09/03/2021

തക്കാളി പെട്ടിയുടെ പൂട്ട്!

.

തക്കാളിപെട്ടിയുടെ പൂട്ട്!


കോടതി നടപടികൾ തുടങ്ങാറായിരിക്കുന്നു! സന്ദർശക ഗാലറിയിലും പുറത്തും ആളുകൾ കടന്നൽ കൂടുപോലേ അള്ളിപിടിച്ചിരിക്കുന്നു!


 തൻ്റെ കേസ് മുന്നാമത്തേതാണന്ന് വക്കീൽ പറഞത് ഓർമ്മ വന്നു! 


പല വക്കീലമാരും കുട്ടികൾ ബെഞ്ചിനു വേണ്ടി ഓടുന്നത് പോലേ ,ഓടി വന്ന് സീറ്റിൽ ഇരിക്കുന്നു! ചിലർ വരുന്നത് കടവാവലുകൾ പറന്ന് ഇറങ്ങുന്നത് പോലേയാണ്! കറുത്ത ഗൗൺ ഒരു പായൽ കപ്പലിൻ്റെ തുണിപോലേ പറന്ന് കളിക്കുന്നു!


കോടതിയും പരിസരവും ജനസഞ്ചയം! സിനിമാനടൻ ദിനേഷ് കുമാറിൻ്റെ കേസ് ഇന്നാണത്രെ! തൻ്റെ സഹപ്രവർത്തക ഭാനുവിൻ്റെ മാനം ക്യാമറ കണ്ണ് കൊണ്ട് ഒപ്പിയെടുക്കുന്നത് ഒരു കുറ്റമായി അദ്ദേഹത്തിനു തോന്നിയില്ലത്രെ!

നിഴലിൻ്റെയും , ഇരുട്ടിൻ്റെയും മറവിൽ ഗോഷ്ടികൾ കാണിച്ച് ആർത്ത് ചിരിപ്പിക്കുന്നവർക്ക് കോമ്പല്ലും, ദൃഷ്ടകളും ,ചെങ്കണ്ണും ഉണ്ടന്ന് അറിയാൻ ഒരു ഭാനുവും, ദിനേശും വേണ്ടി വന്നു എന്ന് മാത്രം!


നിഴലും വെളിച്ചത്തിനും ഇടക്ക് മാത്രം ജീവിതമുള്ളു എന്ന് കരുതുന്ന ആരാധകർ ചേരിതിരിഞിരിക്കുന്നു! 


ജഗതിയുടെ ആരാധകർ, തിലകൻ്റെ ആരാധകർ, കമലഹാസസൻ്റ് ആരാധകർ ....... അങ്ങനെ ആരാധകവൃന്തത്തേ കൊണ്ട് കോടതിയും പരിസരവും വലയം ചെയ്യപ്പെട്ടിരിക്കുന്നു!


അല്ലങ്കിൽ ഇവരും തന്നെ പോലേ സ്ത്രീ പീഡകർ അല്ലെ ! അയാൾ ശബ്ദമില്ലാതെ ചിരിച്ചു....... മാലോകർക്ക് മനസിലാവാത്ത സ്ത്രി പീഢനം!


 പെട്ടന്ന് കോടതി സിച്ച് ഇട്ട പോലേ നിശബ്ദമായി! പഴയ ഘടികാരത്തിൻ്റെ പെൻ്റ്ലൂം ശബ്ദം മാത്രം! ന്യായാധിപൻ സീറ്റിൽ ഹാജരായി!  തൻ്റെ മരചുറ്റികയെടുത്തുമുട്ടി! ചുമരിൽ ഇരിക്കുന്ന ഗാന്ധിജി കണ്ണ് കെട്ടിയ നീതി ദേവതയെ നോക്കി ചിരിച്ചു! കണ്ണ് കെട്ടിയത് കൊണ്ടാകാം നീതി ദേവത ചിരി കണ്ടില്ലന്ന് തോന്നുന്നു! 


റസിയയുടെ വക്കീൽ വാദം തുടങ്ങിയിരിക്കുന്നു! ഗാർഹികപീഡനം, മർദ്ദനം, മുത്ത്വലാഖ് !'


റസിയയുടെ  വക്കീലിൻ്റെ വാദം നീണ്ടു പോകുന്നതിനു അനുസരിച്ച് ന്യായാധിപൻ കുത്തി കുറിച്ചു കൊണ്ടിരുന്നു!


"മിസ്റ്റർ അയ്യൂബ് ,താങ്കൾ ടെലിഫോൺവഴി മുത്ത്വലാഖ് ചൊല്ലിയോ "?


