30/07/2022

ബലി കാക്കകൾ




നദിയുടെ ഓളങ്ങളിലൂടെ ആ ശവം ഒഴുകി നടക്കുകയായിരുന്നു! കുറച്ച്  കാലങ്ങളായി ഒഴുകി നടക്കൽ തുടങ്ങിയിട്ട്! ,കണ്ണും മൂക്കും ഒക്കെ മത്സ്യങ്ങൾ തിന്നിരിക്കുന്നു! തൻ്റെ ജഡം കൊണ്ട് കുറച്ച് ജീവജാലങ്ങൾക്ക് വിശപ്പ് അകറ്റാനെങ്കിലും സാധ്യമായിരിക്കുന്നു!  "ശവം " അഭിമാനത്തോടെ നെഞ്ച് വിരിച്ചു


തിബ്ബറ്റിൽ നിന്ന് ഉൽഭവിച്ച് ഭാരത്തിലൂടെയും പാക്കിസ്ഥാൻ്റെയും വിരിമാറ് പിളർന്ന് കൊണ്ട്  ഒഴുകുന്ന സിന്ധു നദിയിലൂടെയാണ്! തൻ്റെ സഞ്ചാരം എന്ന് ശവം ' തിരിച്ച് അറിഞ്ഞു!  ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം പഞ്ചായത്ത് പോലും പൂർണ്ണമായി സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല! 

കൊടും കാടുകളിലും ഊരിലും ആയിരുന്നു! അധികകാലവും! ഒടിവിൽ ഏതോ പോലീസ് കാരൻ തല്ലി ചതച്ച് ജീവശവമാക്കി കടലിൽ വലിച്ച് എറിയുമ്പോൾ തൻ്റെ ശരീരത്തിൽ അർദ്ധ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളു !


ഹേയ് അവിടെയൊന്നു നിൽക്കു!


ആരാ അത്?


തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലല്ലൊ?

കണ്ണ്കൾ മീൻ കൊത്തി തിന്നത് കൊണ്ടാണോ കാണാൻ കഴിയാത്തത്?


എന്ത് ഒരു മണ്ടൻ ചിന്തയാണ് മാഷേ?


മരിച്ച് കഴിഞ്ഞാൽ അകകണ്ണ്കൊണ്ടല്ലെ കാണാൻ കഴിയു !

അത് ശരിയാണല്ലൊ!


തൻ്റെ നേരേ തിരകളിൽ പെട്ട് ചാടിയും തുള്ളിയും വരുന്ന  വായ മൂടികെട്ടിയ ചെപ്പ്കുടത്തിലേക്ക്  ശവം എത്തി നോക്കി!


ഹലൊ?


എന്താ മാഷേ ?


നിങ്ങൾ ആരാണ്!


നമ്മൾ രണ്ട് പേരും ജീവാത്മാവിൻ്റെ അവശേഷിക്കുന്ന തിരുശേഷിപ്പുകളാണ്


നാം ഇപ്പോൾ എവിടെയാണ്!


നീ കുടത്തിലും ,ഞാൻ കടലിലും!


നീ ഭാഗ്യവാനാണ്! വിശാലമായ ലോകം ചുറ്റി സഞ്ചരിക്കാമല്ലൊ?! 

ഹ.....ഹ.... ഹ 

എന്ത് സഞ്ചാരം എൻ്റെ കൈയ്യും, കാലും കണ്ണും മത്സ്യങ്ങൾ തിന്ന് കഴിഞു!

ഉടലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു ! ഏതാനും ദിവസങ്ങൾ കഴിഞാൽ അവശേഷിക്കുന്ന മാംസപിണ്ഡവും വാർന്ന് പോകും!

മാംസങ്ങളില്ലാത്ത എല്ല് തുണ്ടങ്ങൾ കടലിലിൻ്റെ ആഴങ്ങളിലേക്ക് ?


എന്നാലും നീ ഭാഗ്യവാനാണ്!


