11/08/2021

ആത്മാവ് ഇല്ലാത്തവർ !


 ആത്മാവ് ഇല്ലാത്തവർ !


നിഴൽ പോലേ ഒരു ആൾ രുപം വാതിൽപടിയിൽ! 


ആരാ അത്? 


അയാൾ കണ്ണെടക്ക് വേണ്ടി ബെഡ് മുഴുവൻ തപ്പി! അമ്മു എപ്പോഴും തൻ്റെ ഈ അശ്രദ്ധയെ കുറ്റപെടുത്തുമായിരുന്നു! 


" ഞാൻ ഇല്ലാതെയാൽ ഈ മനുഷ്യൽ എന്താ ചെയ്യ  ദൈവേ?" 


"എൻ്റെ മക്കളുണ്ടടി! " 


ഒത്തിരി അഹങ്കാരവും അഭിമാനവും ആ വാക്കുകളിൽ ഒളിഞിരുന്നു! 


"മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതിട്ട!" 


ഞാനാ അപ്പിച്ചി! ഡോറിൽ നിൽക്കുന്ന നിഴൽ മെല്ലെ! കട്ടിലിന് അടുത്തേക്ക് വന്നു! 


അപ്പോഴേക്കും അയാൾ കണ്ണട നോക്കിയെടുത്തിരുന്നു! 


അപ്പുവല്ലെ? നീ എപ്പോ എത്തി?

രാവിലെ വന്നു അഛാ! 


എത്ര ദിവസം  ഇവിടെയുണ്ടാവും! 


മൂന്ന് ദിവസം അഛാ! 


കഷായം കുഴമ്പും ഒക്കെയില്ലെ?


ഉം! 


അഛൻ ഒന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നാൽ  ബെഡ്ഷീറ്റ് മാറ്റാമായിരുന്നു!

ഇവിടെെയൊക്കെ നാറുന്നിണ്ട്ട്ടോ! | , 


" എന്താ അപ്പിച്ചി അവിടെ ഇവിടെയൊക്കെ തുപ്പി വെച്ചിരിക്കുന്നത്?" 


കോളാമ്പിയല്ലെ മുമ്പിൽ ഇരിക്കുന്നത്!

എത്ര പറഞ്ഞാലും ഈ അഛൻ!

അയാൾ കോപം നടിക്കുകയാണന്ന് അയാൾക്ക് അറിയാം! 


എങ്ങനെ ശ്രദ്ധിച്ചാലും ഇച്ചിരി പുറത്ത് പോവും! 


റെയിൽവേയിലാണ് അപ്പുവിനു ഉദ്യോഗം മുന്ന് നാല് ദിവസം എത്തുമ്പോഴെ വരു! അന്നാണ് തൻ്റെ ബെഡ് ക്ലീൻ ചെയ്യുന്നതും, കിടക്ക കുടയുന്നതും ! 


എന്തങ്കിലും കാരണവശാൽ വരാൻ വൈകിയാൽ സുമിത്രയായിരിക്കും  ക്ലീൻ ചെയ്യുക! കാറിതുപ്പിയാണ് റൂമിലേക്ക് വരിക ! 


എന്തൊരു നാറ്റം! അവൾ പിറുപിറുക്കും! 


സുമിത്രക്ക് എന്തായാലും അമ്മു ആവാൻ കഴിയില്ലല്ലോ?  ഭാര്യക്ക് കഴിയാത്തത്  മരുമകളിൽനിന്ന് പ്രതിക്ഷികരുതല്ലൊ! 


ചെവി പൊട്ടനായി അഭിനയിക്കുന്നത് എത്ര നന്നായി ! 


അത് കൊണ്ട് സുമിത്ര പറയുന്ന തെറി മുഴുവൻ കേട്ട് കിടക്കും! 


തെറി പറയുന്നത് കൊണ്ട് അവൾക്കും ഒരു റിലാക്സ് കിട്ടുന്നുണ്ടാവണം!! 


തൻ്റെ അമ്മു ഉണ്ടായിരുന്നങ്കിൽ!

അവളുടെ കുറ്റപ്പെടുത്തലിനും ഒരു സുഖമുണ്ടായിരുന്നു! ഇത്! അയാൾ നെടുവീർപ്പിട്ടു ! 


അഛനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു!

ശബ്ദത്തിലേ ഇടർച്ച അപ്പുവിൻ്റെ കുട്ടികാലത്തേ ഓർമ്മിപ്പിച്ചു!

അപ്പു ഏതങ്കിലും തെറ്റ് ചെയ്യുന്നു എന്ന് കണ്ട് പിടിക്കാൻ ശബ്ദത്തിലെ ആ മാറ്റം മതിയായിരുന്നു! 


എന്താ അപ്പു? 


