ശേഷക്രിയ.......
രാമൻ നായർ മരിച്ചു! വാർത്ത മെല്ലെ ഗ്രാമം അറിഞ്ഞു തുടങ്ങി, ആളുകൾ രാമൻ നായരുടെ വീടിന് ചുറ്റും കൂടാൻ തുടങ്ങി!
പലരേയും തിരിച്ച് അറിയാൻ കഴിയുന്നില്ല! മുഖത്ത് മാസ്ക്ക് ഇടം നേടിയിരിക്കുന്നു!
രാമൻ നായർ എവിടെ നിന്ന് വന്നു ആർക്കും അറിയില്ല! കൂടെ ഭാര്യയും ഉണ്ട്!
മക്കളെ കുറിച്ച് ചോദിച്ചാൽ നായർ വെളുക്കെ ചിരിക്കും , മെല്ലെ മുകളിലോട്ട് നോക്കും!
എൻ്റെ ആര്യയുണ്ടല്ലൊ! അയാൾ ദീർഘ നിശ്വാസം വിടും! മകളും മകനും ഭാര്യയും എല്ലാം ആര്യ തന്നെ!
കറവയാണ് രാമൻ നായരുടെ പണി! മുന്ന് മണിക്ക് എഴുന്നേൽക്കും കുളിച്ച് ജപിച്ച് പ്രാത്ഥിച്ചേ അയാൾ കറക്കാൻ പോകു! അത് ഒരു ദിവ്യ ജോലിയാണന്ന് രാമൻ നായർ കരുതുന്നു! ഗോമാതാവിൻ്റെ അകിട് നീരുവന്ന് വേദനിക്കാതിരിക്കാൻ അകിടിൽ മൃതുലമായ തലോടൽ!
ആര്യ ദേവി അന്തർജനം ആണ്! തീരെ ക്ഷയിച്ച് പോയ ഇല്ലത്ത് നിന്ന് കൂട്ടികൊണ്ട് വന്നതാണ്!
ആര്യ അന്തർജനത്തിനും, രാമൻ നായർക്കും ഒരു ദുഖമേ ഉണ്ടായിരുന്നുള്ളു ! ശേഷക്രിയ ചെയ്യാൻ ഒരു ആൺ തരി!
രാമൻ നായരുടെ കൂട്ടുകാരൻ ആണ് അയമുട്ടി ഹാജി! മീൻ ചാറും , ഹൽവയും എന്ന് ചിലർ പരിഹസിക്കാറുണ്ട്! താടിയും ,തൊപ്പിയും നീളം ജുബ്ബയും ഇട്ട അയമുട്ടി ഹാജിയെ നെറ്റിയിലും കൈകളിലും ഭസ്മം പൂശി നടക്കുന്ന പരമ സ്വാതികനായ രാമൻ നായർ എങ്ങനെയാണ് കൂട്ടുകാരനാക്കിയതെന്ന് അറിയില്ല!
സൗഹൃദത്തിനു മതമില്ലന്നാണ് രാമൻ നായരുടെ നിലപാട് ! മതം തന്നെ സൗഹൃദം എന്നാണ് അയമുട്ടി ഹാജിയുടെ വീക്ഷണവും!
ആളുകൾ ചെറുപറ്റങ്ങളായി നിലയുറപ്പിച്ചു! മഴ ചെറുതായി ചാറുന്നുണ്ട്, ആളുകൾ കൂട്ടമായി നിന്നു സൊറ പറയുന്നു! ചിലർ ഇതിനിടയിൽ പോയി രാമൻ നായരുടെ ബോഡി കാണുന്നുണ്ട്! ചിലർ ദീർഘ നിശ്വാസം വിടുന്നു!
" നല്ലൊരു മനുഷ്യനായിരുന്നു "
" ഇന്നലെയും കണ്ടതാ "
" എന്താ ഇന്നലെ കണ്ടവർക്ക് ഇന്ന് മരിച്ച് കൂടെ "
സ്ഥാനത്തും, അസ്ഥാനത്തും തമാശ വിളമ്പുന്ന മനുഷ്യർ!
കര പ്രമാണി വന്നത് ,കുറച്ച് വൈകിയാണ്! കർപുരവും, എണ്ണയും കത്തുന്ന മണം ആ ഇടുങ്ങിയ റൂമിൽ നിറഞ്ഞിരിക്കുന്നു! "വായുസഞ്ചാസഞ്ചാരമില്ലാത്ത മുറി!" പ്രമാണി ആരോടുന്നില്ലാതെ പിറുപിറുത്തു!
". എങ്ങനെയാണ് രാമൻ നായർ മരിച്ചത് "
റൂമിൽ നിശബ്ദത !
ആര്യയോടാണ് ചോദിച്ചത്? പ്രമാണി അധികാര ഭാവത്തിൽ ശബ്ദം കനപ്പിച്ചു!
