ഗാഫ് ട്രിയുടെ ഗന്ധം!
നീണ്ട 25 വർഷത്തേ പ്രവാസ ജീവിതം ഇന്ന് അവസാനിക്കുകയാണ്!
തൻ്റെ കണക്ക് പുസ്തകത്തിൽ നേട്ടങ്ങളുടെ പട്ടികളും, കോളങ്ങളുമാണ് ഉള്ളത് ! വീട് കാറ്, റിയൽ എസ്റ്റേറ്റ് എല്ലാം!
" 45 വയസ്ല്ലെ ആയുള്ളു എന്തിനു ഇപ്പോ അവസാനിപ്പിച്ചു പോണം"
ആളുകളുടെ ജീവിതം അളക്കാനുള്ള മീറ്റർ പണമാണ്! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! കാലവും അനുഭവവും അവരെ അത് പഠിപ്പിച്ചതാണ് !
"രണ്ടാളും കുടി പത്ത് മുപ്പതിനായിരം ദിർഹം ചവിട്ട്ന്നുണ്ടാവുമല്ലോ!"
"ചവിട്ടുക " പണം നാട്ടിലേക്ക് അയക്കുന്നത് ചവിട്ടലോ തട്ടലോ ആയി പ്രവാസിക്ക് മാറിയിരിക്കുന്നു!
ഒരുതരം അസൂയ നിറഞ തമാശ!
അവരോടെക്കെ പലപ്പോഴും പറയാറുണ്ട്! ഇതൊനും പെട്ടന്ന് ഉണ്ടായതല്ല ! വെയ്റ്ററായും , ഓഫീസ് ബോയിയും, ക്ലർക്കായും ഉളള പടിപടിയായ വളർച്ച!
തൻ്റെ വളർച്ചയുടെ തുടക്കം ആമിനയുടെ വരവോട് കൂടിയാണ്!
അറബിയിലും, ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ബിരുദമുള്ള അവൾക്ക് ഒരു നല്ല ജോലി പ്രയാസമുള്ള കാര്യമായിരുന്നില്ല!
അവളാണ് തൻ്റെ അലസമായ ജീവിതം ഊർജസ്വലമാക്കിയത്!
ജോലി കഴിഞ്ഞാൽ കട്ടിലിൽ അഭയം പ്രാപിക്കുന്ന ശീലം അവൾ അവസാനിപ്പിച്ചു!
ഓട്ടവും ചാട്ടവും ജീവിതത്തിൻ്റെ ഭാഗമായി! ചീർത്ത് കെട്ടിയ ശരിരം സിക്സ് പാക്കായി മാറി!
പഠിക്കുന്നതിനും, വായിക്കുന്നതിനും, പ്രായമോ സമയമോ ഇല്ലന്ന് അവൾ ഉൽബോധിപ്പിച്ചു! തന്നെക്കാൾ 7 വയസിനു ഇളയവൾ! തന്നെ പഠിപ്പിക്കുന്നത് തന്നിൽ ചിലപ്പോഴക്കെ അസ്വസ്തയുണ്ടാക്കി!
ഇക്ക നാട്ടിൽ പോയാലും താൻ ഇവിടെ തന്നെ തുടരുമെന്ന് തമാശ പറഞവൾ! അന്ന് തമാശ പറഞതാണങ്കിലും ഇന്നത് യാഥാർത്ഥമായിരിക്കുന്നു!
അവൾ തന്നോടപ്പം വരുന്നില്ല!
ദുബായിൽ നിന്ന് അവൾക്ക് വരാൻ കഴിയില്ലത്രെ!
നൂറുകണിക്കിനു വരുന്ന ശിഷ്യഗണങ്ങൾ! ഫാമിലി വിസയിൽ ഇരുന്ന് സൊറ പറഞ തടിച്ച് ചീർത്ത പെണ്ണുങ്ങളെ അവൾ പെട്ടന്ന് വൈജ്ഞാനിക മേഖലയിലേക്ക് ഉയർത്തി!
