16/04/2022

ഒരു ബസ് യാത്രയുടെ അനന്തരാവകാശികൾ!

 


വർഷം തൊണ്ണൂറുകൾ കൃത്യമായി പറഞ്ഞാൽ  32 വർഷം മുമ്പ്  പറവൂർ നിന്ന് ഗുരുവായുർ റോട്ടിൽ ഓടുന്ന ബസിൽ ഓടി കയറി! ഓടി കയറിയതാണോ! ചാടി കയറിയതാണോ എന്ന് പൂർണ്ണമായും ഓർമ്മയില്ല! എന്തായാലും കയറി  എന്നത് മാത്രമാണ് സത്യം! 


കണ്ടക്ടറുടെ ഭാഷയിൽ പന്ത് കളിക്കാൻ സ്ഥലമുള്ള  ഏരിയ! നാട്ടുകാരുടെ ഭാഷയിൽ സൂചി കുത്താൻ ഇടമില്ലാത്ത  സ്ഥലം!

ഇങ്ങനെ സൂചിയും പന്തും മത്സരിക്കുന്ന സ്ഥലത്തേക്കാണ്  കോലുപോലേയുള്ള എൻ്റെ എൻട്രി! 


തോളിൽ തുണി സഞ്ചിയും, ജൂബ്ബയും കണ്ടാൽ അറിയാം അന്നത്തേ വിപ്ലവകാരിയായ കോളേജ് വിദ്യാത്ഥിയാണന്ന്!

ഹീപ്പീസം ഒക്കെ ഫാഷനാണന് കരുതുന്ന കാലം!

ഭാഗ്യം  കയറിയപ്പോൾ തന്നെ  ഇരിക്കാൻ സീറ്റ് കിട്ടി!  അന്ന് പത്ത് പൈസ കാലമാണ്! 


"ഉറുപ്യക്ക് പത്ത് " എന്ന് കണ്ടക്ടറുടെ തിയറി കാലം! 


സീറ്റിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ കണ്ടക്ടർക്ക് കുരു പൊട്ടി! 


കൺസഷൻ ഇല്ലയെന്ന്  കണ്ടക്ടറുടെ മറുപടി! 


" മാണ്ട ഫ്രീ മതിയെന്ന് "ഞാൻ 


ബസ്  പോകില്ലന്ന് കണ്ടക്ടർ ! 


തിരക്കില്ലന്ന് ഞാൻ! 


കണ്ടക്ടറുടെ  നീട്ടി വിസിലഡി! 


ബസ് സ്റ്റോപ്പിൽ നിശ്ചലമായി! 


ഞാൻ സ്റ്റുഡൻസിൻ്റ അവകാശത്തെ കുറിച്ച് നീണ്ട  പ്രസംഗം! 7 മണിവരെ വിദ്യാത്ഥിക്ക് സൗജന്യയാത്രക്ക് അവകാശമുണ്ടന്നും RTO ഇത് കാർഡിൽ  രേഖപ്പെടുതിയിട്ടുണ്ടന്നും ഞാൻ! 


ഏത് കിതാബിൽ രേഖപ്പെടുതിയാലും ഞാൻ തരൂലന്ന് കണ്ടക്ടർ ! 


എനിക്ക് ഫ്രീ പോകുന്നതിൽ  പ്രശ്നമില്ലന്ന് ഞാൻ! 


പോട പട്ടി എന്ന് കണ്ടക്ടർ ! 


നിയും പോട പട്ടി  എന്ന് ഞാൻ! 


തെണ്ടിയെന്ന് കണ്ടക്ടർ ! 


പന്നിയെന്ന് ഞാൻ!..... 


ഇങ്ങനെ പട്ടി തെണ്ടി കളിക്ക് ഇടയിലാണ്  വിദ്യാത്ഥി കണ്ടക്ടർ യുദ്ധ നിയമം തെറ്റിച്ച് കൊണ്ട് ,കണ്ടക്ടർ പുളിച്ച പച്ചതെറി  പറയാൻ തുടങ്ങിയത് ! 


