ബലി......
മണി കുട്ടനും മൊയ്തുട്ടിയും ഒരു ദിവസമാണ് ജനിച്ചത് കൃത്യമായി പറഞ്ഞാൽ മണി കുട്ടി പിറന്നു രണ്ട് മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ് !
മൊയ്തുട്ടിയുടെ വാപ്പ മണി കുട്ടി കിടക്കുന്ന തൊഴിത്തിലേക്കും മൊയ്തുട്ടി കിടക്കുന്ന തന്റെ ഭാര്യയുടെ അറയിലേക്കും മാറി മാറി ഓടുകയായിരുന്നു !
പേറ്റ് നോവ് എടുത്ത് പുളയുമ്പോഴും ബിവാത്തുമ്മ തന്റെ പ്രിയങ്കരനായ ആടിന്റെ കാര്യം മറന്നിരുന്നില്ല!
'എന്റെ റബ്ബേ എന്റെ ആടിനേയും നീ കാത്തോളണേ "
രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് മൂപ്പ് ഉള്ളങ്കിലും ഫലത്തിൽ മണി കുട്ടി മൊയ്തുട്ടിയുടെ ഇക്കാക തന്നെയായിരുന്നു,
മൊയ്തുട്ടി മുട്ടിലിഴയുമ്പോഴേക്കും മണി കുട്ടി ഓടി ചാടി തുടങ്ങിയിരുന്നു, എപ്പോഴും മൊയ്തുട്ടിയുടെ അടുത്താണ് മണി കുട്ടിയുടെ സ്ഥാനം, മൊയ്തുട്ടിയേ നോക്കി മണികുട്ടൻ ചാടാനും തുള്ളാനും തുടങ്ങും മൊയ്തുട്ടിയാവട്ടെ പല്ലില്ലാത്ത മോണകാട്ടി ചിരിക്കാനും പിന്നീട് അത് രണ്ട് പേർക്ക് മാത്രം മനസിലാവുന്ന ഭാഷയായി പരിണമിക്കുകയായിരുന്നു!
മൊയ്തുട്ടി പലപ്പോഴും മണികുട്ടിയുടെ മേൽ പിടഞ് കയറാൻ നോക്കി ,പതോ എന്നു പറഞ് മൊയ്തുട്ടി ഇടിഞ് പൊളിഞ് വീഴുകയും ചെയ്യും ... പീന്നീട് മണി കുട്ടി മൊയ്തുട്ടിക്ക് കയറാൻ വേണ്ടി കിടന്നു കൊടുക്കുന്നതാണ് മൊയ്തുട്ടിയുടെ ഉമ്മ കണ്ടത്!
എന്റെ റബ്ബേ എന്ന ഉമ്മയുടെ വിളി കേട്ടാണ് മൊയ്തുട്ടിയുടെ വാപ്പ ഓടി വന്നത്....
മൊയ്തുട്ടി മണി കുട്ടനോടപ്പം അവന്റെ അമ്മയുടെ അകിടിൽ നിന്നും പാൽ കുടിക്കുന്നു!
മൊയ്തുട്ടിക്ക് കുടിക്കാൻ വേണ്ടി മണി കുട്ടൻ സൗകര്യം ചെയ്തു കൊടുക്കുന്നു!
"ഹ....ഹ ഇപ്പഴാ ഓൻ ശരിക്കും ഓന്റെ അനിയനായത്..... ഹ ....ഹ" അയാൾ വീണ്ടും ചിരിച്ചു
പകച്ച് നിൽക്കുന്ന ഉമ്മയോട് അയാൾ വിശദികരിച്ചു...... മുല കുടി ബന്ധം.....
മുലകുടി ബന്ധവും ഇസ്ലാമിൽ രക്തബന്ധം പോലയെത്രേ!
ഇതിനിടയിൽ മണികുട്ടൻ തടിച്ച് കൊഴുത്തു മീശയും താടിയും വന്നു! ഭക്ഷണകാര്യത്തിൽ വെജിറ്റേറിയൻ എന്ന പേര് കളഞ്ഞ് കുളിച്ചു ഇറച്ചിയും മീനും മൂപ്പർ തട്ടും ഈ തീറ്റയും പടിപ്പിച്ചത് മൊയ്തുട്ടി തന്നെ!
ആര് കണ്ടാലും നോക്കി നിൽക്കുന്ന ഗജപോക്കിരിയായ മുട്ടൻ!
മണി കുട്ടനു കയറില്ല, ഒരു വട്ട കയറും മണിയും മാത്രം! കയറ് ഇട്ട് കെട്ടാൻ മൊയ്തുട്ടിയും സമ്മതിക്കില്ല! രണ്ടാളും ഒരിമിച്ച് തന്നെ നടപ്പ്!
ഇതിനിടയിൽ മൊയ്തുട്ടിയുടെ ബോർഡിഗാർഡ് റോളും മണി കുട്ടൻ ഏറ്റ് എടുത്തിരുന്നു ! കുത്തിവെക്കാൻ വന്ന നേഴ്സിനാണ് ആദ്യ ഇടികിട്ടിയത് മൊയ്തുട്ടിയുടെ കരച്ചിലിനു ഒപ്പം നേഴ്സിന്റെ അലർച്ചയും ഉയർന്നു കേട്ടു!
