04/05/2024

സെൻ്റ് അഗസ്റ്റനിലെ പ്രിയപ്പെട്ടവരും, അവരുടെ ഓർമ്മകളും..... ഒരു പ്രണയവും!



ഇന്നലെയാണ് നാട്ടിൽ നിന്ന് ഒരു വാട്ട്സ് ആപ്പ് സന്ദേശം വന്നത്! ഞാൻ വിൽസൺ ! ഏത് വിൽസൺ? ഉടൻ തന്നെ  മറുപടിയും വന്നു. നിന്നോടപ്പം പഠിച്ച വിൽസനാണ് ........

പിന്നെയും കൺഫ്യൂഷൻ ! ഏത് വിൽസൺ പഠിക്കുന്ന കാലത്ത് ഒന്നിലധികം  വിൽസൺ ഉണ്ടായിരുന്നു! പ്രൊഫൈൽ ചിത്രം നോക്കിയിട്ട് കാര്യമായ പിടിയൊന്നും കിട്ടിയില്ല!
പത്ത് ഇരുപത്ത്ഞ്ച് വർഷത്തേ കാലപഴക്കം പ്രൊഫൈൽ ചിത്രത്തേ വല്ലാതെ മാറ്റിയിരിക്കുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്തിരിക്കുന്നു!

തുടർന്ന് പത്ത് പതിനഞ്ചിൽ അധികം വിവിധ വ്യക്തികളുടെ വോയ്സ് മെസേജുകൾ!
എല്ലാവരും നീനക്ക് എന്നെ മനസിലായില്ലേ എന്ന ചോദ്യം ഹൃദയത്തിൽ തട്ടി ഓളങ്ങൾ സൃഷ്ടിച്ചു! പലരോടും മനസിലായില്ല എന്ന് പറയാൻ മടി!  കുട്ടികാലത്ത് ഉള്ള സൗഹൃദത്തിൻ്റെ ആഴം  രാമച്ചവേര്പോലേ മസ്തിഷ്ക്കത്തിൽ  പടർന്ന് കയറിയത് പെട്ടന്ന് ഒന്നും പറിച്ച് മാറ്റാൻ കഴിയില്ലന്ന് മണിക്കൂറുകൾക് അകം തിരിച്ച് അറിഞു! പലരും പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഫോട്ടോ അയച്ച് തന്നു!
ക്ലീൻ ഷേവ് ആയിരുന്ന സൈലേഷും, സാബുവിനും കടപുറത്ത് വള്ളം ചെരിച്ചിട്ട പോലേയുള്ള കട്ട മീശ! കുറ്റിക്കാട് പോലേ മുടിയുള്ള ഷൈജന്  കാര്യമായ മാറ്റമൊന്നുമില്ല! പഴയ തലമുടി ആമസോൺ വനാന്തരങ്ങൾ പോലേ മാറിയിട്ടുണ്ട്! നടത്തം ഇപ്പോഴും ചാടി ചാടി തന്നെ, മമ്മുട്ടി വാങ്ങുന്ന കടയിൽ നിന്ന് എങ്ങാനുമാണോ  ഷൈജനും പത്രോസും സാധനങ്ങൾ വാങ്ങുന്നത് എന്ന സംശയം പെട്ടന്ന് ഉടലടുത്തു കാരണം രണ്ടാളും സന്തൂർ സോപ്പിൻ്റെ പരസ്യത്തേ ഓർമ്മിപ്പിച്ചു! " ചർമ്മം കണ്ടാൽ  പ്രായം തോന്നത്തേയില്ല"

ക്ലാസ്സിൽ അന്നേ പഠിപ്പിസ്റ്റ് ആയത് കൊണ്ടാകാം ഗോപകുമാറിൻ്റെ  മുടി പൊഴിഞ് പോയിരിക്കുന്നു! ഗോപകുമാർ  മാത്രമല്ല പലരുടെയും തലകൾ എയർപോർട്ട് പോലേ വിശാലമായിരിക്കുന്നു! സംസാരം കേട്ടപ്പോൾ തല മാത്രമല്ല മനസും വിശാലമാണന്ന് തിരിച്ച് അറിഞ്ഞു!