എന്നെ നോക്കു ! എന്നെ കത്തിച്ചു ഭസ്മമാക്കിയിരിക്കുന്നു! പുജയും മന്ത്രവും ചെയ്ത് എന്നെ അടച്ചിരിക്കുന്നു! വില കൂടിയ പട്ടിൽ എൻ്റെ വായ മൂടി കെട്ടിയിരിക്കുന്നു!മണ്ണിൽ അലിഞ്ഞ് ചേരണമെന്ന എൻ്റെ ജഡത്തിൻ്റെ അടിസ്ഥാന ആവശ്യം പോലും നിരസിച്ചിരിക്കുന്നു! പക്ഷേ മഹാമാനുഷികളായ ബ്രാമണ ശ്രേഷഠർ ചെയ്ത മന്ത്രത്തിൻ്റെ പിൻബലമുണ്ട് എൻ്റെ  ഈ വായ മൂടികെട്ടിയ കുടത്തിന്! ഇത് എനിക്ക് മോക്ഷം നൽകും ! എൻ്റെ പുണ്യദേഹം പുഴുക്കൾക്കും പ്രാണികൾക്കും അന്നമാകില്ല!


ഈ കുടമൊന്ന് പൊട്ടി കിട്ടിയാൽ വിശ്വ പ്രപഞ്ചത്തിൽ ലയിക്കാമായിരുന്നു!'


വിശ്വപ്രപഞ്ചമോ?


ജീവിച്ചിരുന്ന കാലത്ത് അങ്ങനെയൊന്ന് കേട്ടിരുന്നോ?


കുടത്തിൽ നിന്ന് തേങ്ങൽ ഉയർന്നു!


ഗദ്ഗതത്തോടെ മന്ത്രിച്ചു! 

ഇല്ല!


എൻ്റെ രാജ്യം!


എൻ്റെ മതം!


എൻ്റെ ദൈവം!


എൻ്റെ കുടുംബം !


അത് മാത്രമേ കേട്ടിരുന്നുള്ളു ! 


എനിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല!


 അനാഥശവം  വാചാലനായി!


ദിക്കുകളിൽ നിന്ന് ദിക്കുകളിലേക്ക് യാത്രകളായിരുന്നു! എനിക്ക്!   എൻ്റെ വിശ്വ പ്രപഞ്ചം ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങൾ ആയിരുന്നു! ചേരികൾ ,കോളനികൾ, ആദിവാസി ഇടങ്ങൾ !


എൻ്റെ മതം എൻ്റെ ചുറ്റിലുള്ള എല്ലാ മനുഷ്യരിലായിരുന്നു!


എൻ്റെ ദൈവം എൻ്റെ ചുറ്റും കാണുന്ന വിശകുന്ന മനുഷ്യനായിരുന്നു!


എനിക്ക് എല്ലാവരും കുടുബകാരയായിരുന്നു!

കുടുബം........ കൂടുംമ്പോൾ ഇമ്പമുള്ളവർ !


എന്നിട്ടും നീ എന്തേ അനാഥ ശവമായി! പൂജ യില്ല മന്ത്രമില്ല, സ്വന്തം  മാതൃദേശത്ത് അടങ്ങാനുള്ള ഭാഗ്യവുമില്ല!


അനാഥ ശവം പൊട്ടി ചിരിച്ചു ! മാതൃ ദേശമോ?


നീ ഇപ്പോൾ എവിടെയാണന്ന് അറിയുമോ!


ഇല്ല!


ഇന്ത്യയിൽ നിന്ന് ഉൽഭവിച്ച്   ചൈനയിലും, പാക്കിസ്ഥാനിലൂടെയും ,ബംഗാളിലൂടെയൊക്കെ ഒഴുകുന്ന സിന്ധു നദീ യിലാണ്!


ഈ കുടം ഏതങ്കിലും തിരമാലയിൽ പൊട്ടി തകർന്ന് ഇവയുടെ ഏതങ്കിലും തീരത്ത് തീ ഒന്നു ചേർന്നേക്കാം! നീ അലിഞ് ചേരുന്നതാണ് നിൻ്റെ മാതൃദേശം! അതിന് രാജ്യാന്തരങ്ങളുടെ അതിർവരമ്പുകളും ദേശങ്ങളും ഇല്ല!


ആണ്ട് തോറും ബലികാക്കൾ  നിൻ്റെ പേരിൽ ചോറ് ഉണ്ട് പോയേക്കാം! ബാക്കിയാവുന്ന ബലി ചോറുകൾ കടപുറത്ത് കിടന്ന് നശിച്ച് പോയേക്കാം!  എന്നാലും നീ ഒന്നും ചുറ്റുവട്ടത്ത് ഉള്ളവരെ ജീവിതകാലത്ത് തിരിച്ച് അറിയില്ല! ഭക്ഷണം കിട്ടാതേ അലഞ് തിരിയുന്ന അനാഥ മനുഷ്യർ! പ്രപഞ്ച സൃഷ്ടിയുടെ കാരണ കാരായ മാതൃത്വം കൈ നീട്ടി യാജികുന്ന കാലം..... എച്ചിലിൽ കൈഇട്ട് വാരുന്ന അനാഥ കുരുന്നുകൾ!