കരഞ് തളർന്ന രിക്കുന്ന ആര്യ അന്തർജനം മെല്ലെ മുഖമുയർത്തി!
" രണ്ട് ദിവസം വല്ലാത്ത തീ പൊള്ളലായിരുന്നു , നിർത്താത്ത ചുമയും!
ശ്വാസം തടസമുണ്ടായിരുന്നോ? പ്രമാണി നടുക്കത്തോടെ ചോദിച്ചു?
"ഉം " ആര്യ അന്തർജനം മൂളി!
ഒരു ഞെട്ടലോടെ പ്രമാണി റൂമിൽ നിന്ന് തിരിച്ച് ഇറങ്ങി! ചുറ്റുമുള്ളവർ പ്രമാണിക്ക് ചുറ്റും കൂടി! പലരുടെ മുഖം വിവർണ്ണമായി!
പൂജാരി മെല്ലെ സ്ഥലം കാലിയാക്കി ആൾകൂട്ടം
മെല്ലെ കാലിയായി കൊണ്ടിരുന്നു! പലരും കൈലുള്ള തൂണികൊണ്ട് മൂക്കും വായും ഒന്നു കൂടി പൊത്തിപിടിച്ചിരുന്നു!
മോക്ഷം കിട്ടാത്ത രാമൻ നായർ!
ആര്യ അന്തർജനം ഞെട്ടിവിറച്ചു!
പുരോഹിതനും സ്ഥലം കാലിയാക്കിയിരിക്കുന്നു!
എൻ്റെ രാമേട്ടനെ പട്ടിയേ പോലേ മറവ് ചെയ്യേണ്ടി വരുമോ?
ശേഷക്രിയ ചെയ്യാതെ ! മന്ത്രം ഇല്ലാതെ !
ജീവിതത്തിൽ സഹസ്ര നാമം കൈവിടാത്ത രാമേട്ടൻ! പൂജ ചെയ്യാതെ പണിക്ക് പോകാത്ത രാമേട്ടൻ!
ആര്യ അന്തർജനം അലറി കരഞ്ഞു!
പാറ നുറുങ്ങുന്ന ശബ്ദത്തിൽ!
ബോഡി കിടത്തേണ്ട ദിശ പറഞ് കൊടുത്തത് ആര്യ അന്തർജനം തന്നെയാണ്!
സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളത് കൊണ്ടാകാം രാമൻ നായരുടെ മേൽ വിറക് കൊള്ളിവെക്കാൻ അയമുട്ടി ഹാജിക്ക് നിക്ഷ്പ്രയാസം കഴിഞു!
" ഈശ്വര എൻ്റെ രാമേട്ടനു മോക്ഷം കൊടുക്കണേ" ആര്യ അന്തർജനം കൈ കൂപ്പി പ്രാത്ഥിച്ചു!
പെട്ടന്ന് ആര്യ അന്തർജനം ഞെട്ടി പോയി!
അയമുട്ടി ഹാജിയുടെ ചുണ്ടിൽ നിന്നും സംസ്കൃത ശ്ളോകം!
നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാ പോ
ന ശോഷയതി മാരുതഃ
(ആത്മാവിനെ ആയുധങ്ങൾക്ക് മുറിപ്പെടുത്താൻ സാധിക്കയില്ല, തീയ്ക്കു് എരിക്കുവാൻ സാധിക്കയില്ല, വെള്ളത്തിന് നനയ്ക്കാൻ സാധിക്കയില്ല, കാറ്റിന് ശോഷിപ്പിക്കാനും സാധിക്കുകയില്ല.)
വിസ്മയത്തോടെ ആര്യ അന്തർജനം!
അയമുട്ടി ഹാജിയേ നോക്കി! ഒരു സമസ്യ പൂരിപ്പിച്ച സന്തോഷം അവരുടെ മുഖത്ത് അയമുട്ടി കണ്ടു!
"നിങ്ങൾ ഈ വിദ്യയൊക്കെ പഠിച്ചിട്ടുണ്ടോ !"
ആര്യ അന്തർജനം ഖണ്ഡമിടറി കൊണ്ട് ചോദിച്ചു!
അയമുട്ടി ഹാജി ആര്യ അന്തർജനത്തിൻ്റെ ശ്രദ്ധയിൽ പെടാതെ മൊബൈൽ ഓഫാക്കി!
ഉം!
ആര്യ അന്തർജനത്തിൻ്റെ ആശ്വാസത്തിൻ്റെ അശ്രുകണങ്ങൾ പൊഴിഞ് വീഴുന്നത് ഹാജിയാർ കണ്ടു!
അയാൾ മൗനമായി നടന്ന് നീങ്ങി !
"രാമൻനായരെ എന്നോട് പൊറുക്കേണമേ...... വേറേ വഴിയില്ല!"
No comments:
Post a Comment