കൂടെ നടക്കുമ്പോൾ ദൈവീക പദ്ധതിയും മാർഗംവും ഉപദേശിച്ചിരുന്ന ഷാലു അമേരിക്കയിൽ ഒരു ബിസിനസ് സാമ്രജ്യം സൃഷ്ടിച്ചിരിക്കുന്നു!

സാധുവായിരുന്ന ഉറുമീസ് നല്ല ഒരു  കോൺട്രാക്ക്റ്റർ ആയിരിക്കുന്നു!

ഐ .ട്ടി .ഐ പാസായിട്ട് നിനക്ക് പോസ്റ്റിൽ കയറാനാണോ എന്ന് പരിഹസിച്ച്രുന്ന ഒരു  ബന്ധു എനിക്ക് ഉണ്ടായിരുന്നു! അദ്ദേഹത്തേ വിളിച്ച് ഇവരുടെയൊക്കെ അവസ്ഥ കാണിക്കണമെന്ന് തോന്നി!

ഷാലു പറയാറുള്ള പോലെ എല്ലാം ദൈവിക പദ്ധതിയാണന്ന് ഞാൻ പെട്ടന്ന് ഓർത്തിടുത്തു!!

ബസിനു മുമ്പിൽ സൈക്കിൾ ഇട്ട് കുട്ടികളെ കയറ്റാത്ത കണ്ടക്ടറെ ചോദ്യം ചെയ്ത അന്നത്തേ നീതിയുടെ പോരാളി നിസാറിൻ്റെ ഫോട്ടോ പൂച്ചയെ പോലേ ശാന്തത കൈവരിച്ചിരിക്കുന്നു! ,

തത്വചിന്തകരായ പറവുർ വിൽസണും, സന്തോഷ് എം എട്ടിയും, അന്ന് അവർ കമ്മ്യൂണിസ്റ്റ് ആയിരുന്നു! ഇതിൽ സന്തോഷ് അദ്ധ്യാപകൻ ആയിരിക്കുന്നു!

ഞാനും സന്തോഷും ഒരിക്കൽ' ഗേറ്റിനു പുറത്ത് നിൽക്കുകയായിരുന്നു!( സന്തോഷ് ആണ് എന്നാണ് എൻ്റെ ഓർമ്മ) പ്രാക്ക്റ്റിൽ ക്ലാസ്സ്നിടയിലുള്ള  ഇൻറർവെൽ സമയം! കാക്കി യൂണിഫോം ആണ്! തൊട്ട് അടുത്ത പാരൽ കോളേജിൽ പഠിച്ചിരുന്ന രണ്ട് മൂന്ന് പെൺകുട്ടികൾ   നടന്നു പോകുന്നു, പെട്ടന്നാണ്  ജയൻ സിനിമാ ശൈലിയിൽ എന്നെ ചൂണ്ടി സന്തോഷിൻ്റെ കമൻ്റ്!
" ഈ കാക്കികുള്ളിലും ഉണ്ട് കുട്ടി സ്നേഹമുള്ള ഒരു ഹൃദയം!
ഞാൻ ഞെട്ടി തരിച്ച് പോയി! പപ്പുവിൻ്റെ ഭാഷയിൽ പറഞാൽ ഭൂമി മലയാളത്തിലെ എൻ്റെ ആദ്യത്തേ -പഞ്ചാരയടി "

കൊലുനു പോലേയുള്ള ഒരു പെൺകുട്ടി ! പൂ വിടർന്നത് പോലേ  എന്നെ നോക്കിപുഞ്ചിരിച്ചു! സന്തോഷിൻ്റെ കമൻ്റ് ആ കുട്ടിയെ രസിപ്പിച്ചിരിക്കുന്നു!
പിന്നീട് എന്നെ കാണുമ്പോൾ ആ കുട്ടി മന്ദഹസിസിക്കാൻ തുടങ്ങി!