നീ നിൻ്റെ പിതാവിനെ കണ്ടിട്ടുണ്ടോ?


ഇല്ല അദ്ദേഹം മോക്ഷം തേടി കൊടും വനാന്തരങ്ങളിൽ അഭയം തേടിയതാണ്!


എൻ്റെ ചെറുപ്പത്തിലെ നാടുവിട്ടു!

വിശക്കുന്ന മനുഷ്യരെ കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഡയുണ്ടായിരുന്നു അദ്ദേഹത്തിന്! വർഗിയത തീരെയില്ലായിരുന്നു! ചേരികളിൽ ഉറങ്ങുകയും അവരോടപ്പം അധികാരികളോട് പോരാടുകയും ചെയ്ത നക്സൽ ആയിരുന്നു അദ്ദേഹം!


അനാഥ ശവം വിതുമ്പാൻ തുടങ്ങി!  ചുറ്റുവട്ടത്തിലേക്ക് നോക്കിയപ്പോൾ  സ്വന്തം കുട്ടിയെ നോക്കാൻ മറന്നു പോയി!ഒപ്പം ജീവിതകാലം മുഴുവൻ തന്നെ ചേർത്ത് പിടിക്കും എന്ന് വിശ്വസിച്ച പ്രാണസഖിയേ വഴിയിൽ  ഉപേക്ഷിച്ചു!


"എന്തിന് വേണ്ടി!"


ഉത്തരം രണ്ട് ആത്മാകളിൽ നിന്നും ഒരു പോലേയായിരുന്നു!


മോക്ഷം!


ആത്മാവിൻ്റെ മോക്ഷം! അജ്ഞാത ശവം പിന്നെയും തർക്കത്തിൽ ഏർപെട്ടു!

മോക്ഷം എന്ന്  ഒന്നില്ല


 മാനവികതയുടെ ചേർത്ത് പിടിക്കലാണ് മോക്ഷം!


കടൽ പെട്ടന്ന് പ്രഷുബ്ദമായി! തിരമാലകൾ  കാറ്റിൽ ഉയർന്ന് പൊങ്ങി ! അതിഭീകരമായ ഹുങ്കാര ശബ്ദം! വൻമതിലിനോളം പൊങ്ങുന്ന  തിരകൾ !

തിരകൾ ഇടയിൽ വെച്ച് എവിടെയോ ചെപ്പ് കുടവും ,ശവവും അനാഥരായി!


ആ സത്യം ഇനിയും മറച്ച് വെക്കാനാവില്ല! ഇനിയെങ്കിലും നീ അത് തുറന്ന് പറയു !അല്ലങ്കിൽ ഞാൻ ഇനിയും രോഷകുലയാകും! കടമലമ്മ തിരകൾ ആകുന്ന കൈകൾ കൊണ്ട് ഉയർന്ന് പൊങ്ങി !


ഗതിയില്ലാതെ അനാഥ ശവം പുലമ്പാൻ തുടങ്ങി!


" എനിക്ക് ഒരു രഹസ്യം പറയാനുണ്ട്!എൻ്റെ അവസാന തുണ്ട് മാംസവും തീർന്ന് പോയിരിക്കുകയാണ്, ഞാൻ ആഴികളിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്!നീ ഇപ്പോൾ എവിടെയാണ്? ഞാൻ നിൻ്റെ അഛനാണ് മകനെ? " അനാഥ ശവം ഒച്ചയിട്ടു! മകനെയും, അമ്മയേയും കുടുംബത്തേ തിരിച്ചറിയാതെ ദേശാടനം ചെയ്ത അഛൻ!


ചെപ്പ് കുടത്തിന് ഒച്ചയൊന്നും കേൾക്കാനായില്ല! ശക്തമായ തിരമാല  ചെപ്പ് കുടത്തേ ദൂരേക്ക് തള്ളിമാറ്റിയിരുന്നു !മോക്ഷം തേടി  രാജ്യന്തരങ്ങളിലേക്ക് ചെപ്പ് കുടം  പിന്നെയും സഞ്ചരിച്ച് കൊണ്ടിരുന്നു!


ബലികാക്കകൾ മാത്രം കടലിന് മീതെ വട്ടമിട്ട് പറന്നിരുന്നു!


മോക്ഷം കൊടുക്കേണ്ടത് അവയുടെ ധർമ്മ മെത്രെ!