സന്ദർശക ഗാലറിയിൽ നിന്ന് അലകടൽ പോലേ ചിരിയുർന്നു! ഇരുളിനും ,നിഴലിലിലും ജീവിതം തളച്ചിട്ട ആരാധകർക്ക് ചിരി അടക്കാൻ കഴിഞില്ല!

ജീവിതം സിനിമ്മാ തിയ്യറ്റർ ആണന്ന് കരുതുന്നവർ! അതിൽ കമലഹാസൻ്റെ ആരാധകർ ഉണ്ട്, ജഗതിയുടെ, തിലകൻ്റെ, ...etc അവർ കൂട്ടമായി ചിരിച്ചു മറിഞ്ഞു! കോടതി ഒരു തിയ്യറ്ററായിക്കുന്നു!


കല്യാണം കഴിക്കുമ്പോൾ ഡിഗ്രിയുള്ള പെണ്ണിനെ വേണമെന്നത് തൻ്റെ ആവശ്യമായിരുന്നു! കൂട്ടാനും കിഴിക്കാനും അറിയാത്തത് കൊണ്ട് ക്ലാസ്സിൽ പിൻ ബെഞ്ചിലായി പോയതിൻ്റെ ആധി തന്നെ എപ്പോഴും പിന്തുടർന്നിരുന്നു!


പത്താം ക്ലാസ്സ്കാരന് ഡിഗ്രിയുള്ള പെണ്ണിനെ വേണമെത്രെ! പലരും പരിഹസിച്ചു!


റസിയയുടെ  ആലോചന ഉറക്കാൻ കാരണം അവളുടെ  മാസ്റ്റർ ഡിഗ്രിയായിരുന്നു!


"തക്കാളി പെട്ടിക്ക് ഗോദറേജിൻ്റെ പുട്ടോ?"


കൂട്ടുകാരൻ്റെ നിർദോഷമായ കമൻ്റ്  ചാട്ടുളി പോലേയാണ്  മനസിൽ പതിഞത്!


അവളുടെയും തൻ്റെയും കാഴ്ച്ചപാടുകൾ എന്നാണ് ഏറ്റ് മുട്ടാൻ തുടങ്ങിയത് എന്ന് കൃത്യമായി ഓർമ്മയില്ല!


താൻ ഗൾഫിൽ' വെറും ഒരു ഡ്രൈവർ ആണന്ന് അറിഞപ്പോൾ ആണ് ആദ്യം അവൾ ഞെട്ടിയതെന്ന് തോന്നുന്നു!


ബ്രോക്കർ പറഞ്ഞത്  പി ആർ ഒ ആണന്നത്രെ!


പബ്ലിക്ക് റോഡ് ഓഫീസർ എന്ന അവളുടെ തമാശ തന്നെ മുറിപ്പെടുത്തുന്നത് കാണാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചു! എന്നിട്ടും ചിലപ്പോൾ........


ജോലിക്ക് പോകണമെന്ന അവളുടെ ആവശ്യം, തൻ്റെ ഓർത്തഡക്സ് മനസ് അനുവധിച്ചില്ല എന്നത് ശരിയാണ്!


റൂമിലുള്ള സഹമുറിയന്മാർപറഞ ഇക്കിളി കഥകളിലേ' നായിക ജോലി പോകുന്ന പ്രവാസി ഭാര്യയായിരുന്നു!


റസിയയുടെ വാദങ്ങളെ തോൽപ്പിക്കാൻ തൻ്റെ അവനാഴിയിൽ  ആയുധങ്ങൾ ഇല്ലായിരുന്നു!


പ്രവാചക ഭാര്യ കച്ചവടകാരിയായിരുന്നു എന്ന അവൾ ഓർമ്മിപ്പിച്ചു!

സുൽത്താന റസിയ മുസ്ലിം പെണ്ണാണന്ന് അവൾ സ്ഥാപിച്ചു.....

അറക്കൽ ബീവി മലയാളി കൂടിയായിരുന്നു വെന്നും ആദ്യ  വനിത ജസ്റ്റിസ് ഫാത്തിമ ബീവി മലയാളിയായിരുന്നു എന്ന് കൂടി അവൾ അടിവരയിട്ടു!


തൻ്റെ പത്താം ക്ലാസ്സിൻ്റെ പോരായ്മ താൻ തിരിച്ച് അറിയുകയായിരുന്നു!.


റസിയയിലും താൻ  ഒരു സുൽത്താനയെ കാണാൻ  ശ്രമിച്ചു! പക്ഷേ......


ആയിടക്കാണ് അവളുടെ ഫേസ് ബുക്ക് അകൗണ്ട് ശ്രദ്ധയിൽ പെട്ടത്!