ഒരിക്കൽ എന്നോട് ചോദിച്ചു  ആ ഹൃദയം ഇപ്പോഴും ഉണ്ടോ?

ഞാൻ സൈക്കളിൽ നിന്ന്  വീണിട്ട് എഴുനേൽക്കുമ്പോൾ ഉണ്ടാകുന്ന ചിരി പോലേ ഒരു ചിരിചിരിച്ചു !
അത് ഒരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു.......
കോഴ്സിന് ശേഷം ഞാൻ ഒമാനിൽ പോയി! നീണ്ട 'അഞ്ച് വർഷത്തോളം ഒമാനിൽ ആയിരുന്നു! ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയിട്ട്!  ഇലക്ട്രിക്ക് വർക്കിൻ്റെ 80 ശതമാനവും ബിൽഡിംഗ് പണി അവസാനിച്ച് ശേഷമായത് കൊണ്ട് രണ്ട് മൂന്ന് മാസത്തിനിടക്ക് ദിക്ക് കളിൽ നിന്ന് ദിക്കുകളിലേക്ക്! സ്ഥലം മാറ്റം! ഇന്നത്തേ പോലേ ട്ടെലിഫോൺ ഒന്നും വ്യാപകമല്ലാത്തത് കൊണ്ട് എഴുത്തുകൾ മാത്രമാണ് ശരണം! അതും ഹെഡ് ഓഫീസിൽ നിന്ന് മൂന്ന് നാല് മാസം  വിവിധ സൈറ്റുകളിൽ കയറി ഇറങ്ങിയതിന് ശേഷം!!

ഒരിക്കൽ ഒമാനിലെ സോഹാറിലൂടെ ഞാൻ നടക്കുകയായിരുന്നു!  ഒരു തേപ്പ്കടയിൽ  എവിടെയൊ കണ്ട് മറന്ന മുഖം!

അയാൾ നേരിയ ശങ്കയോടേ ചോദിച്ചു! നീ സെൻ്റ് അഗസ്റ്റിനിൽ പഠിച്ച യൂസഫ് അല്ലെ !
ഞാൻ തലയാട്ടി!
രണ്ട് മൂന്ന് വർഷത്തേ കൺസ്ട്രക്ഷൻ കമ്പനിയിലേ ജോലി എൻ്റ കോലം കൊപ്രകളത്തിന് തീപിടിച്ചതിന് ശേഷമുള്ള പോലേ മാറിയിരുന്നു!

ഞാൻ ജോളിയാണ്!
ജോളി വൃത്തിയായി തേച്ച് മടക്കുന്നു!
തോമസ് സാറിൻ്റെ പിച്ചിയും നുള്ളിയുമുള്ള എഞ്ചിനിയറിംഗ് ഡ്രോയിംഗിൽ ഉള്ള  പഠിപ്പിക്കൽ   ജോളിക്ക് ഗൾഫിൽ നന്നായി തേക്കാൻ ഉപകരിച്ചിട്ടുണ്ടാവണം!
സോഹാറിൽ നിന്ന് പോകുന്നത് വരെ ജോളിയുടെ കടയിലേ സന്ദർശകനായിരുന്നു!

ഇത്തരം വേറൊരു  കൂട്ടിമുട്ടൽ ഉണ്ടായത്, നാട്ടിൽ വെച്ചാണ്, ഒരിക്കൽ കളമശേരിയിലേക്ക് പോകുന്നവഴി ഒരു ചെറുപ്പക്കാരൻ എന്നെ തടഞ് നിർത്തി!
കോലുപോലേ  പ്രസനവദനനായ  ചെറുപ്പകാരൻ! എന്നെ കണ്ട സന്തോഷം കൊണ്ടാകാം അദ്ദേഹത്തിൻ്റെ കഴുത്തിലേ ആദം ആപ്പിൾ മേലോട്ടും കീഴോട്ടും വല്ലാതെ ചലിച്ചിരുന്നു!
പകച്ച് നോക്കിയ എന്നെ  നോക്കിയ അവൻ ഒരു പഴയ കാല ക്ലൂ ഇട്ടു!