അഛനു അറിയാലോ സുമിത്ര ഒത്തിരി ജോലി തിരക്ക് ഉണ്ട്, പാചകം ചെയ്യണം, കുട്ടികളെ സ്കൂളിൽ അയക്കണം! ജോലിക്ക് പോണം! 


എന്താ നീ പറയണൻ്റെ അപ്പു അഛന് തിരിയിണില്യ! 


സുമി...ത്രക്ക്...... അഛനെ ശുശ്രിഷിക്കൽ വലിയ പ്രയാസമായിരിക്കുന്നു! 


"അഛന് അറിയാലോ! അവളുടെ ജോലിയും, അഛൻ്റെ പരിപാലനവും കൂടി നടക്കിണല്ലെത്രെ! "


നമുക്ക് വല്യപ്പഛൻ്റെ അടുത്തേക്ക് പോയാലോ? അവിടെയാകുമ്പോൾ അഛന് കൂട്ടാവും! കാര്യങ്ങൾ നോക്കാൻ ആളുമുണ്ടല്ലൊ! 


നമുക്ക് നാളേ പോവാം അഛാ! രാവിലെ വണ്ടി വരും! 


വർഷങ്ങൾക്ക് മുമ്പ് മുഴങ്ങിയ ഇടിനാദം

ഒരിക്കൽ കൂടി അവിടെ മുഴങ്ങുന്നത് നാണു വെന്ന നാരയണമേനോൻ അറിഞു! 


അപ്പു മുഖത്ത് നോക്കാതെ  റൂം വിട്ടുപോകുന്നത്  കണ്ടു! 


വർഷങ്ങൾക്ക് മുമ്പ് അമ്മു തുടങ്ങി വെച്ചത് സുമിത്ര  തുടങ്ങിയിട്ടുണ്ടാവാം! 


അഛനെ നോക്കൽ അവൾക്ക് വലിയ പ്രയാസമായിരുന്നു! 


" ആറേഴു പശുവും, അതിൻ്റ കുട്ടികളും

പുല്ല്  പറിക്കണം, വെള്ളം കോരണം,, ചാണാൻ വടിക്കണം! എനിക്ക് നാല് കൈ ഒന്നും ഇല്ലട്ടൊ " 


അവൾ പതിവ് പോലേ അവൾ ഒച്ച വെക്കാൻ തുടങ്ങിയിരിക്കുന്നു!

" അതിനിടയിലാണ് പാട്ടാള ചിട്ടയുള്ള അഛൻ"

പട്ടാള ബാരക്കാണന്നാണ് അയാളുടെ വിചാരം" 


" റിട്ടയർ ആയിട്ടും പട്ടാളക്കാരൻ്റെ പ്രേതം അയാളെ വിട്ടിട്ടില്ല" 


നിർത്തു! അത് ഒരു അലർച്ചയായിരുന്നു!

അവൾ  സിച്ച് ഇട്ടപ്പോലേ നിശബ്ദമായി! 


അന്ന് രാത്രി മാറോട് ചേർന്ന് കിടക്കുമ്പോൾ അമ്മുവാണ് ആ  കാര്യം പറഞത്! 


" നാണുവേട്ട....അഛനെ നമുക്ക് വൃദ്ധസദനത്തിലാകാം, നമുക്ക് ഇടക്ക് പോയി കാണാം " 


ഉഗ്രപ്രതാപിയായ കേണൽ ശേഖരമേനോനോട്ട് ഇത് പറയാൻ ആർ ധൈര്യപ്പെടും! മൂക്കത്ത് അരിശമിരിക്കുന്ന  കേണൽ ശേഖരൻ! വഴിയിൽ ഇറങ്ങിയാൽ ആളുകളുടെ  തോർത്ത് മുണ്ടും, കൈലിയും അറിയാതെ അഴിഞ് പോകുന്ന കേണൽ മേനോൻ!' 


തനിക്ക് അത് അഛനോട്ട് പറയാൻ ധൈര്യമുണ്ടായില്ല! പക്ഷേ അമ്മു ! 


അഛൻ ഉണ്ടാക്കിയ വീട്ടിൽ നിന്ന് അഛനോട് ഇറങ്ങണമെന്ന് അമ്മു ആവശ്യപ്പെട്ടു! സ്വന്തം 

ഇഷ്ടം തിരഞ്ടുത്ത് വല്ലവൻ്റെ കൂടെ പോയ മകളെ തോൽപ്പിക്കാൻ സ്വത്ത് മുഴുവൻ മകൻ്റെയും മരുമകളുടെയും പേരിൽ എഴുതികൊടുത്ത അഛൻ യുദ്ധകളത്തിൽ ആയുധം നഷ്ടപെട്ടവനെ പോലേ പരിഭ്രാന്തനായി!