വിവിധ തരത്തിലുള്ള ഡ്രസ്സ് ധരിച്ച് ഫേസ് ബുക്കിൽ അവൾ പോസ്റ്റ് ചെയ്തിരിക്കുന്നു! അറിയുന്നതും അറിയാത്തതുമായ നിരവധി ആൺ പെൺ സുഹൃത്തുകൾ!


ഒരു വക്കീലിനെ പോലേ അവളുടെ നിലപാടിൽ ഉറച്ച് നിന്നു! മുൻകൈയും മുഖവും ഒഴികേയുള്ള ഭാഗം താൻ മറച്ചിട്ടുണ്ടെന്നും വിശ്വാസപരമായി തൻ്റെ വേഷം ശരിയാണന്നും അവൾ സ്ഥാപിച്ചു!


പിന്നീട് എപ്പോഴോ അവളുടെ ഫേസ് ബുക്ക് അകൗണ്ട് അപ്രത്യക്ഷമായി!

താൻ ജീവിതത്തിൽ ആദ്യമായി റസിയയേ അനുസരിപ്പിച്ചിരിക്കുന്നു!

അവൾ സുൽത്താനയാണങ്കിൽ താൻ ഷാജഹാൻ തന്നെ! ചക്രവർത്തി ഷാജഹാൻ!


സഹമുറിയൻ വിനോദ് ഒരു പൊട്ടി ചിരിയോടെ അയാളുടെ ലാപ്ട്ടോപ്പ്  തുറന്ന് വെച്ചു! വിനോദിൻ്റെ സ്ക്രീനിൽ റസിയയുടെ പ്രൊഫൈൽ പേജ് !


"തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെത്രെ "


വിനോദിന് കാണാവുന്ന അവളുടെ ഫോട്ടോ തനിക്ക് കാണാൻ അനുവാദമില്ലത്രെ!


തലച്ചോർ ഒരു കടന്നൽ കൂടു പോലേയായി! തലങ്ങും വിലങ്ങും കടന്നലുകൾ പാറി പറന്നു! കർണ്ണപുടങ്ങളിൽ ഭീകരമായ കടന്നലുകളുടെ മൂളൽ! 


വീട്ടിലോട്ട് വിളിക്കൽ ഒരു കടത്ത് പോലേയായി!  ആയിടക്കാണ് മദ്യം കൂട്ടുകാരനായത്!


റസിയ പ്രസവിച്ചു, ലീവ് ഉണ്ടായിട്ടും പോയില്ല, മൊബൈലിൽ കുഞ്ഞിൻ്റെ വിവിധതരം ഫോട്ടോകൾ വന്ന് നിറഞ്ഞു! പലതും തുറന്ന് നോക്കിയില്ല!


ടെലിഫോൺ സംഭാഷണം പൂരപട്ടായി പരിണമിച്ചു!


 മദ്യലഹരിയാണ് ആ കടുത്ത പ്രഖ്യാപനത്തിനു വരുതിയത്!


കൈവിട്ട വാക്കും, തൊടുത്ത അസ്ത്രവും തിരിച്ച് എടുക്കാൻ കഴിയില്ല!


ദൈവിക സിംഹാസനം വിറകൊള്ളുമെന്ന് പറഞ ത്വലാഖ് സംഭവിച്ചിരിക്കുന്നു! അതും മുത്ത്വലാഖ് !


റസിയ അന്യസ്ത്രീയായിരിക്കുന്നു!


തികഞ മത വിശ്വാസികളായ റസിയയുടെ കുടുംബം നിയമപരമായ തല്വാഖ് ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു!


കുടുംബ ചർച്ചകൾ വിജയിച്ചില്ല! ഒരേ സമയം  ചൊല്ല പെടുന്ന മൂന്ന് മൊഴികൾക്ക് പ്രവാചകചര്യപ്രകാരം സാധുതയില്ലന്ന വാദം കോടതിയിൽ പോലും തള്ളപ്പെട്ടു!


ജഡ്ജി ചിരിച്ച് കൊണ്ട്  തൻ്റെ വക്കീലിനെ ഓർമ്മിപ്പിച്ചു!

" ഇത് ശരീയത്ത്  കോടതിയല്ല, ഇന്ത്യൻ പീനൽ കോഡ് പ്രകാരം പ്രവർത്തിക്കുന്ന കോടതിയാണ് "


"ഈ കേസ് വിധി പറയാൻ അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിരിക്കുന്നു"


ഇന്നാണ്  ആ വിധി!  കോടതിയുടെ ഒരു കോണിൽ ചരട് പൊട്ടിയ പട്ടം പോലേ തൻ്റെ  കുഞ്ഞിനേയും 'അടക്കിപിടിച്ച് റസിയ! അവൾ തന്നെ ഇടം കണ്ണ് ഇട്ട് നോക്കുന്നുണ്ടോ? അവളുടെ കണ്ണ്നീർ ഗോളാകൃതി പൂണ്ട് പാറ കല്ല് പോലേ തൻ്റെ നേരേ ഉരുണ്ട് ഉരുണ്ട് വരുന്നുണ്ടോ? ദൈവിക സിംഹാസനത്തേ വിറപ്പിക്കാൻ ശേഷിയുള്ള  കണ്ണുനീർ കല്ലുകൾ !