എൻ്റെ ആവനാഴിയിലെ ആയുധം കലാസ്!

കണ്ടക്ടർ  പൂത്തിരി കത്തിച്ച പോലേ പച്ച തെറികളുടെ മാലപടക്കം ! 


എനിക്ക് അറിയുന്ന ഒന്ന് രണ്ട് പച്ച തെറികൾ  

തിരെ നിലവാരം കുറഞത്!


എൻ്റെ തെറിക്കൾ പാട്രിയറ്റ് മിസൈലേറ്റ് തകർന്ന  സ്കഡ് പോലേ ചത്ത്  മലച്ചു! 


ഇപ്പോ പറഞതും ഇനി പറയാൻ പോകുന്നതും നിൻ്റെ

വാപ്പയുടെ പേരിൽ സ്പ്പോൺസർ ചെയ്തിരിക്കുന്നു എന്ന് ഞാൻ! 


കളി കയ്യാം കളിയിലേക്ക്! 


മുഷ്ടി ചുരുട്ടി കണ്ടക്ടർ എൻ്റെ അടുത്തേക്ക്! 


ഞൊളി പോലേയുള്ള കൈ ഞാനും ചുരുട്ടി! 


പെട്ടന്ന് ഒരു യാത്രക്കാരൻ്റെ ഇടപെടൽ! 


" ആ കുഞ്ഞിനെ എന്തങ്കിലും ചെയ്താൽ നിൻ്റെ മയ്യത്ത് എടുക്കും ഞാൻ ,എടുക്കട വണ്ടി!"


എൻ്റെ പിന്നിൽ നേരത്തേ പോകേണ്ട യാത്രക്കാരുടെ  സപ്പോർട്ട് ! 


കണ്ടക്ടർ ഒരു മോങ്ങൽ പോലേ വിസൽ അടിച്ചു! 


ഞാൻ ശ്വാസം എടുത്ത്  ചുറ്റും തിരിഞ് നോക്കി! 


ഓ മൈ ഗോഡ്, എൻ്റെ ബാച്ചിലെ പെൺകുട്ടികൾ ചുറ്റും !

ചിലർ കണ്ണിറുക്കി കാണിക്കുന്നു! 


അതിൽ എന്നെ നൊമ്പരപ്പെടുത്തിയത് ഷാഹിനയുടെ അടക്കിപിടിച്ച ചിരിയാണ്! 


ഒരിക്കൽ ഇഷ്ടമാണന്ന് പറഞതിന്'" പോട പട്ടി "എന്ന് മനോഹരമായി മൊഴിഞ കണ്ടക്ടറുടെ ഫോട്ടോ കോപ്പി! 


എൻ്റെ അഭിമാനം സടകുടഞ് എഴുനേറ്റു!

നാളെ  ക്ലാസ്സിൽ  പാട്ടാവുമെന്ന് ഉറപ്പാണ്! 


ഇതിനൊക്കെ പൊലീസിലുള്ള വാപ്പയെ   ഉപയോഗിച്ചില്ലങ്കിൽ പിന്നെയെന്ത് പോലീസ് കാരൻ്റെ മകൻ! 


വാപ്പയോട് പറഞപ്പോൾ കണ്ടക്ടറുടെ  ജോലി പ്രയാസത്തേ കുറിച്ചും, വെളുപ്പിന് നാല് മണിക്ക് ജോലിക്ക് കയറുന്ന  അയാളുടെ സമ്മർദ്ദത്തേ കുറിച്ചും എനിക്ക് ഒരു കോച്ചിംഗ് ക്ലാസ്സ്!

കൂട്ടത്തിൽ അവനെ കണ്ടാൽ ഞാൻ ചോദിക്കാം എന്ന ഒരു ഒഴുക്കൻ മറുപടിയും! 


എൻ്റെ കിളി വീണ്ടും പോയി! അടക്കി ചിരിക്കുന്ന ഷാഹിന ! എൻ്റെ മുമ്പിൽ  നൃത്തം വെക്കുന്നതായി തോന്നി! 


" എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലുമുണ്ടടാ  പിടി" എന്ന ഡയലോഗ് പെട്ടന്നാണ് ഓർമ്മ വന്നത്! 


ഞാൻ മാമയുടെ അടുത്തേക്ക് പോയി! പുള്ളിയും പോലീസിൽ തന്നെ! 


എൻ്റെ സങ്കട കഥ മാമ  കേട്ടു ! 


വെള്ള കടലാസിൽ ഒരു പെറ്റീഷൻ എഴുതി തന്നു! നാളേ വലപാട് സർക്കിൾ ഓഫിസിൽ കൊടുക്കാൻ പറഞു! 


പിറ്റേ ദിവസം  ബസ് സർക്കിൾ ഇൻസ്പെകടറുടെ പിടിയിൽ! 


ഫസ്റ്റ് എയ്ഡ്  ബോക്സ് ചോദിച്ച  സിഐ മുമ്പാകെ കണ്ടക്ടർ സ്പാനറും സ്കൂട്ടർ ഡ്രൈവറുമായി ശ്രീനിവാസനെ പോലേ  ഇളിച്ച് നിന്നു!

ഓവർ ലോഡ്, യൂണിഫോം ഇല്ല തുടങ്ങിയ കുറ്റങ്ങൾ വേറേ! മൊത്തം 3000 അടച്ചാൽ മലപ്പുറം ക്കാരൻ്റെ ശൈലിയിൽ പറഞ്ഞാൽ കൈചലാവാം! 


അടുത്ത ദിവസം സർക്കിൾ ഓഫിസിൽ ഞാനും കണ്ടക്ടറും ഹാജരായി!! 


എൻ്റെ കൈൽ  കാർഡ് ഉണ്ടായിരിന്നില്ലന്ന് കണ്ടക്ടർ ! 


ID കാർഡ് ഇല്ലാതെ പ്രാക്ക്റ്റിക്ക് ക്ലാസ്സിൽ കയറാൻ കഴിയില്ലന്ന് ഞാൻ! 


എന്നെ ജാക്കി ലിവർ കൊണ്ട് തല്ലാൻ വന്നു എന്ന ഒരു കഥ ഇതിനിടയിൽ കൈൽ നിന്ന് ഇട്ടു! 


എന്നെ എന്താണ് പറഞതെന്ന്  സി ഐ !

ക,  പു....സ...തുടങ്ങിയ പദങ്ങൾ അതിൽ ഉണ്ടായിരുന്നുവെന്നും സാറിനോട് പറയാൻ കഴിയില്ലന്നും ഞാൻ! 


പിന്നീട് ഞാൻ കണ്ടത് സി ഐ ഇദ്ദേഹത്തേ  "മോന്നേ " എന്ന് ചേർത്ത് വിളിക്കുന്നതാണ്!

വിട്ടത് പൂരിപ്പിക്കാനുള്ള അവകാശം വായനക്കാർക്ക് നൽകുന്നു! 


" അയാളെ ഈ റൂട്ടിൽ വേണ്ടന്നും, ഓണറേ വിളിച്ച്  നാളെ സി ഐ മുമ്പാകെ ഹാജരാവാനും! പറഞ് സി ഐ  കണ്ടക്ടറെ പറഞ് വിട്ടു! 


" ഞാൻ അഭിമാനത്തോടെ പോലീസ് സ്റ്റേഷനിൽ നിന്ന്  ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങി!

ഈ സീൻ കാണാൻ ഷാഹിന ഉണ്ടായിരുന്നങ്കിൽ! 


ബസ് സ്റ്റോപ്പിൽ അതാ കണ്ടക്ടർ ! എൻ്റെ ധൈര്യം പമ്പ കടന്നു! തല്ല് ഉറപ്പായും ഞാൻ പ്രതീക്ഷിച്ചു! എൻ്റെ കാലുകൾ വിറക്കാൻ തുടങ്ങി! അത്രയും അയാൾ പോലീസ് സ്റ്റേഷനിൽ അനുഭവിച്ചു! 


അയാൾ പോയിട്ട് പോകാം! 