മുനീറിൻ്റെ  ക്ലൂ.......

"നിൻ്റെ വാപ്പ  എസ് ഐ ആണങ്കിൽ, ഇവൻ സി  ഐ ആണഡ!"

സി ഐ ഷിബു ! ഇനീഷ്യലിൽ മാത്രം സി ഐ ഉള്ള രസികനായ സുഹൃത്ത്  ഷിബു !

ആറ് ഏഴുമാസത്തിന് ശേഷം ഒരിക്കൽ പത്രവാർത്ത കാണിച്ച് കൊണ്ട്, അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു!
എടാ ഇത് അന്ന് കണ്ട നിൻ്റെ കൂട്ടുകാരനാണോ?

ഞാൻ വാർത്തയിലേക്ക്  നോക്കി! ' നിശ്ചലമായി കണ്ണിൽ നിറഞ് നിന്ന എൻ്റെ കണ്ണുനീർ മെല്ലെ  കണ്ണുനിർ തടം വിട്ട് മെല്ലെ ചലിക്കാൻ തുടങ്ങി!
ഒരു ബൈക്ക് ആക്സിഡൻ്റ്!രസികനായ ഷിബുവിൻ്റെ ദുനിയാവിലെ ജീവിതത്തിന് സുല്ല് പറഞിരിക്കുന്നു!

ഷിബുവിൻ്റെ ബന്ധുമിത്രാധികളുടെ അടുത്ത് ഒരു അനുശോചനം അറിയിക്കാൻ, അവനെ കുറിച്ച് ഷിബു എന്ന പേര് അല്ലാതെ എൻ്റെ കൈൽ ഒന്നുമുണ്ടായിരുന്നില്ല!..........

"നാട്ടിൽ ഉള്ള എഴുത്ത് മുഴുവൻ ഇന്ന് നിനക്കാണല്ലൊ? "

കമ്പനി PRO കോല് ബീരാൻക്കയുടെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്

ഏഴ് ' എട്ട്  എഴുത്തുകൾ ! ആറേഴ് മാസത്തേ പഴക്കമുണ്ട്, വിവിധ സൈറ്റുകളിൽ കയറി ഇറങ്ങിയുള്ള വരവ് ആണ് ! പരിചയമുള്ള ബീരാൻക്കയിൽ കിട്ടിയത് കൊണ്ട് ഇപ്പോഴങ്കിലും കിട്ടി!

ഒന്ന് രണ്ടണ്ണം വാപ്പയുടെതാണ്!
ജയിൽ വാർഡനായി psc നിയമനം കിട്ടിയത് വേണ്ടന്ന് തീരുമാനമെടുത്ത വാപ്പയുടെ കഥയുണ്ടായിരുന്നു അതിൽ!
പോലീസ്കാരനായ വാപ്പിച്ചിക്ക് അതിൽ ഒരു ന്യായമുണ്ടായിരുന്നു!

ഒരു  തടവ് പുള്ളിക്ക് ജീവപരന്ത്യം എന്നത് 12 വർഷമാണ്, ജയിൽ വാർഡനായ പോലീസ് കാരന്  റിട്ടയർമെൻ്റ് വരെയും!

ഫ്രം ഇല്ലാത്ത മറ്റൊരു എഴുത്ത് ഇച്ചിരി കൗതകത്തോടെയാണ് വായിച്ചത് !