രണ്ടാമത്തേ ഇടിയാവട്ടെ മൊയ്തുട്ടിയേ സുന്നത്ത് കഴിക്കാൻ വന്ന മൊല്ലാക്കാക്കും!
ഇടികൊണ്ട് തെങ്ങിൻ തടത്തിൽ വീണ് കിടക്കുന്ന മൊല്ലാക്ക ചോദിച്ചു?
"ഇത് വല്ല നേർച്ചക്കും ഉള്ളതാണോ? എന്തൊരു ഊക്ക് !"
ഒരു മട്ടൻ ബിരിയാണിയുടെ മണം മൊല്ലാക്കയുടെ മൂക്കിലേക്ക് ഇരച്ച് കയറി അയാൾ മണി കുട്ടനേ നോക്കി നൊട്ടി നുണഞു!
"ഇല്ല മൊയ്ലാരെ ഓൻ മൊയ്തുട്ടിയുടെ ഇക്കാകയാണ്!"
ഇതിനിടയിൽ അത് സംഭവിച്ചു മൊയ്തുട്ടിക്ക് കലശലായ പനി! മേൽ തീ പൊള്ളുന്ന ചൂട് കൈ കാലുകളിൽ കടുത്ത വേദന....
പോളിയോ ഡോക്ടർ വിധിയെഴുതി!
ദീർഘകാലത്തേ ചികിത്സ വേണം റെസ്റ്റ് വേണം
ഈ ആടിനെ രോഗിയുടെ റൂമിൽ നിന്നു മാറ്റു ഡോക്ടറുടെ കർകശ ശബ്ദം
ആദ്യമായി മണി കുട്ടിയുടെ കഴുത്തിൽ കുരുക്കു വീണു! മണി കുട്ടി കുതിച്ച് ചാടനും, ഓടാനും ശ്രമിച്ചു..... മൊയ്തുട്ടിയുടെ കണ്ണിൽ നിന്നും നിസഹായകനായ അനിയന്റെ കണ്ണീർ അടർന്നു വീണു......
ഉഴിച്ചിലുകൾ, പിഴിച്ചിലുകൾ കുഴമ്പ് കഷായം മൊയ്തുട്ടിയുടെ കൈകാലുകൾ വെട്ടിയിട്ട വാഴ തട പോലേ പായയിൽ കിടന്നു!
മന്ത്രങ്ങൾ, മാരണങ്ങൾ ഫലം നാസ്തി!
മൊയ്ലാർ ആണ് ആ ചോദ്യം ആദ്യം ചോദിച്ചത്!
" മൊയ്തുട്ടിക്ക് വേണ്ടി നിങ്ങൾ ഹക്കീക്കത്ത് നടത്തിയിട്ടുണ്ടോ? (ബലി)
ഉമ്മ കരഞ്ഞ് കണീർ ഒലിപ്പിച്ച് കൊണ്ടാണ് പറഞത്
" ഹില്ല"
" ഉസ്താദേ അത് നിർബന്ധമല്ലല്ലൊ?
" നിർബന്ധമല്ല പക്ഷേങ്കിൽ മക്കൾക്ക് കൈ കാലും ശരിക്ക് വേണമെങ്കിൽ ഇതൊക്കെ ചെയ്‌തേ പറ്റു!
മുസ്ലിയാർ തന്റെ വടിയും കുത്തിപിടിച്ച് എഴുനേറ്റ് നടന്നു.....
പിറ്റേ ദിവസം മൊയ്തുട്ടിയുടെ ഭക്ഷണതോടപ്പം ഒരാടിന്റെ ചങ്കും കരളും ഉണ്ടായിരുന്നു!
" മണി കുട്ടനു കൊടുത്തോ ഉമ്മ ?
" ഉം"
അവർ എവിടെയോ നോക്കി അലസമായി മൂളി.....
ബലഹീനമായ കൈകൊണ്ട് മൊയ്തുട്ടി ആ കരൾ
പിച്ചി ചിന്തി പങ്ക് വെച്ചു
'ഉമ്മിച്ചി ഈ ചങ്കും കരളും മിടിക്കുന്നു"
ഇല്ല മോനേ ഇത് നിൻ്റെ തോന്നലാണ്!
"ഇത് മണി കുട്ടനു കൊടുത്തേക്കു "....... അവൻ പിറുപിറുത്തു ......
ഉമ്മയുടെ തേങ്ങൽ മൊയ്തുട്ടി കേട്ടു..........
എവിടെയോ കാലൻ കോഴിയുടെ കൂവൽ!
കാലൻ കോഴികൾ അതിനു ചങ്കും കരളും ഇല്ലയെത്രെ അത് കൊണ്ടാണ് അസാധരണമായി അത് കൂവുന്നത്! ദുർ ലക്ഷത്തിന്റെ കുവൽ .... നാശത്തിന്റെ തേങ്ങൽ.........