പിന്നീട് എപ്പൊഴും മൂകനായ അഛനെയാണ് കണ്ടത്! 


ഇടക്ക് മുറ്റത്തേ പ്ലാവിൻ ചുവട്ടിലും, മാങ്കോസ്‌റ്റിൻ ചുവട്ടിലും ഇരിക്കും! എന്നിട്ട് ആരോട്ന്നില്ലാതെ പറയും ! ഇത് ഞാൻ വെച്ചതാ! മറ്റത് അമ്മുവും! 


ഇടക്ക് പേരകുട്ടികളെ പിടിച്ച് വിതുമ്പും! 


പടിയിറങ്ങുമ്പോൾ അഛൻ  ഷാൾ  കൊണ്ട്  മുഖം പൊത്തി വിങ്ങുന്നുണ്ടായിരുന്നു!

ആജാനബാഹുവായ ആരേയും വിറപ്പിച്ചിരുന്ന ശേഖരമേനോൻ വിതുമ്പുന്നു! 


"നാണു അഛൻ വരട്ടെ അല്ല പോട്ടെ" 


"ഇത്ര വേഗം കാലം സഞ്ചരിക്കുമെന്ന് നിരീച്ചില്ല!"

അഛൻ വീട് ഇറങ്ങി പോകുന്നത്  ഒരു വിങ്ങലോടെ നോക്കി നിന്നു !

തിരിച്ച് വിളിക്കണമെന്നുണ്ടായിരുന്നു..... പക്ഷേ അമ്മു! 


പടിവാതിലിൽ എത്തിയിട്ടും അഛൻ വീട്ടിലോട്ട് തിരിഞ് നോക്കുന്നുണ്ടായിരുന്നു! 


എങ്ങാനും തിരിച്ച് വിളിച്ചാലോ? 


പിന്നീട്  തൻ്റെ അഛൻ്റെ അടുത്തേക്കുള്ള പോക്ക് കുറെശ്ശെ കുറഞ്ഞു! 


പോക്ക് ഇല്ലാതെയായതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു! 


മേത്തൻ്റെ കൂടെ ഒളിച്ച് ഓടിയ രേഖ ഇപ്പോൾ വൃദ്ധസദനത്തിൽ നിത്യസന്ദർശകയാണത്രെ! 


അഛനോട് നീതി പുലർത്താനാവാത്ത മകളും, മകളോടു നീതി പുലർത്താനാവാത്ത അഛനും ഒന്നിച്ചിരിക്കുന്നത് കണ്ട് അയാൾ കാറി തുപ്പി! 


ചാറ്റൽ മഴയുണ്ട് ആളുകൾ ചെറിയ കൂട്ടമായി വീടിൻ്റെ പരിസരത്ത്  മാറിനിൽക്കുന്നു! 


"എന്തേ വൈകുന്നേ?" അക്ഷമരായ ചിലർ ചോദ്യം ഉന്നയിച്ചു! 


" വല്യതമ്പ്രാന് ആള്  പോയിട്ട് ഉണ്ട് എത്തീട്ടില്ല" 


കേണൽ ശേഖരൻ ഇപ്പോഴും ജീവീച്ചിരിപ്പുണ്ടോ? 


ഉം , മകളുടെ കൂടെയാണന്നേ കേട്ടേ! 


"മരിച്ചവരെ കുറ്റപറയല്ലട്ടോ! നാണുവേട്ടൻ അഛനെ കൊണ്ട് നടതള്ളിയിരിക്കുകയായിരുന്നില്ലേ?! " 


"അതാ ഇപ്പോ ഇങ്ങനെയൊക്കെ ആയേ! " 


"എന്നാലും ഈശ്വര ! മോക്ഷമില്ലാത്ത മരണമായല്ലോ " 


അപ്പുണ്ണി മേനോനുമായി ഒരു കശപിശ! 


" മേനോനെ വൃദ്ധസദനത്തിൽ ആകാമെന്ന് മകൻ " പറ്റില്ലന്ന് മേനോനും! 


."കാലം ദുഷിച്ച് പോയിരിക്കിണേ! ഫ്രൂട്ട് മുറിക്കാൻ വെച്ച കത്തി മേനോൻ കൈൽ കുത്തിയിറക്കിയത്രെ ! അപ്പുണ്ണിമേനോൻ  കണ്ടപ്പോഴേക്കും ചോരവാർന്ന് എല്ലാം തീർന്നുവെത്രെ! 


കേണൽ ശേഖരമേനോൻ വണ്ടിയിൽ നിന്ന്  മെല്ലെ ഇറങ്ങി, 90 കഴിഞ്ഞിട്ടും  ആരോഗ്യദൃഢമായ ശരീരം! പട്ടാള ജീവിതം അയാളിൽ അവശേഷിപ്പിച്ച ഒന്ന്! 