" പ്രിയപെട്ട ഇക്ക കാക്കികുള്ളിൽ സൂക്ഷിച്ചിരുന്ന സൗഹൃദം  ഇപ്പോഴില്ലന്ന് മനസിലായിട്ട് ഒരു വർഷത്തിൽ അധികമായി " ഏഴ് എട്ട് എഴുത്തുകൾ എഴുതിയിരുന്നു! ഒന്നിനും മറുപടി ഇല്ല! എൻ്റെ ഫ്രം അഡ്രസ് കാണുമ്പോൾ കീറി കളയുന്നുണ്ടാവാം....... അത് കൊണ്ടാണ് ഫ്രം ഇല്ലാതെ എഴുതുന്നത്!
എൻ്റെ വിവാഹമാണ് ' ജൂൺ ഏഴിന്!
ആശംസിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല...... അത് സൗഹൃദം മനസിൽ സൂക്ഷിക്കുന്നവർക്ക് മാത്രം കഴിയുന്നതാണ്! എന്നാൽ ഒരു അഭ്യാർത്ഥനയുണ്ട് ശപിക്കരുത്!"
'
കമ്മ്യൂണികേഷന്ന് ഫ്രം  ഇല്ലാത്ത ആ എഴുത്ത് നോക്കി ഞാൻ നെടുവീർപ്പ് ഇട്ടു!

ഇപ്പോൾ മൂന്നോ നാലോ കുട്ടികളുടെ മാതാവായി, ഭർത്താവിനോടപ്പം എവിടെയെങ്കിലും അവർ സന്തോഷത്തോടെ കഴിയുന്നുണ്ടാകാം! ഇടക്ക് ഇടക്ക് നന്ദിയില്ലാത്ത പഴയ സൗഹൃദം തീകട്ടി വന്നേക്കാം......

25 വർഷം മുമ്പുള്ള വേരുകൾ തേടിയുള്ള സെൻ്റ് അഗസ്റ്റൻസിലെ   എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക്, അവരുടെ കൂട്ടായമ്മക്ക്, സോഷ്യൽ മീഡിയുടെ ഭാഷയിൽ പറഞ്ഞാൽ ചങ്കുകൾക്ക്, ബ്രോകൾക്ക്......... എൻ്റെ ഈ ബ്ലോഗ് സമർപ്പിക്കുന്നു.......... നന്ദി...... നന്ദി
"സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ! "
(കുമാരനാശാൻ)

05/02/2024

തുരങ്കങ്ങളും മതിലുകളും.....

 തുരങ്കങ്ങളും മതിലുകളും.....

അങ്ങനെ വിശാലമായ വളപ്പിൻ്റെ അവശേഷിക്കുന്ന  വഴി കൂടി മതിൽ കെട്ടി അടച്ചു!
ഇന്നലെ വരെ വിശാലമായ കിടന്ന ഇടം,   പേരിന് മാത്രം അതിരുകൾ സൂചിപ്പിക്കുന്ന വേലി പത്തലുകളും, കൈതഓല ചെടിയും!
നായയും, ആടും, പശുവും, കീരിയും പാമ്പും എലിയും സ്വതന്ത്രമായി നടന്ന് പോയിരുന്ന സ്ഥലം ! ഇന്ന് അവക്ക്‌ കുറുകെ  താബൂക്കും സിമൻ്റും ഉപയോഗിച്ച് നിർമ്മിച്ച മതിൽ "അമ്പട ഞാനെ" എന്ന പോലേ നെഞ്ച് വിരിച്ച് നിൽക്കുന്നു!
തുറിച്ച് നോക്കിയ കീരിയോടും പാമ്പിനോടും മതിൽ ഔദാര്യം പോലേ പറഞ്ഞു ആ മൂലയിൽ വഴിയുണ്ട്!  പക്ഷേ ഇരുമ്പ് അഴികൾ കൊണ്ട് മറച്ച ഒരു മനുഷ്യന് മാത്രം നുഴഞ് കയറാൻ കഴിയുന്ന കൊച്ചു വഴി അതും പൂട്ട് ഉപയോഗിച്ച്  അടച്ചിരിക്കുന്നു!