രണ്ട് ബസ് പോയിട്ടും അയാൾ പോകുന്നില്ല! 


ദൈവമേ ഇയാൾ എന്നെ കൊല്ലുമോ? 


പെട്ടന്ന് വന്ന ബസിൽ ഞാൻ ചാടി കയറി! 


പക്ഷേ അതിലും വേഗത്തിൽ പരിചയസമ്പനനായ അയാൾ വണ്ടിയിൽ ചാടി കയറി! 


എൻ്റെ സീറ്റിൽ തന്നെ അയാളും വന്നിരുന്നു! ഞാൻ അയാളെ  തിരിഞ് നോക്കാതെ സൈഡിലേക്ക് എന്തും സംഭവിക്കാം  എന്ന മട്ടിൽ ചേർന്നിരുന്നു! എൻ്റെ ഹൃദയതാളം മെല്ലെ  പുറത്തേക്ക് കേട്ടു തുടങ്ങി! 


കണ്ടക്ടർ ട്ടിക്കറ്റ് മായി വന്നത് അപ്പോൾ ആണ് ! 

" ഇക്കയുടെ കാശ് എന്ന് പറഞ് അയാൾ എൻ്റെ  ടിക്കറ്റിൻ്റെ പണം കൊടുത്തു! 


എൻ്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി!


കണ്ടക്ടർ കഴുത്തിന് പിടിച്ച് ഞെക്കിയത് കൊണ്ടല്ല ! പതിനേഴ് വയസുള്ള എന്നെ 45കാരനായ കണ്ടക്ടർ ഇക്കയെന്ന് സംബോധന ചെയ്തത് കൊണ്ടാണ്! 


വണ്ടി എൻ്റെ ട്രാക്കിലാണന്ന് തിരിച്ച് അറിഞ്ഞു!

നഷ്ടപെട്ട എയർ തിരിച്ച് പിടിച്ച്  മുത്തി തവള മസില് പിടിച്ച പോലേ സീറ്റിൽ ഞാൻ നിവർന്നിരുന്നു! 


അയാൾ തൻ്റെ കഥ പറയാൻ തുടങ്ങി! 


"ഇക്കയെ ഞാൻ ലിവർ കൊണ്ട് അടിക്കാൾ വന്നോ " 


എൻ്റെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു! 


എൻ്റെ കൈൽ കാർഡ് ഉണ്ടായിരുന്നില്ലെ! 


" ഉവ്വ് " 


"ഒരു നുണ നിങ്ങൾ പറഞ്ഞു,, രണ്ട് നുണ ഞാനും ഇപ്പോ നമ്മൾ സുല്ല് ആയി " 


എന്നാലും നമ്മൾ ഒരു സമുദായമല്ലെ? 


അയാൾ സെൻ്റി ഇറക്കാൻ നോക്കുകയാണ്! 


" എന്നെ വാപ്പാക്ക് വിളിച്ചത് സമുദായം ചോദിച്ച്ട്ടാണോ " 


അയാൾ നിശബ്ദനായി ഇരുന്നു! 


മതം വർക്ക് അവിട്ട് ആവില്ലന്ന്  അയാളുടെ തിരിച്ച് അറിവ് ആവാം! അയാളുടെ ദാര്യദ്രത്തിൻ്റെ കഥ പറഞ്ഞു! മൂന്ന് നാല് മക്കൾ, ഭാര്യ ഉമ്മ ,രോഗിയായ മാതാവ്!..... 


ഞാൻ കേസ് പിൻവലിക്കണം അതാണ് അയാളുടെ ആവശ്യം!

നാൽപത്തി അഞ്ച് മിനിറ്റ് യാത്ര കിടയിൽ അയാളുടെ ദാര്യദ്ര്യം എന്നെ കീഴടക്കി! 


ഞാൻ കേസ് പിൻവലിക്കാം എന്ന് സമ്മതിച്ചു!

ഒരു ഡിമാൻ്റ് അയാളുടെ മുമ്പിൽ വെച്ച് !