വാക്കിംഗ് സ്റ്റിക്കിൻ്റെ  സഹായാത്താൽ അയാൾ നിവർന്നു നിന്നു ! 


അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു!


" എന്നാലും എൻ്റെ നാണുവേ , ഇത് വേണ്ടായിരുന്നു" !  അയാൾ ആരോട്ന്നില്ലാതെ വിലപിച്ചു!


"എപ്പഴാ നാണുവിൻ്റെ ശവദാഹം" 


" അഛൻ ജീവിച്ചിരികലെ മകനെ  ദഹിപ്പിക്കൽ  നമ്മുടെ കുലത്തിൽ പതിവില്ലത്രെ!" 


കേണൽ മേനോൻ്റെ കണ്ണുകൾ നിർജലങ്ങളായി! വെളുത്ത താടി രോമത്തിലൂടെ കണ്ണ്നീർ വാർന്ന് ഇറങ്ങി!

സ്ഫടികം പോലേ  തോന്നിക്കുന്ന കണ്ണീർ തുള്ളികൾ!


ജീവിച്ചിരിക്കുന്ന അഛൻ!


അയാളുടെ കണ്ണിലേക്ക് കോപം ഇരച്ച് കയറുന്നത് അവർ കണ്ടു! മെല്ലെ മെല്ലെ അത് ഒരു തീകുണ്ഡംപോലേയായിരിക്കുന്നു! 


" ജീവിച്ചിരിക്കുന്നവർ എന്ന് പറഞ്ഞാൽ ആരാ?"   അയാൾ ചുറ്റും കൂടിയവരെ തുറിച്ച് നോക്കി! 


അയാൾ ചോദ്യം  ആവർത്തിച്ചു! 


"ജീവിച്ചിരിക്കുന്നവർ എന്ന് പറഞാൽ ആരാ?" 


ശേഖരമേനോന് സമനില തെറ്റിയിരിക്കുന്നു  ആളുകൾ പിറുപിറുത്തു.! 


"പ്രായമേറിയില്ലേ അത്തും പിത്തും പതിവാ" 


മേനോൻ്റ് ശബ്ദം അതിക്രമിച്ചത് കൊണ്ടാകാം! അദ്ദേഹത്തേ വൃദ്ധസദനത്തിൻ്റെ വാനിൽ  ബലം പ്രയോഗിച്ചാണ് കയറ്റിയത്! 


"ഇങ്ങോട്ട് ഒന്നു വരിക !" 


അയാൾ വീണ്ടും ഒച്ച കൂട്ടി! 


വണ്ടിയിൽ ഇരിക്കുന്ന വൃദ്ധജനങ്ങളെ നേരേ അയാൾ കൈ നീട്ടി! പല്ല് പൊഴിഞ്ഞവർ! മുടി വെളളി നൂല് പോലേയാവവർ, കണ്ണ് തിമിരം വന്ന് മൂടി പോയവർ ! തൊലി ചുക്കിചുളിഞവർ!, നെഞ്ച് അസ്തികൂടം പോലേ ചുരുങ്ങി പോയവർ ! 


"ഈ ഇരിക്കുന്നവർക്ക് ജീവിച്ചിരിക്കുന്നുവെന്ന്  നിങ്ങൾക്ക് തോന്നുന്നുണ്ടോ !" 


മേനോൻ ക്രുദ്ധനായി! പിന്നെ പൊട്ടി കരഞ്ഞു! 


അയാളുടെ  ശവദാഹം നടത്തികോളു !

അയാൾക്ക് എങ്കിലും മോക്ഷം കിട്ടട്ടെ!


ഈ ഇരിക്കുന്നവരിൽ ആരും ജിവിച്ചിരികുന്നവർ  അല്ല അത് നിങ്ങളുടെ തോന്നൽ മാത്രമാണ്! 


"ആത്മാവില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെ " 


വണ്ടിയിൽ ഇരിക്കുന്ന ജരാനിര ബാധിച്ച എല്ലാവരും ഒരുമിച്ച് തലകുലുക്കി പിന്നെ അവർ പല്ലില്ലാത്ത മോണകാട്ടി വെളുക്കെ ചിരിച്ചു !

ആത്മാവ് ഇല്ലാത്തവൻ്റ് ചിരി, ആത്മാവ് ഉണ്ടന്ന് നടിക്കുന്നവർക്ക് മനസിലാവില്ലത്രെ! 


"ചിരിക്കരുത് അശുഭ ലക്ഷണം!" 


ആരോ പിറുത്തു! 


അവർ പിന്നെയും  വെളുക്കെ ചിരിച്ചു ! 


ശുഭവും' അശുഭവും  ആത്മാവ് ഇല്ലാത്തവർക്ക് ഇല്ലത്രെ!