ഒരിക്കൽ ആടും പോത്തും പാമ്പും പട്ടിയും സഞ്ചരിച്ച പോലേ തന്നെ ആമിനത്തയും, സെയ്തുക്കയും കുട്ടികളും, കൊചൈപ്പ ചേട്ടനും ഭാര്യയും മക്കളും സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു...... അവർക്ക് മുൻപിൽ കൊടിയടക്കപ്പെട്ട പ്രത്യേക വഴികൾ ഉണ്ടായിരുന്നില്ല! അവർ സ്വതന്ത്രരായിരുന്നു!
പറമ്പിലൂടെ അവർ പോകുന്ന സ്ഥലമായിരുന്നു അപ്പോഴത്തേ വഴി!
വഴികളും മനുഷ്യരും നിരന്തരം മാറികൊണ്ടിരുന്നത് അവർ അറിഞ്ഞിരുന്നില്ല!

നിശബ്ദമായിരിക്കുന്ന സ്ഥലമായിരുന്നില്ല വളപ്പ്!  കിണറിൽ നിന്ന് ആളുകൾ വെള്ളം കോരുമ്പോൾ ഉണ്ടാകുന്ന കപ്പിയുടെ കരച്ചിൽ സുഖമുള്ള സംഗീതമായിരുന്നു!

ശബ്ദമലിനീകരണത്തേ കുറിച്ച് ആരും പരാതി പറയാൻ ഇല്ലാത്തത് കൊണ്ടാകാം പശുകൾ അനാവശ്യത്തിനും, ആവശ്യത്തിനും ശബ്ദമുണ്ടാക്കിയിരുന്നു! മുട്ട ഇട്ട കോഴികൾ നഷ്ടബോധത്താൽ ആണന്ന് തോന്നുന്നു കൊക്കൊ.... കൊക്കൊ എന്ന് അലറി വിളിച്ചിരുന്നു !

 ചിലപ്പോഴേക്കെ വീട്ടിലെ പടിഞ്ഞാറെ ഇറയത്ത് കൂടി കയറി അകതളങ്ങളിലൂടെ  കിഴക്ക് വശത്ത് കൂടി അയൽവാസികൾ പോകുമായിരുന്നു! പോകുന്ന വഴി വിശേഷങ്ങൾ തിരക്കുന്നതും പറയുന്നതും കാണാമായിരുന്നു! തിരിച്ച് വരുമ്പോൾ ചില സാധനങ്ങൾ വാങ്ങാൻ ഉമ്മ പൈസ കൊടുത്ത് ഏൽപ്പിക്കുന്നത് കണ്ടിട്ടുണ്ട്!
അടുത്ത വീട്ടിന്ന് ,ഉപ്പും മുളക്കും പരസ്പരം കടം വാങ്ങുന്നതും കണ്ടിട്ടുണ്ട്! പണികൾ ഒക്കെ കഴിഞ്ഞാൽ സ്ത്രീകൾ വട്ടം പറഞ്ഞിരുന്ന് സൊറ പറയുന്നത് ! ഒരു സാധാരണ കാഴ്ച്ചയാണ്!

അതിവർഷ കാലത്ത് പായയും രണ്ട് കുട്ടികളെയും എടുത്ത് രാത്രി കാലങ്ങളിൽ വീട്ടിലേക്ക് ഉറങ്ങാൻ വരുന്ന വേലായി ചേട്ടനും സൂശില ചേച്ചിയും!

