഹനിധിയായ മാതാപിതാകള്‍ക്കും
പ്രാണന്നായ നിനക്കും വേണ്ടി അവള്‍ കൈകാല്‍ ഇട്ട് അടിക്കുകയായിരുന്നു......ഒരവസരത്തില്‍ അവള്‍ വിജയഘട്ടം വരെ എത്തിയതാണ്.....അപ്പോഴേക്കും വികാരജീവിയായ നീ മദ്യത്തില്‍ അഭയം കണ്ടെത്തിയിരുന്നു .....അവളുടെ പോരാട്ടത്തെ ഇത് നിര്‍വീര്യമാക്കി കളഞ്ഞു.....

എന്നിട്ടും അവള്‍ നിനക്ക് വേണ്ടി ശബ്ദിച്ചു....നിനക്ക് കിട്ടിയ വിസയുംലക്ഷം രൂപയുടെ ഔദാര്യവും അവളുടെ സ്നേഹത്തിന്‍റെ ബാക്കി പത്രമായിരുന്നു.....സേട്ട്മായുള്ള വിവാഹത്തിന് അവള്‍ വെച്ച അവസാന നിബന്ധനയായിരുന്നു അത്....തന്നെ സ്നേഹിച്ചത് കൊണ്ട് നീ തകര്‍ന്ന് പോകരുതന്നു അവള്‍ ആഗ്രഹിച്ചു....ഇത് പ്രണയത്തിന്‍റെ വിലയായി നീ കരുതരുത് എന്ന് അവള്‍ക്ക് നിബന്ധന ഉണ്ടായിരുന്നു....അത്‌കൊണ്ടാണ് ആ രഹസ്യം വെളിപെടുതാതിരുന്നത്..... എന്നിട്ടും അവള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ ആയില്ല..... അത്രയ്ക്ക് അവള്‍ നിന്നെ ഇഷ്ട്ടപെട്ടിരുന്നു......

നീ പറയാതെ തന്നെ അവളെ പുനര്‍വിവാഹം ചെയ്യാന്‍ ഞാന്‍  തയ്യാറായിരുന്നു!!! പക്ഷേ അവള്‍ പറഞ്ഞത്‌ "എന്‍റെ മനസ് ആണ് ഇക്ക ആഗ്രഹിക്കുന്നുവെങ്കില്‍,അത് എനിക്ക് കൈമോശം വന്നിരിക്കുന്നു, മരവിച്ച ഈ ശരീരം  മതിയെങ്കില്‍ ഞാന്‍ വരാം" എന്നാണ് 

അവസാന ശ്രമം എന്ന നിലയിലാണ് അന്ന് നിന്നെ കാണാന്‍ വന്നത്.....ചെയ്തുപോയ തെറ്റില്‍ അയമുട്ടി മാമ ഒരുപാട് വേദനിച്ചുരുന്നു.....തന്‍റെ മകളെ ഓര്‍ത്ത് കരയാത്ത നിമിഷങ്ങള്‍ ഇല്ലായിരുന്നു.....

ബിസിനസ്  ആവശ്യത്തിന് അഞ്ചുലക്ഷം ലോണ്‍ ഏര്‍പ്പെടുത്തി തരണം  എന്ന് പറഞ്ഞ് നീ എഴുതിയപ്പോള്‍,അഞ്ചുലക്ഷം കടമായി തന്ന് സഹായിച്ചതും ഈ പാശ്ചാതാപത്തിന്‍റെ പുറത്തായിരുന്നു.......നിര്‍ഭാഗ്യവശാല്‍ പേര് വെളിപെടുത്താന്‍ എനിക്ക് അവകാശം  ഉണ്ടായിരുന്നില്ല.......

പറഞ്ഞ് വന്നപ്പോള്‍ പ്രധാനകാര്യം പറയാന്‍ മറന്നു.....വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ ഒരു മയ്യത്ത് നമസ്ക്കാരംകൂടി നടത്തണം....പണിക്കവീട്ടില്‍  അയമുട്ടി ഹാജി മകള്‍ നൂര്‍ജഹാന്‍ എന്ന് നിയ്യത്ത് ചെയ്തത് കൊള്ളൂ......