നാളേ ബസിൽ വരുമ്പോൾ ഷാഹിനയുടെ മുമ്പിൽ വെച്ച് കൂട്ടുകാരനായി അഭിനയിക്കണം!

അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ എൻ്റെ വീരകഥ  അവതരിപ്പിച്ചു! 


കണ്ടക്ടർ ആകട്ടെ   എൻ്റെ നല്ല സുഹൃത്തായി മാറി! ബസിൽ വെച്ച്  അയാൾ എന്നെ ചായകുടിക്കാൻ  വിളിക്കും! ഇടക്ക് കപ്പലണ്ടിയോ മിട്ടായായോ വാങ്ങി തരും! 


ഒരു അപ്പുകുട്ടൻ സ്റൈൽ  ആക്ക്റ്റിംഗ് 


ഞാൻ അഭിമാനത്തോടെ  എതിർ സീറ്റിൽ ഇരിക്കുന്ന ഷാഹിനയേ നോക്കും! 


ഷാഹിനയുടെ  ചുണ്ട് കളിൽ നിന്ന് പരിഹാസം പോയിരിക്കുന്നു! കണ്ണുകളിൽ മൈലാഞ്ചി രാവ്! 


അവൾ എനിക്ക് ഒരു പേരിട്ടു " ഇഛാപ്പി" 


പിന്നീട് ഷാഹിനയുടെ 'മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ വീമ്പിളക്കും! 


" എന്നെ എതിർത്തവരെയൊക്കെ  ഞാൻ സ്വന്തമാക്കിയിട്ടുണ്ട്! നിന്നെയും!" 


കാലങ്ങൾ കഴിഞ് പോയി ! പ്രവാസ ജീവിതത്തിന് ഇടക്ക്  കണ്ടക്ടറെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല

ഹെഡ് ഓഫിസിൽ നിന്ന് വന്ന മെയിലിൽ അന്ന് രണ്ട് കത്തുകൾ എനിക്ക് ഉണ്ടായിരുന്നു! മൂന്ന് നാല് മാസം പഴക്കമുള്ളവ! സെക്ഷൻ്റ പേരില്ലാത്തത് കൊണ്ട് !  ആറേഴ് സൈറ്റ് കയറി ഇറങ്ങിയാണ് വരവ് 


"  ഇച്ചാപ്പി വേഗം വരണം, എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നു" 


അടുത്ത' കത്തിൽ  ഒരു വെഡിഗ് ലെറ്റർ  ആയിരുന്നു!  ഷാഹിന വെഡ്സ്  ഫൈസൽ!

ഒപ്പം ഒരു കുറിപ്പും  ഇച്ചാപ്പിയുടെ മറുപടിയൊന്നും കണ്ടില്ല! എനിക്ക് അധികം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല!

പ്രാത്ഥിക്കണം! 


മരുഭൂമിയിൽ നിന്ന്  ചൂട് കാറ്റ് മെല്ലെ  അടിച്ച് തുടങ്ങി!' പിന്നെയത് തണുക്കാനും! വീണ്ടും ചൂട് പിടിക്കാനും തുടങ്ങി...... മാറ്റമില്ലാത്ത ചൂടും തണുപ്പും! 


ഞാൻ  മെല്ലെ പിറുപിറുത്തു! 


ചേർത്ത് നിർത്തിയവരെ കൂടെ നിർത്താൻ  മരുഭൂമി എല്ലായ്പ്പോഴും  സമ്മതിക്കണമെന്നില്ല! 


കത്ത് ഞാൻ പിച്ചി കീറി തുണ്ട് തുണ്ടായി കീറി മരുഭൂമിയിലേക്ക് പറത്തി വിട്ടു ! ആ തുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു! മരുഭൂമിയുടെ ചൂട് ഏറ്റ് അവ പറന്ന് കളിച്ചു! ചിലപ്പോഴെക്കെ ആ തുണ്ടുകൾ  ചേർന്ന് നിൽക്കാൻ  ശ്രമിക്കുന്നത് പോലേ തോന്നി...'... അസാധ്യമാണന്ന് അറിഞ്ഞിട്ടും!

No comments:

Post a Comment