ഓണത്തിനും പെരുനാളിനും പത്തിരിയും പായസവും പഴവും പരസ്പ്പരം കൈമാറുന്ന സൗഹൃദ ഇടങ്ങൾ ! ഓണകാലത്ത് കിട്ടാവുന്നതിൽ ഏറ്റവും നല്ല പഴകുലയുമായി വരുന്ന ബെഗൻ എന്ന വിളി പേരുള്ള വേലായി ചേട്ടൻ! പായസവുമായി വരുന്ന കിട്ട കുഞ്ഞി ചേട്ടൻ! പലഹാരവുമായി വരുന്ന കുഞ്ഞികൃഷ്ണ ചേട്ടൻ!
അയൽകാരൻ്റെ വിഷതകളും, പ്രയാസങ്ങളും സ്വന്തത്തേക്കാൾ അറിയുന്ന സൗഹൃദ കൂട്ടങ്ങൾ !
പിന്നീട് 'എപ്പൊഴോ  TV വന്നു! സൗഹൃദ അയൽകൂട്ടങ്ങൾ മെല്ലെ അപ്രത്യക്ഷമാകാൻ തുടങ്ങി ........ നിശബ്ദരായ കൂട്ടങ്ങൾ രണ്ടും മൂന്നും മണിക്കൂർ വിഡി പെട്ടിയെ നോക്കി  വീട്ടിൽ ചടഞ് ഇരിപ്പായി!
കൃത്യമായ വഴിയില്ലാത്തവർ സംസ്കാരമില്ലാത്തവർ ആണന്ന് അവർ പഠിപ്പിക്കപ്പെട്ടു!'
അയൽപക്കത്തേ നോക്കലും, അന്വേഷിക്കലും സ്വകാര്യതെയിലേക്കുള്ള കടന്ന് കയറ്റമായി വ്യാഖാനിക്കപ്പെട്ടു!
അയൽ വീട്ടിൽ നിന്ന് ഉറക്കേ കരച്ചിൽ കേട്ടാൽ പോലും ഒരു നിസംഗഭാവം!

പറമ്പിനെ ചുറ്റി വളഞ് ട്ടാറ് ഇട്ട റോഡ്‌ വന്നു!
ഒരോ വീട്ടിലും വാഹനങ്ങൾ വന്നു!
മൊബൈൽ ഉള്ളത് കൊണ്ട് ഇന്ന് എന്താ കറിയെന്ന് ആരും  ഉച്ചത്തിൽ വിളിച്ച് ചോദിക്കേണ്ടി വന്നില്ല! അഥവാ ചോദിച്ചാലും മതിലുകളും, ടീ വിയും മൊബൈയിലും ആ സ്നേഹ ശബ്ദതരംഗങ്ങളെ തടഞ്ഞിരുന്നത് അവർ അറിയാതെ പോയി.......'

നായ കുരക്കുന്ന ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നാണ് ഉണർന്നത് മതിൽ  ചാടൻ ശ്രമിച്ച മാർജാരനെ ! അയൽവീട്ടിലെ നായ സർ ആക്രമിക്കാൻ ശ്രമിക്കുന്നു!

മതിൽ വരുന്നതിന് മുമ്പ് ഞാൻ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നതാണ്! എന്ന് പൂച്ച സർ പറയാൻ ശ്രമിക്കുന്നുണ്ട്!

ഭാഷ അറിയാത്തത് കൊണ്ടൊ? ചരിത്രബോധമില്ലാത്തത് കൊണ്ടൊ? നായ സർ വീണ്ടും കുരച്ച് കൊണ്ടിരുന്നു!

പൂച്ച സർ പ്രതിഷേധിക്കാനും........

നായ സാറിൻ്റെ  ഗംഭീര ശബ്ദത്തിനു മുമ്പിൽ പൂച്ച സാറിൻ്റെ ശബ്ദം മാത്രമല്ല ചരിത്രവും വിസ്മരിക്കപെട്ടിരിക്കുന്നു........

ഇതൊക്കെ അവിടെ നടക്കും എന്ന മട്ടിൽ പെലിച്ചായി സർ മതിലിന് കുറുകേ രഹസ്യമായി തുരങ്കങ്ങൾ   നിർമ്മിച്ച് കൊണ്ടിരുന്നു....
ഇത് തുരങ്കങ്ങളുടെ കാലമാണ്.........
നായ സാറും ,പൂച്ച സാറും പരാജയപ്പെടുന്ന  അനീതിയുടെ കാലത്തേ തുരങ്കങ്ങൾ.........
നീതിയിലേക്ക് വഴി തടത്തുന്ന തുരങ്കങ്ങൾ......
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് തുറന്ന് വരുന്ന തുരങ്കങ്ങൾ..........