അവധി ദിവസങ്ങളിൽ വിവിധതരം സെമിനാറുകൾ! ട്രൈനിംഗുകൾ ,മത വിജ്ഞാന ക്ലാസുകൾ!
" ആമിന ജോലി കഴിഞ് നിനക്ക് ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു "
അവൾ വെറുതെ ചിരിക്കും
"ഇക്ക കേട്ടിട്ടില്ലേ! അന്ത്യനാളിൽ നീ നിൻ്റെ സമയം എന്തിനു വേണ്ടി ചിലവഴിച്ചു എന്ന് ബോധിപ്പിക്കാതെ ഒരടി നിനക്ക് ചലിക്കാനാവില്ലന്ന പ്രവാചക വചനം!
തത്വചിന്തയിൽ മാത്രമല്ല ഒരു കാര്യത്തിലും തനിക്ക് അവളെ തോൽപ്പിക്കാനാകില്ലന്ന് ആദ്യത്തേ തിരിച്ചറിവല്ലന്ന് വെറുതേ ഓർത്തു!
ഐഷ ലഗേജിൽ സാധനങ്ങൾ ശ്രദ്ധയോടെ അടക്കി വെക്കുന്നു!
ആമിനയേ പോലേയാണ് പത്ത് വയസുകാരിയായ അവളും, അയ്യൂബ് ആകട്ടെ തൻ്റെ സാധനങ്ങൾ ഐഷയുടെ മുമ്പിൽ വാരി കൂട്ടുന്നു! ചില സാധനങ്ങൾ ഐഷ ദേഷ്യം വന്ന് വലിച്ച് എറിയിന്നുണ്ട്!
" വാപ്പിച്ചി എൻ്റെ പാവ ഇത്താത എറിഞ്ഞു "
കുട്ടികളുടെ പരാതി പലപ്പോഴും
ആമിന സിമ്പിളായി പരിഹരിക്കുന്നത് കണ്ടിട്ടുണ്ട്!
"ഐഷ അവൻ്റെ പാവ പ്പെട്ടിയിലിട്ടേക്കു!"
ഐഷ കണ്ണ് ഉരുട്ടി അയ്യൂബിനെ പേടിപ്പിക്കുന്നത് കണ്ടു!
ആമിനക്കും ഉണ്ട് ഈ കണ്ണ് ഉരുട്ടൽ! താൻ അറിയാതെ ചിരിച്ച് പോയി!
ചിലരോക്കെ നേരിട്ട് യാത്ര പറഞ്ഞു!എല്ലാവരോടും ഒരു കാര്യം പ്രതേകം പറഞ്ഞു!
" ഞാനും കുട്ടികളും മാത്രമേ പോകുന്നുള്ളു ! ആമിന ഇവിടെയുണ്ട് മറക്കരുത്"
" ഇല്ല മാഷേ ആമിന ട്ടീച്ചറെ ഞങ്ങൾക്ക് മറക്കാനാവുമോ "
മാഷ് , ആമിന തന്ന പേരിൻ്റെ വാല്! ആമിന ട്ടീച്ചറുടെ ഭർത്താവ് മാഷ് തന്നെ! ആമിനയുടെ സുഹൃത്തുകൾ ഉറപ്പിച്ചിരിക്കുന്നു!
വലിയ ലഗേജ്മായി വണ്ടിയിൽ കയറുമ്പോൾ ഒരു പ്രസരിപ്പ് ഉണ്ടായിരുന്നില്ല! 25 വർഷം ഉണ്ടും ഉറങ്ങിയ വീട് തന്നെ പോലേ നരച്ചിരിക്കുന്നു! അടുത്ത് തന്നെ പൊളിച്ച് കളയുമെത്രെ! ഐഷയും ,അയ്യൂബും വീട്ടിലേക്ക് തിരിഞ് നോക്കുന്നതു കണ്ടു!