നിന്‍റെ വിവാഹത്തിന്‍റെ അന്ന് നാടും നഗരവും സംഗീത ലഹരിയിലും....നിശാനൃത്തങ്ങളിലും മുഴുകിയപ്പോള്‍.....നെഞ്ച്പൊട്ടിയായിരിക്കണം അവള്‍ മരിച്ചത്.......രണ്ട്മൂന്ന് ദിവസത്തിന് ശേഷം ആണ് ആളുകള്‍ വിവരം അറിഞ്ഞത്.....നിന്നെപോലെ അവരും ലഹരിയില്‍ ആയിരുന്നല്ലോ....അല്ലങ്കിലും കാതടിപ്പിക്കുന്ന  സംഗീത  ഉപകരണ പ്രയോഗത്തില്‍, ഹൃദയത്തിന്‍റെ സ്പന്ദനം ആര് കേള്‍ക്കാന്‍??

വെട്ടികീറിയിട്ടാണ് അടക്കിയത്....ജീവിച്ച് ഇരിക്കുമ്പോള്‍ ഒരുപാട് പ്രാവശ്യം കീറിപൊളിക്കപെട്ടവള്‍......മരിച്ചതിന് ശേഷം അങ്ങനെ സംഭവിച്ചു എന്നത് വാര്‍ത്തയല്ല!!!!

ഈ എഴുത്ത് നീണ്ട്പോയതില്‍ ക്ഷമിക്കണം,പത്രാധിപര്‍ വലിയ തിരക്കിലാണ് ഇതിനെ കുറിച്ച് കൂടുതല്‍ എഴുത്ത്കുത്തുകള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്...തുടര്‍ന്ന് എഴുതി ശല്യപെടുത്തരുത് എന്ന്
അഭ്യാര്‍ത്ഥിക്കുന്നു.....
വിശ്വസ്തയോടെ....
മുഹമ്മദ് കുട്ടി
പത്രാധിപര്‍..
മാധ്യമ വീക്ഷണം
കോഴികോട്

പുറകില്‍ നിന്ന് പൊട്ടിച്ചിരികേട്ട് കൈല്‍ ഇരുന്ന കടലാസ്  മറച്ച് പിടിക്കാന്‍ അയാള്‍ ഒരു ശ്രമം നടത്തി!! പക്ഷേ അതിന്മുമ്പ് രഹനാബീഗം കടലാസ് കൈവശപെടുത്തിയിരുന്നു..... ബഫൂണുകളുടെ പ്രവാസം എന്നത് വെട്ടി ബഫൂണിന്‍റെ പ്രവാസം എന്ന് അയാള്‍ തിരുത്തിയെഴുതിയിരിക്കുന്നു....
അവള്‍ പൊട്ടിചിരിച്ചു....എന്നേ ഉദേശിച്ചല്ലേ ഇത് ഒപ്പിച്ചത്......ഇത് ഇക്കയുടെ  കടകളുടെ മുകളില്‍ ഒട്ടിക്കൂ!!!! അങ്ങനെ അത് ഹയര്‍ ഫിക്സിംഗ് സലൂണ്‍ എന്നത് ഹയര്‍ ഫിക്സിംഗ് ബഫൂണ്‍ ആവട്ടെ.....
ഹ....ഹ....ഹ....

പൂടയും രോമവും വെട്ടുന്ന പണി എന്ന് കേട്ടപ്പോള്‍ തന്നേ വേണ്ട എന്ന് പറഞ്ഞതാണ്!!! പക്ഷെ ആളേകണ്ടപ്പോള്‍ ഇഷ്ട്ടമായി!!!!വാപ്പിച്ചിയുടെയും ഇകാക്കയുടെ പോലെ ജൌളി വ്യാപരമോ,സ്വര്‍ണ്ണകടയോ തുടങ്ങൂ.....ഈ പൂട പണി നമുക്ക് വേണ്ട......

 അയാളുടെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ പുറപെട്ടു....പക്ഷേ അത് ഒരു പൊട്ടിചിരിയായി പുറത്ത് വരികയാണ് ഉണ്ടായത്....ഒരു നിമിഷം അയാള്‍ തിരിച്ച് അറിഞ്ഞു താന്‍ ഒരു ബഫൂണ്‍ ആയി മാറിയിരിക്കുന്നു.....ബഫൂണുകള്‍ക്ക് തേങ്ങാന്‍ ഒരിക്കലും അവകാശം ഇല്ലല്ലോ....അത്കൊണ്ട് അയാള്‍ പൊട്ടി ചിരിച്ച്‌ അവളില്‍ ലയിച്ചു.....ഒരു പുതിയ ബഫൂണിന്‍റെ നിയോഗം അവിടെ തുടങ്ങുകയായി..........

No comments:

Post a Comment