കോടതി ശബ്ദമുഖരിതമായിരിക്കുന്നു '!

സിനിമകാർക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നു! സന്ദർശക ഗ്യാലറി ഒരു തിയ്യേറ്റർ പോലേയായിരിക്കുന്നു!


"സൈലൻ്റ് " 

ന്യായധിപൻ്റെ ശബ്ദമുയർന്നു!

ഗ്യാലറി പെയ്ത് ഒഴിഞ് മഴ പോലേ നിശബ്ദമായി!


ന്യായധിപൻ ചെയറിൽ ഉപവിഷ്ടനായി!

തൻ്റെ കട്ടി പ്രൈമുള്ള കണ്ണട വെച്ച്  പ്രതിയേ നോക്കി!


" ഇന്ത്യൻ മുത്വലാഖ് നിയമം 3,5,6 ക്ലോസ് പ്രകാരം പ്രതി അയ്യുബ് മുത്വലാഖ്  ചെയ്തതായി കോടതിക്ക് ബോധ്യപെട്ടിരിക്കുന്നു! ഇസ്ലാമിക വ്യക്തിനിയമപ്രകാരം കക്ഷി റസിയാ ബീഗത്തിനു ,ജീവനാംശത്തിനു അർഹതയുണ്ടന്നും ,ജീവനാംശ തുകയായ 30 ലക്ഷം രൂപ പലിശ സഹിതം പ്രതി കൊടുക്കുകയോ, പ്രതിയുടെ സ്ഥാപക ജംഗമ വസ്തുവിൽ നിന്ന് ഈടാക്കാവുന്നത് ആണന്നും ഈ കോടതി ഉത്തരവിടുന്നു! മേൽ കൃത്യത്തിനു പ്രതിയേ മൂന്ന് വർഷം സാധരണ തടവിനു ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു"!


തികഞ നിസംഗതയോടെ പോലീസ്കാർ കൊപ്പം കോടതിയിറങ്ങമ്പോൾ അയാൾക്ക് ചുറ്റും  സിനിമക്കാരുടെ ആർപ്പ് വിളികൾ മുഴങ്ങി!  അവർ ആഘോഷ തിമിർപ്പിലാണ്! പൊട്ടിച്ച ബീറിൻ്റെ കുപ്പിയിൽ നിന്നും മെത്താ പൂ പോലേ ബീറിൻ്റെ പത അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നു! അവരുടെ  തുള്ളി ചാട്ടത്തിനു ഇടയിൽ

മുഖത്തും മേലും വീഴുന്ന പത കൈ കൊണ്ടും ചുണ്ടു കൊണ്ടും പിടിക്കാൻ ചിലർ ശ്രമം നടത്തുന്നു!


അയാൾ ലേശം കൗതകത്തോടെ ചോദിച്ചു?


"എന്തിനാണ് ഇത്ര ആഘോഷം "


കൂടെ നടക്കുന്ന പോലീസ്കാരൻ ലേശം ചിരിയോടെ പറഞു!


"ദിനേശ്കുമാറിൻ്റെയും  ഭാനുവിൻ്റെയും  കേസ് വെറുതെ വിട്ടിരിക്കുന്നു!"


"കൂട്ടി ചേർക്കാനും ,കുറക്കാനും കഴിയുന്ന നിഴലും വെളിച്ചവും മാത്രമായ വീഡിയോ വസ്തുതകൾക്ക് തെളിവല്ലന്ന് കോടതി വിലയിരുത്തി!"


" സർ വൈവാഹിക ജീവിതം എന്നത് കൂട്ടി ചേർക്കാനും, കുറക്കാനും കഴിയാത്ത നിഴലും വെളിച്ചവുമാണോ?"


" പോടെ പോടെ നിൻ്റെ തത്വശാസ്ത്രമൊന്നും എനിക്ക് തിരിയില്ല, ഞാൻ വെറും പത്താം ക്ലാസ്സ്  ആണടോ "


പോലീസ്കാരൻ ഒച്ച വെച്ചു!


അയ്യുബ് പൊട്ടി ചിരിച്ചു...... ഹ.... ഹ... ഹ


പിന്നെയത് നേർത്ത തേങ്ങലായി മാറി.........