എയർപോർട്ട് ! കാലങ്ങളായി ട്ടാക്സി ഓടിക്കുന്ന പട്ടാണിക്ക് വേഷം കണ്ടപ്പോൾ തന്നെ യാത്ര എവിടെക്കാണന്ന് ഉറപ്പായിരിക്കുന്നു!
വണ്ടിയിലിരിക്കുമ്പോൾ ഐഷ പെട്ടന്നാണ്! അത് പറഞത്
" നമുക്ക് ഉമ്മിച്ചിയോട് പറയേണ്ടേ "
" ഇത്ര വേഗം ഉമ്മച്ചിയേ മറന്നോ വാപ്പിച്ചി!"
ഉത്തരത്തിനു വേണ്ടി തപ്പിതടയേണ്ടിവന്നു!
വണ്ടി ആമിനയുടെ വീട്ടിലേക്ക് തിരിയുമ്പോൾ പട്ടാണിയുടെ മുഖത്ത് ഒരു ലോങ്ങ് ട്രിപ്പ് കിട്ടിയ സന്തോഷം!
ആറടിയിലധികം ഉയരമുള്ള ആ മതിൽ കെട്ടിനു മുമ്പിൽ വണ്ടി നിന്നപ്പോൾ തന്നെ സെകൂരിറ്റി ഓടിവന്നു!
" ക്ഷമിക്കണം സർ പബ്ലിക്കിനെ കടത്തിവിടുന്നില്ല! കോവിഡ് പ്രോട്ടോകൾ! നോക്കു ഇപ്പോൾ തന്നെ കോവിഡ് കാരണം പതിവിലും വലിയ തിരക്ക് ഉണ്ട്!
നിരനിരയായി നിൽക്കുന്ന ആമ്പുലൻസിനെ നോക്കി അയാൾ പറഞു!
ഐഷയുടെ മുഖത്ത് ഇഛാഭംഗം!
അവൾ ആ ഗെയിറ്റിൻ്റെ അഴികളിലൂടെ പ്രയാസപ്പെട്ട് കൈവീശി !
ആയിരകണക്കിനു മൺകൂനകൾ!
അറബിയും അനറബിയും വെളുത്തനും കറുത്തവനും ഒരു പോലേയെന്ന് പഠിപ്പിച്ച പ്രവാചക ദർശനത്തിൻ്റെ പ്രായോഗിക രുപം!
ഒരോ ഖബറിനു മുകളിലും ഗാഫ് ട്രീ പിടിപ്പിച്ചിരിക്കുന്നു!
ഐഷയുടെ കണ്ണുകൾ അവിടെയുള്ള ബോർഡിൽ തറയുന്നത് കണ്ടു!
അവൾ ബോർഡിൽ നോക്കി പിറുപിറുത്തു!
"കുല്ലു നഫ്സിൻ ദായികത്തുൽ മൗത്ത് "
" ജൽദി ആവോ ഭായ്, ടൈം ഹോഗയ! പട്ടാണി തിരക്ക് കൂട്ടി!
വണ്ടിയിൽ ഇരിക്കുമ്പോൾ ഐഷ
ചോദിച്ചു!
"എന്താ വാപ്പിച്ചി അവിടെ എഴുതിയിരിക്കുന്നത് "
അയാൾ ഗദ്ഗതത്തോടെ പിറുപിറുത്തു!
"എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും"
ഗാഫ് ട്രിയുടെ എണ്ണം പിന്നെയും പിന്നെയും കൂടി വന്നു! അത് തണലായി ,തളിരായി ഖബറിനു മുകളിൽ കുട വിരിച്ചു ! ആ മരത്തിലൂടെ ഒഴുകി വരുന്ന കാറ്റുകൾക്ക് അനന്തമായ വിരഹത്തിൻ്റെ ഗന്ധം മാത്രമല്ല രുചിയും ഉണ്ടായിരുന്നു!
http://kannazhuth.blogspot.com/?m=1